ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാ സമരത്തിലൂടെയാണ് ഇന്ത്യ സ്വതന്ത്രയായതെന്ന ചരിത്രമാണ് നാം പഠിച്ചുവരുന്നത്. സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്‌റു ആദ്യ പ്രധാനമന്ത്രിയായി മാറുകയും ചെയ്തു. എന്നാൽ, കേട്ടതും പഠിച്ചതുമായ ഈ ചരിത്രമാണോ യാഥാർഥ്യം. യഥാർഥത്തിൽ വാഴ്‌ത്തപ്പെടേണ്ടവർ തന്നെയാണോ നമ്മുടെ ചരിത്ര പുസ്തകങ്ങളിലെ വീരനായകർ?

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തീവ നിലപാടുകളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയുടെ പ്രവർത്തനങ്ങളുമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കിയതെന്ന വാദഗതി ശക്തമാവുകയാണിപ്പോൾ. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവന്നതോടെ, അദ്ദേഹത്തിന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും മുറുകി.

നേതാജിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് പരാമർശിക്കുന്ന ' ബോസ്: ആൻ ഇന്ത്യൻ സമുറായി' എന്ന പുസ്തകം നാം പഠിച്ച ചരിത്രങ്ങളെയാകെ നിരാകരിക്കുന്നതാണ്. നേതാജിയുടെ അനുയായിയും സൈനിക ചരിത്രകാരനുമായ ജനറൽ ബിഡി ബക്ഷി തയ്യാറാക്കിയ ഈ പുസ്തകം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ബക്ഷി നൽകുന്ന വിവരമനുസരിച്ച് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന അഹിംസാ സമരത്തിന് ബ്രിട്ടീഷുകാർക്കുമുന്നിൽ വളരെ നാമമാത്രമായ സ്വാധീനം മാത്രമേ ചെലുത്താനായുള്ളൂ. എന്നാൽ, നേതാജിയുടെ ഐ.എൻ.എ നടത്തിയ പോരാട്ടങ്ങൾ ബ്രിട്ടീഷുകാരെ ഇന്ത്യ വിട്ടുപോകാൻ നിർബന്ധിതരാക്കുകയും ചെയ്തു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് അറ്റ്‌ലിയെ ഉദ്ധരിച്ചുകൊണ്ടാണ് ബക്ഷി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പൊളിച്ചെഴുതുന്ന ഈ വാദഗതി മുന്നോട്ടുവെക്കുന്നത്.

ക്ലെമന്റ് അറ്റ്‌ലിയും പശ്ചിമബംഗാൾ ഗവർണണായിരുന്ന പി.ബി ചക്രവർത്തിയുമായുള്ള സംഭാഷണം പുസ്തകത്തിൽ ബക്ഷി ഉദ്ധരിക്കുന്നുണ്ട്. ചക്രവർത്തിയുടെ അതിഥിയായി 1956-ൽ ബംഗാളിലെത്തിയപ്പോൾ നടത്തിയ സംഭാഷണമാണിത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാമെന്ന കരാറിൽ ഒപ്പുവച്ച പ്രധാനമന്ത്രി അറ്റ്‌ലിയായിരുന്നു. ഇന്ത്യ വിട്ടുപോകാൻ ബ്രിട്ടീഷുകാരെ പ്രേരിപിച്ച യാഥാർഥ്യമെന്തെന്ന് ചക്രവർത്തി അറ്റ്‌ലിയോട് ചോദിക്കുന്നുണ്ട്. 1942-ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സമരം നടത്തിയെങ്കിലും 1947-ൽ പ്രത്യേകിച്ച് യാതൊരു സമ്മർദവുമില്ലാതിരുന്ന ഘട്ടത്തിൽ എന്തുകൊണ്ടാണ് ഇന്ത്യ വിട്ടുപോകാൻ ബ്രിട്ടീഷുകാർ സമ്മതിച്ചതെന്നായിരുന്നു ചക്രവർത്തിയുടെ ചോദ്യം.

ബ്രിട്ടീഷ് കിരീടത്തോട് ഇന്ത്യൻ സേനയും നാവിക സേനയും കാട്ടിയ കൂറും നേതാജിയുടെ ഐ.എൻ.എ നടത്തിയ പ്രവർത്തനങ്ങളുമാണ് അതിന് കാരണമെന്ന് അറ്റ്‌ലി മറുപടി നൽകുന്നു. ഈ തീരുമാനത്തിന് പിന്നിൽ ഗാന്ധിജിയുടെ സമ്മർദത്തിന് വളരെച്ചെറിയ പങ്കുമാത്രമേ ഉള്ളൂവെന്ന് അറ്റ്‌ലി മറുപടി നൽകിയതായി ചക്രവർത്തി പറയുന്നു. 1982-ൽ രഞ്ജൻ ബോറയുടെ സുഭാഷ് ചന്ദ്ര ബോസിനെക്കുറിച്ചുള്ള ലേഖനത്തിലും ഇത് പരാമർശിച്ചിട്ടുണ്ട്. 1945-ൽ ബ്രിട്ടനും അമേരിക്കയും നേതൃത്വം നൽകിയ സഖ്യകക്ഷികൾ രണ്ടാം ലോകയുദ്ധത്തിൽ വിജയിച്ചപ്പോൾ ഐ.എൻ.എ സൈനികരെ വിചാരണചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ന്യൂഡൽഹിയിലെ ചെങ്കോട്ടയിലായിരുന്നു ഈ വിചാരണ നടന്നിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സേനയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് സൈന്യാധിപന്മാരെ അനുസരിക്കാതെ വന്നു. 1946 ഫെബ്രുവരിയിൽ റോയൽ ഇന്ത്യൻ നേവിയിലെ 20,000-ത്തോളം നാവികർ ബ്രിട്ടനെതിരെ ശബ്ദനമുയർത്തി. നേതാജിയുടെ ചിത്രവുമായാണ് ഇവർ പ്രതിഷേധ സമരം നടത്തിയത്. റോയൽ ഇന്ത്യൻ എയർഫോഴ്‌സിലും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലും സമാനമായ പ്രതിഷേധമുയർന്നു. ഈ സാഹചര്യമാണ് ബ്രിട്ടന് ഇന്ത്യ വിടാതെ തരമില്ലെന്ന അവസ്ഥയുണ്ടാക്കിയതെന്ന് ബക്ഷിയുടെ പുസ്തകം വ്യക്തമാക്കുന്നു.

നേതാജിയുമായി ബന്ധപ്പെട്ട 100 രഹസ്യരേഖകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പരസ്യപ്പെടുത്തിയിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ 119ാമത്തെ ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 'നേതാജിപേപ്പേഴ്‌സ്' എന്ന സർക്കാർ പോർട്ടലിലൂടെ രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനും അവസരമുണ്ട്. അതിനൊപ്പമാണ് പുതിയ വിലയിരുത്തലുകളും എത്തുന്നത്. ടോക്യോയിലെ റെങ്കോജി ക്ഷേത്രത്തിലുള്ള നേതാജിയുടെ ചിതാഭസ്മം ഇന്ത്യയിലേക്ക് എത്തിക്കാൻ പ്രതിരോധമന്ത്രാലയവും രഹസ്യാന്വേഷണ വിഭാഗവും വിദേശകാര്യമന്ത്രാലയവും സംയുക്തമായി പദ്ധതിയിട്ടിരുന്നു എന്ന് രേഖകളിൽ പറയുന്നു. എന്നാൽ നേതാജി വിമാനാപകടത്തിൽ മരിച്ചു എന്ന വിശ്വസിക്കാത്തവരിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ ഭയന്ന് പിന്നീട് ഇത് ഉപേക്ഷിക്കുകയായിരുന്നു.

രണ്ട് കമ്മീഷനുകളുടെ അന്വേഷണറിപ്പോർട്ടുകൾ പ്രകാരം തായ്‌വാനിലെ തായ്‌പേയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് പറയുന്നു. 18 ഓഗസ്റ്റ് 1945ലാണ് സംഭവം. എന്നാൽ ഈയൊരു നിഗമനം എതിർത്താണ് മൂന്നാമത്തെ അന്വേഷണ കമ്മീഷൻ രംഗത്തുവന്നത്. സൈനികാശുപത്രിയിലെ നേതാജിയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായത് ജ്യുചി നകാമുറ എന്നയാളാണെന്ന് രേഖകൾ പറയുന്നു. നേതാജിയുടെ ദേഹമാസകലമുള്ള മുറിവുകൾ തുണിയാൽ ചുറ്റിയിരുന്നുവെന്നും തലയിലെ തുണിച്ചുറ്റിൽ രക്തപ്പാടുകൾ കാണാമായിരുന്നുവെന്നും അതിൽ വിവരിക്കുന്നു. എനിക്ക് ഉറങ്ങണം എന്നായിരുന്നു നേതാജിയുടെ അവസാന വാക്കുകൾ. 1962ൽ നെഹ്‌റുവാണ് സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കളെ മരണവാർത്ത അറിയിക്കുന്നത്. തുടർന്ന് നേതാജിയുടെ മകൾക്ക് പ്രതിവർഷം 6000 രൂപ നൽകിവന്നിരുന്നു. 1965ൽ അവരുടെ വിവാഹം നടക്കുന്നതുവരെ ഇത് തുടർന്നു. ആദ്യം ഭാര്യക്കാണ് തുക നൽകാൻ തീരുമാനിച്ചതെങ്കിലും അവർ നിരസിച്ചതിനെ തുടർന്നാണ് മകൾക്കു നൽകാൻ തീരുമാനിച്ചതെന്നും പുറത്തുവിട്ട രേഖകൾ പറയുന്നു.

നൂറോളം രേഖകളുടെ ഡിജിറ്റൽ പതിപ്പാണ് ഇന്ന് പുറത്തുവിട്ടത്. രേഖകളുടെ ബാക്കി ഭാഗം ഡിജിറ്റൽ പതിപ്പിലേക്ക് മാറ്റിവരികയാണെന്നും ഉടൻ തന്നെ അവ പൊതുജനങ്ങൾക്കായി ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.