പാലക്കാട്: ട്രെയിനിൽനിന്നു പുറത്തേക്കു തള്ളിയിട്ടശേഷം ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ആത്മാവും ഇവിടത്തെ സർക്കാർ സംവിധാനങ്ങളോടു പൊറുക്കുമെന്നു തോന്നുന്നില്ല. മനുഷ്യത്വരഹിതമായ ഹീനകൃത്യം നടത്തിയ പ്രതിക്കു നീതിപീഠം വിധിച്ച ശിക്ഷ നടപ്പാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ബാർ കോഴയിലും ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടും ഉയർന്ന കോടികളുടെ അഴിമതിയാരോപണങ്ങളിൽ കുടുങ്ങി തലതാഴ്‌ത്തിനിൽക്കുന്ന ഭരണകൂടത്തിനു ഗോവിന്ദച്ചാമിക്ക് തൂക്കുകയർ ഉറപ്പാക്കാനുള്ള പണമില്ല. സൗമ്യയുടെ മരണത്തിനു നാലുവർഷം തികയുന്ന ഇന്നു കേസിലെ വിധി നടപ്പാക്കാൻ സർക്കാരിന്റെ ദാരിദ്ര്യം വിലങ്ങുതടിയാവുകയാണ്.

2011 ഫെബ്രുവരി ഒന്നിനു രാത്രിയാണ് ഷൊർണൂർ മഞ്ഞക്കാട് മുല്ലക്കൽ വീട്ടിൽ സൗമ്യയെന്ന പെൺകുട്ടി അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. എറണാകുളം-ഷൊർണൂർ പാസഞ്ചറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമിയെന്ന ഒറ്റക്കൈയൻ ട്രെയിനിൽനിന്നും പുറത്തേക്ക് തള്ളിയിട്ടു. തുടർന്ന് ക്രൂരപീഡനത്തിന് ഇരയായ സൗമ്യ അഞ്ചുനാൾ ജീവനുവേണ്ടി പിടഞ്ഞെങ്കിലും മരണം പുൽകി. നാടിനെയാകെ ഞെട്ടിച്ച സംഭവമായിരുന്നു സൗമ്യയുടെ മരണം. രാത്രികാലങ്ങളിൽ ട്രെയിനുകളിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ നാടെങ്ങും ചർച്ച ചെയ്തു.

പക്ഷേ നാളിതുവരെയും സൗമ്യയുടെ ജീവനെടുത്ത കൊടുംകുറ്റവാളിക്കുള്ള ശിക്ഷ മാത്രം നടപ്പായില്ല. 2011 നവംബർ 11 ന് തൃശൂർ അതിവേഗ കോടതി ജഡ്ജി കെ രവീന്ദ്രബാബു പ്രതി തമിഴ്‌നാട് കടലൂർ വിരുതാചലം സ്വദേശിയായ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. കോടതി വിധിയെ കേരളത്തിലെ സ്ത്രീസമൂഹം കൈയടിച്ചാണ് വരവേറ്റത്. ഗോവിന്ദച്ചാമിയെ പോലുള്ള കാട്ടാളന്മാർക്കുള്ള മുന്നറിയിപ്പാണ് വിധിയെന്നു പറഞ്ഞു. 2013 ഡിസംബർ 17 ന് ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. എന്നാൽ ഗോവിന്ദച്ചാമി സുപ്രീംകോടതിയിൽ അപ്പീൽ നൽകി.

ഹർജി ആദ്യം പരിഗണിച്ചപ്പോൾ തന്നെ വിചാരണക്കോടതിയിലെ സാക്ഷിമൊഴികളും അനുബന്ധരേഖകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നൽകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. പക്ഷേ ഇതുവരെയും ഇക്കാര്യത്തിൽ നടപടി പൂർത്തിയായിട്ടില്ല. ഫയലുകൾ പരിഭാഷപ്പെടുത്താനുള്ള ചെലവിന്റെ കാര്യത്തിൽ ഉടക്കിയാണ് നടപടികൾ വൈകുന്നതെന്ന് ആക്ഷേപമുണ്ട്. സുപ്രീംകോടതിയിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി ആരെയും നിയോഗിച്ചിട്ടുമില്ല. സർക്കാരിന്റെ നീതിബോധം എത്രത്തോളമുണ്ടെന്ന് ഇതിൽനിന്നും മനസിലാക്കാവുന്നതേയുള്ളു. സൗമ്യ വിട്ടുപിരിഞ്ഞിട്ട് നാലുവർഷം തികയുമ്പോൾ ഷൊർണൂരിലെ വീട്ടിൽ അമ്മ സുമതിയും സഹോദരൻ സന്തോഷും നീതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.