ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്ന വിഷയത്തിൽ വിഎച്ച്പിയും ശിവസേനയും അടക്കമുള്ള സംഘടനകൾ വിമർശനം ശക്തമാക്കിയതോടെ സുപ്രീംകോടതിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി കേന്ദ്രസർക്കാർ. ശബരിമല പോലെ അയോധ്യക്കേസ് എന്തുകൊണ്ട് തീർപ്പാക്കാൻ കഴിയുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ചോദിച്ചു. സുപ്രീംകോടതി അയോധ്യക്കേസ് വേഗം തീർപ്പാക്കണമെന്നും കേന്ദ്ര നിയമമന്ത്രി പറഞ്ഞു. അതേസമയം, അയോധ്യ കേസിൽ അടുത്ത മാസം നാലിനു സുപ്രീംകോടതി വാദം കേൾക്കും. ദിവസവും വാദം കേട്ട് കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

അയോധ്യകേസിൽ നിയമനടപടികൾ വൈകുന്നതുകൊണ്ട് കേന്ദ്രസർക്കാർ ഓർഡിനനൻസ് കൊണ്ടുവരണമെന്നാണ് വിഎച്ചപിയും, ശിവസേനയുമൊക്കെ ആവശ്യപ്പെടുന്നത്. എന്നാൽ, കോൺഗ്രസ് അടക്കമുളല പ്രതിപക്ഷ കക്ഷികൾ ഇത് രാഷ്ട്രീയമായി മുതലെടുക്കുമെന്നുംം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതുതിരിച്ചടിയാകുമെന്നും ബിജെപിക്കും കേന്ദ്രസർക്കാരിനും ആശങ്കയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓർഡിനൻസിനോട് വിമുഖത കാട്ടിയത്.

രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പരിഗണിക്കുന്നതാവും ഉചിതമെന്ന് സുന്നി വഖഫ് ബോർഡ്, ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി തുടങ്ങിയവയ്ക്കുവേണ്ടി കപിൽ സിബലും ദുഷ്യന്ത് ദവെയും മറ്റും കഴിഞ്ഞ ഡിസംബറിൽ ബോധിപ്പിച്ചിരുന്നു. ഈ ആവശ്യം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.എല്ലാ രേഖകളും പരിശോധിച്ച ശേഷം മാത്രമേ അയോധ്യകേസിൽ വിധി പ്രസ്താവിക്കാവൂ എന്നാണ് കേസിലെ മറ്റൊരു കക്ഷിയായ ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. ഇക്കാര്യം കോടതിയിൽ ഉന്നയിക്കുമെന്നും ബാബരി മസ്ജിദ്ആക്ഷൻ കമ്മിറ്റിയുടെ അഭിഭാഷകൻ വ്യക്തമാക്കി.