ന്യൂഡൽഹി: ശശി തരൂരിന്റെയും സുനന്ദ പുഷ്‌കറിന്റെയും വേലക്കാരന് നാരായണന്റെ പല മൊഴികളും സുനന്ദയുടെ മരണത്തിലേക്ക് വെളിച്ചം വീശുന്നതാണെന്ന് ഒരു പ്രമുഖ ദേശീയ പത്രം റിപ്പോർട്ട് ചെയ്തു. നാരായണന്റെ മൊഴി ചൂണ്ടിക്കാട്ടുന്നത്‌ ശശി തരൂരും സുനന്ദയുമായി നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ്.

സുനന്ദയുടെ മരണത്തിന് രണ്ടുദിവസം മുമ്പ് ശശി തരൂരും സുനന്ദയും താമസിച്ചിരുന്ന ഡൽഹിയിലെ ഹോട്ടൽ ലീലാ പാലസിൽ സുനന്ദയെ കാണാൻ സുനിൽ സാഹിബ് എന്നൊരാൾ എത്തിയിരുന്നെന്ന് നാരായണന്റെ മൊഴിയും കേസിൽ വഴിത്തിരിവാകുമെന്നാണ് പൊലീസ് കരുതുന്നത്. സുനിൽ സുനന്ദയെ ട്വീറ്റ് ചെയ്യാനും ചില മെസേജുകൾ പകർത്താനും സഹായിച്ചെന്നാണ് നാരായണൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാളെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സുനന്ദ മരിക്കുന്നതിന് മുമ്പ് ഒരു നാൾ തരൂരിനെ വിളിച്ച് താൻ മാദ്ധ്യമങ്ങളോട് എല്ലാം വെളിപ്പെടുത്തിയാൽ തരൂർ പിന്നെ ഉണ്ടാകില്ലായെന്ന് പറഞ്ഞതായും നാരായണൻ പൊലീസിനെ അറിയിച്ചതായും ദേശീയ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഏത് സംഭവത്തെക്കുറിച്ചാണ് സുനന്ദ ശശി തരൂരിനെ ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമല്ല.

ഹിമാചൽ പ്രദേശ് സ്വദേശിയായ നാരായണൻ സുനന്ദയുടെ മരണത്തിന് ദിവസങ്ങൾക്ക് മുമ്പെ ഇവരെ പരിചരിച്ചുവന്നിരുന്ന വ്യക്തിയാണ്. സുനന്ദയോടും തരൂരിനോടും ഏറെ അടുപ്പം നാരായണന് ഉണ്ടായിരുന്നെന്നാണ് സൂചന. അതിനാൽ തന്നെ നാരായണന്റെ മൊഴികൾ കേസിൽ വഴിത്തിരിവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

നവംബർ ആദ്യ വാരമാണ് നാരായണനെ പൊലീസ് ചോദ്യം ചെയ്തതെങ്കിലും വിശദാംശങ്ങൾ പുറത്തുവരുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ പൊലീസ് വീണ്ടും വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന.
ജനുവരി 17ന് സുനന്ദ മരിച്ച ദിവസത്തെയും അതിന് തലേദിവസത്തെയും സംഭവങ്ങൾ നാരായണൻ പൊലീസിനോട് പറഞ്ഞതായാണ് സൂചന. ശശി തരൂരും സുനന്ദയും ദുബായിൽ വച്ച് വഴക്കിട്ടതും നാരായണൻ പൊലീസിന് നൽകിയ മൊഴിയിലുണ്ട്.