തിരുവനന്തപുരം: ഫേസ്‌ബുക്കിന്റെ അകമഴിഞ്ഞ പിന്തുണയോടെ ഇന്ത്യയിൽ നടന്ന വൻ പ്രതിഷേധം സമരം ഡൽഹിയിൽ ലോക്പാൽ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരമായിരുന്നു. ഈ സമരത്തിൽ നിന്നാണ് ആം ആദ്മി പാർട്ടിയെന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ടതും. പിന്നീട് ഡൽഹിയിൽ പെൺകുട്ടി ബസിൽവച്ച് ക്രൂരമായി ബലാത്സംഗത്തിന് ഇരയായ വേളയിൽ ഡൽഹിയിൽ ലക്ഷങ്ങൾ തടിച്ചുകൂടിയതും സോഷ്യൽ മീഡിയയിലെ ആഹ്വാനം കേട്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് കൊച്ചിയിലെ ചുംബന സമരം നടന്നത്. സമരം വിജയിച്ചുവെന്ന് കിസ്ഓഫ് ലവ് പ്രവർത്തകരും പരാജയപ്പെട്ടുവെന്നും എതിർക്കുന്നവരും അവകാശപ്പെടുന്നു.

കിസ്ഓഫ് ലവ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ തുടങ്ങിയ കൂട്ടായ്മയാണ് ഒരാഴ്‌ച്ചകൊണ്ട് കേരളം ഏറ്റെടുത്തത്. കോഴിക്കോട്ടെ റസ്‌റ്റോറന്റിൽ രണ്ട് പേർ ചുംബിച്ചുവെന്ന് പറഞ്ഞ് യുവമോർച്ച പ്രവർത്തകർ റെസ്റ്റോറന്റ് അടിച്ചു തകർത്തതോടെയാണ് സദാചാര പൊലീസിംഗിനെതിരെ ഇത്തരമൊരു സമരം സംഘടിപ്പിച്ചത്. ഇതിൽ സംഘാടകരായി മുന്നിൽ നിന്നതിന്റെ പേരിൽ സദാചാര പൊലീസിംഗിന്റെ നോട്ടപ്പുള്ളികളായത് പ്രധാനമായും രണ്ട് പേരാണ്. രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും. മാതൃഭൂമി ചാനലിന്റെ ചർച്ചയിൽ പങ്കെടുത്ത് ഇവർ പരസ്പരം ചുംബിച്ചപ്പോൾ അത് മലയാളികൾ കാണുകയും ചെയ്തു.

കേരളത്തിൽ ജനിച്ചുവളർന്ന ആദ്യത്തെ ബിക്കിനി മോഡലാണ് രശ്മി. പത്തനാപുരം സ്വദേശിനിയാണ് രശ്മി. രശ്മി ആർ.നായർ എന്ന ഇന്റർനാഷണൽ ബിക്കിനി മോഡൽ കേരളത്തിൽ ജനിച്ചു വളർന്ന തനി മലയാളിയാണ്. തമിഴ്‌നാട്ടിൽ എഞ്ചിനീയറിംങ്ങിനു പഠിക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് രശ്മിയെ മോഡലിംഗിൽ എത്തിച്ചത്. ഒരു സുഹൃത്തിന്റെ ചിത്രത്തിലാണ് രശ്മി ആദ്യമായി നീന്തൽ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മോഡലിങ്ങിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ബിക്കിനി മോഡലായാൽ മൂക്കത്ത് വിരൽവെക്കുന്നവരുടെ നാടായ കേരളത്തിൽ രശ്മിക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. എന്നാൽ ഭർത്താവ് പശുപാലന്റെ സാന്നിധ്യമാണ് സദാചാര പൊലീസുകാരുടെ വാദങ്ങളുടെ മുനയൊടിക്കുന്നത്. ഒരു ആൺകുഞ്ഞിന്റെ അമ്മ കൂടിയാണ് ഈ 25 കാരി. ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ പരിചയമാണ് രാഹുലിനെ വിവാഹം കഴിക്കാൻ ഇടയാക്കിയത്. എം & എം മോഡലിംങ്,മോഡൽസ് വ്യൂ എന്നീ മാഗസിനുകൾക്ക് വേണ്ടിയും ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലും ചിത്രങ്ങൾ കൊടുക്കാറുണ്ട്.

സദാചാര പൊലീസിംഗിനെതിരെ കിസ് ഓഫ് ലവ് എന്ന ആശയവുമായി ആദ്യം രംഗത്തെത്തിയത് രാഹുലും രശ്മിയും ചേർന്നായിരുന്നു. ഈ ആശയത്തിന് അതിവേഗം പിന്തുണ ലഭിക്കുകയും ചെയ്തി. ബിക്കിനി മോഡലായതിനാൽ ഇവരുട ഉദ്ദേശത്തിൽ സംശയം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്കിലെ ബിക്കിനി ചിത്രങ്ങളെടുത്ത് നിരവധി പേർ ഈ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്തരക്കാർക്ക് മറുപടി രശ്മി ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടി ഇങ്ങനെയായിയുരുന്നു: 'എന്റെ ബികിനി ഫോട്ടോ കഷ്ടപ്പെട്ട് കണ്ടു പിടിച്ചു ഫോട്ടോ കമന്റ് ചെയ്യുന്ന മഹാന്മാർ അറിയാൻ അത് കണ്ടു വിഷമം തോനാൻ അത് ഒളിക്യാമറ ദ്രിശ്യങ്ങൾ അല്ല .ഞാൻ എന്റെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന കാര്യം ആണ്അത്. ഞാൻ അതിൽ അഭിമാനം കൊള്ളുന്ന ഒരു സ്ത്രീയാണ്...... അതുകൊണ്ട് ഒരുപാടു കഷ്ടപ്പെടേണ്ട-

ഇങ്ങെ എതിർപ്പുകൾ ഫലത്തിൽ സമരക്കാർക്ക് തുണയാകുകയായിരുന്നു. ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലെ പ്രധാനിയായ ഫർമിസ് ഹഷിമും ഈ ഗ്രൂപ്പും ചുംബന സമരത്തിന് പിന്തുണയുമായെത്തി. ഇതിനിടെ സമരത്തെ എതിർക്കാനെന്ന പേരിൽ കൂടുതൽ പേർ രംഗത്തെത്തിയതോടെ രണ്ട് കോളം വാർത്തയിൽ ഒതുങ്ങേണ്ട സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ് ഉണ്ടായത്. അഭിഭാഷകനായ ഹരീഷ് വാസുദേവസൻ, മാദ്ധ്യമപ്രവർത്തകരായ ഷാഹിന, രാജീവ് രാമചന്ദ്രൻ തുടങ്ങിയവരും രാഹുലിനും രശ്മിക്കും പിന്തുണയുമായെത്തി. സമരത്തിൽ പങ്കെടുക്കാനായി കവയത്രി ഗിരിജ അടക്കമുള്ളവരും രംഗത്തെത്തുകയായിരുന്നു. ചുരുക്കത്തിൽ എതിർപ്പിന്റെ തോത് കൂടും തോറും ചുംബന സമരം വിജയിക്കുന്ന കാഴ്‌ച്ചയായിരുന്നു കാണാൻ സാധിച്ചത്.