കൊൽക്കത്ത: പശ്ചിമബംഗാളിനെ നടുക്കി തൃണമൂൽ മന്ത്രിസഭയിലെ രണ്ടാമനെ ഇഡി അകത്താക്കിയിരിക്കുകയാണ്. അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടിയുടെ കറൻസി നോട്ടുകൾ കണ്ടെടുത്തതോടെയാണ് വാണിജ്യ-വ്യവസായ മന്ത്രിയായ പാർത്ഥ ചാറ്റർജി കുരുക്കിലായത്. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനും, പശ്ചിമ ബംഗാൾ പ്രൈമറി എഡ്യുക്കേഷൻ ബോർഡുമായി ബന്ധപ്പെട്ട നിയമന കോഴയുടെ ഭാഗമാണ് 20 കോടി എന്നാണ് ഇഡിയുടെ നിഗമനം. എന്തായാലും, അധികം ആരും അറിയാത്ത അർപ്പിത മുഖർജി ആരെന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. നോട്ടുകെട്ടുകളിൽ കിടന്നുറങ്ങിയ സുന്ദരിയാര് എന്ന മട്ടിൽ മസാലയും നിരത്തുന്നു.

പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായിയെന്നാണ് അർപ്പിതയെ ഇഡി വിശേഷിപ്പിച്ചത്. ബംഗാളി, ഒഡിയ, തമിഴ് സിനിമകളിൽ ചെറുകിട വേഷങ്ങൾ. ഫേസ്‌ബുക്ക് ബയോ നോക്കിയാൽ, ടോളിവുഡിലെ( തെലുഗു സിനിമ) നിരവധി ചിത്രങ്ങളിൽ വേഷമിട്ട ബഹുമുഖ പ്രതിഭ എന്നാണ് കാണാൻ കഴിയുക.

ബംഗാളി സുപ്പൂർ താരങ്ങളുടെ ഒപ്പം അർപ്പിത അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളായ പ്രസൻജിത്ത് ചാറ്റർജി( മാമ ഭാഗ്നെ-2009), ജീത്( പാർട്ണർ-2008) എന്നിവർക്കൊപ്പം വേഷമിട്ടു. 2019 ലും 2020 ലും നക്തല ഉദയൻ സംഗ എന്ന പാർത്ഥ ചാറ്റർജിയുടെ ദുർഗ്ഗ പൂജാ കമ്മിറ്റിയുടെ പ്രചാരണ പരിപാടികളുടെ മുഖമായിരുന്നു. കൊൽക്കത്തയിൽ, ഏറ്റവും വലിയ ദുർഗ്ഗ പൂജ കമ്മിറ്റികളിൽ ഒന്നാണ് പാർത്ഥ ചാറ്റർജിയുടേത്.

അർപ്പിത മുഖർജി വർഷങ്ങളായി നക്തല പൂജയിൽ പാർത്ഥ ചാറ്റർജിയുടെ വലംകൈയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പാർത്ഥയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. പാർത്ഥ ചാറ്റർജി അടിക്കടി അർപ്പിതയുടെ വസതി സന്ദർശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. അർപ്പിത മുഖർജി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഒപ്പമുള്ള ചിത്രങ്ങൾ ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കുവച്ചിട്ടുണ്ട്.

ദക്ഷിണ കൊൽക്കത്തയിലെ ആഡംബര ഫ്‌ളാറ്റിലാണ് താമസം. അർപ്പിതയുടെ വസതി ഇഡിയുടെ ആദ്യ റെയ്ഡ് പട്ടികയിൽ ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. 13 ഇടത്താണ് ഇഡി റെയ്ഡ് നടത്തിയത്. ഈ റെയ്ഡിനിടയാണ് അർപ്പിതയുടെ പേരും പൊന്തി വന്നത്. ഇതേ തുടർന്ന് വസതിയിലെത്തി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. കോടികൾ എണ്ണി തിട്ടപ്പെടുത്താൻ, നോട്ട് എണ്ണുന്ന യന്ത്രം മാത്രമല്ല ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായവും തേടേണ്ടി വന്നു.

2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് അർപ്പിതയുടെ വസതിയിൽ നിന്ന് കണ്ടെടുത്തത്. വസതിയുടെ പരിസരത്ത് നിന്ന് ഇരുപതിലേറെ മൊബൈൽ ഫോണുകളും കണ്ടെടുത്തു.

ചാറ്റർജിയുടെ വസതി കൂടാതെ വിദ്യാഭ്യാസ മന്ത്രി പരേഷ് സി അധികാരി, മാണിക് ഭട്ടാചാര്യ എംഎൽഎ എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു. സർക്കാർ-എയ്ഡഡ് സ്‌കൂളുകളിൽ കോഴ വാങ്ങി നിയമനം നടത്തിയെന്ന ആരോപിക്കുന്ന സമയത്ത് പാർത്ഥ ചാറ്റർജി ആയിരുന്നു വിദ്യാഭ്യാസ മന്ത്രി. ഇപ്പോൾ, അദ്ദേഹം വ്യവസായ-വാണിജ്യകാര്യ മന്ത്രിയാണ്.

അനധികൃത രേഖകൾ, റെക്കോർഡുകൾ, വ്യാജ കമ്പനികളുടെ വിവരങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസികൾ, സ്വർണം എന്നിവ ഈ വീടുകളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

നേരത്തേ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ ആരോപണങ്ങളെ തുടർന്നു വ്യവസായ വകുപ്പിലേക്കു മാറ്റിയിരുന്നു. രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കുന്നതിന്റെ ഭാഗമായുള്ള ബിജെപിയുടെ തന്ത്രമാണ് ഇഡി റെയ്‌ഡെന്നു തൃണമൂൽ പ്രതികരിച്ചു. ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടു സിബിഐ പാർഥ ചാറ്റർജി, പരേഷ് സി.അധികാരി എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.