- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണാസന്നയായ ഉമ്മയ്ക്ക് കലിമ ചൊല്ലിക്കൊടുത്ത ഡോ. രേഖ കൃഷ്ണൻ കോവിഡ് കാലത്തെ മനുഷ്യത്വത്തിന്റെ മുഖമാകുന്നു; ആരാണ് രേഖ കൃഷ്ണൻ; ഒരു ഹിന്ദു പെൺകുട്ടി കലിമ ചൊല്ലാൻ പഠിച്ചതെങ്ങനെ?
പാലക്കാട്: മരിക്കുന്നതിന് മുമ്പ് ശഹാദത്ത് കലിമ കേൾക്കുന്നതും അതേറ്റു ചൊല്ലുന്നതും ഇസ്ലാംമത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' ചൊല്ലുന്നതിലൂടെ ആ വ്യക്തിയുടെ സ്വർഗ പ്രവേശം എളുപ്പമാകുമെന്നാണ് വിശ്വാസം. ശഹാദത്ത് എന്നാൽ സാക്ഷ്യം എന്നാണർത്ഥം.
മരണാസന്നയായ ആൾക്ക് അടുത്ത ബന്ധുക്കളാണ് സാധാരണഗതിയിൽ കലിമ ചൊല്ലിക്കൊടുക്കുക. എന്നാൽ കോവിഡ് വാർഡിൽ ബന്ധുക്കളാരുമില്ലാതെ ഏകയായ രോഗിക്ക് കലിമ ചൊല്ലി കൊടുത്ത ഡോ. രേഖ കൃഷ്ണൻ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൊക്കെ താരമാണ്. ആരും പറയാതെ, ആ നിമിഷം മനസിൽ തോന്നിയത് മാത്രമാണ് ഡോ. രേഖ കൃഷ്ണൻ ചെയ്തത്. പക്ഷേ, ആ പുണ്യപ്രവർത്തി പുറംലോകമറിഞ്ഞപ്പോൾ ഇന്ന് ഡോക്ടർക്ക് നിറഞ്ഞ കൈയടി നൽകുകയാണ് ഏവരും.
പട്ടാമ്പി സേവന ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൃത്താല പട്ടിത്തറ സ്വദേശിയായ വീട്ടമ്മയ്ക്കാണ് രേഖ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. കോവിഡ് അത്യാഹിത വിഭാഗത്തിൽ രേഖയും നഴ്‌സും മാത്രമായിരുന്നു രോഗിയുടെ അടുത്തുണ്ടായിരുന്നത്. മറ്റ് ഏതൊരു കോവിഡ് രോഗിയേയും പോലെ വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കൊന്നും സ്ഥാനമില്ലാതെ അവസാനശ്വാസമെടുക്കേണ്ടിയിരുന്ന ആ ഉമ്മയെ ഒരൊറ്റ കലിമ ചൊല്ലലിലൂടെ സനാഥയാക്കിയ ഡോ. രേഖ കൃഷ്ണൻ ആരാണ്? ഹിന്ദുമതസ്ഥയായ അവർ എങ്ങനെയാണ് കലിമ ചൊല്ലാൻ പഠിച്ചത്?
ആ ഉമ്മയുടെ അവസാനനിമിഷങ്ങൾ
പട്ടാമ്പി സേവന ആശുപത്രിയിലെ ഫിസിഷ്യനാണ് ഡോ. രേഖ കൃഷ്ണൻ. കോവിഡ് ബാധിച്ച് അവിടെ വെന്റിലേറ്ററിൽ ചികിൽസയിലായിരുന്ന ഉമ്മ മെയ് 17 തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങുന്നത്. ഇനിയൊന്നും ചെയ്യാനില്ലെന്ന് ബോധ്യമായതോടെ ബന്ധുക്കളുടെ സമ്മതപ്രകാരം തന്നെ വെന്റിലേറ്ററിൽനിന്ന് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽനിന്ന് മാറ്റിയ ഉടൻതന്നെ അവരുടെ അവയവങ്ങളുടെ പ്രവർത്തനമെല്ലാം നിലച്ചുതുടങ്ങി. മരണസമയം കുറിച്ചുവെയ്ക്കാൻ വേണ്ടിയാണ് ഡോ. രേഖ അവരുടെ കൂടെനിന്നത്.
പക്ഷേ, അവരുടെ അവസാനനിമിഷങ്ങളിലെ ശ്വാസമെടുക്കുന്നത് കണ്ടപ്പോൾ ഒരു ഡോക്ടർ എന്നനിലയിലല്ല, ഒരു മനുഷ്യൻ എന്നനിലയിലാണ് രേഖയ്ക്ക് പെരുമാറാൻ തോന്നിയത്. ആദ്യം അവർക്ക് വേണ്ടി കണ്ണടച്ച് പ്രാർത്ഥിക്കുകയാണ് ചെയ്തത്. ആ നിമിഷമാണ് അവരുടെ മകളോ മകനോ അടുത്തുണ്ടെങ്കിൽ 'ശഹാദത്ത് കലിമ' അല്ലേ ചൊല്ലിക്കൊടുക്കുക എന്ന കാര്യം ഡോക്ടർക്ക് ഓർമവന്നത്. അതാണെങ്കിൽ രേഖയ്ക്ക് അറിയുകയും ചെയ്യാം. അങ്ങനെ അവരുടെ അന്ത്യനിമിഷങ്ങളിൽ ഡോക്ടർ ആ പ്രാർത്ഥന ചൊല്ലികൊടുക്കുകയായിരുന്നു.
പുറംലോകം അറിയുന്നത്
ശഹാദത്ത് കലിമ ചൊല്ലികൊടുത്തതിന് പിന്നാലെ ആ ഉമ്മ നീണ്ട ശ്വാസമെടുത്ത് യാത്രയായി. ഇക്കാര്യം പിന്നീട് സഹപ്രവർത്തകനായ ഡോ. മുസ്തഫയോട് രേഖ വളരെ വേദനയോടെ പങ്കുവച്ചു. അദ്ദേഹമാണ് രേഖ ചെയ്തത് വലിയകാര്യമാണെന്നും അതിന്റെ വില എത്രത്തോളമാണെന്നും അവരോട് പറഞ്ഞത്. ഡോ. മുസ്തഫ ഇക്കാര്യം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് മറ്റുള്ളവരും അറിയുന്നത്.
കോവിഡ് രോഗികൾ ശരിക്കും അനാഥരെ പോലെയല്ലേ വാർഡുകളിൽ കഴിയുന്നത്. ഉറ്റവരെ പോലും അടുത്ത് നിർത്താൻ വയ്യാത്ത അവസ്ഥ. ഡോക്ടർമാരും നഴ്‌സുമാരും മാത്രമാണ് അവരുടെ അടുത്തുള്ളത്. അപ്പോൾ ഇത്രയെങ്കിലും അവർക്ക് വേണ്ടി ചെയ്യേണ്ടതില്ലേ എന്നാണ് ഇക്കാര്യത്തിൽ ഡോ. രേഖ കൃഷ്ണന് പറയാനുള്ളത്.
ഉമ്മയുടെ മരണത്തിന് ശേഷവും ഇതൊന്നും അവരുടെ ബന്ധുക്കളോട് പോലും ഡോക്ടർ പറഞ്ഞിരുന്നില്ല. ഉമ്മയുടെ നില മോശമാണെന്നും താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നും മാത്രമാണ് ആ സന്ദർഭത്തിൽ അവരോട് പറഞ്ഞിരുന്നത്. പിന്നീട്, കലിമ ചൊല്ലിക്കൊടുത്തെന്ന വിവരമറിഞ്ഞ് ഉമ്മയുടെ ബന്ധുക്കൾ ഡോക്ടറെ നേരിട്ടു വിളിച്ച് നന്ദി പറയുകയായിരുന്നു.
സ്വാധീനിച്ചത് ദുബായ് ജീവിതം
രേഖ കൃഷ്ണൻ 18 വയസ്സുവരെ വളർന്നതും പഠിച്ചതും ദുബായിലായിരുന്നു. അവിടെ എല്ലാവരും എട്ടാം ക്ലാസുവരെ നിർബന്ധമായും അറബിക് ഭാഷയും പഠിച്ചിരിക്കണം. അതിനാൽ അറബിഭാഷയും രേഖ അഭ്യസിച്ചു. പല വിശ്വാസമുള്ളവരും പല സംസ്‌കാരമുള്ളവരുടെയും ഒപ്പം ജീവിച്ചതിനാൽ എല്ലാം മനസിലാക്കാനും രേഖയ്ക്ക് കഴിഞ്ഞിരുന്നു. അതും പിന്നെ മാതാപിതാക്കൾ വളർത്തിയ രീതിയുമൊക്കെ രേഖയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ മതങ്ങളെയും ബഹുമാനിക്കാൻ പഠിച്ചത് അങ്ങനെയാണ്.
'അമ്പലത്തിൽനിന്ന് പ്രാർത്ഥിച്ച് പുറത്തിറങ്ങിയാൽ തൊട്ടടുത്ത പള്ളിയിലേക്ക് കൂടി നോക്കി പ്രാർത്ഥിക്കാൻ പറഞ്ഞവരാണ് മാതാപിതാക്കൾ. അവിടെയും ഒരു പോസിറ്റീവ് എനർജിയുണ്ടെന്നാണ് അവർ പഠിപ്പിച്ചു തന്നിട്ടുള്ളത്. നമ്മുടെ വിശ്വാസത്തിനൊപ്പം മറ്റുള്ളവരുടെയും വിശ്വാസത്തെയും ബഹുമാനിക്കുക എന്നതാണ് അവർ പറഞ്ഞു തന്നത്. അത് ഞാനും പിന്തുടരുന്നു. റംസാൻ സമയത്ത് ഇന്നും എന്റെ മുന്നിലെത്തുന്ന രോഗികളുടെ മുന്നിൽവെച്ച് വെള്ളം പോലും കുടിക്കില്ല. അത് അവരോടുള്ള ബഹുമാനമാണ്.' രേഖ പറയുന്നു.
മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിൽ മരണമുണ്ടായാൽ കലിമ ചൊല്ലി കൊടുക്കുന്നത് രേഖ കുട്ടിക്കാലം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു. അറബി അറിയാവുന്നതിനാൽ അത് എന്താണെന്നും അർഥവും അവർക്ക് മനസിലാക്കിയിരുന്നു. അക്കാര്യമെല്ലാം മനസിലുണ്ടായിരുന്നു. ആ ഉമ്മയുടെ അന്ത്യനിമിഷങ്ങളിൽ അതാണ് രേഖയുടെ മനസിലും നാവിലും വന്നതും.
'ഇക്കാര്യം പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ അറിഞ്ഞ് ദുബായിൽ ഒപ്പം പഠിച്ചവരും കുടുംബസുഹൃത്തുക്കളും ഫോണിൽ വിളിച്ചിരുന്നു. അദ്ധ്യാപകരും വിളിച്ചു. ചിലർ കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്. ഞാൻ ഇങ്ങനെയൊരു പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിങ്ങൾക്കും പങ്കുണ്ടെന്നാണ് അവരോട് പറഞ്ഞത്. കുറെപേരുടെ അനുഗ്രഹം ലഭിച്ചു. എന്നും അതല്ലൊം നിലനിൽക്കട്ടെ.' ഈ സംഭവത്തിന് ശേഷം ആളുകളിൽ നിന്നും ഉണ്ടായ പ്രതികരണങ്ങളെ പറ്റി രേഖ പറയുന്നത് ഇങ്ങനെയാണ്.
കോവിഡ് കാലം പ്രതിസന്ധി കാലം
കോവിഡ് കാലം ഡോക്ടർമാരെയും മാനസികമായി ഏറെ തളർത്തുകയാണ്. പരീക്ഷയ്ക്ക് ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ ചോദിക്കുന്നത് പോലെയാണ് നിലവിലെ സ്ഥിതി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. ഇത് ശരിക്കും ഒരു യുദ്ധമാണ്. ഒട്ടേറെപേരെ നമുക്ക് നഷ്ടപ്പെടുന്നു. ഒട്ടേറെ പേർ രക്ഷപ്പെടുന്നു. ഈ മരണങ്ങളും രോഗാവസ്ഥയുമെല്ലാം ഡോക്ടമാർമാരെയും മാനസികമായി ബാധിക്കുന്നുണ്ട്. ഒരു ബെഡ് അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ച് വിളിക്കുന്നത് പോലും വല്ലാതെ നൊമ്പരമുണ്ടാക്കുന്നുണ്ടെന്നാണ് രേഖ പറയുന്നത്. കേരളത്തിൽ മരണനിരക്ക് കുറച്ചു നിർത്താൻ കഴിയുന്നതിൽ ഇവിടത്തെ ആരോഗ്യസംവിധാനത്തിന്റെയും ഡോക്ടർമാരുടെയും പങ്ക് ഏറെ വലുതാണ്. ഈ ദുരിതകാലമെല്ലാം തരണംചെയ്യാൻ നമുക്ക് കഴിയട്ടെ എന്നും അവർ പ്രത്യാശിക്കുന്നു.
കുടുംബം
ദുബായിൽ ബിസിനസുകാരനായ പട്ടാമ്പി ചേമ്പ്ര മേലേമഠത്തിൽ രാമകൃഷ്ണന്റെയും പ്രഭയുടെയും മകളാണ് ഡോ. രേഖ കൃഷ്ണൻ. പ്ലസ്ടു വരെ ദുബായ് ഇന്ത്യൻ സ്‌കൂളിലായിരുന്നു പഠനം. ശേഷം സേലം വിനായക മിഷൻ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും മണിപ്പാലിൽനിന്ന് എം.ഡി.യും സ്വന്തമാക്കി. ഭർത്താവ് ഡോ. ജീജി ജനാർദനൻ കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഡോക്ടറാണ്. റിഷിത്, ഹൃദ്യ എന്നിവർ മക്കൾ. രാഖി സഹോദരിയാണ്.
മറുനാടന് മലയാളി ബ്യൂറോ