തിരുവനന്തപുരം : റഷ്യ - യുക്രെയിൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ജീവിതവും പഠനവും പെരുവഴിയിലായ കുറെ മെഡിക്കൽ വിദ്യാർത്ഥികൾ നമുക്കിടയിലുണ്ട്. എന്തിനുമേതിനും സംഘടന ഉണ്ടാക്കുന്ന ഈ നാട്ടിൽ യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ പിള്ളേരും ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു - തുടർ വിദ്യാഭ്യാസം ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിൽ മടങ്ങിയെത്തി പ്രാക്ടീസ് തുടങ്ങണമെങ്കിൽ നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ എം സി ) നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് എക്‌സാമിനേഷൻ (എഫ് എം ജിഇ) പാസാവണം. കേവലം 20 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ഈ പരീക്ഷ പാസാവുന്നത്. പ്രതിവർഷം 20000 ത്തിലധികം കുട്ടികളാണ് യുക്രൈനിലും മറ്റും പോയി മെഡിക്കൽ കോഴ്സുകൾക്ക് ചേരുന്നത്. ഇവരിൽ ചെറിയൊരു ശതമാനത്തിനാണ് എൻ എം സി യുടെ (പഴയ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ - ഐ എം സി ) ടെസ്റ്റ് പാസാവാൻ കഴിയുന്നത്. 2021 ൽ വിദേശത്ത് നിന്ന് എംബിബിഎസ് ബിരുദം നേടിയവരിൽ എൻ എം സി യുടെ ടെസ്റ്റ് എഴുതിയ 40740 വിദ്യാർത്ഥികളിൽ കേവലം 10, 007 പേരാണ് പാസായത്.

ബാക്കിയുള്ള വിദ്യാർത്ഥികൾ എവിടെ പോവുന്നു, എന്തു ചെയ്യുന്നു എന്നാർക്കും അറിയില്ല. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസവുമായി താരതമ്യമുള്ള, അംഗീകാരമുള്ള വിദേശ മെഡിക്കൽ കോളജുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഇത്രയേറെ കുട്ടികൾ വിദേശത്ത് പോയി പഠിച്ചിട്ട് ഇങ്ങനെ അലയേണ്ടി വരില്ല. മെഡിക്കൽ കൗൺസിൽ വിദേശ മെഡിക്കൽ ബിരുദക്കാർക്കായി നടത്തുന്ന ക്വാളിഫയിങ് എക്‌സാം കടുകട്ടിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ക്വാളിഫയിങ് പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടിയാൽ മാത്രമേ ടെസ്റ്റ് പാസായതായി കണക്കാക്കുകയുള്ളു. വർഷത്തിൽ രണ്ട് പ്രാവശ്യം എൻ എം സി ഈ യോഗ്യതാ പരീക്ഷ നടത്താറുണ്ട്. 50 ശതമാനം മാർക്ക് വേണമെന്ന മാനദണ്ഡം മാറ്റണമെന്ന് വിദേശ മെഡിക്കൽ വിദ്യാർത്ഥികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മെഡിക്കൽ കൗൺസിൽ ഇക്കാര്യം പരിഗണിക്കാൻ തയ്യാറായിട്ടില്ല. നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എംബിബിഎസ് ബിരുദധാരികളിൽ ഒട്ടുമിക്കവരും മെഡിക്കൽ കൗൺസിലിന്റെ യോഗ്യതാ പരീക്ഷ പാസാവുന്നതായാണ് രേഖകൾ സൂചിപ്പിക്കൂന്നത്. ചൈന, യുക്രൈൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പഠിച്ചു വന്നവരാണ് യോഗ്യതാ പരീക്ഷയിൽ തോറ്റു പോവുന്നത്.

എന്നാൽ രാജ്യത്ത് ഓരോ വർഷവും നീറ്റ് പരിക്ഷ എഴുതുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. 13.66 ലക്ഷം പേരാണ് 2020ൽ നീറ്റ് പരീക്ഷ എഴുതിയത്. ഇവരിൽ 7. 71 ലക്ഷം പേർ യോഗ്യത നേടി. 2021 ൽ 8 .7 ലക്ഷം യോഗ്യതാ പരീക്ഷ പാസായി. ഇന്ത്യയിൽ എംബിബി എസി ന് കേവലം 90000 സീറ്റുകൾ മാത്രമാണുള്ളത്.

എന്തു കൊണ്ട് യുക്രെയിൻ ?

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിന് ലോകമെമ്പാടും അറിയപ്പെടുന്ന രാജ്യമാണ് യുക്രെയിൻ. ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്നു.മെഡിക്കൽ സീറ്റുകൾക്ക് പ്രവേശന പരീക്ഷയില്ല:യുക്രെയ്‌നിൽ മെഡിസിൻ പഠിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. വിദ്യാർത്ഥികൾക്ക് സീറ്റ് നൽകുന്നതിന് പ്രശസ്ത മെഡിക്കൽ സ്ഥാപനങ്ങൾ പ്രവേശന പരീക്ഷയൊന്നും നടത്തുന്നില്ല എന്നതാണ്. ഇന്ത്യയിൽ, പ്രവേശന പരീക്ഷകളിൽ വിജയിക്കുന്നതിനും മെഡിക്കൽ കോളേജുകളിൽ സീറ്റ് നേടുന്നതിനും വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതിനാൽ അവർ യുക്രെയ്ൻ തിരഞ്ഞെടുക്കുന്നു.

ഇന്ത്യൻ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിൽ മെഡിക്കൽ പഠനം എത്ര ചെലവേറിയതാണെന്ന് എല്ലാവർക്കും അറിയാം, ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ യുക്രെയ്ൻ താരതമ്യേന ചെലവ് കൂറഞ്ഞ രാജ്യമാണ്. യുക്രെയിനിൽ നിന്ന് മെഡിക്കൽ ബിരുദം നേടി മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് പരീക്ഷ എഴുതുന്നതിനാൽ അവർക്ക് ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസിന് യോഗ്യരാകും.

ഇന്ത്യയിലെ സീറ്റുകളുടെ ദൗർലഭ്യം

കോഴ്സ് പഠിക്കാൻ താൽപ്പര്യമുള്ള ധാരാളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നിട്ടും ഇന്ത്യ മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് വളരെ പരിമിതമായ സീറ്റ് നൽകുന്നു. രാജ്യത്ത് ഏതാണ്ട് 90 ,000-ഓളം എംബിബിഎസ് സീറ്റുകളുണ്ട്, ഈ സീറ്റുകളിലേക്ക് കഴിഞ്ഞ വർഷം 1.61 ദശലക്ഷം ഉദ്യോഗാർത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.

സ്ഥാപനത്തിൽ പ്രവേശനം നേടുന്നതിന് മുമ്പ് വിദ്യാർത്ഥികൾ ചിന്തിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് ഭാഷ, മെഡിക്കൽ കോഴ്‌സുകളുടെ കാര്യത്തിൽ അത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. യുക്രെയ്‌നിലെ എല്ലാ കോളേജുകളിലും, മറ്റ് വിദേശ രാജ്യങ്ങളിൽ നിർബന്ധിതമായി മാറുന്ന വിദേശ ഭാഷകൾ പഠിക്കേണ്ടതില്ല എന്നതിനാൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് കൂടുതൽ ലളിതമായി അനുഭവപ്പെടുന്നു.വൈദ്യശാസ്ത്രത്തിൽ ഏറ്റവുമധികം ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും സ്‌പെഷ്യലൈസേഷനുകളുള്ള യുക്രെയിൻ യൂറോപ്പിൽ 4-ാം സ്ഥാനത്താണ്.

എംബിബിഎസ് പഠനത്തിന് വളരെ കുറഞ്ഞ ഫീസ് നൽകാൻ സാധിക്കുന്നു എന്നതിനൊപ്പം തന്നെ കുറഞ്ഞ ജീവിത ചെലവും വിദ്യാർത്ഥികളെ ഇങ്ങോട്ട് ആകർഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. മറ്റ് വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടുത്തെ ജീവിത ചെലവ് വളരെ കുറവാണ്. വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. അതിനാൽ യുക്രെയ്‌നിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഒരു മൾട്ടി കൾച്ചറൽ അന്തരീക്ഷത്തിൽ ജീവിക്കാനും പഠനം നടത്താനും സാധിക്കുന്നുണ്ട്.