- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറി വന്നപ്പോൾ താവളം നഷ്ടമായ വാനരക്കൂട്ടം മുഴുവൻ വീട്ടുമുറ്റത്ത്; അടുക്കളയിൽ കടന്നു കയറി ഭക്ഷണം മോഷ്ടിക്കലും കരിക്ക് അടർത്തലും കപ്പ മൂടടക്കം പിഴുത് മാറ്റലും പരിപാടി; കിണറുകൾ മലിനമാക്കാൻ മത്സരവും; ക്വാറി കാരണം സമ്പന്നനായത് സിപിഐ നേതാവ്; സഞ്ചാരം ബിഎംഡബ്ല്യുവും ബെൻസും അടക്കമുള്ള ആഡംബര വാഹനങ്ങളിലും; വാനരശല്യത്തിൽ പൊറുതി മുട്ടി മുദാക്കൽ പഞ്ചായത്തുകാർ
ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിൽ വാനരശല്യം രൂക്ഷം. ഒരു ഇടവേളയ്ക്ക് ശേഷം വന്ന വാനരശല്യം കാരണം പൊറുതി മുട്ടിയ അവസ്ഥയിലാണ് നാട്ടുകാർ. കാർഷിക മേഖലയാണ് ആറ്റിങ്ങലിന് തൊട്ടു കിടക്കുന്ന മുദാക്കൽ. വിവിധ കൃഷികളും വാഴകളുമൊക്കെ നശിപ്പിക്കാൻ കുരങ്ങുകൾ കൂട്ടമായെത്തുമ്പോൾ പ്രതിസന്ധി മൂർച്ചിക്കുകയാണ്. വീട്ടിൽ കടന്നു കയറി ഭക്ഷണം അടിച്ചു മാറ്റലും ബാക്കി വന്ന ഭക്ഷ്യസാധനങ്ങൾ കിണറുകളിൽ കളയലും കൂടി കുരങ്ങന്മാർ പതിവാക്കിയതോടെ വീടൊഴിയേണ്ട അവസ്ഥയിലാണ് പല വീട്ടുകാരും. മുദാക്കൽ പഞ്ചായത്തിലെ പള്ളിയറയിലും പാറയടിയിലും ആയിലത്തുമാണ് വാനരശല്യം രൂക്ഷമാകുന്നത്.
വിവിധ കൃഷികൾ മുദാക്കൽ പഞ്ചായത്തിൽ ഉടനീളമുണ്ട്. കപ്പ കൃഷിയും, വാഴയും, തെങ്ങിൻ തോട്ടവുമുണ്ട്. കരിക്ക് അടർത്തൽ കുരങ്ങന്മാരുടെ പതിവ് പരിപാടിയാണ്. കപ്പ മൂടടക്കം പിഴുതുകൊണ്ടു പോകും. വാഴപ്പഴം പച്ചയാണെങ്കിൽ കുലയടക്കം അടർത്തിയിടും. പഴുത്തതാണെങ്കിൽ വാഴയിൽ തന്നെയിരുന്നു കഴിക്കും. അതുകൊണ്ട് തന്നെ കാർഷിക വിളകൾ വിപണിയിൽ വിറ്റഴിക്കാനും കർഷകർക്ക് കഴിയുന്നില്ല. ഇതിന്നിടയിൽ തന്നെയാണ് കുരങ്ങുകൂട്ടങ്ങൾ വീട്ടിൽ വന്നുള്ള ശല്യവും. കുട്ടികൾ പലപ്പോഴും പുറത്ത് ഇറങ്ങാൻ തന്നെ പേടിക്കുകയാണ്. ഇതിന്നിടയിൽ അക്രമകാരികളായ കുരങ്ങുകൾ കൊണ്ടുള്ള പ്രശ്നങ്ങൾ വേറെയും. കുരങ്ങു ശല്യം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ നാട്ടുകാർ.
പഞ്ചായത്തിൽ പരാതി വന്നപ്പോൾ പ്രസിഡന്റ് വനംവകുപ്പിനെ അറിയിച്ച് രണ്ടു കൂടുകൾ സ്ഥാപിച്ചു. ഇരുനൂറോളം കുരങ്ങുകളെ അവർ ഇവിടെനിന്നു കുടിയോഴിപ്പിച്ചു. പാലോട് വനമേഖലയിലാണ് ഇവരെ തുറന്നു വിടുന്നത്. പാലോട് നിന്നും നാട്ടുകാർ എതിർപ്പ് അറിയിച്ചതോടെ വനംവകുപ്പിനും പ്രശ്നമായി. അതുകൊണ്ട് അവർ കൂടുതൽ കുരങ്ങുകളെ ഇവിടെ നിന്ന് കുടിയോഴിപ്പിക്കാനും മടിക്കുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് ഇവിടെ വാനരശല്യം രൂക്ഷമായത്. പ്രധാനമായും നാട്ടുകാർ വിരൽ ചൂണ്ടുന്നത് മുദാക്കലിൽ പ്രവർത്തിക്കുന്ന രണ്ടു ക്വാറികൾക്ക് നേരെയാണ്. പാറയിലും മലനിരയിലുമൊക്കെയാണ് ഈ കുരങ്ങുകൂട്ടം താവളമടിച്ചിരുന്നത്.
ക്വാറി കാരണം അവർക്ക് ആവാസവ്യവസ്ഥ നഷ്ടമായി. ഇവർ മലനിരയിൽ നിന്നും കുടിയോഴിക്കപ്പെട്ട അവസ്ഥയായി. പാറ പൊട്ടിക്കുന്ന ശബ്ദവും യന്ത്രങ്ങളുടെ ശബ്ദവും ഭക്ഷണമില്ലാത്ത അവസ്ഥ വന്നതോടെ വാനരക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ദുരിതം വിതയ്ക്കാൻ തുടങ്ങി. മുദാക്കലിലെ പ്രധാന ക്വാറി സിപിഐ നേതാവായ പള്ളിയറ ശശി നടത്തുന്നതാണ്. ക്വാറി കാരണം മുതലാളി സമ്പന്നനായി. ബിഎംഡബ്ല്യുവും ബെൻസും അടക്കമുള്ള ആഡംബര വാഹനങ്ങളാണ് പള്ളിയറ ശശിക്കുള്ളത്. എന്നാൽ നാട്ടുകാർ വീട് വിറ്റ് പോകേണ്ട ഗതികേടും .മുൻപ് പഞ്ചായത്തിൽ സിപിഐയുടെ കൗൺസിലറുമായിരുന്നു ശശി. നേതാവിന്റെ അടുത്ത് വാനരശല്യം ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ക്വാറി കാരണമാണ് കുരങ്ങു കൂട്ടം നാട്ടിലേക്ക് ഇറങ്ങുന്നതെന്നു നേതാവിനോട് പറയേണ്ട അവസ്ഥ വരും. ക്വാറി നിർത്താൻ ആവശ്യപ്പെടെണ്ടി വരും. അതിനാൽ തത്ക്കാലം നേതാവിനോട് ഇത് പറയാൻ ആളുകൾ ധൈര്യപ്പെടുന്നുമില്ല. കുരങ്ങുകൾ ആണെങ്കിൽ നാട്ടിൽ ഇറങ്ങി സ്വൈര്യവിഹാരം നടത്തുകയും ചെയ്യുന്നു.
കുരങ്ങുശല്യം മുദാക്കൽ പഞ്ചായത്തിൽ രൂക്ഷമാണ്. എന്റെ വാർഡായ പള്ളിയറയിലും മറ്റൊരു വാർഡായ പാറയടിയിലുമാണ് കുരങ്ങു ശല്യം രൂക്ഷം-പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി മറുനാടനോട് പറഞ്ഞു. ആവാസവ്യവസ്ഥ നശിപ്പിക്കപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പാറയിലും മലയിലും തമ്പടിച്ചിരുന്ന കുരങ്ങുകൂട്ടം നിവൃത്തിയില്ലാതെയാണ് നാട്ടിലേക്കിറങ്ങിയത്. പാറക്കെട്ടുകളും റബർ മരങ്ങളും മുദാക്കലിലുണ്ട്. രണ്ടു ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പള്ളിയറ ക്വാറിയാണ് പ്രധാനം. ക്വാറികൾ ഇപ്പോഴും സജീവമാണ്. പരാതി വന്നപ്പോൾ ഫോറസ്റ്റുകാർ വന്ന് രണ്ടു കൂടുകൾ സ്ഥാപിച്ചു. ഇരുനൂറോളം കുരങ്ങന്മാരെ പിടിച്ചിട്ടുണ്ട്. കൃഷി നശിപ്പിക്കുന്നതിൽ കർഷകർക്ക് ആശങ്കയുണ്ട്. പല വീട്ടുകാർക്കും പുറത്ത് ഇറങ്ങി നടക്കാൻ പേടിയുമുണ്ട്. കുന്നും മലയും അവർക്ക് തിരിച്ച് കൊടുത്താൽ കുരങ്ങന്മാർ നാട്ടിൽ ഇറങ്ങാതിരിക്കും-വിജയകുമാരി പറയുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.