ലണ്ടൻ: ഗതാഗതം തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തുന്നത് നമ്മുടെ നാട്ടിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇടയ്ക്കിടെ സംഭവിക്കാറുള്ളതാണ്. താരങ്ങളും സംവിധായകരും സ്റ്റാർട്ട്, ആക്ഷൻ, കാമറയുമായി കലാപരിപാടി തുടരുമ്പോൾ പൊതുജനം പലപ്പോഴും വലയാറുണ്ട്. സൂപ്പർതാരങ്ങളാണ് രംഗത്തുള്ളതെങ്കിൽ ആരാധകരും തടിച്ചുകൂടും.

ഇത്തരത്തിലൊരു ഷൂട്ടിംഗാണ് ലണ്ടനിലും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും നടന്നത്. പരസ്യ ഷൂട്ടിങ് ആയിരുന്നു. അഭിനയിക്കുന്നത് ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓൾറൗണ്ടർ ആൻഡ്രൂ ഫ്‌ളിന്റോഫും. അപ്രതീക്ഷിതമായി ഫ്‌ളിന്റോഫിന്റെ മുഖത്തിനു തന്നെ അടികിട്ടിയപോലുള്ള സംഭവം തുടർന്ന് അരങ്ങേറി. വാനുമായി എത്തിയ ഒരാൾ ഷൂട്ടിങ് അവസാനിക്കുന്നത് കാത്തുനിൽക്കാതെ മുന്നോട്ടുപോയി.

പ്രശസ്ത ഫാഷൻ ബ്രാൻഡ് ആയ ജാക്കമോയ്ക്കുവേണ്ടിയുള്ളതായിരുന്നു ഷൂട്ടിങ്. ഓട്ടം, വിന്റർ സീസണുകളിലേക്കുള്ള പുതിയ പുരുഷ വസ്ത്രങ്ങളുടെ പരസ്യമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. 39കാരനായ ഫ്‌ളിന്റോഫും കൂട്ടരും സുന്ദരൻ വേഷത്തിൽ കാമറയ്ക്കു പോസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഒരു വെള്ളവാൻ എത്തിയത്.

അടുത്തുള്ള റസ്റ്ററന്റിലേക്കുള്ള സാധനങ്ങളായിരുന്നു വാനിൽ ഉണ്ടായിരുന്നത്. ഇവിടെ ഫോട്ടോ ഷൂട്ട് നടക്കുകയാണെന്ന് ഫ്‌ളിന്റോഫിനൊപ്പമുള്ള സഹപ്രവർത്തകർ പറഞ്ഞു. എന്നാൽ വാൻഡ്രൈവർ വഴങ്ങിയില്ല. ഗതാഗതം തടസ്സപ്പെടുത്തിയുള്ള ഷൂട്ടിങ് കണ്ട് കലി കയറിയ വാൻ ഡ്രൈവർ ഫ്‌ളിന്റോഫിനും കൂട്ടർക്കുമെതിരേ ഒച്ചയെടുത്തു. താൻ ആരായാലും എനിക്ക് ഒരു -----മില്ലെന്ന പച്ചത്തെറിയും വാൻഡ്രൈവർ പറഞ്ഞു. എനിക്ക് എന്റെ പണി തീർക്കണമെന്നും കൂട്ടിച്ചേർത്തു. തുടർന്ന് ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഫോട്ടോഗ്രാഫറെ കണക്കിലെടുക്കാതെ വാൻ മുന്നോട്ട് എടുക്കുകയായിരുന്നു.

അപ്രതീക്ഷിത ആക്രമണത്തിൽ ഫ്‌ളിന്റോഫ് പകച്ചുപോയി. മുഖം മഞ്ഞളിച്ച ഫ്‌ളിന്റോഫ് അല്പ സമയത്തിനകം സമചിത്തത വീണ്ടെടുത്തു. ഇതിനിടെ ഒരു യാചകൻ ഫ്‌ളിന്റോഫിനെ സമീപിച്ചു. അയാൾക്ക് പൈസ കൊടുത്ത് മുൻ ക്രിക്കറ്റർ വീണ്ടും കൂളായിമാറി.