- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ തുരത്താൻ തുടർച്ചയായി നിർണായക നടപടികൾ കൈക്കൊള്ളുന്നു; ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീൻ നിർമ്മാണശേഷിയിലും ലോകത്തിന് തന്നെ മാതൃക; മഹാമാരിയെ കീഴടക്കാനൊരുങ്ങി മഹാരാജ്യം; ഇന്ത്യയെ അഭിനന്ദിച്ച് ലോകം
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരെയ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്കിനെ അഭിനന്ദിച്ച് ലോകം. രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയതിന് പിന്നാലെ അഭിനന്ദനം അറിയിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഉദ്പാദകരെന്നാണ് ലോകാരോഗ്യ സംഘടന ഇന്ത്യയെ വിശേഷിപ്പിച്ചത്. മഹാമാരിയെ തുടച്ചു നീക്കാൻ ഇന്ത്യ നടത്തുന്ന നീക്കത്തെയും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രശംസിച്ചു. ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്സീൻ എന്നീ രണ്ടു വാക്സീനുകൾക്ക് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ടെഡ്രോസ് അദാനോം ഗെബ്രിയേസിന്റെ പ്രതികരണം.
‘കോവിഡ് മഹാമാരി അവസാനിപ്പിക്കാൻ ഇന്ത്യ തുടർച്ചയായി നിർണായക നടപടികൾ കൈക്കൊള്ളുകയും ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സീൻ നിർമ്മാതാവ് എന്ന നിലയിൽ ഇക്കാര്യം മികച്ചതാണ്.'– ടെഡ്രോസ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച അദ്ദേഹം, നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ എല്ലായിടത്തും ദുർബലരായവരെ രക്ഷിക്കുന്നതിനു ഫലപ്രദമായ വാക്സീനുകൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.
കോവിഡിനെ തുരത്താൻ ലോകം പ്രവർത്തിക്കുമ്പോൾ, ശാസ്ത്രീയ കണ്ടുപിടിത്തത്തിലും വാക്സീൻ നിർമ്മാണശേഷിയിലും ഇന്ത്യയുടെ നേതൃത്വം കാണുന്നതു വളരെ സന്തോഷകരമാണെന്നു മൈക്രോസോഫ്റ്റ് സ്ഥാപകനും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയറുമായ ബിൽ ഗേറ്റ്സ് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഇന്ത്യയെ നേരത്തെയും ബിൽ ഗേറ്റ്സ് പ്രശംസിച്ചിട്ടുണ്ട്.
കോവിഡ് വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന ആരോഗ്യസേതു ആപ്പ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങളെയും വാക്സീൻ ഉൽപാദനം നടത്തുന്ന മരുന്നു കമ്പനികളെയും ഗേറ്റ്സ് അഭിനന്ദിച്ചിരുന്നു. ഏറ്റവും വലിയ വാക്സീൻ നിർമ്മാതാവായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ ലോകത്തിലെ വമ്പൻ വാക്സീൻ ഉൽപാദന കമ്പനികൾ ഇന്ത്യയിലാണ്. ആദ്യ ഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള 30 കോടി പേർക്ക് വാക്സിനേഷൻ നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
രാജ്യത്ത് കോവിഡിനെതിരായ രണ്ട് വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഞായറാഴ്ചയാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയത്. പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കോവിഷീൽഡ്, തദ്ദേശീയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് ഇന്നാണ് ഡിസിജിഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. ആരോഗ്യ പ്രവർത്തകരടങ്ങുന്ന മുൻനിരപ്പോരാളികളാണ് മുൻഗണനാ വിഭാഗത്തിൽ ആദ്യം. പീന്നീട്, 50 വയസ്സിനു മുകളിലുള്ളവരും ഗുരുതര രോഗമുള്ള 50 വയസ്സിനു താഴെയുള്ളവരും. 28 ദിവസ ഇടവേളയിലായി രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്.
മറുനാടന് ഡെസ്ക്