ന്ത്യാ മഹാരാജ്യത്തെ ഏറ്റവും അധികാരമുള്ള സംവിധാനമാണ് സുപ്രീം കോടതി. ഭരണഘടന ഒരു സാധാരണ പൗരന് നൽകിയിരിക്കുന്ന മൗലികാവകാശങ്ങൾ കവർച്ച ചെയ്യപ്പെടാതിരിക്കാൻ ഭരണഘടന തന്നെയാണ് ഇവരെ കാവൽക്കാരായി നിയമിച്ചതും അതിന് തക്കതായ അധികാരങ്ങൾ നൽകിയതും. എന്നാൽ ചിലപ്പോൾ എങ്കിലും യുക്തിക്ക് നിരക്കാത്ത തീരുമാനങ്ങൾ ഭരണഘടനയുടെ പേര് പറഞ്ഞ് കോടതി എടുക്കുന്നുണ്ട് എന്നതാണ് സത്യം. ജ്യുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മിഷൻ സംബന്ധിച്ച സുപ്രീം കോടതി വിധി ആയിരുന്നു അതിൽ ഏറ്റവും ഒടുവിലത്തേത്. ജ്യുഡിഷ്യറിയെ കൂടുതൽ സുതാര്യവും നീതി പൂർവ്വവും ആക്കാനായി നടന്ന ആ ശ്രമം ബാലിശമായ കാര്യം പറഞ്ഞ് സുപ്രീം കോടതി തന്നെ തള്ളിക്കളഞ്ഞു. 'No one shall be made a Judge in his own cause' എന്ന നാച്വറൽ ലോ തത്വത്തിന്റെ അടിസ്ഥാന മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് ആ വിധി.

കഴിഞ്ഞ ദിവസം ശബരിമല ക്ഷേത്രത്തിൽ സ്ത്രീകളെ കയറ്റാൻ തടസ്സം നിൽക്കുന്ന ഘടകം എന്ത് എന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ ചോദ്യം ഏറെ ആശങ്ക ഉണർത്തുന്ന ഒന്നാണ്. നൂറ്റാണ്ടുകളായി നിലവിൽ ഉള്ള ഒരു ആചാരത്തെ മൂന്ന് ജഡ്ജിമാർ പെട്ടെന്ന് ചോദ്യം ചെയ്യുന്നതിൽ യുക്തിഭദ്രതയുടെ പ്രശ്‌നം ഉണ്ട്. കോടതി പറഞ്ഞതുപോലെ ഇവിടെ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ല എന്നതാണ് പ്രധാന കാര്യം. ഭരണഘടനയുടെ അന്തസത്ത അനുസരിച്ച് സ്ത്രീ എന്ന വിവേചനം ഉണ്ടായി എന്ന് തെളിയിക്കണമെങ്കിൽ ഒരു സ്ത്രീകൾക്കും അവിടെ പ്രവേശനം ഉണ്ടാകാതിരിക്കണം. എന്നാൽ ഋതുമതികളായ സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനാപരമായ വിവേചനം ആണ് എന്ന വാദം പ്രസക്തമല്ല.

അങ്ങനെ ഒരു വാദം ഉണ്ടെങ്കിൽ ഇതിനെക്കാൾ പ്രധാനപ്പെട്ട എത്രയോ വിഷയങ്ങൾ ഈ സമൂഹത്തിൽ ഇങ്ങനെ ഉണ്ട്. കേരളത്തിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനിൽ ഒരു വനിത എസ്‌ഐയ്ക്ക് പ്രിൻസിപ്പൽ എസ്‌ഐയുടെ ചുമതല ഉണ്ടോ? എന്തുകൊണ്ടാണത്? വനിത പൊലീസ് എന്ന് പറഞ്ഞ് അവിടെയും ഇവിടെയും ചിലരെ നിയമിക്കാതെ എന്തുകൊണ്ട് പൊലീസ് സ്റ്റേഷനുകളുടെ ചുമതല വനിതാ എസ്‌ഐമാരെ ഏൽപ്പിച്ചുകൂടാ? ഇത്തരം വിവേചനങ്ങളെയല്ലേ ആദ്യം ശരിയാക്കേണ്ടത്. പകരം തികച്ചും വിശ്വാസപരമായ ഒരു രീതിക്കെതിരെ നടത്തിയ പരാമർശം അപകടകരമായ ഒന്നാണ് എന്ന് പറയാതെ വയ്യ.

ശബരിമലയിലെ ആചാരത്തെ കുറിച്ച് ധാർമ്മിക രോഷം കൊണ്ട സുപ്രീം കോടതി മറന്നുപോയ പ്രധാന കാര്യം സർവ്വ നിയമങ്ങളുടെയും അടിത്തറ ആചാരങ്ങളുടെയും പാരമ്പര്യങ്ങളും തന്നെയാണ് എന്നതാണ്. ഓസ്റ്റിനെ  പോലെയുള്ള നിയമഞ്ജർ എഴുതപ്പെട്ട നിയമങ്ങളെക്കാൾ വലുതാണ് പാരമ്പര്യങ്ങളും ആചാരങ്ങളും എന്ന് വിശ്വസിച്ചിരുന്നു. ദീർഘകാലമായി നിലവിലുള്ള ആചാരങ്ങളെ അംഗീകരിച്ചേ മതിയാവു എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ പലതവണ പ്രസ്താവിച്ചിട്ടുള്ളതാണ്. അതൊക്കെ മറന്ന് കൊണ്ട് ശബരിമലയിലെ സ്ത്രീ സന്ദർശന വിഷയത്തിൽ നടത്തിയ പരാമർശങ്ങൾ അതിര് കടന്നുപോയി എന്ന് പറയാതെ വയ്യ.

[BLURB#1-H]ഹിന്ദു ക്ഷേത്രങ്ങളും, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഇവ നിർമ്മിക്കപെട്ടതിന്റെ ഉദ്ധേശ ശുദ്ധിയിൽ ആണ്. തങ്ങൾ വിശ്വസിക്കുന്ന ദൈവത്തെ, വിശ്വാസികൾക്ക് കൂട്ടമായി ആരാധിക്കുവാനും, തങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുവാനും, മതവിശ്വാസികൾക്ക് ഒത്തു ചേരുവാനുള്ള ഒരു പൊതുസ്ഥലം മാത്രമാണ് സെമറ്റിക് മതങ്ങളുടെ ആരാധനാലയങ്ങൾ. എന്നാൽ തന്ത്ര ശാസ്ത്ര വിധി പ്രകാരം നിർമ്മിക്കപെട്ട ഹിന്ദു ക്ഷേത്രങ്ങളിൽ, വിശ്വാസികൾ പ്രാർത്ഥിക്കാറുണ്ടെങ്കിലും ക്ഷേത്രങ്ങൾ മറ്റ് ഇതര മത ആരാധനാലയങ്ങൾ പോലെ പ്രാർത്ഥന കേന്ദ്രങ്ങൾ അല്ല. ഇവിടെ എത്തുന്നവർക്ക് വേണ്ടത് ഒരു പ്രത്യേക തരം ക്ഷേത്ര ചൈതന്യമാണ്. ചില ക്ഷേത്രങ്ങളിൽ ഋതുമതികളായ സ്ത്രീകൾക്ക് ഈ ചൈതന്യം ഉള്ളതായി കാണുന്നില്ല. അതുകൊണ്ടാണ് അവർക്ക് പ്രവേശനം നിഷേധിക്കുന്നത്.

ശബരിമലയിലെ ആചാരങ്ങൾ എല്ലാം തന്നെ പൂർവ്വികർ പിന്തുടർന്ന് വന്നവയാണ്. അതു പെട്ടെന്നൊരു ദിവസം അഴിച്ച് പണിയാൻ കോടതി നിർദ്ദേശിക്കുന്നത് യുക്തിസഹമായ കാര്യമല്ല. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും യുക്തിപരവും ശാസ്ത്രീയപരവുമായ അർത്ഥങ്ങൾ കൈമോശം വന്നുപോയ ഒരു തലമുറയുടെ അജ്ഞതയാണ് ഇതു പോലെയുള്ള ചർച്ചകളിൽ പ്രകടമാവുന്നത്. ചിലർ യുക്തിപൂർവ്വം അനുകൂലിക്കുന്നു, ചിലർ ഭക്തിപൂർവ്വം എതിർക്കുന്നു. ജനാധിപത്യത്തിൽ അതിന് രണ്ടിനും പ്രസക്തിയുണ്ട്. എന്നാൽ മത വിശ്വാസവുമായി ബന്ധപ്പെട്ട തികച്ചും വ്യക്തിപരമായ ഒരു വിഷയത്തിൽ കോടതി ഇടപെടുന്നതും അഭിപ്രായങ്ങൾ പറയുന്നതും യുക്തിപരമാണോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

[BLURB#2-VR]അധികാരികൾക്കോ ക്ഷേത്രം ഭരണസമിതിക്കോ ക്ഷേത്രത്തിൽ കയറി ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുക്കാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കാനാവില്ല. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം തടയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനോടു ചോദിച്ചു. ഇതുസംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിന് അനുവാദം നൽകി. വർഷങ്ങളായി തുടരുന്ന ആചാര പ്രകാരമാണ് ആർത്തവമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചു. എന്നാൽ, മതപരമായ രീതിയിലാണെങ്കിലും പാരമ്പര്യപ്രകാരമാണെങ്കിലും സ്ത്രീകളെ ഒഴിവാക്കാനാവില്ലെന്നും അതു ഭരണഘടന അംഗീകരിക്കില്ലെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി.

ശബരിമല ക്ഷേത്രത്തിലെ നിയന്ത്രണം ആചാരപ്രകാരം എത്രയോ വർഷങ്ങളായി പിന്തുടർന്നു വരുന്നതാണെന്ന വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. ആർത്തവ സമയത്ത് സ്ത്രീകൾക്കു ക്ഷേത്രങ്ങളിൽ പ്രവേശനമില്ല. 41 ദിവസം വ്രതം അനുഷ്ഠിച്ചാണു ഭക്തർ ശബരിമലയിലെത്തുന്നത്. ശബരിമല ക്ഷേത്രം മാത്രമല്ല, വാവര് സ്വാമിയുടെ മുസ്‌ലിം പള്ളിയും അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ഇവിടെ സ്ത്രീകൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള ഹിന്ദു ക്ഷേത്രങ്ങളിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് 1965ലെ നിയമ പ്രകാരം സ്ത്രീകൾക്കു ചില സമയങ്ങളിൽ വിലക്കേർപ്പെടുത്താൻ അധികാരമുണ്ട്. ഇതാണ് 1991ൽ കേരള ഹൈക്കോടതി ശരിവച്ചതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ വിശ്വാസപരമായതിനൊന്നും പ്രാധാന്യമില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടു ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതു താൽപ്പര്യ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട അഭിപ്രായമാണ് ചർച്ചകൾക്ക് വഴി തുറക്കുന്നത്. എല്ലാ സ്ത്രീകൾക്കും പുരുഷന്മാരെപോലെതന്നെ മറ്റു ക്ഷേത്രങ്ങളിൽ പോകുന്ന രീതിയിൽ ശബരിമലയിലും കയറിക്കൂടെ, ഭരണഘടന അതിനു അവരെ അനുവദിക്കുന്നുണ്ടല്ലോ എന്നായിരുന്നൂ സുപ്രീം കോടതിയുടെ നിരീക്ഷണം. 1500 വർഷങ്ങൾക്ക് മുൻപ് ശബരിമലയിൽ സ്ത്രീകൾ പോയിട്ടുണ്ടാകുമോ എന്നറിയില്ലല്ലോ എന്ന സുപ്രീം കോടതിയുടെ പറഞ്ഞത്. കയറിയതിന് ഉറപ്പുപറയാൻ അർക്കും കഴയില്ല. അപ്പോൾ പിന്നെ തുടരുന്ന വിശ്വാസങ്ങളാകണം പ്രാധാന്യത്തോടെ നിൽക്കേണ്ടത്.

ഇതേ മാനദണ്ഡം എല്ലാ മതവിഭാഗങ്ങൾക്കും ബാധകം ആകുമല്ലോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്തെ പൊതു നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി വിവാഹത്തിനും വിവാഹമോചനങ്ങൾക്കും അടക്കമുള്ള ഇസ്ലാമിക വിശ്വാസികൾക്ക് പ്രത്യേക അവകാശം നൽകിയിരിക്കുന്നത് മുമ്പ് സൂചിപ്പിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ചാണ്. സ്ത്രീകൾക്ക് പ്രവേശനം ഇല്ലാത്ത എത്രയോ മുസ്ലിം പള്ളികൾ ഈ രാജ്യത്തുണ്ട്. അതിൽ ഒന്നുമില്ലാത്ത ഒരു വിവേചനം ശബരിമലയുടെ കാര്യത്തിൽ ഉണ്ടാവുന്നതിൽ ഒരുതരം കപടമതേതരത്വം ആരെങ്കിലും ആക്ഷേപിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.