ന്യൂയോർക്ക്: ഇന്ത്യാക്കാരോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനത്തിൽ വലിയ മാറ്റം. ഇന്ത്യാക്കാർക്ക് എതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കുന്നത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള ഊഷ്മള ബന്ധം അമേരിക്കയിലെ പൊലീസ് നടപടികളും പ്രതിഫലിക്കുന്നുണ്ടെന്ന് വ്യക്തവുമാണ്. അടുത്തകാലത്ത് ഇന്ത്യക്കാരനായ സുരേഷ്ഭായി പട്ടേലിനെ അറ്റ്‌ലാന്റ് പൊലീസ് അക്രമിച്ച സംഭവത്തിൽ അലാബാമ ഗവർണർ റോബർട്ട് ബെന്റ്‌ലി ഇന്ത്യൻ കോൺസുൽ ജനറലിന് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തെഴുതിയതും മനുഷ്യക്കടത്ത് കേസിൽ അഞ്ച് ഇന്ത്യൻ വംശജർക്ക് 14 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിക്കൊണ്ട് ന്യൂഓർലാൻസ് ജൂറി വിധി പ്രസ്താവിച്ചതുമെല്ലാം തന്നെ ഇന്ത്യക്കാരോടുള്ള അമേരിക്കയുടെ സമീപനത്തിൽ ഒട്ടേറെ മാറ്റം വന്നതിനുള്ള സൂചന തന്നെയാണ്.

2005ൽ കത്രീന കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ തുടർന്ന് അഞ്ഞൂറോളം ഇന്ത്യക്കാരെയാണ് യുഎസിലേക്ക് ജോലിക്കായി കൊണ്ടുപോയത്. അലാബാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്‌നൽ ഇന്റർനാഷണൽ എന്ന കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്കാരെ അമേരിക്കയിൽ എത്തിക്കുന്നത്. മറൈൻ ഫാബ്രിക്കേഷൻ കമ്പനിക്കായി അമേരിക്കയിൽ എത്തിയ തൊഴിലാളികൾ 10,000 ഡോളർ വീതം റിക്രൂട്ടിങ് ഏജൻസിക്കു നൽകിയതായും പറയപ്പെടുന്നു.

2006ൽ അമേരിക്കയിൽ എത്തിയ ഇവർക്ക് പിന്നീട് നരകയാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാസം 1050 ഡോളർ വീതം ശമ്പളം പറ്റി, 1800 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള താമസസ്ഥലത്ത് രണ്ടു ഡസനോളം ആൾക്കാർ തിങ്ങിഞെരുങ്ങി ജീവിക്കേണ്ട ഗതികേടിലായിരുന്നു എന്നും പറയപ്പെടുന്നു. മിസിസിപ്പിയിലുള്ള സിഗ്‌നലിന്റെ ഷിപ്പ്യാർഡിലായിരുന്നു ഇവരുടെ ലേബർ ക്യാമ്പ്.

രണ്ടു വർഷത്തോളം അടിമ ജീവിതം നയിച്ച ഇവർ പിന്നീട് 2008ലാണ് സിഗ്‌നൽ ഇന്റർനാഷണലിനെതിരേ ആദ്യമായി കേസ് ഫയർ ചെയ്യുന്നത്. ഒരു വർഷത്തിലധികം നൂറുകണക്കിന് ഇന്ത്യൻ തൊഴിലാളികൾ സിഗ്‌നൽ ഇന്റർനാഷണലിനു വേണ്ടി അടിമകളെപ്പോലെയാണ് പണി ചെയ്തിരുന്നുവെന്ന് 2008 മാർച്ചിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഇന്ത്യൻ തൊഴിലാളിയായ സാബുലാൽ വിജയൻ പറഞ്ഞു. ഇത്തരത്തിലുള്ള മനുഷ്യക്കടത്തിന് അവസാനം കാണണമെന്നും തൊഴിലാളികൾ സ്വാതന്ത്ര്യം അനുഭവിക്കാൻ പോകുകയാണെന്നും മാർച്ചിനെ തുടർന്നു നടത്തിയ പ്രസംഗത്തിൽ ഇവർ പ്രഖ്യാപിച്ചു.

തൊഴിലാളികൾ ഫയൽ ചെയ്ത കേസിൽ ഫെബ്രുവരി 18നാണ് ഓർലാൻസ് ജൂറി അഞ്ചു തൊഴിലാളികൾക്ക് 14 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരം വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. ലേബർ ട്രാഫിക്കിങ് കേസിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി വിധിക്കുന്നത്. ജേക്കബ് തോമസ് കടക്കരപ്പള്ളി, ഹേമന്ത് ഖുട്ടാൻ, ആൻഡ്രൂസ് ഐസക് പടവീട്ടിയിൽ, സോണി വാസുദേവൻ സുലേഖ, പളനിയാണ്ടി തങ്കമണി എന്നിവർക്കാണ് ഈ നഷ്ടപരിഹാരത്തുക അനുവദിച്ചിരിക്കുന്നത്.

സിഗ്‌നൽ ഇന്റർനാഷണലിനെതിരേ കേസ് ഫയൽ ചെയ്തിട്ടുള്ള മറ്റു തൊഴിലാളികളും തങ്ങൾക്ക് നീതി നടപ്പാക്കി കിട്ടുമെന്ന വിശ്വാസത്തിൽ കോടതി വിധി കാത്തിരിക്കുകയാണിപ്പോൾ. ഗുജറാത്ത് സ്വദേശിയായ സുരേഷ്ഭായി പട്ടേൽ ഫെബ്രുവരി ആറിന് അമേരിക്കൻ പൊലീസിന്റെ മർദനത്തെ തുടർന്ന് ഭാഗികമായി തളർന്ന സംഭവത്തിൽ അലാബാമ ഗവർണർ അറ്റ്‌ലാന്റ ഇന്ത്യൻ കോൺസുലിന് ഫെബ്രുവരി 17ന് കത്തെഴുതിയതിനു പിറ്റേന്നാണ് ഓർലാൻസ് ജഡ്ജി ഇന്ത്യക്കാർക്ക് അനുകൂലമായി വിധിച്ചത് എന്നതും ശ്രദ്ധേയമാണ്. മകന്റെ ഒപ്പം താമസിക്കാൻ എത്തിയ സുരേഷ്ഭായി പട്ടേലിനെ സംശയത്തിന്റെ പേരിൽ മാഡിസൺ പൊലീസ് മർദിക്കുകയും തുടർന്ന് പട്ടേലിന്റെ ശരീരം ഭാഗികമായി തളരുകയുമായിരുന്നു. സംഭവത്തിൽ ഖേദിക്കുന്നുവെന്നും തുടർന്ന് ക്ഷമാപണം നടത്തിയുമാണ് ഗവർണർ റോബർട്ട് ബെന്റ്‌ലി കോൺസുൽ ജനറൽ അജിത്ത് കുമാറിന് കത്തെഴുതിയിരിക്കുന്നത്. സംഭവത്തിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഏതാനും മാസങ്ങൾക്കു മുമ്പ് കറുത്തവർഗക്കാരനായ ഒരാളെ പൊലീസ് വെടിവച്ചു കൊന്ന ഫെർഗൂസൺ സംഭവത്തിൽ ഇല്ലാത്ത ശുഷ്‌കാന്തി അമേരിക്കൻ പൊലീസിന് ഇന്ത്യക്കാരുടെ കാര്യത്തിൽ എങ്ങനെ വന്നുവെന്നാണ് ചോദ്യമുയരുന്നത്. ഇത് ഉയർത്തിക്കാട്ടി ചില മാദ്ധ്യമങ്ങളിൽ റിപ്പോർട്ടും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

മിസൗറിയിലെ ഫെർഗൂസനിലുള്ള മൈക്കിൾ ബ്രൗൺ എന്ന കറുത്തവർഗക്കാരനായ പതിനെട്ടുകാരനെ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ഓഗസ്റ്റിൽ നടന്ന ഈ വെടിവയ്പ് ഒട്ടേറെ കോലാഹലമുയർത്തിയെങ്കിലും ഫെർഗൂസൻ സംഭവം പട്ടേൽ സംഭവത്തോളം അന്താരാഷ്ട്ര ശ്രദ്ധയൊന്നും പിടിച്ചുപറ്റിയില്ല. ഫെർഗൂസനിൽ വർഗീയ കലാപം വരെ ഉയർന്ന സാഹചര്യത്തിൽ ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

മൈക്കിൾ ബ്രൗൺ കറുത്തവർഗക്കാരനും സുരേഷ്ഭായ് പട്ടേൽ വിദേശീയും ഇന്ത്യക്കാരനും ആയതിനാലാണോ അമേരിക്കൻ പൊലീസിന്റെ നടപടികളിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടുന്നത്.