- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഷീൽഡ് യൂറോപ്യൻ യൂണിയൻ തള്ളാൻ കാരണം ഡെൽറ്റ പ്ലസ് വൈറസിന്റെ രംഗപ്രവേശം; കോവിഷീൽഡ് ഡെൽറ്റ പ്ലസിന് തടയിടാൻ കരുതില്ലെന്നു ഇയു; തീരുമാനം പറയാതെ ബ്രിട്ടനും; ലോകജനതയെ വാക്സിന്റെ പേരിൽ രണ്ടായി വിഭജിക്കുന്നു എന്ന വിമർശം അതിശക്തം; കോവിഡ് പാസ്പോർട്ട് ആവശയത്തെ തുറന്നെതിർക്കാൻ ഇന്ത്യയും
ലണ്ടൻ: ബ്രിട്ടനിലെ ഓക്സ്ഫോർഡ് ഗവേഷക സംഘം വികസിപ്പിച്ച ആസ്ട്രസെനക വാക്സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് യൂറോപ്യൻ യാത്രക്ക് അനുയോജ്യമായ ഒന്നല്ലെന്നു യൂറോപ്യൻ യൂണിയൻ വക്തമാക്കിയത് ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം മൂലമാണെന്ന് വിലയിരുത്തൽ. ഫൈസർ അടക്കമുള്ള വാക്സിനുകൾ ഡെൽറ്റ പ്ലസിനെയും ചെറുക്കുമെന്ന് ഒരു വിഭാഗം ഗവേഷകകർ പറയുമ്പോൾ ആസ്ട്ര സെനക്കയിൽ നിന്നും രൂപംകൊണ്ട കോവിഷീൽഡിന്റെ കാര്യത്തിൽ ഇത്ര ഉറപ്പു പറയാൻ ആകില്ല എന്ന നിഗമനമാണ് ഇപ്പോൾ കുരുക്കായി മാറുന്നത്. ഇതോടെ മലയാളികൾ ഉൾപ്പെടെ ജനകോടികൾക്കു യൂറോപ്പിലേക്ക് യാത്ര ചെയ്യാൻ നീണ്ട കാലം കാത്തിരിക്കേണ്ടി വരും.
അതിനിടെ കോവിഷീൽഡിന് ഡബ്ലിയുഎച്ച്ഓ അംഗീകാരം നൽകിയിട്ടും യൂറോപ്യൻ യൂണിയൻ അംഗീകാരം ഇല്ലാതെ പോയത് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അലംഭാവം മൂലമാണെന്ന ആക്ഷേപവും ശക്തമായി. യൂറോപ്യൻ മെഡിക്കൽ ഏജൻസിക്കു സിറം അപേക്ഷ നല്കാതിരുന്നതാണ് ഇപ്പോൾ വിനയായി മാറിയതെന്ന് സൂചന. അതേസമയം ഡബിൾ ഡോസ് വാക്സിൻ എടുത്തവർക്കായി യൂറോപ്പിന്റെ വാതിൽ തുറക്കുന്നു എന്ന സന്തോഷ വാർത്ത എത്തിയപ്പോൾ തന്നെയാണ് വാക്സിൻ എടുത്തിട്ടും ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് സംഭവിക്കുന്നത്.
യൂറോപ് അംഗീകരിച്ച വാക്സിനുകൾ ഫൈസർ , ആസ്ട്ര സേനക , മോഡർന , ജോൺസൺ ആൻഡ് ജോൺസൺ എന്നിവ അടങ്ങുമ്പോൾ തന്നെയാണ് ആസ്ട്ര സേനകയിൽ നിന്നും രൂപം കൊണ്ട കോവിഷീൽഡിന് വിലക്ക് വന്നത് വിചിത്രമായി മാറുന്നത്. ഇന്ത്യയിൽ ഏകദേശം 321 മില്യൺ ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതിനാൽ ഈ വിലക്ക് പ്രാവർത്തികമാക്കാൻ യൂറോപ്പ് ശ്രമിക്കരുത് എന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അടുത്തിടെ നടന്ന ജി സെവൻ രാഷ്ട്ര ഉച്ചകോടിയിൽ കോവിഡ് പാസ്പോര്ട് എന്ന ആശയം ചർച്ചയായപ്പോഴും ഇന്ത്യ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. പ്രായോഗികമായി വികസ്വര, അവികിസിത രാഷ്ട്രങ്ങൾക്ക് കോവിഡ് പാസ്പോര്ട് ഇപ്പോൾ നടപ്പാക്കാൻ കഴിയില്ല എന്നാണ് ഇന്ത്യയുടെ വാദം.
എന്നാൽ വിവാദമായ തീരുമാനത്തോട് ഇന്ത്യ ശക്തമായ പ്രതിഷേധിക്കുകയും ചെയ്തു. ഇന്ത്യയോടൊപ്പം ബ്രിട്ടനിലെ ഈക്വലൈറ്റി ആൻഡ് ഹ്യൂമൻ റൈറ്റ് കമ്മീഷൻ കോവിദിന്റെ പേരിൽ ലോക ജനതയെ തരം തിരിക്കുന്നത് ശരിയല്ലെന്ന് നേരത്തെ തന്നെ വക്തമാക്കിയതോടെ കോവിഷീൽഡ് എടുത്തവർക്കു ബ്രിട്ടനിൽ എത്തുന്നതിനു തടസം ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ഇക്കാര്യത്തിൽ ബ്രിട്ടൻ ഉറപ്പിനു തയാറായിട്ടില്ല എന്നതും ശ്രെധേയമാണ്. അതേസമയം ഇന്ത്യയിൽ ഡെൽറ്റ പ്ലസ് എന്നറിയപ്പെടുന്ന് വൈറസ് സാന്നിധ്യം ശക്തമായതോടെ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് ഏർപ്പെടുത്തിയ സന്ദർശന വിലക്ക് ഇനിയും കുറേക്കാലത്തേക്കു തുടർന്നേക്കും എന്നുറപ്പായി. നിലവിൽ യുകെ, യുഎസ്, യൂറോപ്, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, തായ്ലൻഡ് എന്നിവയൊക്കെ ഡെൽറ്റ സാന്നിധ്യം മൂലം ഇന്ത്യക്കാർക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ് .
എന്നാൽ വാക്സിൻ എടുത്തവരുടെ പേരിലും എടുക്കാത്തവരുടെ പേരിലും ഏതു തരം വാക്സിൻ എടുത്തവർ ആണെന്ന പേരിലൊമൊക്കെ ലോകജനതയെ തരംതിരിക്കുന്നത് ശരിയായ കാര്യമല്ലെന്ന വാദവും പല കോണിൽ നിന്നും ഉയരുകയാണ്. ഇക്കാര്യത്തിൽ ബ്രിട്ടനിലെ മനുഷ്യവകാശ കമ്മീഷൻ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തിരിക്കുകയാണ്. ഏതു വാക്സിൻ സ്വീകരിക്കണം എന്ന കാര്യത്തിൽ ലോകത്തൊരിടത്തും ജനങൾക്ക് പ്രത്യേക അവകാശം ഇല്ലാത്തതിനാൽ ലോക രാജ്യങ്ങൾ ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചു വേണം ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ടു പോകുവാനെന്നു കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. ആസ്ട്ര സെനക്കയോ കോവിഷീൽഡോ യൂറോപ് വേണ്ടെന്നു പറയുമ്പോൾ മറ്റു രാജ്യങ്ങൾ യൂറോപ്യൻ വാക്സിനും വേണ്ടെന്നു പറഞ്ഞാൽ ലോകമെങ്ങും ഉള്ള ജനങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കൂടി രൂക്ഷമായി ബാധിക്കും. ഇത് ലോകത്തൊട്ടാകെ കോവിഡ് സൃഷ്ട്ടിച്ചതിനേക്കാൾ വലിയ പ്രതിസന്ധി ഉയർത്തുകയും ചെയ്യും .
കോവിഷീൽഡ് എന്തുകൊണ്ട് യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് മതിയാവില്ല എന്നതിൽ വെക്തമായ വിശദീകരണം നല്കാൻ യൂറോപ്യൻ യൂണിയൻ തയ്യാറായിട്ടില്ല. ജൂലൈ മാസം ഒന്നാം തിയതി മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് കോവിഷീൽഡിന് എതിരായ പരാമർശം. അതേസമയം ഉത്പാദകരായ സെറം ഇൻസ്റ്റിട്ട്യൂട്ട് ഇതിനായുള്ള അംഗീകാരത്തിനായി യൂറോപ്യൻ മെഡിസിൻ ഏജൻസിയെ സമീപിക്കാത്തതാണ് പ്രശനം ഉണ്ടാക്കിയതെന്ന് ഇന്വെസ്റ്റിഗേറ്റീവ് ജേണലിസത്തിൽ സ്പെഷ്യലൈസ് ചെയ്ത ഇന്ത്യയിലെ ദി വയെർ റിപ്പോർട്ട് ചെയ്തു . എന്നാൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനംവല പ്രശനം എത്രയും വേഗം പരിഹരിക്കും എന്നാണ് പറയുന്നത്.
പ്രശനം ഇപ്പോഴാണ് ശ്രദ്ധയിൽ പെട്ടതെന്നും സാധ്യമായ എല്ലാ വിധത്തിലും യൂറോപ്യൻ യൂണിയൻ തീരുമാനം മാറ്റാൻ ആവശ്യമായ നടപടികൾ ഉണ്ടാകും എന്നുമാണ് അദർ പൂനംവല ട്വീറ്റ് ചെയ്തിരിക്കുന്നത് . അതേസമയം ഇന്ത്യയിൽ ലഭ്യമായ മറ്റു വാക്സിൻ ആയ കോവാക്സിനു ഇപ്പോഴും ഡബ്ലിയു എച് ഓ അടക്കമുള്ളവയുടെ അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റു രാജ്യങ്ങളും അംഗീകാരം നൽകില്ല . ഫലത്തിൽ ഇന്ത്യയിൽ ലഭ്യമായ വാക്സിൻ എടുത്തവർക്കൊന്നും യൂറോപ്യൻ യൂണിയനിലേക്കു കടക്കാനാകില്ല എന്ന പ്രതിസന്ധിയാണ് രൂപം കൊള്ളുന്നത് . നിരവധി അന്താരഷ്ട്ര മാനങ്ങൾ ഉള്ള വിഷയം ആയതിനാൽ അടിയന്തിരമായി കേന്ദ്ര സർക്കാർ തന്നെ വിഷയത്തിൽ ഇടപെടും എന്ന സൂചനയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നൽകുന്നത്.