തിരുവനന്തപുരം: ശബരിമല സമരത്തിനിടെ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നുവെന്ന പ്രചാരണങ്ങളെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ.അടിമാലിയിൽ ആർഎസ്എസിനെതിരെ സിപിഎം നടത്തിയ പ്രകടനത്തിൽ കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽമീഡിയയിൽ ശാസ്ത്ര പ്രചാരകർ അന്ധവിശ്വാസ പ്രചാരണങ്ങളെ പൊളിച്ചടുക്കുന്നത്. പരുന്ത് വട്ടമിടുന്നത് അതിന്റെ ഇരപിടിക്കാനാണെന്നും, എന്തെങ്കിലും ഭക്ഷ്യ വസ്തു കിട്ടുമെന്ന് കരുതി വലിയ ആൾക്കൂട്ടങ്ങൾക്ക് മുകളിൽ വട്ടമിട്ടു പറന്നു നിരീക്ഷിക്കുക, പരുന്തുപോലുള്ള പക്ഷികളുടെ വർഗ സ്വഭാവമാണെന്നും പ്രശസ്ത പക്ഷി നിരീക്ഷകനായ കെ കെ നീലകണ്ഠന്റെ പുസ്‌കങ്ങളെ ഉദ്ധരിച്ചാണ് പലരും സ്ഥിരീകരിക്കുന്നത്.

'പരുന്ത്, വേഴാമ്പൽ, മഴപ്പുള്ള്് തുടങ്ങിയ പക്ഷികൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഘോഷയാത്രയോ ജാഥയോ പോലുള്ള വലിയ പരിപാടികൾ നടന്നാൽ അവ ആകാശത്ത് വട്ടമിട്ട് പറക്കുന്നത് സാധാരണമാണ്. ദൂരക്കാഴ്ചയുള്ള ഇത്തരം പക്ഷികൾ അവയ്ക്ക് ഇരപിടിക്കാൻ പറ്റിയ എന്തോകിട്ടുമെന്ന് കരുതിയാണ് വട്ടമിടുന്നത്. ഇതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. മുമ്പ് മകരവിളക്ക് തട്ടിപ്പാണെന്ന് പറഞ്ഞ് യുക്തിവാദികൾ നടത്തിയ യാത്രയിലും, ദിവ്യാത്ഭുത അനാവരണ കാമ്പയിനുകളിലുമൊക്കെ പലതവണ വ്യക്തമാക്കിയതും ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതുമാണ് ഈ കാര്യം. ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു പറയേണ്ടിവരുന്നു എന്നതിന്റെ കേരളത്തിന്റെ മനസ്സ് എത്രമാത്രം അദ്ധവിശ്വാസജഡിലമാണെന്നതിന് തെളിവാണ്. ഈ സ്വഭാവത്തെ ആണ് ഇവിടെ ദിവ്യാത്ഭുതത്തിന് തെളിവ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.

കടൽത്തീരത്ത് ഒരുപാട് പരുന്തുകൾ വട്ടമിട്ടു പറക്കുന്നത് അയ്യപ്പ സേവക്കു വേണ്ടിയാണ് എന്ന് ആരും പറയാത്തത് ഭാഗ്യം.'- പ്രശസ്ത എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമായ യു കലാനാഥൻ ചൂണ്ടിക്കാട്ടുന്നു.ശബരിമലയിൽ കർപ്പുരം കത്തിച്ചു കാട്ടി 'ദിവ്യ ജ്യോതി' പ്രത്യക്ഷപ്പെട്ടു എന്ന് പറഞ്ഞു വിശ്വാസികളെ പറ്റിച്ചു. അവസാനം ദേവസ്വം ബോർഡിനുപോലും അത് കത്തിക്കുന്നതായി സമ്മതിക്കേണ്ടി വന്നു. ഇപ്പോൾ പരുന്തു പറക്കലിനെ 'ദിവ്യാൽഭുതം' ആക്കാനുള്ള ശ്രമം തുടങ്ങി. ഒന്നുപൊളിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയാണ് വിശ്വാസത്തിന്റെ രീതി- യു കലാനാഥൻ ചൂണ്ടിക്കാട്ടി.

പ്രശസ്ത ജന്തുശാസ്ഞജനും ശാസ്ത്ര പ്രചാരകനുമായ ഡോ. പ്രവീൻ വടക്കേക്കാടും ഇതേ അഭിപ്രായക്കാരനാണ്. 'താഴെ എന്തെങ്കിലും ഭക്ഷ്യ വസ്തുവാണെന്ന് തോന്നിയാൽ അതിനു മുകളിൽ വട്ടമിട്ടു പറന്നു നിരീക്ഷിക്കുക എന്നതാണ് പരുന്തു വർഗത്തിൽപെട്ട ജീവികളുടെ അടിസ്ഥാന സ്വഭാവം. അവസരം വരുമ്പോൾ ഭക്ഷണം തേടൽ ആണ് ലക്ഷ്യം. ഇവിടെ പരുന്ത് മാത്രമല്ല വേഴാമ്പൽ, പുള്ള്് തുടങ്ങിയ പക്ഷികൾക്കെക്കെ സമാനമായ സ്വഭാവമുണ്ട്. പലപ്പോഴും മറ്റു പക്ഷികളെ പരുന്തായും തെറ്റിദ്ധരിക്കാറുണ്ട്. പരിണാമപരമായി പരുന്തിന് കിട്ടിയ ഒരു അനുഗ്രഹമാണ് അതിന്റെ കാഴ്്ച ശക്തി. ആ ജീവി അത് ഉപയോഗപ്പെടുത്തുകയാണ് വട്ടമിടലിലൂടെ ചെയ്യുന്നത്'.-അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പണ്ടു കാലത്ത് കേരളത്തിലടക്കം ധാരളമായി മെരുക്കിയെടുത്ത പരുന്തിനെ ഉപയോഗിക്കാറുണ്ടായിരുന്നെന്നും, കൃത്യമായ മൂന്ന് വട്ടം നിശ്ചിത അകലത്തിൽ പറക്കുക എന്നത് ഇങ്ങനെ പരിശീലനം കിട്ടിയ പരുന്തുകളുടെ സ്വഭാവമാണെന്നും പക്ഷി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പെട്ടെന്നുണ്ടാകുന്ന ആൾക്കൂട്ടങ്ങളിൽ കാണുന്ന പരുന്തിന് ഇങ്ങനെ കൃത്യമായി മുന്നു തവണ പറക്കാൻ കഴിയില്ല. മെരുക്കിയെടുത്ത ഒരു പരുന്തിനെ ആസൂത്രണ പ്രകാരം ഘോഷയാത്ര സമയത്ത് തുറന്നു വിടുക എന്നത് ആഘോഷത്തിന്റെ ഭാഗമായി പണ്ട് തിരുവിതാകൂറിൽ ഉണ്ടായിരുന്നെന്ന് ചരിത്രഗവേഷകനായ മലയിൻകീഴ് ഗോപാലകൃഷ്ണനെപ്പോലുള്ളവർ പറയുന്നു.

'ലോകം അന്യഗ്രഹങ്ങളിലേക്ക് കുടിയേറുന്നതിനെ കുറിച്ചുവരെ ചിന്തിക്കുമ്പോൾ നാം ഇപ്പോഴും ദൈവത്തെ രക്ഷിക്കാനായി തെരുവിലിറങ്ങുകയും പരുന്ത് പറക്കുന്നത് എങ്ങനെയാക്കെയാണ് ചർച്ചചെയ്യുന്നത്. ഈ ശാസ്ത്ര വിരുദ്ധത തന്നെയാണ് നമ്മുടെ നാടിന്റെ പിന്നാക്കാവസ്ഥക്ക് കാരണം'- എഴുത്തുകാരനും ഗവേഷകനുമായ ഡോ.മനോജ് രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.