മലപ്പുറം: ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരമായ ജുമുഅക്ക് നേതൃത്വം നൽകി ചരിത്രം കുറിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമിദ ടീച്ചറാണ് ഇപ്പോഴത്തെ ഏറ്റവും ചർച്ചാ വിഷയം. ലോക മാധ്യമങ്ങളിൽ പോലും ജാമിദ ടീച്ചർ തുടക്കമിട്ട വിപ്ലവകരമായ നീക്കത്തെ കുറിച്ചുള്ള വാർത്തകൾ വന്നു. മുസ്ലിം സമുദായം അതി പ്രാധാന്യത്തോടെ കാണുന്ന ജുമുഅ നമസ്‌കാരത്തിന് ഒരു സ്ത്രീ നേതൃത്വം നൽകിയതാണ് ജാമിദ ടീച്ചറെയും ഖുർആൻ സുന്നത്ത് സൊസൈറ്റിയെയും ചർച്ചാ കേന്ദ്രങ്ങളാക്കിയത്.

വിഷയം ചൂടുപിടിച്ചതോടെ സോഷ്യൽ മീഡിയയിൽ വാദ പ്രതിവാദങ്ങൾക്കും ശക്തിയേറി. മുസ്ലിംകളുടെ വെള്ളിയാഴ്ച ദിവസത്തെ പ്രത്യേക പ്രാർത്ഥനയായ ജുമുഅ നമസ്‌കാരത്തിന് സാധാരണയായി പുരുഷന്മാരാണ് നേതൃത്വം നൽകുന്നത്. എന്നാൽ നൂറ്റാണ്ടുകളായുള്ള ആ രീതി മാറ്റിമാറിച്ചാണ് ജാമിദ നമസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം വണ്ടൂരിനടുത്ത ചെറുകോട് വച്ചാണ് ജാമിദ ടീച്ചറുടെ നേതൃത്വത്തിൽ ജുമുഅ നടന്നത്. അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും മാറ്റിമറിച്ചുള്ള ജാമിദയുടെ നിസ്‌കാരം ദേശീയ അന്തർ ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ വിവിധ കോണുകളിൽ നിന്ന് എതിർപ്പുമുയർന്നു. മുസ്ലിം സമുദായത്തിൽ നിന്നുള്ള ശക്തമായ വിമർശനങ്ങളുണ്ടായി. മതത്തെ വികലമാക്കുന്നു എന്നാരോപിച്ച് വധഭീഷണിയും ടീച്ചർക്കെതിരെ ഉയർന്നു. ഭീഷണികളാൽ പൊലീസ് സഹായത്തോടെ കഴിയുമ്പോഴും നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇവർ. എന്നാൽ തിരിച്ചടികൾ തിരിച്ചറിവുകൾക്കുള്ള പാഠമാണെന്നും തന്റെ ഉദ്യമത്തിൽ നിന്നും പിന്നോട്ടില്ലെന്നുമാണ് ടീച്ചറുടെ പ്രതികരണം.

തന്നെ ജീവിക്കാൻ അനുവദിക്കില്ലെന്നും ജീവനോടെ കത്തിക്കുമെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് ടീച്ചർ പറഞ്ഞു. താൻ ഇസ്ലാമിനെ അവഹേളിച്ചെന്നും ഇനി ജീവിക്കാൻ അവകാശമില്ലെന്നും ചിലർ ഭീഷണിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ തനിക്ക് ഭയമില്ല. എന്നാൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ കൂടി ഭീഷണി മുഴക്കുന്നവർ ഭീരുക്കളാണെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതിപ്പെടാനില്ലെന്നും ടീച്ചർ വ്യക്തമാക്കുന്നു. സ്ത്രീകൾ നമസ്‌ക്കാരത്തിന് നേതൃത്വം നൽകുന്നത് വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് അവരുടെ പക്ഷം.

അമേരിക്കയിലെ നവോത്ഥാന മുസ്ലിം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്‌ക്കാരത്തിന് നേതൃത്വം നൽകിയ ആദ്യ വനിത. ആ ആമിന വദൂദിന്റെ പിൻഗാമിയായാണ് ജാമിദ ടീച്ചർ ഇന്ന് ലോക മാധ്യമങ്ങളിൽ നിറയുന്നത്. സ്വർഗ്ഗം കിട്ടാൻ വേണ്ടി കൊല്ലാൻ മടിയില്ലാത്തവരാണവർ ഉണ്ടെന്നും ഈ മതഭ്രാന്തിന് ചികിത്സയില്ലെന്നുമാണ് ജാമിദയുടെ പക്ഷം. തന്റെ ചിത്രം വെച്ച് കൊന്നാൽ സ്വർഗം ലഭിക്കുമെന്ന് എഴുതിയ പോസ്റ്ററുകൾ പോലും വാട്സ് ആപ്പിലും ഫേസ്‌ബുക്കിലുമായി പരക്കുന്നുണ്ട്. അത്തരം ഭീഷണികളെ വകവെക്കേണ്ടെന്നാണ് ചേകന്നൂർ മൗലവിയുടെ ആശയങ്ങൾ പിന്തുടരുന്ന ജാമിദയുടെ തീരുമാനം. ഈ സാഹചര്യത്തിൽ ജാമിദ മുന്നോട്ടു വെക്കുന്ന ആശയാദർശങ്ങൾ എന്തെല്ലാമാണെന്നും എന്താണ് ഖുർആൻ സുന്നത്ത് സൊസൈറ്റി, ആരാണ് ചേകന്നൂർ മൗലവിയെന്നും പരിചയപ്പെടാം.

ചേകന്നൂർ മൗലവിയും ഖുർആൻ സുന്നത്ത് സൊസൈറ്റിയും

1970കളിലാണ് ചേകന്നൂർ പി.കെ.മുഹമ്മദ് അബുൽ ഹസൻ മൗലവി എന്ന ചേകന്നൂർ മൗലവിയുടെ പേര് ഉയർന്നു തുടങ്ങിയത്. 1936ൽ എടപ്പാൾ ചേകന്നൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചേകന്നൂർ മൗലവിയുടെ വരവോടെ കേരളത്തിലെ മുസ്ലിം സമൂഹത്തിനിടയിൽ പുതിയൊരു ആശയ ശൃംഖല രൂപപ്പെടുകയായിരുന്നു. ഖുർആൻ വാക്യങ്ങൾ മാത്രമാണ് ചേകന്നൂർ മൗലവി പുതിയ ആശയങ്ങൾക്ക് തെളിവായി പറഞ്ഞിരുന്നത്. മുസ്ലിംങ്ങൾ പുലർത്തി വന്നിരുന്ന വിശ്വാസ ആചാരങ്ങൾ മാറ്റിമറിച്ചുകൊണ്ട് ഉദയം ചെയ്ത ചേകന്നൂർ മൗലവിയെയും അനുയായികളെയും തുറിച്ച കണ്ണുകളോടെയാണ് മുസ്ലിംങ്ങൾ നേരിട്ടത്.

തട്ടകങ്ങൾ ഒരോന്ന് മാറ്റിയെങ്കിലും കൃത്യമായ സ്വാധീനമുണ്ടാക്കാൻ ഈ വിഭാഗത്തിന് സാധിച്ചില്ല. എന്നാൽ ബുദ്ധിശാലിയും പാണ്ഡിത്യവുമുള്ളയാളാണ് മൗലവിയെന്ന് എതിരാളികൾ വരെ പറയും. മൗലവിയുടെ തിരോധാനത്തോടെ പതിയെ ഈ ആശയധാര ക്ഷയിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം ഇന്നും ചേകന്നൂർ മൗലവി കൊളുത്തി വെച്ച ആശയങ്ങൾ ജീവിക്കുന്നത് ഖുർആൻ സുന്നത്ത് സൊസൈറ്റി എന്ന സംഘടനയിലൂടെയാണ്.

സുന്നി പശ്ചാത്തലത്തിലാണ് ചേകന്നൂർ മൗലവിയുടെ ജനനവും കുട്ടിക്കാലവും. തലക്കടത്തൂർ, പൊന്നാനി അടക്കമുള്ള വിവിധ പള്ളിദർസുകളിൽ പ്രമുഖ സുന്നി പണ്ഡിതന്മാർക്കു കീഴിൽ മൗലവി പഠനം നടത്തിയിരുന്നു. തലക്കടത്തൂർ ദർസിൽ സയ്യിദ് അബ്ദുറഹ്മാൻ ഹൈദ്രൂസ് തങ്ങളുടെ ഇഷ്ട ശിഷ്യനായിരുന്നു ചേകന്നൂർ. അറബി ഭാഷയിലും ഖുർആനിലും അഗാഥമായ പാണ്ഡിത്യം ചെറുപ്പകാലത്ത് തന്നെ സ്വായത്തമാക്കിയിരുന്നു. പൊന്നാനി കോക്കൂർ പള്ളിയിൽ ഇമാമായി ജോലി ചെയ്യുമ്പോഴാണ് നിസ്‌കാരത്തിന് ശേഷമുള്ള കൂട്ടപ്രാർത്ഥന ബിദ്അത്ത് (നവീന ആശയം) ആണെന്ന് പറഞ്ഞ് മൗലവി തന്റെ ആശയം പ്രകടമാക്കിയത്. ഈ സംഭവത്തിന് ശേഷം മൗലവി പ്രത്യക്ഷപ്പെട്ടത് ജമാഅത്തെ ഇസ്ലാമിയുടെ ശാന്തപുരത്തെ ഇസ്ലാമിയ്യ കോളേജിൽ അദ്ധ്യാപകനായാണ്. പൊന്നാനി തൊപ്പിയും മുസ്ലിയാർ വേഷവുമണിഞ്ഞിരുന്ന ചേകന്നൂർ മൗലവി ഹാഫ് കൈ ഷർട്ടിലേക്കും ജിന്ന തൊപ്പിയിലേക്കും മാറിയത് ഇക്കാലയളവിലാണ്.

ജമാഅത്തെ ഇസ്ലാമി തട്ടകത്തിൽ നിന്നും മുജാഹിദ് കേന്ദ്രത്തിലേക്കുള്ള മൗലവിയുടെ കടന്നുവരവ് പെട്ടെന്നായിരുന്നു. മുജാഹിദ് സ്ഥാപനമായ എടവണ്ണയിലെ ജാമിഅ: നദ് വിയ്യയിൽ അദ്ധ്യാപകനായി ചേകന്നൂർ എത്തി. മലബാറിൽ സുന്നി, മുജാഹിദ് സംവാദങ്ങൾ കൊടിമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. സുന്നി പണ്ഡിതരായ ഇ.കെ അബൂബക്കർ മുസ്ലിയാർ, ഇ.കെ ഹസൻ മുസ്ലിയാർ തുടങ്ങിയ പണ്ഡിതരുമായി മുജാഹിദ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ചേകന്നൂർ മൗലവി സ്ഥിരമായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. പിന്നീട് മുജാഹിദുകളുടെ പ്രധാന തുറുപ്പുചീട്ടായി ചേകന്നൂർ മാറി.

പതിയെ പതിയെ ചേകന്നൂരിന്റെ താടിയും തൊപ്പിയും അപ്രത്യക്ഷമായി. പറവണ്ണ സലഫി പള്ളിയിൽ ഖത്തീബായിരിക്കെ ഇവിടെ നിന്ന് മൗലവി നിരീക്ഷണം മാസിക പുറത്തിറക്കി. ഇതിനിടെ ഖുർആനിൽ സ്വന്തമായി ഗവേഷണം നടത്തി മുസ്ലിംങ്ങൾ കേട്ടുകേൾവിയില്ലാത്ത പുതിയ ആശയങ്ങൾ മൗലവി സമൂഹത്തോടു പറഞ്ഞു. സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളെ ഒരുപോലെ മൗലവി ആഞ്ഞടിക്കാൻ തുടങ്ങി. എല്ലാ മുസ്ലിം വിഭാഗങ്ങളും മൗലവിയെ ശത്രുപക്ഷത്ത് കണ്ടു.

1993 ജൂലൈ 29നാണ് ചേകന്നൂർ മൗലവിയുടെ തിരോധാനം സംഭവിക്കുന്നത്. മൗലവിയുടേതുകൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തി. ഒടുവിൽ സിബിഐ വരെ കേസ് അന്വേഷിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെയും കാരന്തൂർ മർക്കസിനെയും ഏതാനും സുന്നി പ്രവർത്തകരെയുമാണ് പരാതിക്കാർ തിരോധാനത്തിന്റെ ഉത്തരവാദികളായി ആരോപിച്ചിരുന്നത്. ഖുർആൻ ക്ലാസിനെന്നു പറഞ്ഞ് മൗലവിയെ ജീപ്പിൽ കയറ്റി കൊണ്ടുപോയി കൊല നടത്തിയെന്നാണ് ആരോപണം. എന്നാൽ സിബിഐക്കും കോടതിക്കും തെളിവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചേകന്നൂർ മൗലവിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം മാത്രം ബാക്കിയാവുകയാണ് ഇന്നും.

ചേകന്നൂർ മൗലവിയും അനുയായികളും പിന്തുടരുന്ന ആശയങ്ങളിൽ ചിലത്

മറ്റെല്ലാ മുസ്ലിം വിഭാഗങ്ങളും വിശുദ്ധ ഖുർആൻ പ്രാമാണിക ഗ്രന്ഥമായി കാണുന്നതോടൊപ്പം പ്രവാചക വചനങ്ങളും സന്ദേശങ്ങളുമടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളെയും പ്രമാണമായി അവലംബിക്കുന്നു. ഹദീസുകളുടെ വിശ്വാസ്യത സംബന്ധിച്ച് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തർക്കമുണ്ടെങ്കിലും ചേകന്നൂർ മൗലവിയും അനുയായികളും വിശ്വസിക്കുന്നത് ഹദീസുകൾ യഹൂദ സൃഷ്ടിയാണ് എന്നാണ്. ഖുർആൻ മാത്രമാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി അവലംബമാക്കുന്ന ഗ്രന്ഥം. ഖുർആൻ തന്നെയാണ് സുന്നത്ത് (നബിചര്യ) എന്നാണ് ഇവർ വിശ്വസിക്കുന്നത്.

ആരാധനാ അനുഷ്ഠാനങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ പുലർത്തുന്നതിൽ നിന്ന് വ്യത്യസ്തമാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ കാഴ്ചപ്പാട്. അഞ്ച് നേരത്തെ നിസ്‌കാരം ഖുർആൻ വിരുദ്ധമാണെന്നും മൂന്ന് നേരമാണ് നിസ്‌കാരമെന്നും ഇവർ പറയുന്നു. ബാങ്ക്, ഇഖാമത്, നിസ്‌കാരത്തിലെ അത്തഹിയാത്ത്, ഹജ്ജ് വേളയിലെ കല്ലേറ്, ചേലാകർമ്മം, സംഘടിത പ്രാർത്ഥന, സംഘടിത നിസ്‌കാരം തുടങ്ങിയ കർമ്മങ്ങളെല്ലാം ഖുർആൻ വിരുദ്ധമാണെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ വാദം.

ചേകന്നൂരിന്റെ കൊലപാതകത്തിന് ശേഷം 24 വർഷങ്ങൾക്കിപ്പുറവും അസഹിഷ്ണുക്കളായ മതമൗലികവാദികളുടെ വേട്ടയാടലുകൾ തങ്ങളെ വേട്ടയാടുന്നുണ്ടെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റി പറയുന്നത്. നിരന്തരമായ വധഭീഷണിയാണ് നിലവിലെ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജാമിദ ബീവിക്കു നേരെ.

കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള അവരുടെ വീടിന് നേരെ രണ്ടുതവണ ആക്രമണമുണ്ടായി. മതപൗരോഹിത്യത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരിൽ വർഷങ്ങൾക്ക് മുമ്പ് സ്വന്തം നാടായ തിരുവനന്തപുരത്തു നിന്ന് അവർ ആട്ടിയോടിക്കപ്പെടടിരുന്നു. ഖുർ ആൻ സുന്നത്ത് സൊസൈറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഒരുങ്ങിയതോടെയാണ് അവർ കോഴിക്കോട്ടെത്തിയത്.

(ജാമിദ ടീച്ചറുമായുള്ള അഭിമുഖം നാളെ മറുനാടനിൽ)