കൊച്ചി: പതിനഞ്ചു വർഷം മുൻപ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയനെന്ന് നടൻ ശ്രീനിവാസൻ. കൈരളി ടിവിക്ക് വേണ്ടി പിണറായി വിജയന്റെ അഭിമുഖം എടുക്കുന്നതിനിടയിൽ വിട്ടുമാറാത്ത തന്റെ പുറം വേദനയെ പറ്റി സംസാരിക്കുമ്പോൾ കിറ്റക്സ് ഉടമ എം.സി ജേക്കബ് വൈദ്യനെ പരിചയപ്പെടുത്തുകയായിരുന്നു. കിഴക്കമ്പലം ട്വന്റി20 യുടെ നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'പിണറായി വിജയൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. ചിരിച്ച മുഖത്തോടെ അദ്ദേഹത്തെ ആരും കാണാത്തതിനാൽ അഭിമുഖത്തിനിടയിൽ ചിരിപ്പിക്കണെ എന്ന ദൗത്യമായിരുന്നു എന്റേത്. ആദ്യം കൈരളിയുടെ ചെയർമാൻ നടൻ മമ്മൂട്ടിയെ തീരുമാനിച്ചെങ്കിലും ഇരുവർക്കും ഗൗരവം കൂടുതലായതിനാൽ അത് വേണ്ടെന്ന് വച്ച് എന്നെ ചുമതലപ്പെടുത്തുകയായിരുന്നു. അഭിമുഖം കഴിഞ്ഞ് എനിക്ക് എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചു. കാരണം ചോദ്യങ്ങൾ ചോദിക്കുമ്പോൾ വല്ലാത്ത പ്രയാസം മുഖത്ത് നിന്നും അദ്ദേഹം വായിച്ചെടുത്തു. മൂന്നു മാസമായി വിട്ടുമാറാത്ത പുറം വേദനയാണെന്ന് ഞാൻ മറുപടി നൽകി. അത് നമുക്ക് മാറ്റാം എന്ന് പറഞ്ഞ് അപ്പോൾ തന്നെ ആരെയോ ഫോണിൽ വിളിച്ച് വിവരങ്ങൾ സംസാരിക്കുകയും ചികിത്സയ്ക്ക് പോകാനുള്ള സൗകര്യവും ഒരുക്കി.

ഫോൺ സംഭാഷണത്തിന് ശേഷം ഒരു നമ്പർ തരുകയും, എം.സി ജേക്കബ് വൈദ്യനെ പോയി കണ്ടാൽ മതിയെന്ന് പറയുകയും ചെയ്തു. അങ്ങനെ ഒരു ദിവസം എം.സി ജേക്കബ് വൈദ്യനെ കാണാൻ കിഴക്കമ്പലത്തെത്തി. അവിടെ എത്തിയപ്പോൾ ഒരു കൂട്ടം ആളുകൾ, വിദേശികൾ ഉൾപ്പെടെ. സിനിമക്കാരനാണെന്നുള്ള യാതൊരു പരിഗണനയും എനിക്ക് തന്നില്ല. അൽപ്പ സമയം കാത്തുനിന്ന ശേഷം അദ്ദേഹത്തിന്റെ സഹായിയെ വിളിച്ച് എന്റെ പുറത്ത് അമർത്തി തിരുമ്മാൻ തുടങ്ങി. ഓരോ വട്ടം തിരുമ്മുമ്പോഴും വേദന ഇല്ലാതാവുന്നതായി അറിഞ്ഞു. തിരുമ്മലൊക്കെ കഴിഞ്ഞ് വീട്ടിൽ പോയി. പിന്നെ പുറം വേദന വന്നിട്ടേയില്ല. നന്ദി അറിയിക്കാൻ ഒരു വട്ടംകൂടി എം.സി ജേക്കബ് വൈദ്യനെ കാണാൻ കിഴക്കമ്പലത്തെത്തി. ചികിത്സയ്ക്ക് എത്തിയ എന്റെ കയ്യിൽ നിന്നും ഒരു നയാപൈസ പോലും അദ്ദേഹം വാങ്ങിയിരുന്നില്ല. എന്നോട് മാത്രമല്ല മറ്റുള്ളവരോടും വാങ്ങുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ ബാക്കി പത്രമാണ് സാബു എം. ജേക്കബ്' എന്നും ശ്രീനിവാസൻ പറഞ്ഞു. ട്വന്റി20യുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായത് എം.സി ജേക്കബുമായുള്ള കടപ്പാടോ പിണറായി വിജയനോടുള്ള വിയോജിപ്പോ കൊണ്ടല്ലെന്നും ചില സത്യങ്ങൾ നിഷേധിക്കാൻ പറ്റാത്തതുകൊണ്ടാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

വർഷങ്ങൾക്ക് മുൻപ് സന്ദേശം എന്ന സിനിമ എഴുതിയപ്പോൾ രാഷ്ട്രീയത്തിലെ അപചയങ്ങളെകുറിച്ചാണ് എഴുതിയത്. ഒരു കമ്യൂണിസ്റ്റ് കോട്ടയിലാണ് ഞാൻ ജനിച്ചത്. പക്ഷേ എന്നെ അവിടെയുള്ളവർ മടുപ്പിച്ചിട്ടേയുള്ളൂ. രണ്ട് രാഷ്ട്രീയ പാർട്ടികളെയാണ് സിനിമയിൽ പരാമർശിച്ചത്. എന്നാൽ അന്ന് പരാമർശിക്കാതെ വിട്ട ഒരു കാര്യമായിരുന്നു അഴിമതി. അതാണ് ഇന്ന് ഏറ്റവും സജീവമായി നടന്നു കൊണ്ടിരിക്കുന്നത്. സമ്പത്തില്ലാത്തവന്റെ കയ്യിൽ അധികാരവും മൊത്തം സമ്പത്തും വരുമ്പോൾ ഒരു രക്ഷയുമില്ലാതാകും അതാണ് ഇന്നിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതിനൊക്കെ ഒരു പ്രതിവിധിയാണ് ട്വന്റി20 എന്നും ഈ അവസരം യുവജനങ്ങൾ പരാമാവധി ഉപയോഗപ്പെടുത്തണമെന്നും ശ്രീനിവാസൻ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി20 ആദ്യഘട്ട സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ട്വന്റി20 സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രഫഷനലുകളും. കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിൻ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.കോതമംഗലം മണ്ഡലത്തിൽ മത്സരിക്കുന്ന ഡോ. ജോ ജോസഫ് മെഡിക്കൽ ഡോക്ടറാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസിനു ശേഷം പട്യാല സർക്കാർ മെഡിക്കൽ കോളജിൽനിന്ന് എംഡിയെടുത്തു. തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ അസോ. പ്രഫസറായി ജോലി ചെയ്യുന്നതിനിടെയാണ് ട്വന്റി20യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ജനസേവനത്തിന് തീരുമാനിക്കുന്നതും സ്ഥാനാർത്ഥിയാകുന്നതും.

സ്ഥാനാർത്ഥി സംഘത്തിൽ രണ്ടു പേർ നിയമ ബിരുദമുള്ളവരാണ്. കുന്നത്തുനാട് മത്സരിക്കുന്ന സുജിത് പി.സുരേന്ദ്രൻ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിയമ പഠനത്തിനു ശേഷം നാഷനൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിൽനിന്നു ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ബെംഗളൂരുവിൽ പ്രസിഡൻസി സ്‌കൂൾ ഓഫ് ലോയിൽ അസോ. പ്രഫസറും പിജി ഡിപാർട്മെന്റ് കോഓർഡിനേറ്ററുമായിരുന്നു. മൂവാറ്റുപുഴയിൽ മത്സരിക്കുന്ന സി.എൻ.പ്രകാശനും നിയമ ബിരുദധാരിയാണ്. എംഎസ്ഡബ്ല്യുയുവും സൈബർ ലോയിൽ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്. നിയമബിരുദം നേടി 2017ൽ അഭിഭാഷകനായി എന്റോൺ ചെയ്തെങ്കിലും മാധ്യമപ്രവർത്തനത്തിലേക്ക് വരികയും കേരളത്തിലെ വിവിധ പത്ര, ദൃശ്യമാധ്യമങ്ങളിൽ ഉയർന്ന ചുമതലകൾ വഹിക്കുകയും ചെയ്തിട്ടുണ്ട്.

പട്ടികയിലെ ഏക വനിതാ സാന്നിധ്യമാണ് പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ചിത്ര സുകുമാരൻ. എസ്ആൻഡ്സി മൾട്ടി കൊമേഴ്സ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. കൊമേഴ്സ് ബിരുദധാരിയായ ഇവർ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി എന്നിവയിൽ പരിശീലനം നേടുകയും വിവിധ രാജ്യങ്ങളിൽ കലാരൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈപ്പിൻ സ്വദേശിയായ ഡോ. ജോബ് ചക്കാലയ്ക്കലാണ് വൈപ്പിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥി. എംഎ ഇക്കണോമിക്സിനു ശേഷം എംഫിലും പിഎച്ച്ഡിയും എടുത്ത് എറണാകുളം സെന്റ് ആൽബർട്സ്, സെന്റ്പോൾസ് കോളജുകളിൽ അസോ. പ്രഫസറായി ജോലി ചെയ്തു. ഔദ്യോഗികമായി വിരമിച്ചെങ്കിലും സെന്റ്പോൾസ് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് തലവനായി പ്രവർത്തിക്കുമ്പോഴാണു പുതിയ ദൗത്യം.