ദേവികുളം: സിപിഎം ഭരിക്കുമ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയാണ് അതാത് ജില്ലയിലെ പൊലീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് വഴങ്ങിയില്ലെങ്കിൽ അവരെ തുരത്തും എന്നതാണ് അവരുടെ ശൈലി. ഈ ശൈലി ഇപ്പോഴും തുടർന്നു പോരുന്നുണ്ട്. എന്നാൽ, നീതിയുടെ പക്ഷത്തു നിന്നു പോരാടുന്ന ഉദ്യോഗസ്ഥർ പോലും സിപിഎം നേതാക്കളുടെ പകപോക്കലിന് ഇരയാകും. കഴിഞ്ഞ ദിവസം മുന്നാറിൽ പണിമുടക്കുമായി ബന്ധപ്പെട്ട് നടന്ന വഴിതടയൽ സമരത്തിൽ ദേവികുളം എം എൽ എ രാജയെ കയ്യേറ്റം ചെയ്തു എന്നാരോപിച്ചു സ്ഥലം മാറ്റിയത് ഇത്തരത്തിൽ നീതിമാനായ ഒരു ഉദ്യോഗസ്ഥനെയാണ്. മൂന്നാർ എസ്‌ഐ സാഗറിനെതിരാണ് ഇന്നലെ മിന്നൽ വേഗത്തിൽ നടപടി എത്തിയത്.

സാഗറിനെ ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയത്. എസ്‌പിയുടെതാണ് ഉത്തരവ്. ഇന്നലെ ഉച്ചക്ക് നടന്ന സംഭവത്തിൽ സിപിഎം നേതാക്കളുടെ പരാതിക്ക് പിന്നാലെയാണ് നടപടി വന്നത്. എന്നൽ, ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കാൻ തുനിഞ്ഞതാണ് ഈ ഉദ്യോഗസ്ഥൻ ചെയ്ത തെറ്റ്. ഇന്നലെ എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് തടസപ്പെടുത്തുന്ന വിധത്തിൽ പൊതുയോഗം നടത്തിയപ്പോഴാണ് പൊലീസ് ഇടപെടൽ നടത്തിയത്.

തുടർന്ന് ട്രേഡ് യൂണിയൻ പ്രവർത്തകരുമായി പൊലീസ് ഉദ്യോഗസ്ഥൻ വാക്കേറ്റം നടത്തുകയായിരുന്നു. പിന്നാലെയെത്തിയ സിഐ മനേഷിനെ പ്രവർത്തകർ ആക്രമിക്കാൻ തുനിഞ്ഞു. തള്ളി മാറ്റിയത് കണ്ടപ്പോഴാണ് എസ്‌ഐ സാഗർ പ്രവർത്തകരെ തള്ളിമാറ്റിയത്. ഇത് തടയാൻ വെല്ലുവിളിയുമായി എംഎൽഎ രാജ എത്തുകയായിരുന്നു. എന്നാൽ എംഎൽഎക്ക് ഒപ്പമുണ്ടായിരുന്നവാണ് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തും വിധത്തിൽ പെരുമാറിയത്.

എന്നാൽ, സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി എന്നടക്കമുള്ള ആരോപണമാണ് സിപിഎം നേതാക്കൾ ഉന്നയിച്ചത്. ഇത് തെറ്റാണെന്ന് എസ്‌ഐ സാഗർ ആശുപത്രിയിൽ അഡ്മറ്റായതോടെ വ്യക്തമാകുകയും ചെയത്ു. എസ് ഐയ്ക്കുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റൽ നടപടിയും ഉണ്ടായത്.

എസ് ഐ സാഗറിനെ സ്ഥലം മാറ്റിയതിന് പിന്നാലെ അദ്ദേഹത്തിന് എതിരായ നടപടി സൈബർ ഇടത്തിലും ചർച്ചയായിട്ടുണ്ട്. തന്റെ ജോലി നിർവഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് തെറ്റായ നടപടിയാണെന്ന വിമർശനമാണ ഉയർന്നത്. ഇത് ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ പ്രതികാരമാണെന്ന വിധത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. സി വി വർഗീസ് ജില്ലാ സെക്രട്ടറിയാകുന്നതിന് മുമ്പ് ചെറുതോണിയിൽ വെച്ച് സാഗറും വർഗീസും തമ്മിൽ ഫോണിൽ കോർത്തിരുന്നു. ഈ ഓഡിയോ അന്ന് സൈബറിടത്തിൽ വൈറലായിരുന്നു.

കോവിഡ് കാലത്ത് നിയമം നടപ്പിലാക്കാൻ വേണ്ടി അൽപ്പം ചൂടനാകുന്ന എസ് ഐ സാഗറിന് സൈബർ ലോകത്തു നിന്നും വലിയ പിന്തുണയാണ് അന്ന് ലഭിച്ചത്. ആരെയും കൂസാത്ത ശൈലി തന്നെയാണ്. ഭീഷണിപ്പെടുത്തിയ ഇടുക്കിയിലെ സിപിഎം നേതവായിരുന്നു സി വി വര#്ഗീസിനെയാണ് അന്ന് സാഗർ കണ്ടംവഴി ഓടിച്ചത്.

ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി ആകുന്നതിന് മുമ്പാണ് നിയമവിരുദ്ധമായ കാര്യം ചെയ്യാൻ വേണ്ടി എസ് ഐ സാഗറിനെ പ്രേരിപ്പിച്ചു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. എന്നാൽ ഭീഷണിപ്പെടുത്തിയ നേതാവിനെ അതേനാണയത്തിൽ നേരിടുകയാണ് എസ്ഐ സാഗർ ചെയ്തത്. ആദ്യം എന്തിനാണ് ഡിവൈഎഫ്ഐക്കാരന് ഫൈൻ ചുമത്തിയത് എന്ന് നേതാവിനോട് വിശദീകരിച്ചു. അതുകേൾക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് ഭീഷണി പുറത്തെടുക്കുകയായിരുന്നു. എന്നാൽ, ഈ ഭീഷണിക്ക് വഴങ്ങാതെ തന്റെ നിലപാടിൽ ഉറച്ചു നൽക്കുകയായിരുന്നു എസ്ഐ സാഗർ.

ചെറുതോണിയിൽ ഡിവൈഎഫ്ഐ നേതാവ് പെഡസ്ട്രീയൽ ലൈനിൽ വാഹനം പാർക്കിങ് ചെയ്തതാണ് പ്രശ്നം എന്നാണ് എസ്ഐ നേതാവിനോട് പറഞ്ഞത്. ഇതിന് 250 രൂപ അടയ്ക്കാൻ ഡിവൈഎഫ്ഐകകാരനോട് പറഞ്ഞപ്പോൾ അത് കേട്ടില്ല. കൂടാതെ മോശമായി സംസാരിക്കുകയും ചെയ്തു. ഇതോടയാണ് ബുക്കും പേപ്പറും എടുത്തു കൊണ്ടുവരാൻ നിർദ്ദേശിച്ചത്. എന്നാൽ, പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് 2200 രൂപ ഫൈൻ ഈടാക്കിയതെന്നും സാഗർ നേതാവിനോട് വിശദീകരിച്ചു. വെറുതേയല്ല താൻ നടപടി സ്വീകരിച്ചത് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

എന്നാൽ, ഈ വിശദീകരണത്തിൽ തൃപ്തനാകാതെ വന്ന സിവി വർഗീസ് ഒരു മര്യാദയൊക്കെ വേണ്ടേ എന്നായി എസ്ഐയോടുള്ള ചോദ്യം. ഇങ്ങോട്ടു മര്യാദ ഉണ്ടെങ്കിൽ അങ്ങോട്ടും മര്യാദ ഉണ്ടാകുമെന്ന് എസ്ഐയുടെ മറുപടി. ഇതോടെ വെല്ലുവിളി സ്വരത്തിലേക്ക് നേതാവ് മാറി. പുറത്തിറങ്ങിയാൽ കാണിച്ചുതരാം എന്ന ശൈലിയിലായി ഭീഷണിപ്പെടുത്തൽ. മര്യാദ എവിടം വരെ പോകുമെന്ന് നോക്കാമെന്നു നോക്കാമെന്നുമായി ഭീഷണി. ഈ ഭീഷണിക്കും ഉരുളക്കുപ്പേരി പോലെ മറുപടി നൽകുകയിരുന്നു.

ഇതോടെ ന്യായം പറയാതെ ഒഴിവാക്ക് സാറെ എന്നായി സി വി വർഗീസ്. ഞാൻ ആരുടെയും ചെലവിൽ എസ്ഐ ആയ ആളല്ല. ഇതുകൊണ്ട് ഇങ്ങോട്ട് ഓർഡർ ഇടണ്ട.. തറപ്പിച്ചു പറഞ്ഞു എസ് ഐ സാഗർ. ഓർഡർ ഇടേണ്ട എന്നു തന്നെയാണ് പറഞ്ഞതെന്ന് അടിവരയിട്ടു പറയുകയും ചെയ്തു. ഇതോടെ എസ്ഐ സ്ഥാനം ലോകത്തിന് മുകളിലായി ആകാശത്തിരിക്കുന്ന സ്ഥാനമൊന്നും അല്ലല്ലോ എന്നാൽ വർഗീസിന്റെ ഭീഷണി. ഇതിനും ഉരുളക്കുപ്പേരി മറുപടിയായിരുന്നു നേതാവിൽ നിന്നും ഉണ്ടായത്. സാറും അങ്ങനെ അല്ലല്ലോ എന്നായിരുന്നു നേതാവിനോടായി എസ്ഐ സാഗർ പറഞ്ഞത്.

എസ്ഐയെ നേതാവ് ഭീഷണിപ്പെടുത്തുന്ന സംഭാഷണം സൈബർ ലോകത്തും പ്രചരിച്ചതോടെ അദ്ദേഹത്തിന് വേണ്ടി അന്ന് കൈയടികൾ ഉയർന്നിരുന്നു. ഐഎഎഎസുകാരെയും ഐപിഎസുകാരെയും വിറപ്പിക്കുന്ന ഇടുക്കിയിലെ തലതൊട്ടപ്പനായ സിപിഎം നേതാവിനെ കണ്ടം വഴി ഓടിക്കുകയായിരുന്നു എസ്ഐ സാഗർ. ഒറ്റതന്തയ്ക്ക് പിറന്ന് മിടക്കന്മാരായ പൊലീസുകാർ കേരളാ പൊലീസിൽ ഉണ്ടെന്നും മറ്റുമുള്ള കമന്റുകളാണ് സൈബർ ലോകത്ത് നിറഞ്ഞത്. അന്നത്തെ സംഭവത്തിന്റെ പ്രതികാരമാണ് മൂന്നാറിൽ സിപിഎം ജില്ലാ സെക്രട്ടറി തീർത്തത് എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.

രാഷ്ട്രീയക്കാരെ കൂസാതെ ജോലി ചെയ്യുന്നതു കൊണ്ട് തന്നെ എസ്‌ഐ സാഗറിന് സ്ഥലംമാറ്റങ്ങളും നിരവധി ലഭിച്ചിട്ടുണ്ട്. ഇക്കാലത്തെ സർവീസിനിടെ 12 തവണയാണ് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചത്. രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാണെങ്കിലും എസ്‌ഐ ആയിരുന്ന പ്രദേശത്തെ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്നു എസ്‌ഐ സാഗർ. 2014ലാണ് സാഗർ പൊലീസ് കുപ്പായത്തിൽ കയറിയത്.