ജനീവ: കോവിഡ് 19 മഹാമാരിക്കെതിരായ ലോകരാഷ്ട്രങ്ങളുടെ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന.

അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും കോവിഡ് വാക്സിൻ കയറ്റുമതി ചെയ്തതിന് പിന്നാലെയാണ് രാജ്യത്തിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ചും നന്ദി പറഞ്ഞും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് രംഗത്തെത്തിയത്. തന്റെ ട്വിറ്ററിലൂടെയാണ് രാജ്യത്തോടുള്ള നന്ദി അറിയിച്ചിരിക്കുന്നത്.

'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകൾ പങ്കുവെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

Thank you #India and Prime Minister @narendramodi for your continued support to the global #COVID19 response. Only if we #ACTogether, including sharing of knowledge, can we stop this virus and save lives and livelihoods.

- Tedros Adhanom Ghebreyesus (@DrTedros) January 23, 2021

ഇന്ത്യ വാക്‌സിൻ നിർമ്മിക്കുകയും അതിനൊപ്പം തന്നെ അയൽ രാജ്യങ്ങളിലേക്കും ബ്രസീൽ മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിലേക്കും വാക്‌സിൻ കയറ്റി അയക്കുകയും ചെയ്തിരുന്നു ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യക്ക് ഒരു നന്ദി അറിയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്സിൻ കയറ്റി അയയ്ക്കുന്നുണ്ട്.

നേരത്തെ വാക്‌സിൻ നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബ്രസീൽ രംഗത്തുവന്നിരുന്നു. കൊവിഡിനെ തുരത്താൻ മൃതസഞ്ജീവനി നൽകിയതായാണ് ബ്രസീൽ രംഗത്തുവന്നിരിക്കുന്നത്.

ബ്രസീലിയൻ ഭാഷയിലാണ് പ്രസിഡന്റിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. നമസ്‌കാർ, ധന്യവാദ് എന്നീ ഹിന്ദി വാക്കുകളും അഭിസംബോധന ചെയ്യാൻ ബൊൽസനാരോ ഉപയോഗിച്ചു. രാമായണത്തിൽ നിന്ന് കടമെടുത്ത ഒരു ചിത്രവും ബൊൽസനാരോ ട്വിറ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനുള്ള മൃതസ്ഞ്ജീവനിക്കായി ഗന്ധമാദനപർവ്വതം കൈയിലേന്തി ഇന്ത്യയിൽ നിന്ന് ബ്രസീസിലേക്ക് നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.