ന്യൂഡൽഹി: അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ അപ്രതീക്ഷിതമായി ഇസ്ലമാബാദിൽ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ ചെയ്തത് ഒരു ചായ കുടിക്കുകയും ഷെരീഫിന്റെ മകൾക്ക് ഒരു സമ്മാനം കൊടുക്കുകയും ആയിരുന്നു. അതിന് ഇന്ത്യ ഒരാഴ്ചക്കകം നൽകിയ വില ഏഴ് ധീര ജവാന്മാരുടെ ജീവനായിരുന്നു. ഒപ്പം ഭീകരരെ ചെറുക്കാൻ രാജ്യം മുടക്കിയ പണം വേറെയും. മോദി-ഷെരീഫ് ചർച്ച തന്നെയാണ് ഇപ്പോഴത്തെ പ്രകോപനം ഇല്ലാതെ ആക്രമണത്തിന് കാരണമെന്ന് തീർച്ച. അപ്പോൾ ആരായിരിക്കും ഇന്ത്യാ-പാക് സമാധാനം തകർക്കാൻ ആഗ്രഹിക്കുന്നത്?

ആരും പ്രതീക്ഷിക്കാത്ത നയതന്ത്രനീക്കമാണ് മോദി നടത്തിയത്. അപ്രതീക്ഷിത പാക് സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ വിശ്വാസത്തിലെടുത്തു. പാക് പ്രധാനമന്ത്രിയുടെ കാറിലും പാക് ഹെലികോപ്ടറിലും ഇന്ത്യൻ പ്രധാനമന്ത്രി യാത്ര ചെയ്തു. എൻഎസ്ജിയുടെ എതിർപ്പു പോലും മറികടന്നായിരുന്നു മോദിയുടെ ഈ നീക്കങ്ങൾ ഏവരേയും അൽഭുതപ്പെടുത്തി. തീവ്രവാദികളെ പ്രകോപിപ്പിക്കാനാണ് മോദിയുടെ യാത്രയെന്ന് പോലും വിലയിരുത്തലുകൾ ചില കോണുകളിൽ നിന്ന് ഉയർന്നു. അത് ശരിവയ്ക്കുന്നത് തന്നെയാണ് പിന്നീട് സംഭവിച്ചത്. പഠാൻകോട്ടിൽ ആശങ്ക തീർത്ത് തീവ്രവാദികൾ അഴിഞ്ഞാടി. മുംബൈ ഭീകരാക്രമണത്തിന് സമാനായുള്ള ആക്രമണം. ജെയ്‌ഷെ ഇ മുഹമ്മദിനേയും ലഷ്‌കർ ഇ തോയിബയേയും സംശയത്തിൽ നിറുത്തി ഇന്ത്യ നയതന്ത്രലത്തിൽ വിഷയം ചർച്ചയാക്കി.

യഥാർത്ഥത്തിൽ മോദിയുടെ പാക്കിസ്ഥാൻ സന്ദർശനം അനാവശ്യമായി എന്ന പൊതു വിലയിരുത്തൽ തന്നെയാണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോർ നയതന്ത്രനാടകമാണ് പഠാൻകോട്ട് ആക്രമണത്തിനിടയാക്കിയതെന്ന നിശിത വിമർശവുമായി സഖ്യകക്ഷിയായ ശിവസേന. 'നവാസ് ഷെരീഫുമായി മോദി ചായകുടിച്ചു, നമ്മുടെ ഏഴ് പട്ടാളക്കാർക്ക് ജീവൻ നഷ്ടമായി' ശിവസേന മുഖപത്രമായ 'സാമ്‌ന' പരിഹസിച്ചു. ഈ പരിഹാസത്തെ ശരിവയ്ക്കുന്ന ചർച്ചയാണ് സോഷ്യൽ മിഡിയയിലും നടക്കുന്നത്. മോദിയുടെ പാക് സന്ദർശനത്തെ അനുകൂലിച്ചവർ പോലും ഇത് അംഗീകരിക്കുന്നു. ഭാവിയിലും പാക്കിസ്ഥാനുമായി ഇന്ത്യ അടുക്കാൻ ശ്രമിച്ചാൽ തീവ്രവാദികൾ കൈയും കെട്ടി നോക്കി നിൽക്കില്ല.

വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തി ലോകത്തെയാകെ ഒരുമിപ്പിക്കാൻ നോക്കുന്നതിനുപകരം മോദി കുറച്ചുകാലത്തേക്ക് രാജ്യത്തിനകത്തുതന്നെ ശ്രദ്ധപുലർത്തേണ്ടിയിരിക്കുന്നു. കോൺഗ്രസ്സായിരുന്നു അധികാരത്തിലെങ്കിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ആക്രമണം നടത്തണമെന്ന മുറവിളി ഇവർ ഉയർത്തുമായിരുന്നു. പട്ടാളക്കാരുടെ ജീവന് പകരംചോദിക്കണമെന്ന് ആവർത്തിക്കുമായിരുന്നു. പക്ഷേ, ഈ സംഭവത്തിന്മേൽ ഇപ്പോൾ ആരും പ്രതികരിക്കുന്നുപോലുമില്ല സാമ്‌ന മുഖപ്രസംഗം പറയുന്നു. ഇതും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്. എന്നാൽ തിരിച്ചടി വേണമോ ചർച്ച തുടരണമോ എന്നതാണ് സോഷ്യൽ മിഡിയ ഉയർത്തുന്ന ചോദ്യം. ചർച്ചയെ അട്ടിമറിക്കാനായിരുന്നു പഠാൻകോട്ടെ ആക്രമണം.

അപ്പോൾ ആ ലക്ഷ്യം സാധിച്ചു കൊടുക്കുന്ന തരത്തിൽ ചർച്ച ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന വാദവും സജീവമാണ്. പാക് സർക്കാരിനെ വിശ്വാസത്തിലെടുത്ത് ചർച്ചയുമായി മുന്നോട്ട് പോകണം. ഇതിലൂടെ കാശ്മീർ പ്രശ്‌ന പരിഹാരമല്ല തീവ്രവാദികളുടെ ലക്ഷ്യമെന്ന് പുറം ലോകത്തെ ബോധ്യപ്പെടുത്താനാകും. ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന സന്ദേശവും നൽകാം. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിലേക്കുള്ള യുദ്ധത്തിനും ഇന്ത്യയ്ക്ക് തയ്യാറെടുക്കാം. അങ്ങനെ ഈ അവസരം തീവ്രവാദത്തെ തുടച്ചു നീക്കാൻ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന വാദവും ശക്തമാണ്.

ഏതായാലും പതിവ് പോലെ ഈ വിഷയത്തിൽ സജീവമായി പ്രതികരിച്ചത് ശിവസേനയാണ്. മോദിയുടെ മിന്നൽസന്ദർശനത്തിന് തൊട്ടുപിന്നാലെ, പാക്കിസ്ഥാനെ ഒരിക്കലും വിശ്വസിക്കരുതെന്ന് തങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. രാജ്യത്തിന്റെ അതിർത്തികൾ ഭദ്രമല്ലെന്നും ആഭ്യന്തരസുരക്ഷ അപകടത്തിലുമാണെന്നാണ് പഠാൻകോട്ട് ആക്രമണം കാണിക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനത്തെയാണ് പാക്കിസ്ഥാൻ തകർക്കുന്നത്. പഠാൻകോട്ട് ആക്രമണത്തിന് പകരംവീട്ടാതെ റിപ്പബ്ലൂക് ദിനത്തിൽ രാജ്യത്തിന്റെ സേനാബലവും ആയുധക്കലവറയും പ്രദർശിപ്പിക്കുന്നതിൽ ഒരു അർഥവുമില്ല ശിവസേന മുഖപത്രം പറയുന്നു.

എന്നാൽ പാക് സർക്കാരും പ്രധാനമന്ത്രി നവാസ് ഷെരീഫും ഇക്കാര്യത്തിൽ കുറ്റക്കാരല്ലെന്ന് കരുതുന്നവരുണ്ട്. പാക് സൈന്യത്തിനാണ് നിയന്ത്രണം. അത് മാറാത്തിടത്തോളം കാലം കാശ്മീരിൽ പരിഹാരം ഉണ്ടാകില്ലെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.