വാഷിങ്ടൺ: നാല്പതു വർഷമായി വൈറ്റ് ഹൗസിൽ ഫോട്ടോഗ്രാഫിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം എടുത്തുകളഞ്ഞു. ഇനി മുതൽ വൈറ്റ് ഹൗസ് സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് തങ്ങളുടെ സെൽഫി സഹിതം ക്യാമറയിൽ പതിക്കാം. ഉത്തരവ് വന്നയുടൻ തന്നെ വൈറ്റ് ഹൗസ് സന്ദർശകർ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടുതുടങ്ങിയിട്ടുണ്ട്.

ക്യാമറയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതായുള്ള പ്രഖ്യാപനം പ്രഥമവനിത മിഷേൽ ഒബാമയാണ് ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസിൽ സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റുകളെ കഴിഞ്ഞദിവസം വരവേറ്റത് മിഷേലിന്റെ ഈ പ്രഖ്യാപനത്തിന്റെ വീഡിയോയാണ്. ഉടൻ തന്നെ സന്ദർശകർ തങ്ങളുടെ സ്മാർട്ട് ഫോണും ഡിജിറ്റൽ ക്യാമറയുമെല്ലാം പുറത്തെടുത്ത് ഫോട്ടോകൾ എടുക്കുന്നതിന്റെ തിരക്കിലായി. ചിലരാകട്ടെ ഉടൻ തന്നെ അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഫോട്ടോയെടുക്കുന്നതിനുള്ള നിരോധനം നീക്കിയിട്ടുണ്ടെങ്കിലും ഫ്‌ലാഷ് പ്രവർത്തിപ്പിക്കുന്നതും വീഡിയോ റെക്കോർഡിംഗും ഇപ്പോഴും നിരോധിച്ചിരിക്കുകയാണ്.