തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമല സന്ദർശനത്തിന് എത്തുമ്പോൾ തനിക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് നൽകിയ കത്ത് സൈബർ ലോകത്തു തന്നെ വൈറലായിരുന്നു. എല്ലാ ചിലവുകളും സർക്കാർ വഹിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടും സുരക്ഷയും ഒരുക്കണമെന്ന് പറഞ്ഞു കൊണ്ടാണ് തൃപ്തി ദേശായി സർക്കാറിന് കത്തു നൽകിയത്. ഈ കത്തിന് മുഖ്യമന്ത്രിയും സർക്കാറും മറുപടിയും നൽകിയില്ല. ഇതേക്കുറിച്ച് ഇന്ന് മാധ്യമപ്രവർത്തകർ സർവകകക്ഷി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചു. ഈ വേളയിൽ ചോദ്യത്തോട് തമാശരൂപേണ ചിരിച്ചു കൊണ്ട് പ്രതികരിക്കുകയാണ് അവർ ചെയ്തത്.

ശബരിമല പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകളായ ചിലർ കത്തയച്ചിരുന്നോ എന്ന ചോദ്യത്തോടാണ് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചത്. ആരാണ് അവർ എന്ന ചോദ്യത്തിന് തൃപ്തി ദേശായി എന്ന് മാധ്യമപ്രവർത്തകർ മറുപടി പറഞ്ഞപ്പോൾ 'ആരാണ് അവർ അവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചീനോ' എന്നായിരുന്നു പിണറായിയുടെ സ്വതസിദ്ധമായ ശൈലിയിലുള്ള ചോദ്യം.

നിങ്ങളല്ലേ അതൊക്കെ അന്വേഷിക്കേണ്ടത് അന്വേഷിക്കൂ.. എന്ന് കൂടി മാധ്യമപ്രവർത്തകരോട് പിണറായി പറഞ്ഞു. 'സി.എമ്മിനോട് സംരക്ഷണം ആവശ്യപ്പെട്ട് കത്തയച്ചു എന്നാണ് അവർ പറയുന്നത്' എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതൊക്കെ സാധാരണ നിലയ്ക്ക് ആവശ്യമായ നടപടിയെടുക്കുമല്ലോ എന്നായിരുന്നു പിണറായിയുടെ മറുപടി. സർക്കാർ സാവകാശ ഹരജി നൽകുമോ എന്ന ചോദ്യത്തിന് ശബരിമല വിധിയിൽ ഒരു സാവകാശത്തിനൊന്നും സർക്കാരില്ലെന്നും സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്നും പിണറായി വാർത്താസമ്മേളത്തിൽ ചോദിച്ചു.

സർവകക്ഷി യോഗം ബഹിഷ്‌ക്കരിച്ചെന്ന ചെന്നിത്തലയുടെ പരാമർശനത്തോടും മുഖ്യമന്ത്രി പരിഹാസത്തോടെയാണ് പ്രതികരിച്ചത്. സർവകക്ഷി യോഗം അവസാനിച്ച ശേഷം പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്ന് പറഞ്ഞു, ഞാൻ ഇറങ്ങിപ്പോകുകയാണെന്ന് എന്നാൽ ഇത് ശരിയായ നിലപാടല്ല എന്ന് ശ്രീധരൻപിള്ള പറഞ്ഞിരുന്നെന്നും പിണറായി വ്യക്തമാക്കി. യോഗം കഴിഞ്ഞ ശേഷമാണ് ചെന്നിത്തല ഇറങ്ങിപ്പോയതെന്നും അതെങ്ങനെ ബഹിഷ്‌ക്കരണം ആകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

നേരത്തെ ആരെതിർത്താലും പതിനേഴാം തീയ്യതി തന്നെ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞിരുന്നു. സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലെത്തുമെന്നതാണ് അവരുടെ നിലപാട്. കേരളത്തിൽ വിമാനം ഇറങ്ങിയതിനു ശേഷം ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ മുഖ്യമന്ത്രിയും കേരളാ പൊലീസുമായിരിക്കും ഉത്തരവാദികളെന്നും തൃപ്തി പറഞ്ഞു. നേരത്ത തീർത്ഥാടകർക്ക് നൽകുന്ന സാധാരണ സുരക്ഷ മാത്രമേ തൃപ്തിക്കും നൽകൂവെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു.

സുരക്ഷയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് അയച്ച കത്തിൽ സർക്കാരിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. പ്രത്യേക സുരക്ഷ ലഭിച്ചില്ലെങ്കിലും താനുൾപ്പെടുന്ന ഏഴംഗസംഘം ശബരിമലയിലെത്തുമെന്നും കൂട്ടിച്ചേർത്തു. മണ്ഡലകാലാരംഭത്തിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നവിസ് തുടങ്ങിയവർക്ക് കത്തിന്റെ പകർപ്പും നൽകിയിരുന്നു. ഈ കത്തിന് മറുപടി നൽകേണ്ടതില്ലെന്നാണ് കേരളത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ തൃപ്തി ദേശായി എത്തുമോ എന്ന സംശയവും ശക്തമായി. ഇതോടെയാണ് വിശദീകരണവുമായി തൃപ്തിയും എത്തിയത്.

വിമാനമിറങ്ങുമ്പോൾത്തന്നെ അതിക്രമമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അവിടം മുതൽ സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തിൽനിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസിൽ താമസവും ഏർപ്പെടുത്തണം, സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് കത്തിലെ ആവശ്യം. അമ്പതു വയസ്സിൽ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകൾക്കൊപ്പം നവംബർ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരള പൊലീസ് മേധാവിക്കും പുണെ പൊലീസ് കമ്മിഷണർക്കും കത്തിന്റെ പകർപ്പു സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പൊലീസ് നിലപാട് വ്യക്തമാക്കിയത്.

33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുൽ തിലേക്കർ(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാർ(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയിൽ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം ആവശ്യമൊന്നും നടക്കില്ലെന്ന് കേരളാ സർക്കാർ നിലപാട് എടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് തൃപ്തിയും മനസ്സ് വ്യക്തമാക്കുന്നത്. ഇതോടെ ശബരിമലയിൽ സംഘർഷത്തിനുള്ള സാധ്യതയും തെളിയുകയാണ്. തൃപ്തി ദേശായിയെ അയ്യപ്പഭക്തർ വഴിയിൽ തടയാനും സാധ്യത ഏറെയാണ്. ഇത് ഇന്റലിജൻസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.