- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആർക്കും നിർണയിക്കാനാവില്ല; കർഷകർ ബില്ലുകളെ എതിർത്ത് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ; പിന്നെന്തിന് തെരുവുകളിൽ പ്രതിഷേധിക്കുന്നു'; കർഷക സമരങ്ങളെ വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്ത് കർഷക സമരങ്ങൾ തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും സുപ്രീം കോടതി. കർഷക ബില്ലുകൾ സ്റ്റേ ചെയ്ത ശേഷവും സമരം തുടരുന്നതിനെയാണ് സുപ്രീം കോടതി വിമർശിച്ചത്.
കാർഷിക നിയമങ്ങൾ ചോദ്യം ചെയ്ത് ഹർജികൾ നൽകിയ ശേഷം നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടോയെന്ന് സുപ്രീംകോടതി. നിയമങ്ങൾ നടപ്പിലാക്കുന്നത് മരവിപ്പിച്ചിരിക്കുകയാണ്. പിന്നെയെന്തിനാണ് കർഷകർ സമരം ചെയ്യുന്നതെന്നും കോടതി ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം പരമമാണോയെന്നതിൽ തീരുമാനമെടുക്കുമെന്നും ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
'ഇവിടെയിപ്പോൾ ഒന്നും തന്നെ നടപ്പിലാക്കാനില്ല. പിന്നെന്തിനാണ് കർഷകർ സമരം ചെയ്യുന്നത്? കർഷക നിയമത്തിന്റെ സാധുത കോടതിക്കല്ലാതെ ആർക്കും നിർണയിക്കാനാവില്ല, കോടതിയിൽ കർഷകർ ബില്ലുകളെ എതിർത്ത് കേസ് ഫയൽ ചെയ്തിട്ടുണ്ടല്ലോ, പിന്നെന്തിനാണ് അവർ തെരുവുകളിൽ പ്രതിഷേധിക്കുന്നത്,' കോടതി ചോദിച്ചു.
ഡൽഹി ജന്തർ മന്ദറിൽ കിസാൻ പഞ്ചായത്ത് നടത്താൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഡൽഹിയിൽ റോഡുകൾ ഉപരോധിച്ചുള്ള കർഷക സമരത്തിനെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസ് എസ്.കെ കൗൾ അധ്യക്ഷനായ ബെഞ്ച് 43 കർഷക സംഘടനകൾക്ക് നോട്ടീസയച്ചു.കർഷക സംഘടനകളെ കക്ഷി ചേർക്കാനുള്ള ഹരിയാന സർക്കാരിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം ഇരുപതിന് ഹർജിയിൽ വാദം കേൾക്കും.
തെരുവിൽ സമരം ചെയ്യുന്നതും കോടതിയിൽ നിയമപരമായി മുന്നോട്ട് പോവുന്നതും ഒരുമിച്ച് കൊണ്ടുപോവാൻ സാധിക്കില്ലെന്നും കിസാൻ മഹാപഞ്ചായത്തിന്റെ ഹർജി സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും കോടതി പറഞ്ഞു.
ഇപ്പോഴുള്ള അവസരത്തിൽ, കോടതിയുടെ പരിഗണയിരിക്കുന്ന ഒരു വിഷയത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ, പ്രതിഷേധിക്കാനുള്ള അവകാശം പൗരന്മാരുടെ സമ്പൂർണമായ അവകാശമാണോ എന്ന വസ്തുത പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് കോടതി വിലയിരുത്തി. ദേശീയ പാത തടസപ്പെടുത്തിക്കൊണ്ട് പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ നേരത്തെയും കോടതി വിമർശനമുന്നയിച്ചിരുന്നു.
കർഷകരുടെ സംഘടനയായ കിസാൻ മഹാപഞ്ചായത്ത് ജന്തർ മന്ദറിൽ 'സത്യാഗ്രഹം' നടത്താൻ സുപ്രീം കോടതിയിൽ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി 'സത്യാഗ്രഹം' സംഘടിപ്പിക്കുന്നതിന് ജന്തർ മന്ദറിൽ കുറഞ്ഞത് 200 കർഷകർക്ക് ഇടം നൽകണമെന്നായിരുന്നു കർഷകരുടെ ആവശ്യം.
''നിങ്ങൾ മുഴുവൻ നഗരത്തെയും ശ്വാസം മുട്ടിച്ചു, ഇപ്പോൾ നിങ്ങൾക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികൾ ഈ പ്രതിഷേധത്തിൽ സന്തുഷ്ടരാണോ? നിങ്ങൾ ഈ ഏർപ്പാട് നിർത്തണം,'
കർഷകർ ഹൈവേകൾ തടസപ്പെടുത്തുകയാണെന്നും എന്നിട്ട് പ്രതിഷേധം സമാധാനപരമാണെന്ന് പറയുകയാണെന്നും കോടതി പറഞ്ഞു. ജനങ്ങൾക്കും സഞ്ചരിക്കാൻ അവകാശമുണ്ടെന്നും അവരുടെ വസ്തുക്കൾക്ക് കേടുപാടുവരുന്നുണ്ടെന്നും കർഷകർ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നുമാണ് കോടതി പറഞ്ഞത്.
ന്യൂസ് ഡെസ്ക്