- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് പി കെ ശ്രീമതിയോ കെ കെ ശൈലജയോ? പാർട്ടി കോൺഗ്രസിന് വേദിയൊരുക്കുന്ന കണ്ണൂരിൽ നിന്ന് മൂന്നാമതൊരാൾ കൂടി സിപിഎമ്മിന്റെ ചുക്കാൻ പിടിക്കാനെത്തും; ശൈലജയെ പിബിയിൽ എടുക്കാൻ വൃന്ദയ്ക്ക് താൽപ്പമെങ്കിലും കേരള ഘടകത്തിന് താൽപ്പര്യം പോരാ; പിണറായി ഭയക്കുന്നത് ശൈലജ പ്രഭാവത്തെ
കണ്ണൂർ: വരുന്ന ഏപ്രിലിൽ പാർട്ടി കോൺഗ്രസിനൊരുങ്ങുന്ന കണ്ണുരിൽ നിന്നും പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കുന്നത് രണ്ട് വനിതാ നേതാക്കളെ നിലവിൽകേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ ശ്രീമതിയും കെ.കെ ശൈലജയുമാണ് സിപിഎം പരമോന്നത ഘടകമായ പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുന്ന വനിതാ നേതാക്കൾ ഇതിൽ പി.കെ ശ്രീമതിക്കാണ് കേന്ദ്ര കമ്മിറ്റിയെന്ന നിലയിൽ സീനിയോറിറ്റി. ഇതു കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ നേതാവ് കൂടിയാണ് പി.കെ.ശ്രീമതി ടീച്ചർ. കണ്ണുർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും കെ.സുധാകരനോട് തോൽവിയേറ്റഞ്ഞതിനു ശേഷം പാർലമെന്ററി രംഗത്ത് ശ്രീമതി ടീച്ചർക്ക് റോളുകളൊന്നുമില്ല. വനിതാ കമ്മിഷൻ ചെയർപേഴ്സൺ സ്ഥാനത്ത് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും പി.ജയരാജന്റെ സഹോദരിയായ അഡ്വ.പി.സതീദേവിയെയാണ് പാർട്ടി പരിഗണിച്ചത്.
പി.ബിയിൽ ഉൾപ്പെടെ പാർട്ടി കമ്മിറ്റികളിൽ വനിതാ പ്രാതിനിധ്യം കൂട്ടണമെന്ന നിലപാട് സിപിഎം അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ചതിനെ തുടർന്നാണ് കേരളത്തിൽ നിന്നും കൂടുതൽ നേതാക്കൾ അഖിലേന്ത്യാതലത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയേറിയത്. കണ്ണുരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലുടെ കൂടുതൽ സംസ്ഥാന നേതാക്കൾ പാർട്ടി 'കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും എൻട്രി പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യ മന്ത്രിയെന്ന നിലയിൽ ലോകരാജ്യങ്ങളുടെ വരെ കൈയടി നേടിയ കെ.കെ ശൈലജയാണ് പി.ബിയിൽ ഇരിപ്പിടം നേടാൻ സാധ്യതയുള്ള വനിതാ നേതാക്കളിലൊരാൾ.
നിലവിൽ കേന്ദ്ര കമ്മിറ്റിയംഗമായ ശൈലജ മട്ടന്നൂർ എംഎൽഎ കൂടിയാണ്. രണ്ടാം പിണറായി മന്ത്രിസഭയിലും മന്ത്രിയായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ.കെ ശൈലജ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒതുക്കൽ പ്രക്രിയയുടെ ഭാഗമായി തഴയപ്പെടുകയായിരുന്നു. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗമായ വൃന്ദാ കാരാട്ട് ആവശ്യപ്പെട്ടിട്ടു പോലും ശൈലജയ്ക്കു ഇളവ് നൽകാൻ മുഖ്യമന്ത്രിയോ സംസ്ഥാന ഘടകവും തയ്യാറായില്ല. ദേശീയ മാധ്യമങ്ങൾ വരെ കെ.കെ ശൈലജയെ ഒതുക്കിയത് വാർത്തയാക്കിയിരുന്നു.
സംസ്ഥാന ഘടകത്തോട് ഈ വിഷയത്തിൽ കടുത്ത നീരസമുള്ള വൃന്ദ കാരാട്ട് പാർട്ടി പി.ബിയിലേക്ക് ശൈലജയെ കൊണ്ടുവരുന്നതിനുള്ള ശക്തമായ നീക്കങ്ങൾ അണിയറയിൽ നടത്തുന്നുണ്ടെന്നാണ് സൂചന. കെ.കെ ശൈലജ യെ പരമോന്നത കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിന് സംസ്ഥാന നേതൃത്വത്തിന് യോജിപ്പില്ലെന്നാണ് വിവരം. മട്ടന്നൂർ എംഎൽഎ കൂടിയായ ശൈലജ പി ബി അംഗമായാൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ ദൈനം ദിനം ഇടപെടുന്നതിൽ തടസമാവുമെന്നാണ് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ ഒരു ഉന്നത സിപിഎം നേതാവ് പ്രതികരിച്ചത്.
എന്തു തന്നെയായാലും പാർട്ടി പൊളിറ്റ് ബ്യൂറോയിലേക്ക് ഉയർന്നു വരുന്ന രണ്ടാമത്തെ പേര് കെ.കെ ശൈലജയുടെത് തന്നെയാണ്. എന്നാൽ ശൈലജ പി.ബിയിലേക്ക് വരുന്നതിൽ പിണറായി വിഭാഗത്തിലെ ചില നേതാക്കൾക്ക് തന്നെ താൽപര്യമില്ലെന്നാണ് പുറത്തു വരുന്ന വിവരം. സിപിഎമ്മിൽ സാധാരണയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുക പി .ബി അംഗങ്ങളെയാണ്. ഇതോടെ വരും കാലങ്ങളിൽ മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള ചർച്ച വരുമ്പോൾ കൂടുതൽ മുൻതൂക്കം ലഭിക്കുക കെ.കെ.ശൈലജയുടെ പേരിനായിരിക്കുമെന്ന അപകടവും ഇവർ മണക്കുന്നുണ്ട്.
വനിതാ നേതാക്കൾക്കു പുറമേ കണ്ണുരിൽ ചില താപ്പാനകളായ നേതാക്കളും പി.ബിയിലേക്കുള്ള ടിക്കറ്റിനായി കാത്തു നിൽക്കുന്നുണ്ട്. മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജനാണ് ഇതിൽ പ്രധാനി. നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ഇ പി ക്ക് അതു ലഭിച്ചില്ലെന്നു മാത്രമല്ല വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നതിനും അവസരം നിഷേധിക്കപ്പെട്ടിരുന്നു.പാർട്ടിയിൽ നിന്നും അരികുവത്ക്കരിക്കപ്പെട്ട ഇ പി ക്ക് ലഭിക്കാവുന്ന പുതിയ തുടക്കമാണ് പി.ബിയിലേക്കുള്ള രംഗ പ്രവേശനം. കേന്ദ്ര കമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി ഗോവിന്ദനും പാർട്ടി താത്വികാചാര്യൻ എന്ന പരിഗണന വെച്ചു പി.ബിയിൽ കടന്നു കൂടാൻ സാധ്യതയുള്ള നേതാക്കളിലൊരാളാണ് 'നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കണ്ണുരിൽ നിന്നുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങൾ.