- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിസഭയിലെ ഗ്രൂപ്പ് സന്തുലിതാവസ്ഥ നിലനിർത്താൻ പകരക്കാരെ തേടി ഉമ്മൻ ചാണ്ടി; മനസ്സാക്ഷി സൂക്ഷിപ്പുകാരന് പകരം വെയ്ക്കാൻ നറുക്ക് വീഴുന്നത് പി സി വിഷ്ണുനാഥിനോ? മൂന്ന് മാസത്തേക്ക് മന്ത്രിയെ വേണ്ടെന്ന നിലപാടിൽ ചെന്നിത്തലയും സുധീരനും
തിരുവനന്തപുരം: ഇനി ഒരു മാസം കൂടിയേ ഉമ്മൻ ചാണ്ടി സർക്കാരിന് നേരെ ചൊവ്വേ ഭരിക്കാൻ കഴിയൂ. മെയ് 17ന് കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മെയ് ആദ്യവാരം വോട്ടെടുപ്പ് നടക്കും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം മാർച്ച് പകുതിയോടെ ഉണ്ടാകും. അതു കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരു
തിരുവനന്തപുരം: ഇനി ഒരു മാസം കൂടിയേ ഉമ്മൻ ചാണ്ടി സർക്കാരിന് നേരെ ചൊവ്വേ ഭരിക്കാൻ കഴിയൂ. മെയ് 17ന് കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മെയ് ആദ്യവാരം വോട്ടെടുപ്പ് നടക്കും. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് തീയതിയുടെ പ്രഖ്യാപനം മാർച്ച് പകുതിയോടെ ഉണ്ടാകും. അതു കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരും. കാവൽ മന്ത്രിസഭയുടെ പ്രസക്തി മാത്രമേ പിന്നെ ഉമ്മൻ ചാണ്ടി സർക്കാരിനുള്ളൂ. ഭരണതുടർച്ചയ്ക്കായി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകണം. അതിനിടെയാണ് കെഎം മാണിയുടേയും കെ ബാബുവിന്റേയും ഒഴിവുകൾ. മാണിക്ക് പകരം ധനമന്ത്രി വേണ്ടെന്ന് കേരളാ കോൺഗ്രസ് പറയുന്നു. അപ്പോൾ ബാർ കോഴയിൽ രാജിവച്ച ബാബുവിന് പകരക്കാരൻ വേണമോ? എക്‌സൈസ് മന്ത്രിയുടെ രാജിക്ക് പിന്നാലെ കോൺഗ്രസിൽ പുതിയ ചർച്ചകൾ സജീവമാവുകയാണ്.
കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഇക്കാര്യത്തിൽ ഉറച്ച നിലപാട് ഉണ്ട്. ധനവകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലാണ്. അതുപോലെ എക്‌സൈസും മുഖ്യമന്ത്രി നോക്കിയാൽ മതി. വൈകിയ സമയത്ത് പുതിയ മന്ത്രി വേണ്ട. ഐ ഗ്രൂപ്പും ഇതിനൊപ്പമാണ്. പുതിയ മന്ത്രിക്കായുള്ള ചർച്ചയിലേക്ക് കടക്കുന്നതിനോട് അവർക്ക് താൽപര്യമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവച്ചാൽ മാത്രം പുനഃസംഘടന. അല്ലാത്ത പക്ഷം ഉള്ളവരെ വച്ച് മുന്നോട്ട് പോകാമെന്നും പറയുന്നു. ഇനി അഥാവാ മന്ത്രിസ്ഥാനം നിശ്ചയിച്ചാൽ അതിൽ ഗ്രൂപ്പ് പാടില്ല. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പോലും ഗ്രൂപ്പിന് അതീതമാകണമെന്ന ഹൈക്കമാണ്ട് നിർദ്ദേശവും രമേശ് ചെന്നിത്തലയുടെ അനുകൂലികൾ ഉയർത്തിക്കാട്ടുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മനസ്സിൽ മറ്റൊരു തരത്തിലാണ് ചിന്തകൾ എന്നാണ് സൂചന.
മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ശബ്ദമായിരുന്നു കെ ബാബു. എന്തിന് ഏതിനും ഉമ്മൻ ചാണ്ടിയുടെ തീരുമാനങ്ങൾ മാത്രം ഉയർത്തിക്കാട്ടുന്ന മന്ത്രി. മുമ്പ് തിരുവഞ്ചൂർ രാധാകൃഷ്ണനും ഇങ്ങനെയായിരുന്നു. എന്നാൽ ആഭ്യന്തരമന്ത്രി പദത്തിൽ നിന്ന് തരംതാഴ്‌ത്തിയപ്പോൾ ആ താൽപ്പര്യം പോയി. പിന്നെയുള്ളത് കെസി ജോസഫും ആര്യാടൻ മുഹമ്മദുമാണ്. ബാബു-ജോസഫ്-ആര്യാടൻ ത്രയമായിരുന്നു മന്ത്രിസഭയിലെ എ ഗ്രൂപ്പിന്റെ ശക്തി. എന്നാൽ, അടുത്തകാലത്തായി ആര്യാടൻ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ അത്രയ്ക്ക് മിനക്കിടാറില്ല. ആരോടും വാദിച്ച് ജയിക്കാൻ കഴിയുന്നുമില്ലെന്നതാണ് കെ സി ജോസഫിന്റെ പ്രശ്‌നം. മാദ്ധ്യമങ്ങൾക്ക് മുമ്പിൽ എ ഗ്രൂപ്പിന്റെ വക്താവായി മുന്നേറാൻ കെസി ജോസഫിന് കഴിയും. കോൺഗ്രസിലെ ബാക്കിയെല്ലാ മന്ത്രിമാരും രമേശ് ചെന്നിത്തല അനുകൂലികളും. വിവാദ വിഷയത്തിൽ ആരും എ ഗ്രൂപ്പിന്റെ താൽപ്പര്യത്തിന് വേണ്ടി വാദിക്കില്ല. അതുകൊണ്ട് തന്നെ സർക്കാരിന് ദിവസങ്ങളുടെ ആയുസേ ഉള്ളൂവെങ്കിലും മന്ത്രിസഭയിൽ കരുത്തനായ ഒരാളുടെ പിന്തുണ മുഖ്യമന്ത്രിയക്ക് വേണം.
സർക്കാർ അധികാരത്തിലെത്തുമ്പോൾ കരുത്തനായിരുന്നു ഉമ്മൻ ചാണ്ടി. മുസ്ലിം ലീഗും കേരളാ കോൺഗ്രസും ആർഎസ്‌പിയും കേരളാ കോൺഗ്രസ് ജേക്കബും ഉമ്മൻ ചാണ്ടിക്ക് പിന്നിലാണ് അണിനിരന്നത്. ചെന്നിത്തലയെ പോലൊരു കരുത്തുൻ ഐ ഗ്രൂപ്പിൽ നിന്ന് മന്ത്രിയായി ഉണ്ടായിരുന്നുമില്ല. എന്നാൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബാർ കോഴയോടെ കേരളാ കോൺഗ്രസും അകന്നു. ലീഗും ഇന്ന് അടുപ്പം കാണിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ബാബുവിനെ പോലൊരു വിശ്വസ്തന്റെ കുറവ് ഉമ്മൻ ചാണ്ടിക്ക് തിരിച്ചടിയാകുന്നത്.
ഇത് മനസ്സിലാക്കിയാണ് പുതിയ മന്ത്രിയുടെ സാധ്യതകൾ മുഖ്യമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. മന്ത്രിസഭയുടെ സാമുദായിക സന്തുലനത്തിന് ബാബുവിന്റെ മന്ത്രിക്കസേര ഈഴവർക്ക് അവകാശപ്പെട്ടതാണ്. എന്നാൽ യുഡിഎഫിനുള്ളിൽ മൂന്ന് ഈഴവരേ ഉള്ളൂ. അടൂർ പ്രകാശും ബാബുവും പിന്നെ അച്യുതനും. അബ്കാരി താൽപ്പര്യമുള്ള അച്യുതന് മന്ത്രിയാകാൻ താൽപ്പര്യമില്ല. പ്രത്യേകിച്ച് എക്‌സൈസ്. ഈ സാഹചര്യത്തിൽ ഈഴവരെ മന്ത്രിയാക്കണമെങ്കിൽ പുറത്തു നിന്നൊരാളെ കൊണ്ടു വരണം. മന്ത്രിസഭയ്ക്ക് കാലാവധി തീരെ കുറവായതിനാൽ വേണമെങ്കിൽ അത് ചെയ്യാം. എന്നാൽ അത് പുതിയ വിവാദത്തിന് തിരികൊളുത്തും.
അതുകൊണ്ട് തന്നെ ബാബുവിന്റെ മന്ത്രിസ്ഥാനം ഒരു നായർക്ക് കൊടുക്കാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. അതും തന്റെ വിശ്വസ്തനായസ പി സി വിഷ്ണുനാഥിന്. ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎയായ വിഷ്ണുനാഥ് ഇക്കാര്യത്തിൽ മനസ്സ് തുറക്കുന്നില്ല. എന്നാൽ മുഖ്യമന്ത്രി പറയുന്നതെന്തും അനുസരിക്കുമെന്ന പക്ഷത്താണ്. ബാബുവിന്റെ ഒഴിവ് എ ഗ്രൂപ്പിന്റെ അക്കൗണ്ടിൽ കാണാനാണ് ഉമ്മൻ ചാണ്ടിക്ക് താൽപ്പര്യം. ഡെപ്യൂട്ടി സ്പീക്കറുടെ ഒഴിവ് നികത്തി പാലോട് രവിയെ കൊണ്ടു വന്നിട്ട് ആഴ്ചകളേ ആയിട്ടൂള്ളൂ. അതുപോലെ പുതിയ മന്ത്രിയേയും കൊണ്ടു വരുന്നതിൽ തെറ്റില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഷ്ണുനാഥാകുമ്പോൾ മന്ത്രിസഭയിൽ ഉറച്ച പിന്തുണ ലഭിക്കുകയും ചെയ്യും.
എംഎൽഎമാരിൽ വിഷ്ണുവിനോളം വിശ്വാസമുള്ള മറ്റൊരാളും മുഖ്യന്ത്രിക്കിപ്പോഴില്ല. വിഷ്ണുവിനെ മന്ത്രിയാക്കുന്നതിന് പിന്നിൽ മറ്റൊരു ചിന്തയുമുണ്ട്. ചെങ്ങന്നൂരിൽ മന്ത്രിയെന്ന ഗ്ലാമറിൽ വിഷ്ണുവിന് തെരഞ്ഞെടുപ്പിനെ നേരിടാം. ഭരണത്തുടർച്ചയുണ്ടായാൽ വിഷ്ണുവിനെ മന്ത്രിയാക്കുകയും ചെയ്യാം. ചെങ്ങന്നൂരിൽ കടുത്ത വെല്ലുവിളകൾ വിഷ്ണു നേരിടുന്നുണ്ട്. ഇത് മറികടക്കാൻ മന്ത്രിയായുള്ള സ്ഥാനക്കയറ്റം ഉപകരിക്കുമെന്നും ഉമ്മൻ ചാണ്ടി കരുതുന്നു. ബെന്നി ബെഹന്നാനെ മന്ത്രിയാക്കാൻ താൽപ്പര്യമുണ്ടെങ്കിലും ന്യൂനപക്ഷ വികാരം ഉയർത്തി ഭൂരിപക്ഷ വാദികൾ എത്തുമെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. അതുകൊണ്ടാണ് ചിന്തകൾ വിഷ്ണുനാഥിലേക്ക് ചുരുങ്ങുന്നത്.
എന്നാൽ ഒരുകാരണവശാലും പറ്റില്ലെന്നാണ് സുധീരന്റെ പക്ഷം. ചെന്നിത്തലയും അതിനോട് യോജിക്കുന്നു. അപ്പോൾ പിന്നെ ഹൈക്കമാണ്ടിനെ സ്വാധീനിക്കുക പ്രയാസവുമാണ്. എല്ലാം മൂന്നു പേരും കൂടി തീരുമാനിക്കണമെന്ന് പറഞ്ഞിട്ടാണ് കഴിഞ്ഞ മാസം കേരളത്തിൽ നിന്ന് സോണിയ മടങ്ങിയത്. അതുകൊണ്ട് തന്നെ സുധീരനേയും ചെന്നിത്തലയേയും പിണക്കി തീരുമാനം എടുക്കാനുമാകില്ല. പക്ഷേ മന്ത്രിസഭയിലെ ഒറ്റപ്പെടൽ തിരിച്ചറിഞ്ഞ് കരുതലോടെ പുതിയ മന്ത്രിക്കായി ഉമ്മൻ ചാണ്ടി കരുക്കൾ നീക്കും. രാഹുൽ ഗാന്ധിയുടെ ഗുഡ് ബുക്കിലുള്ള നേതാവാണ് വിഷ്ണു നാഥ്. ഈ മുൻതൂക്കം പ്രയോജനപ്പെടുത്താനാണ് നീക്കം. എന്നാൽ എ കെ ആന്റണിയും മന്ത്രിയെ വേണ്ടെന്ന നിലപാട് എടുക്കുന്നത് തിരിച്ചടിയാണ്.
നിലവിൽ ഈഴവ പ്രതിനിധിയായി മന്ത്രിസഭയിൽ ഉള്ളത് അടൂർ പ്രകാശ് മാത്രമാണ്. അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം മോഹിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. ചിറ്റൂർ എംഎൽഎ അച്യുതൻ. എന്നാൽ മദ്യനിരോധനത്തിന് എതിരെ പരസ്യമായി പ്രതികരിച്ചതുകൊണ്ട് എക്‌സൈസ് മന്ത്രിക്ക പകരക്കാരനാകാൻ അദ്ദേഹത്തിന് കഴിയില്ല. മാത്രമല്ല, രമേശ് ചെന്നിത്തലയുടെ വിശ്വസ്തൻ കൂടിയാണ് അച്യുതൻ. അതുകൊണ്ട് തന്നെ എ ഗ്രൂപ്പ് മന്ത്രിക്ക് പകരം ഐ ഗ്രൂപ്പുകാരനെ മന്ത്രിയാക്കാൻ താൽപ്പര്യവുമില്ല. മറ്റു ചിലർ കൂടി കുറച്ചുകാലത്തേക്കെങ്കിലും മന്ത്രിസ്ഥാനം മോഹിക്കുന്നുണ്ട്. അത് ടി എൻ പ്രതാപനും വി ഡി സതീശനുമാണ്. എന്നാൽ, സമുദായ-ഗ്രൂപ്പ് ഐക്യങ്ങൾ തെറ്റുമെന്നതിനാൽ ഇവരെ മന്ത്രിയാക്കാൻ ഉമ്മൻ ചാണ്ടിക്ക് തീരെ താൽപ്പര്യമുമില്ല. അങ്ങനെ മന്ത്രിയാക്കിയാൽ തന്നെ അത് രമേശ് ചെന്നിത്തലയെ കൂടുതൽ കരുത്തനാക്കുകയേ ഉള്ളൂ..
രണ്ട് ദിവസത്തിനുള്ളിൽ മന്ത്രിയുടെ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. വിഷ്ണുനാഥാകും മന്ത്രിയെന്ന സൂചന എ ഗ്രൂപ്പിലെ പ്രമുഖർക്കെല്ലാം നൽകിയിട്ടുമുണ്ട്. പക്ഷേ മന്ത്രിയെ വച്ചാലും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആകരുതെന്ന് ചെന്നിത്തല വാദിക്കും. കെ മുരളീധരനെ പോലുള്ള മുതിർന്ന നേതാക്കളെ മന്ത്രിയാക്കാതെ ജൂനിയറായ വിഷ്ണുവിനെ മന്ത്രിയാക്കുന്നത് ശരിയല്ലെന്നും വാദിക്കും. എൻഎസ്എസിനും വിഷ്ണുവിനോട് വലിയ താൽപ്പര്യമില്ല. ഇതും മുഖ്യമന്ത്രിയുടെ പുതിയ മന്ത്രിയെന്ന മോഹത്തെ ഇല്ലായ്മ ചെയ്യാൻ ഐ ഗ്രൂപ്പ ആയുധമാക്കും.