ഹരിയാനയിലെ ഏറ്റവും മുതർന്ന ബിജെപി നേതാവ് സുഷമാ സ്വരാജാണ്. ജനപിന്തുണയിലും സുഷമ പിന്നിലല്ല. എന്നിട്ടും ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ സുഷമ പാർട്ടിയുടെ മുഖ്യ പ്രചാരണ മുഖമായില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർട്ടിയിലെ സ്വാധീനവും ശക്തിയുമായിരുന്നു കാരണം.

ആന കൊടുത്താലും ആർക്കും ആശ കൊടുക്കരുതെന്ന വാക്യവും ഹരിയാനയിൽ മോദി അർത്ഥവത്താക്കി. പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച് വോട്ട് നേടുന്ന പാർട്ടി ഹരിയാനിയിൽ അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രി എന്ന് പറഞ്ഞില്ല. ഊഹാപോഹങ്ങൾ നേട്ടമുണ്ടാക്കുമെന്ന മോദി തിരിച്ചറിഞ്ഞു. സുഷമാ സ്വരാജിന്റെ അടക്കമുള്ള പേരുകൾ ഉയർന്ന് കേൾക്കുന്നു. എന്നാൽ കേന്ദ്ര വിദേശകാര്യമന്ത്രിയായ സുഷമ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാനത്തേക്ക് ഒതുങ്ങാൻ തയ്യാറാകുമോ എന്നതാണ് ചോദ്യം.നിയമസഭാ തെരഞ്ഞെടുപ്പിൽ സഹോദരി തോറ്റതും സുഷമ്മയെ രണ്ടാമത് ഒന്ന് ആലോചിപ്പിച്ചേക്കും

ഡൽഹിക്ക് തൊട്ടടുത്തള്ള സംസ്ഥാനവും പിടിച്ച് ഉത്തരേന്ത്യയിൽ സ്വാധീനം കൂട്ടകയാണ് പ്രധാനമന്ത്രി. ഡൽഹിയും ഉത്തർപ്രദേശും മധ്യപ്രദേശും തുടങ്ങിയ ഹിന്ദി ബെൽറ്റുകലിലെല്ലാം സംഘപരിവാറിന്റെ രാഷ്ട്രീയവുമായി ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ ഹരിയാന മാത്രം അവരിൽ നിന്ന് അകന്നു നിന്നു. അതുകൊണ്ട് തന്നെയാണ് സുഷമ്മയ്ക്കപ്പുറം ഒരു പ്രമുഖ ദേശീയ നേതാവ് ഹരിയാനയിൽ നിന്ന് പാർട്ടിക്കുണ്ടാകാത്തതും. സുഷമ്മയുടെ ഡൽഹിയിൽ പ്രവർത്തിച്ചാണ് നേതൃനിരയിലെ പ്രധാനിയായതെന്നതും ഓർക്കണം.

എന്നാൽ മോദിയെത്തിയതോടെ ഹരിയാനയും മാറി. ലോക്‌സഭയിലെ പത്തിൽ ഏഴിലും ബിജെപി ജയിച്ചു. ഈ വിജയമാണ് വീണ്ടും ആവർത്തിക്കുന്നത്. എന്നാൽ ചെറിയൊരു മാറ്റമുണ്ട്. പൊതു തെരഞ്ഞെടുപ്പിൽ ബിജെപി ക്യാമ്പിൽ ഒരു സഖ്യകക്ഷി ഉണ്ടായിരുന്നു. ഹരിയാനയിൽ സാമാന്യം സ്വാധീനമുള്ള ഹരിയാനാ ജനഹിത കോൺഗ്രസുമായി അകന്നായിരുന്നു ഇത്തവണത്തെ മത്സരം. എല്ലാ സംസ്ഥാനങ്ങളിലും സ്വന്തം കാലിൽ നിൽക്കണമെന്ന മോദിയുടെ നിലപാട് തന്നെയായിരുന്നു ഈ റിസ്‌ക് എടുക്കലിന് കാരണം. അതു ഫലം കണ്ടപ്പോൾ കേന്ദ്രത്തിലേതിന് സമാനമായി ഹരിയാനയിലും ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി.

1987ൽ 17 സീറ്റ് കിട്ടയതാണ് ഹരിയാനയിൽ ഇതിന് മുമ്പത്തെ ബിജെപിയുടെ മികച്ച പ്രകടനം. അഞ്ചു വർഷം കഴിഞ്ഞപ്പോൾ അത് 11 ആയി. 2009ൽ 4 ഇടത്താണ് ജയിച്ചത്. അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിൽ അതിലും പകുതി സീറ്റിൽ. അവിടെയാണ് ഇത്തവണ മോദി തരംഗമായി നിയമസഭ ബിജെപി പിടിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മോദി സാന്നിധ്യം തന്നെയാണ് ഹരിയാനയിലെ ചിരിത്രം തിരുത്തി എഴുതിയതെന്ന് വ്യക്തം.

ഹരിയാനയ്ക്കായി മോദിയും തന്റെ വിശ്വസ്തനായ ദേശീയ പ്രസിഡന്റ് അമിത് ഷായും കൃത്യമായി തന്ത്രം മെനഞ്ഞു. വോട്ടെടുപ്പിന് തൊട്ട് മുമ്പ് ഓപ്രകാശ് ചൗത്താലയെ തീഹാർ ജയിലിലെത്തിക്കാനും ആയി. ഇതോടെ അവസാന ഘട്ടത്തിൽ ബിജെപി പ്രചരണത്തിൽ മുൻതൂക്കം നേടി. നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയുടെ ചിത്രം മാത്രമാണ് ഹരിയാനയിലെങ്ങു ബിജെപി നിറച്ചത്. ചരിത്ര വിജയത്തിന്റെ ക്രെഡിറ്റ് സുഷമ്മയെ പോലൊരാൾ കൊണ്ടു പോകരുതെന്ന നിർബന്ധം മോദി ക്യാമ്പിനുണ്ടായിരുന്നു. അതു വിജയിച്ചു. അതുകൊണ്ട് തന്നെ ഹരിയാനയിലെ മുഖ്യമന്ത്രിയെ മോദി ചൂണ്ടിക്കാണിക്കും.

അത് സുഷമയായിരിക്കുമോ എന്നതാണ് ചോദ്യം. ചുറുചുറുക്കുള്ള മുഖ്യമന്ത്രിയെ ഹരിയാനയിൽ ഇറക്കിയാൽ ബിജെപിയുടെ ഉരുക്ക് കോട്ടയായി ഹരിയാനയെ മാറ്റാമെന്നാണ് പ്രതീക്ഷ. സുഷമ്മയുടെ സഹോദരിയെ മത്സരിപ്പിച്ചത് പോലും ഇതിനാണെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പദത്തിൽ സുഷമയെത്തിയാൽ ആ നിയമസഭാ മണ്ഡലം ഒഴിഞ്ഞു കൊടുക്കണമെന്ന ധാരണ അവരുമായി നേരത്തെ ഉണ്ടാക്കിയുരുന്നു എന്നാണ് പ്രചരണമുണ്ടായത്. എന്നാൽ വോട്ടെണ്ണിയപ്പോൾ സുഷമ്മയുടെ സഹോദരി വന്ദനാ ശർമ്മ തോറ്റു. ഹരിയാനയിൽ സുഷമ്മയക്ക് സ്വാധീനമില്ലന്നതിന് തെളിവായി ഇത് ഉയർത്തിക്കാട്ടാൻ ഇടയുണ്ട്. അതിനാൽ സുഷമ്മയ്ക്ക് അപ്പുറമൊരു പേര് മോദി ഉയർത്തുമെന്നാണ് സൂചന.

എന്നാൽ മോദിയുടെ മനസ്സാണ് പ്രധാനമെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആരും ഒന്നും പരസ്യമായി പറയില്ല. മുഖ്യമന്ത്രിയെ മോദി തീരുമാനിക്കട്ടേ എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. ജാട്ടു രാഷ്ട്രീയം അനുകൂലമാക്കിയാണ് ബിജെപി ഹരിയാന പിടിച്ചത്. 27 ജാട്ട് വിഭാഗക്കാരെ മത്സര രംഗത്ത് ഇറിക്കി. ഓപ്രകാശ് ചൗട്ടാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദള്ളും ഇതേ വിഭാഗക്കാരുടെ പ്രിയ പാർട്ടിയാണ്. കോൺഗ്രസിന് അടിതെറ്റുന്നതിനാൽ ചൗട്ടാലയാകും ഭാവിയിലെ രാഷ്ട്രീയ എതിരാളി. അതിനാൽ ജാട്ടുക്കാരനെ മുഖ്യമന്ത്രിയാക്കുന്നതാണ് നല്ലതെന്ന പൊതു അഭിപ്രായവും ഉണ്ട്.

ക്യാപ്ടൻ അഭിമന്യു മോദിയുടെ അടുപ്പക്കാരനാണ്. ഒപ്പം ജാട്ട് നേതാവും. രാം ബിലാസ് ശർമ്മയും പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ള ബിജെപിക്കാരനാണ്. ആർഎസഎസുമായും കൂടുതൽ ചേർന്ന് നിൽക്കുന്നു. ശർമ്മ ബ്രാഹ്മണ സമുദായക്കാരനാണ്. അത് ഹരിയാനയിലെ പ്രാദേശിക ജാതി രാഷ്ട്രീയത്തിൽ ഗുണകരമാകില്ലെന്നാണ് വിലയിരുത്തിൽ. ഈ സാഹചര്യത്തിൽ സുഷമ്മയ്ക്ക് പകരമൊരു പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചാൽ ക്യാപ്ടൻ അഭിമന്യുവാണ് പ്രധാനി. എന്നാൽ ജാട്ട് സമുദായത്തിലെ നേതാവിനെ കേന്ദ്ര മന്ത്രിസഭയിൽ എടുത്ത് രാംവിലാസ് ശർമ്മയെ മുഖ്യമന്ത്രിയാക്കാമെന്ന ഫോർമുലയും മോദിയുടെ മുന്നിലുണ്ട്.