- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവിതാംകൂർ രാജാവിനൊപ്പം റാണിയും ശബരിമല സന്ദർശിച്ചിട്ടുണ്ടെന്ന് ചരിത്രം; ദേവസ്വം ബോർഡ് ബോർഡ് ഭാഗികമായി സ്ത്രീ സന്ദർശനത്തിന് അനുകൂലം; തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിച്ചാൽ എന്താണ് കുഴപ്പം? നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ത്രീകൾ ക്ഷേത്രദർശനം നടത്തിയിരുന്നോ? പലതവണ കേരളത്തിൽ ചർച്ചാവിഷയമായ കാര്യമാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ വിഷയം. എന്നാൽ, ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുമുണ്ടായ പരാമർശത്തോടെ വിഷയം കൂടുതൽ ഗൗരവത
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിച്ചാൽ എന്താണ് കുഴപ്പം? നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ത്രീകൾ ക്ഷേത്രദർശനം നടത്തിയിരുന്നോ? പലതവണ കേരളത്തിൽ ചർച്ചാവിഷയമായ കാര്യമാണ് ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ വിഷയം. എന്നാൽ, ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുമുണ്ടായ പരാമർശത്തോടെ വിഷയം കൂടുതൽ ഗൗരവത്തോടെ തന്നെയാണ് നീങ്ങുന്നത്. അന്യമതസ്ഥർക്ക് പ്രവേശനമുള്ള ക്ഷേത്രത്തിൽ സ്ത്രീകളെ മാത്രം മാറ്റിനിർത്തുന്നത് എന്തിനെന്ന സ്വാഭാവിക ചോദ്യം കോടതി ഉന്നയിച്ചു കഴിഞ്ഞു. കാലങ്ങളായി തുടർന്നു പോരുന്ന ആചാരം എന്ന നിലയിലാണ് ഇതിനെ നോക്കികണ്ടതെന്ന് പറഞ്ഞ് ദേവസ്വം ബോർഡും തടിയൂരിയിട്ടുണ്ട്. എന്നാൽ, അവിടം കൊണ്ടൊന്നും വിവാദങ്ങൾ തീരില്ലെന്നത് ഉറപ്പാണ്.
ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒരിക്കലും കോടതി വിധികളും മാമൂലൂകളും സ്ത്രീകൾക്ക് അനുകൂലമായി വന്നിട്ടില്ല. ഇപ്പോൾ ആധുനിക കാലഘട്ടത്തിൽ ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റം വരുമോ എന്നതാണ് ഇനി അറിയേണ്ടത്. ഹൈക്കോടതി വിധിയും ദേവപ്രശ്‌നങ്ങളുമൊക്കെ വച്ചുനോക്കിയിട്ടും സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കേണ്ട എന്നാണ് വിധിയെഴുതിയത്.
അതേസമയം ശബരിമലയിൽ മുമ്പ് സ്ത്രീകൾ പ്രവേശിച്ചിരുന്നുവെന്ന വിധത്തിൽ ചരിത്രത്തിലും ചില രേഖപ്പെടുത്തലുകളുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ 1500 വർഷങ്ങൾക്ക് മുമ്പ് സ്ത്രീകൾ ക്ഷേത്രത്തിലെത്തി ആരാധന നടത്തിയിരുന്നില്ലെന്ന് എങ്ങനെ വ്യക്തമാക്കുമെന്ന് ഇപ്പോൾ സുപ്രീംകോടതി പറയുമ്പോൾ അക്കാര്യത്തിന് കൂടുതൽ ആധികാരികത കൈവരുകയാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ വന്ന ഹർജിയും അതിൽ നടന്ന വാദപ്രതിവാദങ്ങളും ഇതുസംബന്ധിച്ച ഒട്ടേറെ ചരിത്ര വസ്തുതകളും വിശ്വാസ പ്രമാണങ്ങളും പുറത്തു കൊണ്ടുവന്നിട്ടുണ്ട്.
1938-39 കാലയളവിൽ തിരുവിതാംകൂർ മഹാരാജാവും റാണിയും ശബരിമല ദർശനം നടത്തിയെന്നത് ചരിത്രത്തിൽ രേഖപ്പെടുത്തിയ കാര്യമാണ്. അതുകൊണ്ട് തന്നെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന വാദവും ശക്തമായിരുന്നു ഉയർന്നിരുന്നു. എന്നാൽ, അന്നൊന്നും ഈ വാദത്തിന് അംഗീകാരം ലഭിച്ചില്ല.
1950ൽ അഗ്‌നിബാധയെതുടർന്ന് പുനഃപ്രതിഷ്ഠ നടത്തുന്നതിനു മുമ്പും 10നും 50നും ഇടയിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നില്ല എന്ന് തന്ത്രി താഴമൺമഠത്തിൽ നീലകണ്ഠര് കോടതിയെ ബോധിപ്പിച്ചു. എന്നാൽ ദേവസ്വം ബോർഡിന്റെ നിലപാട് ഇതിനു വിരുദ്ധമായിരുന്നു. 1938-39 കാലയളവിൽ തിരുവിതാംകൂർ മഹാരാജാവും റാണിയും ശബരിമല ദർശനം നടത്തിയെന്ന് ദേവസ്വം ബോർഡ് കോടതിയെ ബോധിപ്പിച്ചു. മണ്ഡല, മകരവിളക്ക്, വിഷു കാലത്തൊഴികെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നും ബോർഡ് നിലപാടെടുത്തു.
എന്നാൽ ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ച് അവസാന വാക്കായ തന്ത്രിയുടെ നിലപാടായിരുന്നു ഹൈക്കോടതി അംഗീകരിച്ചത്. 1995 ഏപ്രിലിൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌നം സ്ത്രീകൾ ആർത്തവാരംഭത്തിനു മുമ്പും ആർത്തവവിരാമം കഴിഞ്ഞും മാത്രമേ ക്ഷേത്രദർശനം നടത്താവൂ എന്ന് വിധിച്ചു. ഇതു തെറ്റിച്ച സ്ത്രീകൾ കയറി ഇതിനകം ക്ഷേത്രം അശുദ്ധമാക്കിയെന്ന കണ്ടെത്തലും ദേവ പ്രശ്‌നത്തിലുണ്ടായി.
എന്നാൽ ഭക്തരെയും ഹൈന്ദവ സംഘടനകളെയും പന്തളം രാജാവിനെയും ഒഴിവാക്കി ശബരിമലയിൽ രഹസ്യമായി നടത്തിയ ദേവപ്രശ്‌നം സ്വീകാര്യമല്ലെന്ന് ഹിന്ദു ഐക്യവേദി നിലപാടെടുത്തത് വിവാദമായി. സ്വാമി സത്യാനന്ദ സരസ്വതി ആയിരുന്നു അന്ന് ഹിന്ദു ഐക്യവേദി ചെയർമാൻ. ഈ സംഭവത്തിന് ശേഷം നടി ജയമാല ക്ഷേത്രസന്ദർശനത്തിന് എത്തിയപ്പോൾ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രത്തിൽ എത്തി വിഗ്രഹം തൊട്ടുവെന്നാണ് അന്ന് നടി വെളിപ്പെടുത്തിയത്. ഇതേതുടർന്ന് നിരവധി വിവാദൾ ഉണ്ടാകുകയും ചെയ്തു. ആന്ധ്രാ സ്വദേശിനിയായ യുവതിയും പതിനെട്ടാം പടി ചവിട്ടിയിരുന്നു. ഇതിനേതുടർന്ന് പഞ്ചപുണ്യാഹം നടത്തുകയും ചെയ്തു.
അതേസമയം എഴുത്തച്ഛന്റെ ഹരിനാമകീർത്തനത്തിൽ പോലും സ്ത്രീകൾ ആർത്തവ സമയത്ത് ക്ഷേത്രദർശനം നടത്തുന്നതിനെ കുറ്റം പറയുന്നില്ല. ഈ സാഹചര്യത്തിൽ ശബരിമലയിലും ഉചിതമായ മാറ്റം വേണമെന്ന ആവശ്യങ്ങൾ ഉയർന്നിരുന്നു. അടുത്തകാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ സ്ത്രീകൾക്ക് അമ്പലത്തിൽ കയറാനുള്ള ശുദ്ധിയുണ്ടോ എന്ന് അറിയാൻ കഴിയുന്ന സ്‌കാനിങ് മെഷീൻ വരുന്ന കാലത്ത് അവരുടെ ശബരിമല പ്രവേശനത്തെ കുറിച്ച് ചർച്ചചെയ്താൽ മതിയെന്ന് പറഞ്ഞിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവച്ചതിനെ തുടർന്നാണ് വിഷയം വീണ്ടും കോടതിയുടെ മുമ്പിൽ എത്തിയത്.