തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിനോ കിയാലിനോ? വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പ് അടക്കം എല്ലാക്കാര്യങ്ങളും മുന്നോട്ടു നീക്കിയത് സംസ്ഥാന സർക്കാറാണ്. നാളെ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ആർക്കെന്ന കാര്യത്തിൽ ചോദ്യം ഉയർത്തുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. കണ്ണൂർ വിമാനത്താവളം നാളെ ഉദ്ഘാടനം ചെയ്യപ്പെടുന്ന വേളയിലാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം വിവാദത്തിലേക്ക് നീങ്ങുന്നത്.

സർക്കാരിന്റെ മുഴുവൻ ആനുകൂല്യവും കൈപ്പറ്റിയശേഷം സർക്കാർ കമ്പനി അല്ലെന്നാണ് കിയാൽ പറയുന്നത്. വിമാനത്താവള കമ്പനി സർക്കാർ ഉടമസ്ഥതയിൽ അല്ലെന്നാണ് കണ്ണൂർ വിമാനത്താവള കമ്പനിയായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനു നൽകിയ വിശദീകരണത്തിലുള്ളത്. കണ്ണൂർ വിമാനത്താവളം നാളെ ഉദ്ഘാടനത്തിനു ഒരുങ്ങുകയാണ്.

പ്രതിപക്ഷവും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും ഉയർത്തിയ ബഹിഷ്‌കരണ ഭീഷണികൾക്ക് നടുവിലാണ് നാളെ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. . ഉദ്ഘാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായും കഴിഞ്ഞു. ഒട്ടനവധി അഴിമതി ആരോപണങ്ങളും അനധികൃത നിയമങ്ങളുമാണ് കണ്ണൂർ എയർപോർട്ടുമായി ബന്ധപ്പെട്ടു ഇതുവരെ നടന്നിട്ടുള്ളത്വടക്കേ മലബാറിന്റെ മുഖച്ഛായ മാറുമെന്ന് വിലയിരുത്തൽ ഉണ്ടെങ്കിലും എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തിയുള്ള ഒരു വിമാനത്താവളമാണ് കണ്ണൂരിലേത് എന്ന് സമ്മതിക്കേണ്ടി വരുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് കണ്ണൂർ വിമാനത്താവളുമായി ബന്ധപ്പെട്ടുള്ള സിഎജി റിപ്പോർട്ട്. സിഎജി റിപ്പോർട്ടിൽ ഈ കാര്യം എടുത്തുപറയുകയും ചെയ്തിട്ടുണ്ട്.

സിഎജി റിപ്പോർട്ടിന്റെ പതിനഞ്ചാം പേജിലാണ് ഇത് സംബന്ധമായി സിഎജി വെളിപ്പെടുത്തൽ വന്നിട്ടുള്ളത്. 1091 കോടി രൂപ മുടക്കിയാണ് ഭൂമി വാങ്ങിച്ചത്. 892 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ ലോൺ എടുത്ത ശേഷമാണ് കിയാൽ വിമാനത്താവളം പൂർത്തിയാക്കിയിരിക്കുന്നത്. 2000 കോടിയോളം രൂപയാണ് കിയാൽ സർക്കാരിൽ നിന്നും പലവഴിയിൽ കൈപ്പറ്റിയിരിക്കുന്നത്. എന്നിട്ടും തങ്ങളുടേത് സർക്കാർ കമ്പനിയല്ലെന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ സിഎജിയോട് കിയാൽ എംഡി പറയുന്നത്. സർക്കാർ ഗ്യാരണ്ടി നൽകിയ 2000 കോടി രൂപയുടെ ലോണിലാണ് കണ്ണൂർ വിമാനത്താവളം ഇപ്പോൾ പൂർത്തിയാക്കപ്പെടുന്നതും.

ഇടത് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേളയിൽ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നൽകിയത് കിയാൽ ആയിരുന്നു. ഈ കാര്യത്തിൽ കിയാലിനോട് സിഎജി വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിലാണ് കിയാൽ തങ്ങൾ സർക്കാർ അധീനതയിലുള്ള കമ്പനിയാണെന്നു വ്യക്തമാക്കിയിട്ടുള്ളത്. വിമാനത്താവള കമ്പനിയായ കിയാലിന്റെ എംഡിയായി വി.തുളസീദാസിനെ നിയമിച്ച കാര്യത്തിലും കിയാൽ സംസ്ഥാന സർക്കാരിന്റെ അധീനതയിലുള്ള കമ്പനിയാണെന്നു വ്യക്തമാകുന്നതാണ്. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ എംഡിയായി നിയമിക്കപ്പെടുമ്പോൾ വിജിലൻസ് ക്ലിയറൻസ് അത്യാവശ്യമാണ്.

ഇ.പി.ജയരാജന്റെ ബന്ധു നിയമന വിവാദത്തിലും ഇപ്പോൾ കെ.ടി.ജലീലിന്റെ ബന്ധു നിയമന വിവാദത്തിലുമൊക്കെയുള്ള വിവാദ വിഷയം ഇവർക്കൊന്നും വിജിലൻസ് ക്ലിയറൻസ് ഇല്ലാ എന്നതായിരുന്നു. ഇ.പി.ജയരാജന് ഒരുവേള വ്യവസായ മന്ത്രി പദവിയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നത് ബന്ധുവായ സുധീറിന്റെ കാര്യത്തിലുള്ള ഈ വിജിലൻസ് ക്ലിയറൻസ് പ്രശ്‌നം കൂടിയുണ്ടായിരുന്നു. കിയാൽ എംഡി തുളസീദാസിനും വിജിലൻസ് ക്ലിയറൻസ് ഇല്ല. നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന വിവാദ ഐഎസ് ഓഫീസർ കൂടിയാണ്. സർക്കാർ കമ്പനിയായിരുന്നെങ്കിൽ തുളസീദാസിന് വിജിലൻസ് ക്ലിയറൻസ് ലഭിക്കുകയോ എംഡി സ്ഥാനത്ത് എത്തിപ്പെടാനോ കഴിയുമായിരുന്നില്ല.

സിബിഐ അന്വേഷണം നേരിടുന്ന ആൾക്കുള്ള അയോഗ്യത വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ട് നൽകുകയും തുളസീദാസിന് മുന്നിൽ വഴിയടയുകയും ചെയ്യുമായിരുന്നു. വിമാനങ്ങൾ വാങ്ങിയതിലുള്ള അഴിമതിയും ക്രമക്കേടും കാരണമാണ് എയർ ഇന്ത്യ സിഎംഡി യായിരിക്കെ മുതൽ തുളസീദാസ് സിബിഐ അന്വേഷണം നേരിടുന്നത്. എന്നിട്ടും കിയാലിൽ എംഡിയായി തുടരാൻ തുളസീദാസിനെ സഹായിച്ചത് സ്വകാര്യ കമ്പനി എന്ന വിശേഷണമാണ്. ഒരു തവണ കിയാലിന്റെ തലപ്പത്ത് നിന്ന് രാജിവെച്ച പോയ എംഡി കൂടിയാണ് തുളസീദാസ്. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയെ കിയാലുമായി സഹകരിപ്പിച്ചതിന്റെ പേരിലാണ് തുളസീദാസിന് രാജി വയ്‌ക്കേണ്ടായി വന്നത്. പിന്നീട് ഇതേ തുളസീദാസ് എംഡിയായി തലപ്പത്ത് തിരിച്ചെത്തിയതും കിയാലിനെ സംബന്ധിക്കുന്ന വിചിത്ര കാര്യങ്ങളിൽ ഒന്നായി നിലനിൽക്കുകയും ചെയ്യുന്നു.

വിമാനത്താവള നിർമ്മാണത്തിലെ കരാർ കമ്പനികളിൽ ഒന്നായ എൽആൻഡ് ടിക്ക് വഴിവിട്ട സഹായങ്ങൾ മുഴുവൻ കിയാൽ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിലം ഒരുക്കലിന് ചുമതല എൽ ആൻഡ് ടിക്ക് ആയിരിക്കെ ഇതിൽ എതിർ കക്ഷികൾക്ക് വരുന്ന നഷ്ടം നികത്താനുള്ള ബാധ്യത എൽആൻഡ് ടിക്കാണ്. ഇതുസംബന്ധമായി കണ്ണൂർ കളക്ടറുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. പക്ഷെ എൽ ആൻഡ് ടി സ്ഥല ഉടമകൾക്ക് നൽകേണ്ട നഷ്ടം കൊടുത്ത് തീർത്തത് സർക്കാരാണ്. ഇതെങ്ങിനെ സാധ്യമാകും എന്ന് പരിശോധിക്കുമ്പോഴാണ് കണ്ണൂർ വിമാനത്താവളമായി ബന്ധപ്പെട്ടു നടന്നതിൽ മുക്കാൽ പങ്കും അഴിമതിയും ക്രമക്കേടുമാണ് എന്ന് മനസിലാകുന്നത്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ കിയാൽ മാത്രമല്ല കേരളത്തിലെ ഭരണകൂടം ശ്രമിച്ചതിന്റെ ഒട്ടുവളരെ കഥകൾ കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സർവേ നമ്പർ 85ൽ ബ്ലാസ്റ്റിങ് നടത്താനുള്ള അനുമതിയാണ് എൽആൻഡ് ടിക്ക് കൊടുത്തിട്ടുള്ളത്.

85 മുതൽ 105 വരെയുള്ള സർവേ നമ്പറുകളിൽ 2000 ഏക്കറിൽ എൽ ആൻഡ് ടി ബ്ലാസ്റ്റിങ് നടത്തി. ഈ കാര്യത്തിന് 694 കോടി രൂപയ്ക്ക് കരാർ എടുത്ത കമ്പനിയാണ് എൽആൻഡ് ടി, അത് ലെവൽ ചെയ്യാനുള്ള ഉത്തരവാദിത്തം സ്വാഭാവികമായി എൽ ആൻഡ് ടിക്ക് തന്നെയാണ്. ഗ്രൗണ്ട് ലെവലിങ് പൂർണ്ണമാക്കാനാണ് ബ്ളാസ്റ്റിങ് നടത്തിയത്. അപ്പോൾ നഷ്ടം നൽകാനുള്ള ഉത്തരവാദിത്തം ഈ കമ്പനിക്കാണ്. 723 വീടുകൾക്ക് നഷ്ടം വന്നപ്പോൾ ഒരു കോടി 24 ലക്ഷത്തോളം നഷ്ടം നൽകിയത് പക്ഷെ സർക്കാരാണ്. എൽആൻഡ് ടി നൽകേണ്ട തുകയാണ് സർക്കാർ നൽകിയത്. ഇങ്ങിനെ നഷ്ടം കൊടുക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റെ തലയിലേക്ക് എടുത്തവെച്ചത് ഉദ്യോഗസ്ഥ ലോബിയാണ്. കരാറുകാരെ വഴിവിട്ടു സഹായിക്കാൻ ശ്രമിക്കുന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണിത്.

ബ്ളാസ്റ്റിങ് ലൈസൻസ് എടുത്തത് എൽ ആൻഡ് ടി യാണ്, അനുവദിച്ചതും എൽആൻഡ് ടിക്കാണ്. അതിനാൽ നഷ്ടം നൽകേണ്ടത് എൽ ആൻഡ് ടിക്കാണ്. പക്ഷെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർ സർക്കാരിന്റെ തലയിലേക്ക് കെട്ടിവെച്ചു. ഒന്ന് കണ്ണു പൂട്ടുന്ന സമയത്തിൽ സർക്കാരിന് നഷ്ടമായത് ഒരു കോടി 24 ലക്ഷത്തോളം രൂപയാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണ്ടേ? സർക്കാർ പക്ഷെ കണ്ണടയ്ക്കുകയാണ്. കിയാലിന് വേണ്ടി ഭൂമി ഏറ്റെടുത്തത് കിൻഫ്രയാണ്. കിൻഫ്രയല്ല ഭൂമി ഏറ്റെടുത്ത് നൽകേണ്ടത്. സർക്കാർ പ്രോജക്ടുകൾക്ക് ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് റവന്യൂ വകുപ്പാണ്. എന്നിട്ടും കിൻഫ്ര വന്നു. കിൻഫ്ര പലയിടപാടുകളും നടത്തി പണം ഡിപ്പോസിറ്റ് ചെയ്ത് നൽകിയത് നാദാപുരത്തുള്ള സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലാണ്.

കണ്ണൂരിൽ നടക്കുന്ന ഭൂമിയിടപാടുമായി ബന്ധപ്പെട്ടു എന്തിനു നാദാപുരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഡെപ്പോസിറ്റ് നടത്തി എന്നുള്ളതും അന്വേഷണത്തിൽ തെളിയേണ്ട കാര്യമാണ്. ഭൂമി ഏറ്റെടുക്കൽ കാര്യത്തിലുള്ള നഷ്ടപരിഹാര തുകയാണ് നാദാപുരത്ത് കിൻഫ്ര നിക്ഷേപിച്ചത്. ഇപ്പോൾ പഞ്ചായത്തിൽ നികുതി പോലും അടക്കാതെയാണ് കണ്ണൂർ എയർപോർട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കെട്ടിടത്തിന് നമ്പർ ഇല്ലാത്ത വിമാനത്താവളമാണ് കണ്ണൂരിലേത്. മുൻകൂർ അനുമതിയില്ലാതെ സർക്കാർ പദ്ധതികൾക്ക് കെട്ടിടം പണിയാം. അങ്ങനെ പണിത് തീരുന്ന കെട്ടിടത്തിന് ടാക്സ് അടച്ച് അത് നിയമവിധേയമാക്കണം. ഇത്തരം പ്രവർത്തിയൊന്നും കണ്ണൂരിൽ നടന്നിട്ടില്ല. കെട്ടിട നമ്പർ നൽകാൻ ഇതുവരെ കിയാൽ അപേക്ഷ നൽകിയിട്ടില്ല. അപേക്ഷ വന്നാൽ പഞ്ചായത്ത് താരിഫ് നിശ്ചയിച്ച് ടാക്‌സ് അടക്കാൻ ഉത്തരവ് നൽകും.

ലക്ഷക്കണക്കിന് രൂപയുടെ ടാക്‌സ് ആണ് വരുന്നത്. ഇതും ഇതുവരെ അടച്ചിട്ടില്ല. ലൈസൻസ് ചട്ടങ്ങൾ ലംഘിക്കുകയോ അരുതാതത്തത് എന്തെങ്കിലും സംഭവിക്കുകയോ ചെയ്താൽ വിമാനത്താവളത്തിനോ യാത്രക്കാർക്കോ നഷ്ടപരിഹാരം ലഭിക്കുകയിള്ള.. കണ്ണൂരിൽ ഏറെ ആഘോഷത്തോടെ മറ്റെന്നാൾ തുറക്കുന്നത് ബിൽഡിങ് നമ്പർ ഇല്ലാത്ത നിമയവിരുദ്ധ വിമാനത്താവളമെന്നതാണ് വസ്തുത. ടാക്സ് അടയ്ക്കാനോ ബിൽഡിങ് ക്രമമാക്കാനോ ഉള്ള അപേക്ഷ കൊടുക്കാതെയാണ് ഉദ്ഘാടന ഒരുക്കങ്ങളിലേക്ക് കിയാൽ ഓടി നടക്കുന്നത്. പ്രാഥമികമായി ചെയ്യേണ്ട കാര്യം പോലും വിട്ടുപോയി. ഇപ്പോൾ കണ്ണൂർ എയർപോർട്ട് ഉദ്ഘാടന പ്രഭയിൽ നിറയുകയാണ്. വിമാനത്താവളം മുതൽ മട്ടന്നൂർ വരെ ദീപാലങ്കാര പ്രഭയിൽ മുങ്ങി നിൽക്കുകയാണ്. ഒട്ടുവളരെ അഴിമതിയും ക്രമക്കേടുകളും ഈ പ്രഭയ്ക്ക് പിന്നിലുണ്ട്.