കോഴിക്കോട്: വാട്‌സ് ആപ്പ് ഹർത്താലിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും വാഹനങ്ങൾ തടയാനും ആഹ്വാനം ചെയ്തുള്ള വാട്‌സാപ് സന്ദേശം (വോയ്‌സ് മെസേജ്) അയച്ചവരിൽ ഏറെയും പ്രവാസികൾ. വിവിധ ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിലാണു കലാപത്തിന് ആഹ്വാനം ചെയ്ത സന്ദേശം ലഭിച്ചത്. ഉറവിടത്തെക്കുറിച്ചു സൂചന ലഭിച്ചു കഴിഞ്ഞു. അതു പ്രചരിച്ച ഗ്രൂപ്പും ലിങ്കുമാണ് അന്വേഷിക്കുന്നത്. പ്രവാസികളാണ് മലയാളികളാണ് ഗ്രൂപ്പുകളിലൂടെ ശബ്ദ സന്ദേശത്തിന് അതിവേഗ പ്രചരണം നൽകിയത്. മഞ്ചേരിയിൽ മാത്രം 18 അഡ്‌മിന്മാരുള്ള വിവിധ ഗ്രൂപ്പുകൾക്കു കൊല്ലം സ്വദേശി അമർനാഥിന്റെ 'വോയ്‌സ് ഓഫ് യൂത്തു'മായി നേരിട്ടു ബന്ധമുണ്ട്. ഗൾഫിലുള്ള മലയാളികളും ഈ ഗ്രൂപ്പുമായി സഹകരിക്കുന്നുണ്ട്.

ഗൾഫിലിരുന്ന് കേരളത്തിലെ പ്രശ്‌നങ്ങൾ സജീവമായി ചർച്ചയാക്കുന്ന നിരവധി പേരുണ്ട്. തീവ്രവാദ സ്വഭാവത്തിൽ പ്രതികരിക്കുന്നവരാണ് ഇത്തരക്കാർ. ഇങ്ങനെ സൈബർ യുദ്ധത്തിന് പിറകെ പ്രവർത്തിച്ചവരിൽ പലരും കത്വയിൽ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിലെ പ്രതിഷേധം കത്തുമ്പോൾ നാട്ടിലുണ്ടായിരുന്നു. ഇവരിപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. പലരും അറസ്റ്റ് ഭയത്തിലും. ഇവരെല്ലാം അതീവരഹസ്യമായി അവധി റദ്ദാക്കി മടങ്ങുകയാണ്.

കല്യാണത്തീയതി നിശ്ചയിച്ച യുവാക്കളും കുടുങ്ങുകയാണ്. പ്രവാസികളിൽ പലരും ഇരുചെവിയറിയാതെ മുങ്ങിയപ്പോൾ, യുവാക്കൾ ആരുടെയെങ്കിലുമൊക്കെ കയ്യും കാലും പിടിച്ചു കേസ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. കലാപം നടത്തുകയായിരുന്നു സന്ദേശങ്ങളുടെ ലക്ഷ്യമെന്ന നിഗമനത്തിലാണു പൊലീസ്. പൊലീസ് സ്റ്റേഷൻ അടിച്ചുപൊളിക്കാൻ ആഹ്വാനം ചെയ്ത സന്ദേശം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരൂരിലും മഞ്ചേരിയിലും ഹർത്താൽ ദിവസം പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രകടനം നടത്തിയതു ഗൗരവമായാണു കാണുന്നത്. ഇതിൽ നിരവധി പ്രവാസികൾ പങ്കെടുത്തിരുന്നു.

കലാപത്തിന്റെ ശ്രമം നടന്നത് കഴിഞ്ഞ ദിവസം പിടിയിലായവരുടെ ഗ്രൂപ്പുകൾ മുഖേനയും ഏറ്റെടുത്തു നടപ്പാക്കിയതു മറ്റു ജില്ലാ, പ്രാദേശിക ഗ്രൂപ്പുകൾ മുഖേനയുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അറസ്റ്റിലായവരെ ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ അക്രമ കേസുകളിലും പ്രതി ചേർക്കാനാണു പൊലീസ് നീക്കം. പോക്‌സോ (ലൈംഗികാതിക്രമങ്ങളിൽനിന്നു കുട്ടികളെ രക്ഷിക്കുന്നതിനുള്ള നിയമം) കേസിൽപ്പെട്ടവർക്കെതിരെ ചുമത്തും. അതുകൊണ്ട് നാണക്കേടിൽനിന്ന് എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണ് 'മണവാളന്മാർ.' ഈ വകുപ്പു ചേർക്കപ്പെട്ടാൽ രണ്ടാഴ്ച കഴിഞ്ഞേ ജാമ്യം കിട്ടൂ. വിദേശത്തുനിന്ന് അവധിക്കെത്തിയവരിൽ ചിലർ ആവേശത്തിന്റെ പുറത്താണു ഹർത്താൽ പ്രകടനങ്ങളിൽ പങ്കെടുത്തത് എന്നാണ് പൊലീസ് നിഗമനം.

അറസ്റ്റ് തുടങ്ങിയതോടെ ഒട്ടേറെപ്പേർ അവധി മതിയാക്കി തിരിച്ചുപോയിട്ടുണ്ട്. ഗ്രൂപ്പ് അഡ്‌മിനായതിന്റെ പേരിൽ ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ടതു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ നേതാവാണ്. ഈ പേരിൽ ഒട്ടേറെ രാഷ്ട്രീയ സംഘടനാ നേതാക്കളും കുടുങ്ങുന്നുണ്ട്. പ്രവാസികളും ഇത്തരത്തിൽ കേസിൽ പെട്ടിട്ടുണ്ട്. ട്സ് ആപ്പ് ഹർത്താലിന് ശേഷം അടുത്ത ദിവസങ്ങളിലും അക്രമവും കലാപവുമുണ്ടാക്കാൻ ഗ്രൂപ്പുകളിൽ ആഹ്വാനംചെയ്തുകൊണ്ടുള്ള ശബ്ദസന്ദേശങ്ങൾ പുറത്തായിരുന്നു. പിടിയിലായ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ അഖിലാണ് ഗ്രൂപ്പിൽ ഈ സന്ദേശമിട്ടത്. മലപ്പുറത്തുള്ള ഒറ്റപ്പെട്ട സംഭവങ്ങളിൽമാത്രം ഒതുങ്ങരുതെന്നും ഇനിയും അക്രമം വേണമെന്നുമായിരുന്നു സന്ദേശം.

ഇതിനായി രണ്ടുമേഖലകളായി വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തനം ഏകോപിപ്പിക്കണമെന്നുള്ള ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പൊലീസിനുകിട്ടിയിരുന്നു. ഇപ്പോൾ നടന്ന ഹർത്താൽ കുറച്ചു ജില്ലകളിൽ മാത്രമേ ഉണ്ടായുള്ളൂ. കുറേ അടിയൊക്കെ നടക്കണം. അപ്പോഴേ എല്ലാവരും ശ്രദ്ധിക്കൂ, ചാനലുകളിലൊക്കെ വരൂ. എന്നാണ് സന്ദേശത്തിൽ പറയുന്നത്. സംസ്ഥാനം മൊത്തം വിപുലമായ മറ്റൊരു ഹർത്താലായിരുന്നു വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്‌മിന്മാർ ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.ഹർത്താൽ ദിനത്തിൽ പൊലീസ്സ്റ്റേഷനുകൾ അടിച്ച് തകർക്കാൻ മലപ്പുറം സ്വദേശിയുടെ ആഹ്വാനവുമുണ്ടായിട്ടുണ്ട്. വോയ്സ് ഓഫ് യൂത്ത്-നാല് ഗ്രൂപ്പിൽ മലപ്പുറം തിരൂർ സ്വദേശിയുടെതാണ് ഈ ശബ്ദം. ഇതിനുശേഷമാണ് തിരൂർ, കണ്ണൂർ പൊലീസ്സ്റ്റേഷനുകൾക്ക് സമീപം സംഘർഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടികൂടാനായിട്ടില്ല.

ഹർത്താൽ പ്രതിഷേധമല്ലെന്നും അക്രമം മാത്രമായിരുന്നു ലക്ഷ്യമെന്നും തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തായിരിക്കുന്നത്. ഹർത്താൽ കഴിഞ്ഞും അക്രമം കൂടുതൽ വിപുലമാക്കാൻ അറസ്റ്റിലായ അഖിൽ ശബ്ദസന്ദേശമിട്ടിരുന്നു. സൈബർ അന്വേഷണം പൊലീസ് കൂടുതൽ വിപുലമാക്കിയിട്ടുണ്ട്. ഇതിനിടെ താനൂരിൽ കെ.ആർ. ബേക്കറി തകർത്തതും തിരൂർ പൊലീസ്സ്റ്റേഷൻ അക്രമിച്ചതുമായ സംഭവങ്ങളിൽ 10പേരെ പൊലീസ് പിടികൂടി.