ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ വഴിയുള്ള കോവാക്‌സിൻ വിതരണം താത്കാലികമായി റദ്ദാക്കി ലോകാരോഗ്യസംഘടന. സംഘടനയുടെ മാർഗനിർദേശങ്ങൾ വാക്‌സിൻ കമ്പനിയായ ഭാരത് ബയോടെക് പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്‌സീന്റെ നിർമ്മാതാക്കൾ. വാക്‌സീന്റെ ഫലപ്രാപ്തിയോ സുരക്ഷാ കാര്യങ്ങളോ അല്ല തീരുമാനത്തിനു പിന്നിലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

വാക്‌സിൻ വാങ്ങിയ രാജ്യങ്ങളോട് ആവശ്യനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കണമെന്നും സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ഭാരത് ബയോടെക്കിനോടും ആവശ്യപ്പെട്ടു.

നല്ല നിർമ്മാണരീതി പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചതായി ഡബ്ല്യു.എച്ച്.ഒ. പറഞ്ഞു. മാർച്ച് 14 മുതൽ 22 വരെ ഡബ്ല്യു.എച്ച്.ഒ. കമ്പനിയുടെ ഉത്പാദനകേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ഏത് നിർദേശത്തിന്റെ ലംഘനമാണ് മരുന്നുകമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നതിൽ ഇരുകൂട്ടരും പ്രതികരിച്ചിട്ടില്ല.

2021 നവംബർ മൂന്നിനാണ് കോവാക്‌സിന് ഡബ്ല്യു.എച്ച്.ഒ.യുടെ അടിയന്തര ഉപയോഗാനുമതി ലഭിച്ചത്. ബംഗ്ലാദേശ്, മ്യാന്മാർ, നേപ്പാൾ, ഫിലിപ്പീൻസ്, സിങ്കപ്പൂർ തുടങ്ങി 98 രാജ്യങ്ങളിലേക്ക് കോവാക്‌സിൻ കയറ്റുമതി ചെയ്യുന്നുണ്ട്.

വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ നിലനിൽക്കുമെന്നും സുരക്ഷാകാര്യത്തിലോ ഫലപ്രാപ്തിയിലോ കുഴപ്പമില്ലെന്നും ഭാരത് ബയോടെക് വാർത്താക്കുറിപ്പിൽ അറിയിച്ചു. മാർഗനിർദേശങ്ങൾ പാലിക്കാനായി ഉത്പാദനം കുറയ്ക്കുകയാണെന്നും കമ്പനി അറിയിച്ചു. കയറ്റുമതി നിരോധിച്ചതോടെ കോവാക്‌സിൻ വിതരണത്തിൽ തടസ്സം നേരിടും.

മാർച്ച് 14 മുതൽ 22 വരെ ഡബ്ല്യുഎച്ച്ഒ കമ്പനിയുടെ ഉൽപ്പാദന കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് നിർദ്ദേശം ഇറക്കിയിരിക്കുന്നത്. വാക്‌സീൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റുകൾ നിലനിൽക്കുമെന്നും സുരക്ഷാ കാര്യത്തിലോ ഫലപ്രാപ്തിയിലോ ഈ നടപടി കുഴപ്പമുണ്ടാക്കില്ലെന്നും ഭാരത് ബയോടെക് വാർത്താക്കുറിപ്പിൽ അറിയിച്ചു.