തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് ജോലി നൽകുന്ന കാര്യത്തിൽ സർക്കാർ തുടരുന്ന മൗനത്തിനു പിന്നിലെന്ത്? സനൽ കുമാറിന്റെ മരണത്തിനു കാരണക്കാരനായ ഡിവൈഎസ്‌പിക്ക് വേണ്ടി അന്ന് വീട്ടിലെത്തിയ സിപിഎമ്മിലെ ചിലർ നൽകിയ ഒരു കോടി രൂപ വാഗ്ദാനം തള്ളിയതിനാലാണോ? ഇപ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ വിജിയുടെ സമരം 15 നാൾ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരനക്കവുമില്ല. സനൽകുമാറിന്റെ മരണത്തെ തുടർന്നുള്ള ജനകീയ പ്രക്ഷോഭം ശക്തിയാർജിക്കുമ്പോഴാണ് സനൽ കുമാറിന്റെ വീട്ടിലെത്തിയ ചില നേതാക്കൾ സമരത്തിൽ നിന്നും പിന്മാറാൻ ഒരു കോടി രൂപ സഹായവാഗ്ദാനം നടത്തിയത്. ഒരു കോടി രൂപ സനലിന്റെ കുടുംബത്തിനു നൽകാമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനം പക്ഷെ സനലിന്റെ വീട്ടുകാരും ആക്ഷൻ കൗൺസിലും തള്ളുകയായിരുന്നു. ഇതോടെയാണ് ഘട്ടം ഘട്ടമായി സിപിഎം സമരത്തിൽ നിന്നും പിന്മാറുന്നത്.

അതിനുശേഷമാണ് ഡിവൈഎസ്‌പി ഹരികുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഒരു കോടി രൂപയുടെ വാഗ്ദാനത്തിൽ നിന്നുള്ള ഈ പിന്മാറലാണ് ഇപ്പോൾ വിജിയുടെ ജോലിക്കാര്യത്തിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. സമൂഹ ശ്രദ്ധ പിടിച്ചു പറ്റുന്ന സമരങ്ങളിലും പ്രശ്‌നങ്ങളിലും സർക്കാർ പ്രകടിപ്പിക്കുന്ന മനോഭാവമല്ല വിജിയുടെ കാര്യത്തിൽ, വിവാദമായ മരണത്തെ തുടർന്നുള്ള ഒരു സമരത്തിന്റെ കാര്യത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് കുടുംബത്തിൽ പ്രതിസന്ധി സംജാതമായപ്പോൾ കയ്യയച്ചാണ് സർക്കാർ സഹായം രാമചന്ദ്രൻ നായരുടെ കുടുംബത്തെ തേടിയെത്തിയത്. 9 ലക്ഷത്തോളം രൂപയാണ് രാമചന്ദ്രൻ നായർക്ക് വായ്പാ കുടിശികയുണ്ടായിരുന്നത്. ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം മുഖ്യമന്ത്രി അനുവദിച്ചത്.

ഇതുകൂടാതെ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. രാമചന്ദ്രൻ നായർ ജനുവരി 14 നു മരിച്ചപ്പോൾ ഇതേ മാസം 24 നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വായ്പാ കുടിശിക ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കാനും രാമചന്ദ്രൻ നായരുടെ മകന് ജോലി നൽകാനും സർക്കാർ തീരുമാനം വരുന്നത്. അസ്ത്ര വേഗത്തിൽ സർക്കാർ കാര്യങ്ങൾ രാമചന്ദ്രൻ നായരുടെ കാര്യത്തിൽ നീങ്ങിയപ്പോൾ ഭർത്താവിന്റെ വിവാദ മരണത്തിന്റെ പേരിൽ ജോലി നൽകണമെന്ന വിജിയുടെ ആവശ്യത്തിനു നേരെ തികഞ്ഞ അവഗണനയാണ് സർക്കാർ കാണിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സുരക്ഷ പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു പൊലീസ് ഓഫീസർ പി.പ്രവീൺ മരിച്ചപ്പോൾ കുടുംബത്തിന് മുഖ്യമന്ത്രി അനുവദിച്ചത് ദുരിതാശ്വാസ നിധിയിൽ നിന്ന് 200000 രൂപയാണ്. പ്രവീണിന്റെ ആശ്രിതർക്ക് സീനിയോറിറ്റി മറികടന്നു ജോലി നൽകാൻ ഇതേ മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. സെപ്റ്റംബർ 10 നുണ്ടായ അപകടത്തിലാണ് പ്രവീൺ മരിച്ചത്. ഒക്ടോബർ 4 നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തന്നെ 20 ലക്ഷം രൂപയും ആശ്രിത നിയമനത്തിനും മന്ത്രിസഭാ യോഗ തീരുമാനമായി.

ഈ ഘട്ടത്തിൽ തന്നെയാണ് സനലിന്റെ ഭാര്യ വിജിയുടെ കാര്യവും കുടുംബത്തിന്റെ പ്രശ്‌നങ്ങളും സർക്കാരിന് മുന്നിൽ വരുന്നത്. ഇതുകൊണ്ട് തന്നെയാണ് ഇരട്ട നീതിയാണ് ഇടത് സർക്കാർ പിന്തുടരുന്നത് എന്ന ആരോപണം എപ്പോഴും കേൾക്കേണ്ടി വരുന്നത്. നവംബർ അഞ്ചിനു രാത്രിയാണ് നെയ്യാറ്റിൻകര ഡിവൈഎസ്‌പിയായ ഹരികുമാർ സനലിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടു കൊല്ലുന്നത്. വിജിക്ക് ജോലി നൽകാമെന്ന മൂന്നു മന്ത്രിമാരുടെ വാഗ്ദാനമാണ് ഇപ്പോൾ ജലരേഖയായി മാറുന്നത്. സമരത്തിനോട് സർക്കാർ പൂർണമായും പുറംതിരിഞ്ഞു നിൽക്കുകയാണ്. സമരത്തിന്റെ സമരത്തിന്റെ ഭാഗമായി മന്ത്രി എം.എം.മണിയെ സമരപ്പന്തലിൽ നിന്ന് വിളിച്ചപ്പോൾ മന്ത്രി മണി വിജിയെ അവഹേളിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് വിജിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വിജിയെ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ സനലിന്റെ അമ്മ രമണി സമരം തുടരുകയും ചെയ്തു. പ്രക്ഷോഭ രംഗത്തുള്ള വിജയ്ക്ക് പെട്ടെന്ന് ജോലി നൽകുന്നതിൽ സിപിഎമ്മിൽ തന്നെ ഭിന്നാഭിപ്രായമുണ്ടെന്നാണ് സൂചനകൾ. ആത്മഹത്യ ചെയ്ത ഹരികുമാർ സിപിഎമ്മിന്റെ ഇഷ്ടക്കാരനായിരുന്നു. അതുകൊണ്ട് തന്നെയാണ് സിപിഎം സജീവമായി സനൽകുമാർ വധത്തിന്റെ ആദ്യ വേളകളിൽ കരുക്കൾ നീക്കിയിരുന്നത്. മൂന്നു മന്ത്രിമാരാണ് സനൽ കുമാറിന്റെ വീട്ടിൽ ആശ്വാസ ദൂതുമായി എത്തിയത്. കടന്നപ്പള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ.ശൈലജ ടീച്ചർ. ഈ മൂന്നു മന്ത്രിമാരും സനൽകുമാറിന്റെ വിധവ വിജിക്ക് ജോലി വാഗ്ദാനവും ഒപ്പം സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിയും മുഖം തിരിച്ചിരിക്കുകയാണ്. വിജിയെ കൂട്ടി മുഖ്യമന്ത്രിയുടെ അടുത്ത എത്തിയ നെയ്യാറ്റിൻകരയിലെ സിപിഎം എംഎൽഎയായ ആൻസലിന് പോലും ഈ കാര്യത്തിൽ നെടുങ്കൻ കാത്തിരിപ്പ് വേണ്ടിവന്നു. രാവിലെ സന്ദർശനത്തിന് വിജിയെയും ബന്ധുക്കളെയും കൂട്ടി സെക്രട്ടറിയേറ്റിൽ എത്തിയ ആൻസലിന് രാത്രിയാണ് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞത്.

ഇതോടെയാണ് ഈ കാര്യത്തിൽ എംഎൽഎ അടക്കമുള്ളവരും നിസ്സഹായ അവസ്ഥയിലാണ് എന്ന് സനലിന്റെ ബന്ധുക്കൾക്കും ആക്ഷൻ കൗൺസിലിനും ബോധ്യമാകുന്നത്. ഇതോടെയാണ് സിപിഎം ഇല്ലെങ്കിലും സമരം ശക്തമാക്കാൻ വി എസ്ഡിപി നയിക്കുന്ന ആക്ഷൻ കൗൺസിൽ തീരുമാനിക്കുന്നത്. 'വിജിക്ക് ജോലി കിട്ടുന്നവരെ ആക്ഷൻ കൗൺസിൽ സമരം തുടരും.' സമരപ്പന്തലിൽ തന്നെ തുടരുന്ന വി എസ്ഡിപി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഒട്ടുവളരെ അടിയൊഴുക്കുകൾ ഉള്ള സമരമാണിത്. സിപിഎം സമരവുമായി സഹകരിക്കുന്നില്ല. മറ്റു രാഷ്ട്രീയ പാർട്ടികൾ സഹകരിക്കുന്നുണ്ട്. വരും നാളുകളിൽ സമരം ശക്തിപ്പെടുത്തും-വിഷ്ണുപുരം പറയുന്നു.

സമരവുമായി ബന്ധപ്പെട്ടു നാളെ ക്രിസ്മസ് ദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണി സമരം നടത്താനാണ് സമരസമിതി തീരുമാനം. ജനുവരി ഒന്നിന് വനിതാ മതിൽ നടക്കുമ്പോൾ സെക്രട്ടറിയേറ്റിനു മുന്നിൽ ആക്ഷൻ കൗൺസിൽ വഞ്ചനാമതിൽ തീർക്കും. സാമ്പത്തിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന വിജിയെ സഹായിക്കാൻ സെക്രട്ടറിയേറ്റിനു മുന്നിൽ സമരപന്തലിനു മുന്നിൽ ഒരു അക്ഷയപാത്രവും സമരസമിതി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നും സമാഹരിച്ച തുക സമരസമിതി വിജിക്ക് കൈമാറും. ജനുവരി ഒന്നുമുതൽ സമരം ശക്തമാക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വിജിക്ക് ജോലി എന്ന ആവശ്യം അംഗീകരിക്കും വരെ സെക്രട്ടറിയേറ്റിനു മുന്നിൽ തുടരാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം.