- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോഹഭംഗം മാറ്റാൻ തിരുവഞ്ചൂരിന് ഒരവസരം കിട്ടുമോ? ഹൈക്കമാൻഡിന്റെ ഗുഡ്ബുക്സിലുള്ള കെ.മുരളീധരന് നറുക്ക് വീഴുമോ? സോണിയയ്ക്ക് പ്രിയങ്കരനായ തോമസ് മാഷിന് ചാൻസ് വരുമോ? ഹരിച്ചും ഗുണിച്ചും നോക്കുമ്പോൾ എം.എം.ഹസൻ തന്നെ തുടർന്നാൽ പോരേ എന്നും സംശയം; യുഡിഎഫ് കൺവീനറെ ചൊല്ലി തലപുകച്ച് ഹൈക്കമാൻഡ്
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരൻ ബുധനാഴ്ച ചുമതലയേൽക്കുന്നതോടെ കോൺഗ്രസിൽ കാര്യങ്ങൾ ഉഷാറാകുമെന്നാണ് പ്രതീക്ഷ. വർക്കിങ് പ്രസിഡന്റുമാരായി പി.ടി.തോമസും, കൊടിക്കുന്നിൽ സുരേഷും, ടി.സിദ്ദിഖും അന്ന് ചുമതലയേൽക്കുന്നതോടെ പാർട്ടി പുനഃസംഘടന ആയിരിക്കും പുതിയ നേതൃത്വത്തിന്റെ ആദ്യദൗത്യം. എ-ഐ ഗ്രൂപ്പുകൾ അല്പം പരിഭവത്തിലാണെങ്കിലും എല്ലാവരെയും ഇണക്കി കൊണ്ടുപോകുമെന്നാണ് കെ.സുധാകരന്റെ വാക്കുകളിൽ നിറയുന്ന ആത്മവിശ്വാസം. അതേസമയം, ഹൈക്കമാൻഡ് മറ്റൊരു കാര്യത്തിലാണ് ഇപ്പോൾ തല പുകയ്ക്കുന്നത്. അത് പുതിയ യുഡിഎഫ് കൺവീനർ ആരായിരിക്കണം എന്ന ചിന്തയിലാണ്.
എം.എം.ഹസൻ കൺവീനറായി തുടർന്നാൽ പോരേ എന്ന ആലോചനയുണ്ട്. എന്നാൽ സമ്പൂർണ പുനഃ സംഘടനയാകുമ്പോൾ പുതിയ ഒരാൾ വരുന്നതാണ് മെച്ചമെന്ന അഭിപ്രായവും തള്ളിക്കളയാനാവില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, കെവി തോമസ് എന്നിവരുടെ പേരുകൾക്കൊപ്പം എംകെ രാഘവന്റെ പേരും ചർച്ചകളിൽ ഉയർന്നു കേൾക്കുന്നുണ്ട്.
ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ പാർട്ടിയിലെ ഏറ്റവും മുതിർന്ന എംഎൽഎയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്കും മോഹം ഉണ്ടായിരുന്ന നേതാവ്. നേരത്തെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പിടി തോമസിനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം ഇപ്പോൾ കെപിസിസി വർക്കിങ് പ്രസിഡന്റാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തലമുറമാറ്റം വന്ന സാഹചര്യത്തിലാണ് തിരുവഞ്ചൂരിന് അവസരം നഷ്ടമായത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് മാർക്ക് കൂടുന്നു. കെ മുരളീധരനും ഹൈക്കമാൻഡിന്റെ ശക്തമായ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉൾപ്പെടെ മുരളീധരന്റെ പേര് ഉയർന്നുകേട്ടിരുന്നു. സോണിയ ഗാന്ധിയോട് അടുത്ത ബന്ധം പുലർത്തുന്ന കെവി തോമസിനും സാധ്യതയേറി വരുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം, പാർട്ടിയെ പുനഃ സംഘടിപ്പിക്കാതെ തരമില്ലെന്ന് എല്ലാവർക്കും ബോധ്യമുണ്ട്. കോൺഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടിൽ, കോൺഗ്രസ് ദുർബലമാകുന്നു എന്നത് ദുഃഖകരമാണെന്ന് കെ.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത് ഓർക്കുക.
'രാഷ്ട്രിയ എതിരാളികൾ പോലും കോൺഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തിൽ കോൺഗ്രസ്സ് ദുർബലമാകുന്നത് നമുക്ക് ഉൾക്കൊള്ളാൻ കഴിയില്ല. കോൺഗ്രസ് ദുർബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ജനങ്ങൾ കോൺഗ്രസിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെ ഉറങ്ങാൻ പറ്റും? അതുകൊണ്ട് എന്റെ പ്രിയപ്പെട്ടവരോട് ഞാൻ പറയുന്നു. ഒരു പാട് രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രം രചിക്കുമ്പോൾ, ആ പ്രസ്ഥാനം തളരുവാൻ നമുക്ക് അനുവദിക്കാൻ പറ്റില്ല. ഒന്നിക്കണം, കരുത്തോടെ മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം.'
അമരക്കാരൻ മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ലെന്ന് സുധാകരന് അറിയാം. കെപിസിസി , ഡിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യത്തിന് ഏറെ പ്രാധാന്യമുണ്ടെങ്കിലും, അത് സമവായത്തോടെ മാത്രമേ നടത്തിയെടുക്കാൻ കഴിയുകയുള്ളു. കെപിസിസി, ഡിസിസി തലത്തിൽ പരമാവധി 25 ഭാരവാഹികൾ വീതമെന്ന നിർദ്ദേശത്തോട് ഗ്രൂപ്പുകൾ എങ്ങനെ പ്രതികരിക്കും എന്നതാണ് കണ്ടറിയേണ്ടത്. വിശേഷിച്ച് ഇരുഗ്രൂപ്പുകൾക്കും മുറിവേറ്റിരിക്കുന്ന പശ്ചാത്തലത്തിൽ.
പത്തിലധികം വൈസ് പ്രസിഡന്റുമാരും, 50 ലധികം ജനറൽ സെക്രട്ടറിമാരും, നൂറോളം സെക്രട്ടറിമാരും എന്ന ജംബോ അവസ്ഥ ഇനി അരുതെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും പ്രാവർത്തികമാക്കുകയാണ് പണിപ്പാട്. എല്ലാ ഡിസിസികളിലും മാറ്റം വന്നേക്കും. ആലപ്പുഴ, പാലക്കാട്. ഡിസിസി പ്രസിഡന്റുമാർ ഒഴിഞ്ഞതിന് പുറമേ, കൊല്ലം, ഇടുക്കി, വയനാട് പ്രസിഡന്റുമാരും രാജിക്കൊരുങ്ങി നിൽക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റ ചിലരും, എംപിമാർ, എംഎൽമാർ എന്നിവരും ഭാരവാഹികളായേക്കും. അതേസമയം, ജനപ്രതിനിധികളെ മാറ്റി നിർത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഏതായാലും എല്ലാറ്റിനോടും ഗ്രൂപ്പ് നേതാക്കളുടെ സഹകരണം വളരെ പ്രധാനമായിക്കുമെന്ന് ഉറപ്പ്.
മറുനാടന് മലയാളി ബ്യൂറോ