മഞ്ചേരി: കേരളത്തിലെ ജയിലുകൾക്ക് പരമാവധി ഉൾക്കൊള്ളാനാവുക ആറായിരത്തോളം തടവുകാരെയാണ്. ജയിലുകൾ പലതും നിറഞ്ഞ് കവിഞ്ഞ് തടവുകാരുണ്ട്. ഇതിനിടെയാണ് വാട്‌സ് ആപ്പ് ഹർത്താലിന്റെ കേസെത്തുന്നത്. അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട കേസുകളിൽ എഫ്‌ഐആർ പ്രകാരം ജില്ലയിൽ രണ്ടായിരത്തോളം പേർ പ്രതികളാണെന്നു പൊലീസ്. ശബ്ദ സന്ദേശവും വിഡിയോ ക്ലിപ്പിങ്‌സും പരിശോധിച്ചു അക്രമങ്ങളിൽ നേരിട്ട് ഉൾപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഈ 2000 പേരേയും കോടതിയിലെത്തിയാൽ റിമാൻഡ് ചെയ്യുമെന്ന് ഉറപ്പാണ്. അങ്ങനെ വന്നാൽ ഇവരെ എവിടെ താമസിപ്പിക്കും. സർക്കാർ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.

അതിനിടെ ഹർത്താലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഗ്രൂപ്പുകളും സന്ദേശങ്ങളും നിരീക്ഷിച്ചു. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതുകൊണ്ട് തന്നെ പ്രതികളുടെ എണ്ണം ഇനിയും ഉയരും. ഈ സാഹചര്യത്തിൽ ഇവരെ ജയിലിൽ അടയ്ക്കാൻ ബദൽ മാർഗ്ഗങ്ങൾ സർക്കാർ ആലോചിക്കുന്നുണ്ട്. റിമാൻഡ് പ്രതികളേയും വിചാരണ തടവുകാരേയും സബ് ജയിലിലാണ് സാധാരണ പാർപ്പിക്കാറ്. ഇപ്പോഴത്തെ അവസ്ഥയിൽ ഇവരെ സെൻട്രൽ ജയിലുകളിലേക്ക് അയക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇതുകൊണ്ടും പ്രതിസന്ധി തീരില്ല.

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതുവരെ അറസ്റ്റിലായവരെ അക്രമവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രതി ചേർത്തിട്ടുണ്ട്. ഹൈടെക് സെല്ലിന്റെ സഹായത്തോടെ വിവിധ ഗ്രൂപ്പുകൾ നിരീക്ഷിച്ചതിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ്. അറസ്റ്റ് പേടിച്ചു പലരും സ്ഥലം മാറി കഴിയുന്നു. ഇതിനിടെ നിരപരാധികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നെന്ന പരാതി ഉയർന്നു. ഈ സാഹചര്യത്തിൽ തെളിവുകൾ കിട്ടിയവരെ മാത്രമേ പ്രതി ചേർക്കുന്നുള്ളൂ. കലാപത്തിന് ആഹ്വാനംചെയ്ത കേസുകളിലും ആക്രമണക്കേസുകളിലുമായി 763 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ 150 പേർ റിമാൻഡിലാണ്. മലപ്പുറത്ത് മാത്രം 140 കേസ് രജിസ്റ്റർചെയ്തു.

മലപ്പുറത്തെയും കോഴിക്കോട്ടെയും ജയിൽ നിറഞ്ഞതോടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ജയിലുകളിലേക്ക് പ്രതികളെ അയയ്ക്കാൻ തുടങ്ങി. ഏകദേശം 75 പേരെ അവിടേക്ക് മാറ്റി. പക്ഷേ ഇനിയും ആളുകളെത്തുമ്പോൾ പ്രതിസന്ധി അതിരൂക്ഷമാകും. മലപ്പുറത്തും കോഴിക്കോടും അറസ്റ്റ് ചെയ്യുന്നവരെ റിമാൻഡ് പ്രതികളായി മധ്യകേരളത്തിലേയും തെക്കൻ കേരളത്തിലേയും സബ് ജയിലുകളിലേക്ക് മാറ്റാണ്ടി വരും. ഇതിനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. അതിനിടെ ജയിൽ നിറഞ്ഞു കവിയുന്നത് കലാപമുണ്ടാക്കുമെന്ന ഭീതിയും സജീവമാണ്. ഇതു സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടും പൊലീസിന് മുമ്പിലുണ്ട്.

ജയിലുകൾക്കുള്ളിൽ പൊലീസിന് അധികാരമില്ല. വളരെ കുറച്ച് ജയിലർമാർ മാത്രമാണ് ഇവിടെയുള്ളത്. കണ്ണൂരിലും കോഴിക്കോടുമെല്ലാം സബ് ജയിലുകൾക്കുള്ളിൽ അടിപടി സംഭവങ്ങൾ സ്ഥിരമാണ്. ഇത് പലപ്പോഴും ജയിൽ അധികൃതർക്ക് തലവേദനയാകാറുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിന് കാരണം ജയിലുകളിലെ സൗകര്യക്കുറവാണ്. വാട്‌സ് ആപ്പ്് ഹർത്താൽ കേസിൽ 2000 പേർ കൂടി പ്രതികളായെത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന ആശങ്ക ജയിൽ വകുപ്പിനും ശക്തമാണ്. ഈ സാഹചര്യത്തിൽ എല്ലാ ജയിലുകളിലേയും അവസ്ഥ എല്ലാ ദിവസവും ഡിജിപി ശ്രീലേഖ നേരിട്ട് വിലയിരുത്തുന്നുണ്ട്.

വാട്സ് ആപ്പ് ഹർത്താൽ വഴിയുണ്ടായ എല്ലാ ക്രിമിനൽ കേസുകളിലും ഇതിന്റെ പ്രധാന സൂത്രധാരന്മാർ പ്രതികളാവും. ഇവരെ പ്രതിചേർക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു.ഹർത്താലിന്റെ പ്രധാന ആസൂത്രകരായ അഞ്ചുപേരെയാണ് ഇതുസംബന്ധിച്ച് കേരളത്തിൽനടന്ന എല്ലാ ആക്രമണക്കേസുകളിലും പ്രതികളാക്കുന്നത്. സാമൂഹികമാധ്യമങ്ങൾ വഴി ഹർത്താലിന് ആഹ്വാനം നൽകിയ രണ്ടായിരത്തോളം പേരെ ഇനിയും പിടിക്കാനുണ്ട്. ഇവരിലും അഞ്ഞൂറുപേരെങ്കിലും പ്രതികളാവും. പക്ഷേ, ഭൂരിഭാഗവും നേരത്തേ മുങ്ങിക്കഴിഞ്ഞു. പലരും വിദേശത്തെത്തിയിട്ടുണ്ട്.

മഞ്ചേരിയിൽ കുഴപ്പമുണ്ടാക്കിയ 'യൂത്ത് ഓഫ് മഞ്ചേരി' ഗ്രൂപ്പിന്റെ അഡ്‌മിനെ പൊലീസ് തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ, ഇയാളും ഒളിവിലാണ്. ഹർത്താൽദിനത്തിൽ 'വൈകീട്ട് അഞ്ചുമണിക്ക് മഞ്ചേരിയിൽ കാണാം' എന്ന ശബ്ദസന്ദേശം ഗ്രൂപ്പിൽ ഇയാളാണ് പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് മഞ്ചേരിയിൽ വൈകീട്ട് അയ്യായിരത്തോളം പേർ സംഘടിച്ച് സംഘർഷാവസ്ഥയുണ്ടാക്കിയത്. 'പൊലീസ് നടപടിയുണ്ടായാൽ മുഖ്യരാഷ്ട്രീയപാർട്ടികൾ ഇടപെട്ടോളും. കാരണം ഇവർക്കെല്ലാം യുവാക്കളെ ആവശ്യമുണ്ട്' എന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിനുശേഷം അധികം വൈകാതെ മഞ്ചേരിയിൽത്തന്നെ വേറൊരു സംഘടിത ആക്രമണത്തിനും പദ്ധതിയുണ്ടെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു.