ലാലിസമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. ലാലിസത്തിന്റെ പേരിൽ മോഹൻലാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വരെയാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധമുയർന്നത്. ശരിക്കും എന്താണ് ലാലിനും ലാലിസത്തിനും സംഭവിച്ചത്?

ദേശീയ ഗെയിംസ് ഉദ്ഘാടനവേദിയിൽ 'ലാലിസം' എന്ന മോഹൻലാൽ സംഗീത ബാൻഡിനു ശരിക്കും ദുരന്തം തന്നെയാണുണ്ടായത്. വേദിക്കു മുന്നിലെ നാടകത്തേക്കാൾ അണിയറയിൽ നടന്ന നാടകങ്ങളാണ് ലാലിസത്തിനു വിനയായതെന്നതാണു സത്യം. ഇക്കാര്യങ്ങൾ അറിയുമ്പോൾ മോഹൻലാലിനെ കുറ്റപ്പെടുത്തുന്നവർ സഹതാപത്തോടെയേ പിന്നീട് സൂപ്പർ താരത്തെ കാണൂ എന്നുവന്നേക്കാം.

ഉദ്ദേശിച്ച രീതിയിലല്ല ലാലിസം അവതരിപ്പിച്ചതെന്നു പരിപാടിയുടെ കോർഡിനേറ്റർ രതീഷ് വേഗ തന്നെ സമ്മതിക്കുകയും ചെയ്തു. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലേതുമുതൽ 'റൺ ബേബി റണ്ണി'ലെ 'ആറ്റുമണൽ പായയിൽ' വരെയുള്ള ഗാനങ്ങളും ഓരോ കാലഘട്ടത്തിലേയും സിനിമാരംഗങ്ങളും സംഭാഷണവുമൊക്കെ കോർത്തിണക്കിയ ഒരു പരിപാടിയായിരുന്നു ലാലിസം. അക്ഷരാർഥത്തിൽ ഒരു മോഹൻ ലാൽ ഷോ തന്നെ.

എന്നാൽ, പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞത് പരിപാടി അരങ്ങേറാൻ വെറും ഏഴുദിവസം മാത്രമുള്ളപ്പോഴാണ്. ലാലിസത്തിനെതിരായി ചില കാര്യങ്ങൾ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനു മുന്നിലെത്തി. ഇക്കാര്യം കായിക മന്ത്രി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും ചർച്ച ചെയ്തു.

തിരുവഞ്ചൂരിനു മുന്നിൽ ലാലിസത്തിനെതിരായി വന്ന വിമർശനങ്ങൾ ഇവയാണ്. 'ലാലിസം' എന്നതു മോഹൻലാലിന്റെ പൊങ്ങച്ചം വിളമ്പുന്ന ഒരു സെൽഫ് പ്രൊമോഷൻ പരിപാടി മാത്രമാണ്. രണ്ടുകോടി എന്ന പ്രതിഫലത്തുക അമിതമായ ഒന്നാണ്. 'കുഞ്ഞാലിമരയ്ക്കാർ' 'ലാലിസം' എന്നിവ ചേരുമ്പോൾ ഒരു വൺമാൻ ഷോ ആയി ഇതു പരിണമിക്കും.

വിമർശനങ്ങളെക്കുറിച്ചു മുഖ്യമന്ത്രിയും തിരുവഞ്ചൂരും മോഹൻലാലുമായി ചർച്ച ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോകും എന്നു തിരിച്ചറിഞ്ഞ മോഹൻലാൽ പരിപാടിയിൽ നിന്നു പിന്മാറാൻ തീരുമാനിച്ചു. ഇക്കാര്യം മന്ത്രിമാരെ അറിയിക്കുകയും ചെയ്തു. തനിക്ക് പിണക്കമില്ലെന്നും ടി കെ രാജീവ് കുമാറും സംഗീതസംവിധായകൻ ശരതും കൂടി പ്ലാൻ ചെയ്യുന്ന മേളത്തിന്റെ സമയം നീട്ടി ലാലിസത്തിനായി കരുതിയ സമയം ക്രമപ്പെടുത്താമെന്നും മോഹൻലാൽ പറഞ്ഞു.

ഇതും പറഞ്ഞു എഴുന്നേറ്റ ലാലിനെ പിടിച്ചിരുത്തിയാണ് മന്ത്രിമാർ പുതിയ നിർദ്ദേശം വച്ചത്. തുക കുറയ്ക്കുന്നില്ല. പകരം പരിപാടിയിൽ മാറ്റം വരുത്തണം. 'ലാലിസം' എന്നതിന്റെ ബാക്കിയായ 'ലാൽ എഫക്ട്' എന്ന ടാഗ് ലൈൻ മാറ്റണം. പകരം പുതിയൊരെണ്ണം ചേർക്കണം. അങ്ങനെയാണ് 'ലാലിസം ഇന്ത്യാ സിങ്ങിങ്' എന്ന പേരുവന്നത്. കൂടുതൽ ഗായകരെ എത്തിക്കണമെന്നും നിർദ്ദേശം വച്ചു. ഏറെ നേരത്തെ നിർബന്ധത്തിനൊടുവിൽ മനസ്സില്ലാമനസ്സോടെയാണ് ഇക്കാര്യം മോഹൻലാൽ സമ്മതിച്ചത്.

രതീഷ് വേഗയോടും ശരത്തിനോടും കൂടിയാലോചിച്ചാണ് പുതിയ ഷോയ്ക്ക് രൂപം നൽകാമെന്ന് സമ്മതിച്ചത്. അപ്പോഴും മോഹൻലാലിന് വിശ്വാസം കുറവായിരുന്നു. ചുറ്റും നിൽക്കുന്നവർ എല്ലാം ഓക്കെയാക്കാം എന്ന് ഉറപ്പുനൽകിയപ്പോൾ ലാൽ വീണു. എന്നാൽ പ്രതീക്ഷകൾക്കു വിരുദ്ധമായി ലാലിന്റെ കൈയിൽ നിന്നു കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു.

മലയാളികൾക്ക് തന്നോടുള്ള സ്‌നേഹവും തന്റെ സാന്നിധ്യവും ഷോ വിജയിപ്പിക്കുമെന്നു ധരിച്ച ഗെയിംസ് ഉദ്ഘാടനവേദിയിൽ എത്തിയപ്പോൾ തുടക്കം തന്നെ പിഴയ്ക്കുന്ന അവസ്ഥയാണുണ്ടായത്. മോശമായി ചിത്രീകരിച്ച അവതരണ വീഡിയോ തന്നെ വരാൻ പോകുന്ന ദുരന്തത്തിന്റെ മുന്നോടിയായി. പടുകൂറ്റൻ എൽഇഡി വാളിൽ പ്രദർശിപ്പിക്കേണ്ട ഒരു വീഡിയോ ഒരു ചെറിയ ടിവിയിൽ പോലും കാണിക്കാൻ തക്ക ദൃശ്യചാരുത ഇല്ലാത്തതായി. മോഹൻലാൽ പറയേണ്ട സ്‌ക്രിപ്റ്റ് കാലഹരണപ്പെട്ട പദങ്ങളുടെ സമ്മേളനം തന്നെയായിരുന്നു. സിനിമയെക്കുറിച്ച് ഒന്നും അറിയില്ലാത്തവരാണ് കാണാൻ പോകുന്നതെന്ന ധാരണയിലാകണം ഷോയ്ക്കുള്ള സ്‌ക്രിപ്റ്റ് തയ്യാറാക്കിയതെന്നു വേണം കരുതാൻ.

മറ്റു ഭാഷക്കാരും പരിപാടിയുടെ കാഴ്ചക്കാരായി ഉണ്ടായിരുന്നു എന്ന കാര്യവും മോഹൻലാലും സംഘവും മറന്നു. കാഴ്ചയുടെ വശ്യത ഒരുക്കുന്നതിനു പകരം വാചകക്കസർത്തായി പരിപാടി മാറിയപ്പോൾ കാണികൾ വലഞ്ഞു. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, ചിത്രം, കിലുക്കം, ആറാം തമ്പുരാൻ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലെ അഞ്ച് മിനിട്ട് വീഡിയോ സ്‌ക്രീനിൽ പ്ലേ ചെയ്താൽ പോലും ഫലം അനുകൂലമായേനെ. സ്റ്റേഡിയം ഇളകിമറിഞ്ഞേനെ. ആ തരംഗത്തിൽ മറ്റു സംസ്ഥാനക്കാരും ആർത്തുവിളിച്ചേനെ.

എന്നാൽ, സംഭവിച്ചതു മറിച്ചാണ്. കൂടെ നിന്നവരെല്ലാം പിന്നിൽ നിന്നു കുത്തിയ ഒരു കഥാനായകന്റെ അവസ്ഥയായി മോഹൻലാലിന്. ഒപ്പമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ഒടുവിൽ കൈയൊഴിഞ്ഞവരാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കായിക മന്ത്രി തിരുവഞ്ചൂരും. മാത്രമല്ല, എല്ലാം ശരിയാക്കിത്തരാമെന്നു പറഞ്ഞ് മോഹൻലാലിന്റെ ഒപ്പം കൂടിയ 'എർത്തുകൾ'.

എന്നാൽ, പഴി മുഴുവൻ കേട്ടതു പാവം മോഹൻലാൽ. ഫേസ്‌ബുക്കിലും മറ്റും പച്ചത്തെറി കേൾക്കാൻ ലാൽ എന്തു പിഴച്ചു. ജനങ്ങളുടെ പണംവാങ്ങി ജനങ്ങളെ കബളിപ്പിക്കാൻ താരത്തിനുപരി സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയെന്ന നിലയിൽ ലാലിനാകുമോ. ലാലിസം എന്ന പരിപാടിയുടെ പേരിലല്ല മലയാളികൾ മോഹൻലാൽ എന്ന വ്യക്തിയെ വിലയിരുത്തുന്നത്. കബളിപ്പിക്കലിന് കളമൊരുക്കിയവർ ലാലിന്റെ തലയിൽ കുറ്റം ആരോപിക്കുമ്പോൾ ലാലിന്റെ തന്നെ സിനിമയിലെ ഒരു ഡയലോഗാണ് ഓർമവരിക. ''ലാലിസത്തിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ യഥാർഥ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്.''