ലക്‌നൗ: ബിജെപിക്ക് തിളക്കമാർന്ന വിജയമാണ് ഉത്തർപ്രദേശ് സമ്മാനിച്ചത്. മോദിയും അമിത്ഷായുമാണ് ഈ വിജയത്തിന് വേണ്ടി ഏറ്റവു അധികം വിയർപ്പൊഴുക്കിയത്. എന്നാൽ, വിജയത്തിന്റെ ലഹരിയിൽ നിൽക്കുമ്പോൾ യുപിയിൽ നിന്നും ഉയരുന്ന ചോദ്യം ആരാകും മുഖ്യമന്ത്രി എന്നതാകും. മോദിക്കും അമിത് ഷായ്ക്കും വഴങ്ങുന്ന ആള് തന്നെയാകും മുഖ്യമന്ത്രി ആകുക എന്നകാര്യവും ഉറപ്പാണ്. എങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത് അഞ്ച് പേരുകളാണ്.

രാജ്‌നാഥ് സിങ്

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ പേരാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന്. 2002ൽ യുപി മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഗായിസാബാദിൽ നിന്നുള്ള എംപി കൂടിയായ രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രിയാക്കാൻ ബിജെപി തീരുമാനിക്കണമെങ്കിൽ മോദിയുടെ അനുമതി തന്നെ വേണ്ടി വരും. കാരണം, തെരഞ്ഞെടുപ്പിനെ നയിക്കാൻ വേണ്ടി അദ്ദേഹത്തെ രംഗത്തിറക്കണമെന്ന വാദം ഉയർപ്പോൾ അതിന് വിരുദ്ധമായ നിലപാടാണ് രാജ്‌നാഥ് സ്വീകരിച്ചിരുന്നത്.

യോഗി ആദിത്യനാഥ്

വർഗീയ പ്രസംഗങ്ങൾക്കൊണ്ട് കുപ്രസിദ്ധനായ യോഗി ആദിത്യ നാഥിന്റെ പേരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന മറ്റൊരു പേര്. യുപിയിലെ മുതിർന്ന ബിജെപി നേതാവ് കൂടിയാണ് അദ്ദേഹം. ബിജെപിക്ക് അനുകൂലമാക്കിയ വർഗീയ ധ്രുവീകരണത്തിന്റെ പ്രധാന കാരണക്കാരനും യോഗിയാണ്. എന്നാൽ, മോദിക്കുള്ള അനിഷ്ടം യോഗിക്ക് വിനയാകുമെന്നാണ് അറിയുന്നത്.

കേശവ പ്രസാദ് മൗര്യ

ആദ്യത്തെ രണ്ട് പേരുകാരേക്കാൾ മുഖ്യമന്ത്രി ആകാൻ ഏറ്റവും അധികം യോഗ്യത കൽപ്പിക്കപ്പെടുന്ന പേരുകാരൻ പാർട്ടിയുടെ ഉത്തർപ്രദേശ് ചീഫ് കൂടിയായ ഫുൽപൂർ എംപി കേശവ പ്രസാദ് മൗര്യയാണ്. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും അടുപ്പക്കാരനായ അദ്ദേഹം മൂന്ന് തവണ എംഎൽഎ ആ വ്യക്തി കൂടിയാണ്.

മനോജ് സിൻഹ

ഗസ്സിപ്പൂരിൽ നിന്നുള്ള ബിജെപി എംപിയാണ് മനോജ് സിൻഹ. ഇദ്ദേഹത്തെയും ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സ്റ്റിയിൽ നിന്നും ഐഐടി ബിരുദധാരി കൂടിയായ അദ്ദേഹം നിലവിൽ കേന്ദ്ര മന്ത്രിസഭയിലെ അംഗമാണ്. ടെലികോമിന്റെയും റെയിൽവേയുടെയും ചുമതലയുള്ള സഹമന്ത്രിയാണ് മനോജ് സിൻഹ. ബിജെപി ദേശീയ കൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. 1996, 1999, 2015 വർഷങ്ങളിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീകാന്ത് ശർമ്മ

അമിത് ഷായുടെയും മോദിയുടെയും വളരെ അടുപ്പക്കാരാനാണ് ശ്രീകാന്ത് ശർമ്മ. ബിജെപി ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹം യുപി തിരഞ്ഞെടുപ്പിലെ ബിജെപി മുഖമായിരുന്നു. അതുകൊണ്ട് തന്നെ അ ശ്രീകാന്ത് ശർമ്മക്ക് സാധ്യത കൽപ്പക്കുന്നവർ ഏറെയാണ്.