- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരത്തിലിരിക്കുന്നവർ ചൈനയുടെ പേര് പറയാൻ പേടിക്കുന്നതെന്തിന്? രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണം; പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനെതിരെ കോൺഗ്രസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ വിമർശിച്ചു കോൺഗ്രസ്. രാജ്യത്ത് അധികാരത്തിലിരിക്കുന്നവർ എന്തിനാണ് ഇന്ത്യയിൽ അധിനിവേശം നടത്തിയ ചൈനയെ എന്തിനാണ് ഭയക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും എല്ലാ ഇന്ത്യക്കാർക്കും സൈനികരിൽ അഭിമാനമുണ്ടെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാനും ചൈനയെ പുറന്തള്ളാനും എന്താണ് ചെയ്തതെന്ന് എല്ലാ ഇന്ത്യക്കാരും കേന്ദ്രത്തോട് ചോദ്യമുന്നയിക്കണമെന്നം സുർജോവാല അഭിപ്രായപ്പെട്ടു.
അതിർത്തിയിലെ പ്രകോപനങ്ങൾക്ക് ഇന്ത്യ അതേ നാണയത്തിൽ മറുപടി നൽകിയെന്നായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ചൈനയുടെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പ്രസംഗം. ഇത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വിമർശനം. 'എല്ലാ കോൺഗ്രസ് പ്രവർത്തകരും 130 കോടി ഇന്ത്യക്കാരും രാജ്യത്തിന്റെ സൈന്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ്. അവർക്ക് സൈന്യത്തിൽ പൂർണ വിശ്വാസവുമുണ്ട്. ആക്രമണം നടക്കുമ്പോഴെല്ലാം ചൈനയ്ക്ക് ഉചിതമായ മറുപടി നൽകിയതിന് സേനയെ അഭിവാദ്യം ചെയ്യുന്നുയ എന്നാൽ അധികാരത്തിൽ ഇരിക്കുന്നവരുടെ കാര്യമോ? ചൈനയുടെ പേര് പരാമർശിക്കാൻ പോലും അവർ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്', സുർജേവാല ചോദിച്ചു.
'ചൈന ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ച ആ നിമിഷം മുതൽ ചൈനയെ തള്ളി രാജ്യത്തെ സംരക്ഷിക്കാൻ എന്താണ് ചെയ്തതെന്ന് ഓരോ ഇന്ത്യക്കാരനും സർക്കാരിനോട് ചോദിക്കണം. ഈ സ്വാതന്ത്ര്യ ദിനത്തിൽ ആ ചോദ്യമാണ് ഉയരേണ്ടത്. അതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ ബോധം', സുർജേവാല വ്യക്തമാക്കി. നമ്മുടെ സർക്കാരിന് ജനാധിപത്യത്തിൽ വിശ്വാസമുണ്ടോ? നമ്മുടെ സർക്കാർ പൊതുജനാഭിപ്രായങ്ങളിൽ വിശ്വാസിക്കുന്നുണ്ടോ? നമുക്ക് സംസാരിക്കാനും യാത്ര ചെയ്യാനും ഇഷ്ടമുള്ളത് ധരിക്കാനും ഇഷ്ടമുള്ളത് ചെയ്യാനും ജീവനോപാധികൾ കണ്ടെത്താനുമുള്ള സ്വാതന്ത്ര്യമുണ്ടോ? അതോ അവയും നിഷേധിക്കപ്പെട്ടു കഴിഞ്ഞോ എന്നും സുർജേവാല ചോദിച്ചു.
'പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയും റെയിൽവെയും വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കുന്ന എൽ.ഐ.സി മുതൽ എഫ്സിഐ വരെ എല്ലാം തകർക്കുന്ന ഒരു സർകക്കാരിന് രാജ്യത്തിന്റെ സ്വാതന്ത്ര്യം സുരക്ഷിതമായി നിലനിർത്താൻ കഴിയുമോ? സ്വാതന്ത്ര്യത്തെ അതിന്റെ പൂർണാർത്ഥത്തിൽ നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെയും ഓരോ പൗരന്മാരുടെയും കടമയാണ്', സുർജേവാല കൂട്ടിച്ചേർത്തു.
കോൺഗ്രസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുർജേവാല. പാർട്ടി ദേശീയാധ്യക്ഷ സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മുതിർന്ന നേതാവ് എ.കെ ആന്റണിയാണ് പതാക ഉയർത്തിയത്. പാർട്ടി നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തെങ്കിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.