- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ഹീറോ സ്വപ്ന സുരേഷാണ്, ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ... നിന്റെ പണി തീർന്നു എന്ന് പോസ്റ്റിട്ട് വാഴ്ത്തി; റിയൽ എസ്‌റ്റേറ്റ് ഇടപാടിലൂടെ അടുത്തു; പഴയ ചാനൽ റിപ്പോർട്ടർ മുഖ്യമന്ത്രിയുടെ ദൂതൻ എന്ന് സ്വപ്ന; ഷാജ് കിരൺ ആര്?
കൊച്ചി: 'പ്ലീസ് സേവ് മീ' എന്ന് നിലവിളിച്ചപ്പോഴാണ് ഞാൻ സ്വപ്നയെ കാണാൻ പാലക്കാട്ടേക്ക് പോയത്'. സരിത്തിനെ 'വിജിലൻസ് ' തട്ടിക്കൊണ്ടുപോയപ്പോൾ അലമുറയിട്ട സ്വപ്നയെ സഹായിക്കാൻ, ഷാജ് കിരൺ, പാലക്കാട്ടേക്ക് വണ്ടി തിരിച്ചു വിട്ടു. തന്റെ അടുത്ത സുഹൃത്താണെങ്കിലും, ഇന്നലെ വന്നത് ഇടനിലക്കാരനായി എന്ന് സ്വപ്‌നയും. ഇന്ന് സ്വപ്‌ന മുൻകൂർ ജാമ്യ ഹർജി നൽകിയ ശേഷം, മുഖ്യമന്ത്രിക്ക് വേണ്ടി കേസ് ഒത്തുതീർപ്പാക്കാൻ മാധ്യമ പ്രവർത്തകനായ ഷാജ് കിരൺ ശ്രമിച്ചു എന്നാരോപിച്ചപ്പോഴാണ് എല്ലാവരും ഇങ്ങനെയാരാളെ ശ്രദ്ധിക്കുന്നത്.
ജയ്ഹിന്ദിലും, ഇന്ത്യാവിഷനിലും, ഏഷ്യാനെറ്റ് ന്യൂസിലും ഒക്കെയായി നിരവധി പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ റിപ്പോർട്ടറായി ജോലി നോക്കിയിരുന്നെങ്കിലും, ഇപ്പോൾ മാധ്യമ രംഗത്ത് സജീവമല്ല, ഷാജ് കിരൺ. താൻ ഗോസ്പൽ ഫോർ ഏഷ്യക്കായി കുറച്ചുനാൾ പിആർ വർക്ക് ചെയ്തിരുന്നതായി ഷാജ് സമ്മതിക്കുന്നുണ്ട്. ഭാര്യയും കുറച്ചുനാൾ ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി ജോലി ചെയ്തിരുന്നു.
കൊട്ടാരക്കര സ്വദേശിയാണ് ഷാജ് കിരൺ. തിരുവനന്തപുരത്ത് മാർ ഇവാനിയോസിൽ നിന്ന് ഡിഗ്രി പാസായ ശേഷം കോട്ടയത്ത് എംജി സർവകലാശാലയിൽ നിന്ന് ജേണലിസത്തിൽ പിജി. ചാനൽ രംഗത്തേക്ക് 2009 ൽ കടന്നുവന്ന ഷാജ് പിന്നീട് സ്വതന്ത്രമായി ബിസിനസിലേക്ക് തിരിഞ്ഞു. പിആർ ഏജൻസി നടത്തിപ്പ് വഴി സെലിബ്രിറ്റികളുമായി അടുത്തു. കുറച്ചുനാൾ രാഷ്ട്രീയം പയറ്റിയെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടായില്ല.
ഏതെങ്കിലും പാർട്ടിയോട് പ്രത്യേക മമത കാട്ടാതെ എല്ലാവരുടെയും ആളായി ഷാജ് കിരൺ. 'കോൺഗ്രസുകാരുമായോ ബിജെപിക്കാരുമായോ ബന്ധമില്ല. ഷാജ് കിരൺ എന്നാണ് യഥാർത്ഥ പേര്. ഷാജി കിരൺ എന്നത് സുഹൃത്തുക്കൾ വിളിക്കുന്ന പേരാണെന്നും ഷാജ് കിരൺ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിലാണ് ഷാജിന്റെ കമ്പം. സ്വപ്‌നയുമായി അടുക്കുന്നതും അങ്ങനെയാണല്ലോ. 'സ്വപ്നയുടെ തിരുവനന്തപുരത്തുള്ള ഭൂമിയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് പരിചയപ്പെടുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലല്ല. ഇവരുടെ പക്കൽ പണം ഇല്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്കായാലും വിൽക്കാൻ തയാറാണെന്നു പറഞ്ഞു. എന്നാൽ അല്ലാതെ പണം സംഘടിപ്പിക്കാമെന്നും ഭൂമി ഇപ്പോൾ വിറ്റാൽ വില കിട്ടില്ലെന്നും പറഞ്ഞെങ്കിലും അവർ സമ്മതിച്ചിരുന്നില്ല', ഷാജ് പറയുന്നത് ഇങ്ങനെ.
എന്തായാലും, ഇപ്പോൾ സോഷ്യൽ മീഡിയ, ഷാജ് കിരണിന്റെ വിശേഷങ്ങൾ കുത്തിപ്പൊക്കുന്ന തിരക്കിലാണ്. ഷാജ് ഏഷ്യാനെറ്റിൽ 'എഫ്‌ഐആർ' എന്ന ക്രൈം ന്യൂസ് പരിപാടി അവതരിപ്പിച്ചിരുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ചിലർ പങ്കുവയ്ക്കുന്നു.
ഷാജിന്റെ ചില മുൻ സഹപ്രവർത്തകർ ഷാജ് നരേന്ദ്ര മോദിക്കും, കെ വി തോമസിനും ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റുചെയ്യുന്നു. അങ്ങനെ മൊത്തം കുത്തിപ്പൊക്കലാണ്.
അതിനിടെ, സ്വപ്നയെ പുകഴ്‌ത്തി ഷാജ് കിരണിട്ട ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. എന്റെ ഹീറോ സ്വപ്ന സുരേഷാണെന്ന് തുടങ്ങുന്ന പോസ്റ്റിൽ എം ശിവശങ്കറിന് ലൈഫ് മിഷനിലെ കമ്മീഷനായിരുന്നു ലക്ഷ്യം, സോളാറിലെ ലോക്കൽ വെളിപ്പെടുത്തൽ അല്ല ഇത് അന്താരാഷ്ട്ര നിലവാരം ഉള്ള വെളിപ്പെടുത്തലാണെന്നും ഷാജ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് പോസ്റ്റിട്ടത്
എന്റെ ഹീറോ സ്വപ്ന സുരേഷാണ്....... ഇരട്ട ചങ്കുള്ള നമ്മുടെ മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ..... നിന്റെ പണി തീർന്നു..... സ്വർണ്ണ കടത്തല്ല.... ലൈഫ് മിഷനിലെ കമ്മീഷനായിരുന്നു ലക്ഷ്യം....സോളാറിലെ ലോക്കൽ വെളിപ്പെടുത്തൽ അല്ല ഇത് അന്താരാഷ്ട്ര നിലവാരം ഉള്ള വെളിപ്പെടുത്തൽ...... സത്യം പുറത്തു വരണം.....'
സ്വപ്‌നയുമായി സൗഹൃദത്തിൽ ആയിട്ട് 52 ദിവസമേ ആയിട്ടുള്ളുവെന്നാണ് ഷാജ് പറയുന്നത്. തന്നെയും സ്വപ്‌നയെയും തമ്മിൽ അകറ്റാൻ ആരോ ശ്രമിക്കുന്നതായും സംശയിക്കുന്നു. അതേസമയം, തന്റെ സുഹൃത്താണെങ്കിലും, കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടെന്ന് സ്വപ്ന സുരേഷ് പറയുന്നു. ഷാജ് കിരൺ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും സ്വപ്ന ആരോപിച്ചു.
പാലക്കാട്ട് എത്തിയ ഷാജ് കിരൺ ബുധനാഴ്ച ഉച്ച മുതൽ വൈകിട്ട് വരെ മാനസികമായി പീഡിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണം. നികേഷ് വന്നു കാണും, അയാൾക്ക് തന്റെ ഫോൺ നൽകണമെന്നും ഷാജ് കിരൺ ആവശ്യപ്പെട്ടു. ഒത്തുതീർപ്പിലെത്തിയാൽ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്ന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാജ് കിരണുമായുള്ള സംഭാഷണത്തിനിടെ സരിത്തിനെ പൊക്കുമെന്ന് അയാൾ മുന്നറിയിപ്പ് നൽകിയിരുന്നു. സരിത്തിനെ പിടിച്ചുകൊണ്ടുപോകും എന്ന് ഷാജ് കിരൺ തലേദിവസം തന്നെ പറഞ്ഞു. സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് ആണെന്ന് ആദ്യം അറിയിച്ചതും ഷാജ് കിരൺ ആണ്. ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും മറ്റ് തെളിവുകളും ഉടൻ പുറത്തുവിടുമെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
സ്വപ്ന സുരേഷിനെതിരായ കേസ് റദ്ദാക്കാൻ നാളെ ഹർജി നൽകുമെന്ന് അഭിഭാഷകൻ കൃഷ്ണരാജ് വ്യക്തമാക്കി. സ്വപ്നയ്ക്ക് എതിരായ കേസ് നിലനിൽക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ സ്വപ്നയുടെ അടുത്തെത്തിയത്. ഷാജ് കിരണുമായുള്ള സംഭാഷണം നാളെ പുറത്തുവിടും. കെ പി യോഹന്നാന്റെ ജീവനക്കാരൻ എന്ന നിലയിലാണ് ഷാജ് കിരണിനെ പരിചയപ്പെടുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി
അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ്‌പിയും 10 ഡിവൈഎസ്‌പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഢാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിന്റെ പരാതി അന്വേഷിക്കാനാണ് വൻ സംഘം. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി മധുസുധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ