ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കള്ളപ്പണം കണ്ടെത്താനുള്ള ഏറ്റവും ധീരമായ നടപടിയെന്ന നിലയിലാണ് ആദ്യഘട്ടത്തിൽ നരേന്ദ്ര മോദിയുടെ കറൻസി നിരോധനം വിലയിരുത്തപ്പെട്ടത്. പക്ഷേ, കള്ളപ്പണ വേട്ടയ്ക്കായുള്ള ഈ 'സർജിക്കൽ സ്‌ട്രൈക്ക്' ഉദ്ദേശിച്ച ഫലംകാണുമോ എന്ന ആശങ്കയിലാണ് കേന്ദ്രസർക്കാർ.

വെറും അമ്പതുദിവസം ക്ഷമിക്കാനും അതിനകം എല്ലാം ശരിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബിജെപി നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും ഈ കാലാവധി പാതിവഴി പിന്നിടുമ്പോഴും ഉദ്ദേശിച്ച രീതിയിൽ കള്ളപ്പണം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ യാതൊരു മുന്നൊരുക്കവുമില്ലാതെ ജനം വലയുന്ന രീതിയിൽ ഉയർന്ന മൂല്യമുള്ള കറൻസി പിൻവലിച്ചതുകൊണ്ട് എന്തുനേട്ടമുണ്ടായെന്ന് മോദിയും കേന്ദ്ര സർക്കാരും വിശദീകരിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഇത്തരത്തിൽ ഒരു നടപടിയെടുത്താൽ എത്രമാത്രം കള്ളപ്പണം പിടികൂടാനാകുമെന്ന് പല തലത്തിലും വിവരങ്ങൾ ശേഖരിച്ചാണ് കേന്ദ്രം ഏറെക്കാലത്തെ ആലോചനകൾക്കു ശേഷം കറൻസി നിരോധനം നടപ്പാക്കിയത്. മൂന്നുലക്ഷം കോടി മുതൽ അഞ്ചുലക്ഷം കോടി വരെ ഇത്തരത്തിൽ ഇത്തരത്തിൽ കള്ളപ്പണം ബാങ്കുകളിൽ നിക്ഷേപമായി എത്താതെ മാറിനിൽക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.

പക്ഷേ, ഇതുവരെ ബാങ്കുകളിലേക്കുണ്ടായ കറൻസി ഒഴുക്ക് പ്രകാരമുള്ള വിലയിരുത്തലിൽ പ്രതീക്ഷിച്ചത്ര കള്ളപ്പണം ബാങ്കുകളിൽ നിന്ന് മാറിനിൽക്കാൻ സാധ്യതയില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് കേന്ദ്രസർക്കാരിന് വലിയ ഷോക്കായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം രാജ്യസഭയിൽ മന്ത്രി അർജുൻ റാം മേഘ് വാൾ വ്യക്തമാക്കിയത് 500 രൂപയുടെ 17,165 ദശലക്ഷം നോട്ടുകളും ആയിരം രൂപയുടെ 6,858 ദശലക്ഷം നോട്ടുകളും രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നാണ്. നവംബർ എട്ടിന് രാത്രിയാണ് നരേന്ദ്ര മോദി ഈ നോട്ടുകൾ അസാധുവാക്കിക്കൊണ്ട് രാജ്യത്തോടായി പ്രഖ്യാപനം നടത്തിയത്.

ഇതിന്റെ ആകെ മൂല്യം 15.44 ലക്ഷം കോടിയുണ്ടാകുമെന്നാണ് കണക്കുകൾ. 8.58 ലക്ഷം കോടി 500 രൂപയുടെ നോട്ടുകളായും 6.86 കോടി രൂപ ആയിരത്തിന്റെ നോട്ടുകളായും. നിരോധനം വന്ന് 20 ദിവസത്തിനകം നവംബർ 28ന്റെ കണക്കുകൾ പ്രകാരം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത് 8.45 ലക്ഷം കോടി രൂപ നിരോധിക്കപ്പെട്ട കറൻസികളായി ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ്. നവംബർ 10നും 27നും ഇടയിലെ കണക്കാണിത്.

എല്ലാ വാണിജ്യ ബാങ്കുകളിലും ഇതല്ലാതെ തന്നെ റിസർവ് ബാങ്കിന്റെ നിഷ്‌കർഷ അനുസരിച്ച് കാഷ് റിസർവിന്റെ രൂപത്തിലും നിശ്ചിത ശതമാനം കറൻസികൾ നേരത്തേ തന്നെ ഉണ്ട്. നവംബർ എട്ടിന് ഇത്തരത്തിൽ റിസർവ് ബാങ്ക് കാഷ് റിസർവ് 4.06 ലക്ഷം കോടി രൂപയാണ് ഉണ്ടായിരുന്നത്. എല്ലാ ഡിനോമിനേഷനുകളിലുമായി ഏതാണ്ട് 70,000 കോടി രൂപ ദൈനംദിന കാര്യങ്ങൾക്കായി ബാങ്കുകളുടെ കൈവശം സാധാരണപോലെ നവംബർ എട്ടിന് ഉണ്ടായിരുന്നു എന്നാണ് കണക്കുകൾ.

കാഷ് റിസർവ് പ്രകാരമുള്ള തുകയും 20 ദിവസം കൊണ്ട് തിരിച്ചെത്തിയ നിരോധിച്ച കറൻസിയും ചേർന്നാൽ ഏതാണ്ട് 12.5 ലക്ഷം കോടി രൂപയാകും. നവംബർ എട്ടിന് ബാങ്കുകളിൽ ദൈനംദിന ആവശ്യങ്ങൾക്ക് മാറ്റിവച്ച ഏതാണ്ട് 50,000 കോടി രൂപ ഉണ്ടായിരുന്നു എന്നതുകൂടി പരിഗണിച്ചാൽ ജനങ്ങളുടെ കൈവശമല്ലാതെ ബാങ്കുകളിലും റിസർവ് ബാങ്കിന്റെ പക്കലുമായി 13 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകൾ ഉണ്ടെന്ന് വ്യക്തമാണ്.

നിരോധിച്ച കറൻസി ഇനിയും ബാങ്കുകളിൽ മുഴുവായും തിരിച്ചെത്തിയിട്ടില്ല. ഇനി 30 ദിവസം കൂടി പഴയ നോട്ടുകൾ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ സാഹചര്യമുണ്ട്. ഇപ്പോഴത്തെ നിലയിൽ ഇനിയൊരു രണ്ടുലക്ഷം കോടി രൂപകൂടി ഇത്തരത്തിൽ എത്തുമെന്നാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും വിലയിരുത്തുന്നത്. ഇത്തരത്തിൽ 15 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കറൻസിയുടെ വിവരങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ എത്തുമ്പോഴും ഇതിൽ എവിടെയാണ് അഞ്ചുലക്ഷം കോടിയുടെ കള്ളപ്പണമെന്ന് കണ്ടെത്താനാവാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്.

പരമാവധി ഒരുലക്ഷം കോടി മുതൽ രണ്ടുലക്ഷം കോടി രൂപയുടെ നേട്ടമെങ്കിലും ഉണ്ടാക്കാനാകുമോ എന്ന സംശത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. ഇതോടെ ഒരു കാര്യം വ്യക്തം. ഒന്നുകിൽ കള്ളപ്പണക്കാർ അവരുടെ പണം സൂക്ഷിച്ചിട്ടുള്ളത് ഉയർന്ന മൂല്യമുള്ള കറൻസികളിലല്ല. അല്ലെങ്കിൽ അവർ അത് ഇതിനകം തന്നെ നിലവിലുള്ള ബാങ്കിങ് സിസ്റ്റത്തിന്റെ ഭാഗമാക്കി അത് വെളുപ്പിച്ചെടുത്തുകഴിഞ്ഞു.

ഇതോടെ കള്ളപ്പണം വലിയ മൂല്യത്തിലുള്ള കറൻസിയായി സൂക്ഷിച്ചിട്ടുണ്ടെന്ന വിലയിരുത്തലുമായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിക്കുകയും രാജ്യത്തെ ഇത്രയും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കും ഈയൊരു കള്ളപ്പണ വേട്ടയുടെ പേരിൽ സാധാരണ ജനങ്ങളെ ദുരിതത്തിലേക്കും തള്ളിവിട്ടതെന്തിനെന്ന ചോദ്യത്തിന് മറുപടി പറയേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. നിരോധനം വന്നതിന് ശേഷം എല്ലാ അക്കൗണ്ടുകളിലും കരുതലോടെയേ പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ളൂ എന്നാണ് വിലയിരുത്തൽ.

പാൻകാർഡ് കാണിച്ച് രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപം നടത്തിയവരെല്ലാം വ്യക്തമായ ഉറവിടം ഉള്ള പണം അഥവാ നികുതി നൽകി സമ്പാദിച്ച പണം മാത്രമേ നവംബർ എട്ടിന് ശേഷം നിക്ഷേപിച്ചിട്ടുള്ളൂ. നിരവധി ജൻധൻ അക്കൗണ്ടുകളിൽ 49,000 രൂപ വീതം എത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ വലിയൊരു ഭാഗം കള്ളപ്പണമായിരിക്കാമെന്ന വിലയിരുത്തലിൽ കഴിഞ്ഞദിവസം ജൻധൻ അക്കൗണ്ടുകളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. പക്ഷേ, ഇത്രയും തുക ഒരു വ്യക്തി നിക്ഷേപിക്കുമ്പോൾ അത് ഇത്രയുംകാലത്തെ സമ്പാദ്യത്തിൽ നിന്ന് സ്വരുക്കൂട്ടിയ തുകയാണെന്ന് എളുപ്പം പറഞ്ഞൊഴിയാനാകും. ഏറെ വിയർപ്പൊഴുക്കിയാലും മറിച്ചാണെന്ന് തെളിയിക്കാനും വലിയ വിഷമമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണവേട്ടയുടെ പേരിൽ നരേന്ദ്ര മോദി കൊണ്ടുവന്ന കറൻസി നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പാളിപ്പോയിയെന്ന് ഈ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നു. പക്ഷേ, ഇതിലുംവലുതാണ് ഇതിന്റെ പേരിൽ രാജ്യത്ത് ഉണ്ടായ കറൻസി ക്ഷാമം ഓരോ മേഖലയിലും കൊണ്ടുവന്നിട്ടുള്ള വളർച്ചാ മുരടിപ്പ്. പണമില്ലാത്തതിനാൽ നിർമ്മാണ മേഖല ഉൾപ്പെടെ സമസ്ത മേഖലകളിലും മാന്ദ്യം വന്നുകഴിഞ്ഞു. കഴിഞ്ഞ 20 ദിവസമായി ചെറുകിട തൊഴിൽ ചെയ്തുവന്ന പലർക്കും തൊഴിലില്ലാത്ത സ്ഥിതിയാണ്.

അധ്വാനിച്ച് സമ്പാദിച്ച പണം പോലും മാറ്റിവാങ്ങാനായി ജനങ്ങൾ ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ ക്യൂനിന്ന് അനുഭവിച്ച ദുരിതം വേറെ. ശമ്പളവും പെൻഷനും പോലും കൃത്യമായി വിതരണം ചെയ്യാനാകാത്ത നിലയിൽ കറൻസിക്ഷാമം രൂക്ഷം. അക്കൗണ്ടിൽ ശമ്പളം കിട്ടിയവർക്ക് ഓൺലൈൻ ഇടപാടുകൾ മാത്രം നടത്താമെങ്കിലും പണമായി നൽകേണ്ട പ്രതിമാസ ചെലവുകൾക്ക് വഴിയില്ലാത്ത സ്ഥിതി. രാജ്യത്ത് കർഷകർ കൃഷിയിറക്കാൻ പോലും ആകാത്ത സ്ഥിതിയിലായതോടെ ഇപ്പോഴത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറത്തായിരിക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.