തിരുവല്ല: ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രി ഹെലികോപ്ടർ യാത്ര നടത്തിയെന്ന വാർത്ത പുറത്തു വിട്ടത് മാതൃഭൂമി ന്യൂസാണ്. എന്നാൽ പിറ്റേന്ന് പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തിൽ ഇതു സംബന്ധിച്ച് ഒറ്റവരി വാർത്ത പോലുമുണ്ടായില്ല. കഴിഞ്ഞ ഒമ്പതിനാണ് ചാനൽ വാർത്തയിട്ട് അലക്കിയത്.

പത്താം തീയതി മറ്റു പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ വാർത്ത വന്നു. ഉൾപ്പേജുകളിൽ സൈഡ് സ്റ്റോറിസും എത്തി. എന്നാൽ, മാതൃഭൂമി വായനക്കാർ ഭൂതക്കണ്ണാടി വച്ച് നോക്കിയിട്ട് പോലും ഇങ്ങനൊരു വാർത്ത കാണാൻ പറ്റിയില്ല. ഇതു സംബന്ധിച്ച് ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശിയും തിരുവല്ല ബാറിലെ അഭിഭാഷകനും ഓബിസി മോർച്ച സംസ്ഥാന നേതാവുമായ അരുൺ പ്രകാശ് 10 ന് രാവിലെ മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രനെ നേരിട്ടു വിളിച്ചു.

32 വർഷമായി മാതൃഭൂമി വരിക്കാരനാണ് താനെന്നും എന്തു കൊണ്ട് ഹെലികോപ്ടർ വിവാദ വാർത്ത കൊടുത്തില്ല എന്നുമായിരുന്നു അരുണിന്റെ ചോദ്യം. അതേപ്പറ്റി ഞങ്ങൾ ചർച്ച ചെയ്യുകയാണെന്ന് ആദ്യം പറഞ്ഞ ചന്ദ്രൻ പിന്നീട് വാർത്ത കൊടുക്കാതിരുന്നത് ശരിയായ നടപടിയല്ലെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തു. നാളത്തെ പത്രത്തിൽ വാർത്ത വരുത്തുമെന്നും പറഞ്ഞു.

പിറ്റേന്ന് ഒന്നാം പേജിലും ഉൾപ്പേജിലും മാതൃഭൂമി ഇതു സംബന്ധിച്ച് വാർത്ത നൽകി. മാത്രവുമല്ല, പിവി ചന്ദ്രൻ പരാതിക്കാരനെ തിരിച്ചു വിളിച്ച് വാർത്ത നൽകിയത് കണ്ടു കാണുമല്ലോ എന്ന് അന്വേഷിക്കുകയും ചെയ്തു. വാർത്തയൊക്കെ വന്നു പക്ഷേ, അത് വളച്ചൊടിച്ചുവെന്ന് വീണ്ടും അരുൺ അറിയിക്കുകയും ചെയ്തു.

ഇടതുപക്ഷത്തേക്ക് ചേക്കേറാൻ ഒരുങ്ങി നിന്ന മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറും ജനതാദൾ നേതാവുമായ എംപി വീരേന്ദ്രകുമാർ മുഖ്യമന്ത്രിക്കെതിരായ വാർത്ത ഒതുക്കിയെന്നാണ് പരക്കേ ഉയരുന്ന ആക്ഷേപം. അതങ്ങനെ തന്നെയെന്ന് മാതൃഭൂമിയിലെ ജീവനക്കാരും സമ്മതിക്കുന്നുണ്ട്.

പത്രത്തിലെ വാർത്തയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് മാനേജിങ് എഡിറ്റർ പിവി ചന്ദ്രനും ന്യൂസ് എഡിറ്ററുമാണ്. പോളിസി നിശ്ചയിക്കുന്നതും ഇവരാണ്. എന്നാൽ, ഇതു പോലെയുള്ള ഘട്ടങ്ങളിൽ ചെയർമാൻ ഇടപെടാറുണ്ടെന്നും പറയുന്നു. ഇവർ തമ്മിലുള്ള പടലപ്പിണക്കം കൂടിയാണ് ഇതോടെ മറനീക്കിയിരിക്കുന്നത്. എന്തായാലും ജീവനക്കാർക്കിടയിലും ഈ സംഭവം എതിർപ്പിന് കാരണമായിട്ടുണ്ട്.