''യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം വേണമെന്നും താലിബാൻ''! ലോകവ്യാപകമായി ട്രോൾ ആയി മാറിയ പ്രസ്താവനയായിരുന്നു ഇത്. ട്രോളുകളുടെ ആശാന്മാരായ മലയാളികളും, 'സണ്ണിലിയോണിന്റെ ചിത്രങ്ങളിൽ ലൈംഗികതയുടെ അതിപ്രസരമെന്ന് മിയ ഖലീഫ' എന്നൊക്കെ തമാശ ഇറക്കിക്കൊണ്ട് ഈ പ്രസ്താവന ആഘോഷിച്ചു. എന്നാൽ ബി.ബി.സിയുടെ യുദ്ധകാര്യ ലേഖകനായ കീത്ത് മാർട്ടിൻ പറയുന്നത്, ഇത് എങ്ങനെ തമാശയാവും, ലോകത്തിലെ എല്ലാരാജ്യങ്ങളും അങ്ങനെ തന്നെ അല്ലേ എന്നാണ്. അതായത് സ്വന്തം താൽപ്പര്യം തന്നെയാണ് എല്ലാവർക്കും വലുത്. താലിബാനെ സംബന്ധിച്ച് അഫ്ഗാന്റെ അധികാരം നിലനിർത്തുകയാണ് പ്രശ്നം. അതിനുവേണ്ടി അഫ്ഗാന്റെ സമാധാനം കെടുത്താൻ അവർ തയ്യാറാണ്. എന്നാൽ അവർക്ക് യുക്രൈനിൽ സമാധാനം പുലർന്നതിൽ അവർക്ക് യാതൊരു എതിർപ്പുമില്ല. കാരണം യുക്രൈൻ അവരുടെ ലക്ഷ്യമല്ല.

അതായത് അവനവന്റെ താൽപ്പര്യങ്ങൾക്ക് എതിരാവുമ്പോൾ മാത്രമാണ്, എല്ലാവരും പ്രതികരിക്കുക. നാറ്റോയിൽ ചേരാനായി യുക്രൈനെ ക്ഷണിച്ച രാഷ്ട്രമാണ് അമേരിക്ക. എന്നിട്ടും അതിന്റെ പേരിൽ യുക്രൈൻ ആക്രമിക്കപ്പെടുമ്പോൾ അവർ സൈനികമായി ഇടപെടുന്നില്ല. കാരണം എന്താണ്. യുദ്ധം ഉണ്ടാക്കുന്ന മരണങ്ങളും, സാമ്പത്തിക തകർച്ചയും അവർ ആഗ്രഹിക്കുന്നില്ല. മാത്രമല്ല തൽക്കാലം ഇത് അമേരിക്കയെ നേരിട്ട് ബാധിക്കുന്നുമില്ല. യൂറോപ്യൻ രാജ്യങ്ങളിലുമുണ്ട് ഇതേ പ്രശ്നം. അവരുടെ പ്രകൃതിവാതകത്തിന്റെ നാൽപ്പതുശതമാനും റഷ്യയിൽനിന്നാണ് വരുന്നത്. നോർഡിക്ക് ഗ്യാസ് പൈപ്പ്ലൈൻ വന്നാൽ റഷ്യയിൽനിന്ന് നേരിട്ട് പ്രകൃതി വാതകം എത്തുന്നതോടെ തങ്ങളുടെ ഇന്ധനക്ഷാമം പരിഹരിക്കാമെന്ന് ആഗ്രഹിച്ച് നിൽക്കയായിരുന്നു ജർമ്മനി. ഹങ്കറിക്ക് പുതിയ ആണവ നിലയം പണിയുന്നതിന് റഷ്യൻ സഹായം വേണം. അതുകൊണ്ടുതന്നെയാണ് ഈ രാജ്യങ്ങൾ പലപ്പോഴും റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്നത്.

മാത്രമല്ല, സംഘർഷത്തിനു നിൽക്കാതെ, ഒതുങ്ങി സമാധാനപരമായി ജീവിക്കുക എന്ന നിലയിലേക്കാണ് ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും നീങ്ങുന്നത്. ലോക പൊലീസ് കളിക്കണം എന്ന ആഗ്രഹം ഇന്ന് യുഎസിനുപോലുമില്ല. ഒരു പുല്ലും മുളയ്ക്കാത്ത ഇറാഖിലും അഫ്ഗാനിലും പോയി യുദ്ധം ചെയ്തിട്ട് നമ്മൾ എന്തുനേടിയെന്നതാണ് അമേരിക്കൻ ജനതയുടെ ചോദ്യം. അതിന്റെ ഭാഗമായാണ് അമേരിക്ക അഫ്ഗാനിൽനിന്ന് പിന്മാറിയതും, അവിടെ താലിബാൻ അധികാരത്തിൽ ഏറിയതും. ട്രംപ് പോലും നാക്കുകൊണ്ടാണ് യുദ്ധം ചെയ്തത് എന്നോർക്കണം.

ഈ സാഹചര്യത്തിൽവേണം ഇപ്പോഴും ഒരു വികസ്വര രാഷ്ട്രമായിരിക്കുന്ന ഇന്ത്യ റഷ്യയെ അനുകൂലിച്ചുവെന്ന് പറഞ്ഞുണ്ടാകുന്ന സംവാദങ്ങളെ നോക്കിക്കാണേണ്ടത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് റഷ്യക്ക് എതിരെ ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ വോട്ട് ചെയ്തില്ല, എന്ത്‌കൊണ്ട് ഇന്ത്യൻ ഭരണകൂടം റഷ്യക്ക് എതിരെ അതിശക്തമായി പ്രതികരിച്ചില്ല, എന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളുകയാണ്. ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യക്ക് റഷ്യയുമായി തെറ്റിയാൽ നഷ്ടപ്പെടാൻ ഏറെയുണ്ട് എന്നത് തന്നെയാണ്. മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഭാരതത്തിനും അതിന്റെ നിലനിൽപ്പ് പ്രശ്നമാണ്.

ലോകത്ത് സമാനമായ പല പ്രശ്നങ്ങളിലും ഇന്ത്യ മൗനം പാലിച്ചിട്ടുണ്ട്. നെഹ്‌റുവിന്റെ കാലം മുതൽ ഉള്ള ചേരി ചേരാ നയം എന്ന ഇന്ത്യയുടെ നിലപാടാണ്. ഒരർഥത്തിൽ അതു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെ പിന്തുടരുന്നത്.

പാക്-ബംഗ്ലാ യുദ്ധത്തിൽ സഹായിച്ച റഷ്യ

കോൺഗ്രസുകാരൻ ആയിരുന്നെങ്കിലും, ഏറെ പ്രശസ്തമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സോഷ്യലിസ്റ്റ് പ്രേമവും ഇടത് ആഭിമുഖ്യവും. അതുകൊണ്ടുതന്നെ ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിമുതൽ നാം സോവിയറ്റ് യൂണിയനുമായി വളരെ നല്ല ബന്ധമാണ് പടുത്തുയർത്തിയത്. എന്നിരുന്നാലും നികിതാ ക്രൂഷ്ചേവ് അധികാരമേറ്റതോടെയാണ് ഈ ബന്ധം ശക്തമായത്. ഇന്ത്യൻ വിദേശനയമായി നെഹ്റു സ്വീകരിച്ച ചേരിചേരാനയത്തെ അമേരിക്ക സംശയത്തോടെ വീക്ഷിക്കുകയും പാക്കിസ്ഥാനെ തങ്ങളുടെ പക്ഷത്താക്കുകയും ചെയ്തപ്പോൾ, ഇന്ത്യൻ വിദേശനയത്തോട് അനുഭാവപൂർണമായ സമീപനമാണ് സോവിയറ്റ് യൂണിയൻ സ്വീകരിച്ചത്.

1950കളിലും 1960കളിലും ഐക്യരാഷ്ട്രസംഘടനയിൽ കാശ്മീർപ്രശ്നം ഉന്നയിക്കപ്പെട്ടപ്പോൾ ഇന്ത്യക്കനുകൂലമായി സോവിയറ്റ് യൂണിയൻ വീറ്റോ പ്രയോഗിച്ചത് ചരിത്രമായിരുന്നു. 1961ൽ പോർച്ചുഗലിന്റെ അധീനതയിൽനിന്ന് ഗോവയെ ഇന്ത്യ സ്വതന്ത്രമാക്കിയപ്പോഴും ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയോടൊപ്പംനിന്നത് സോവിയറ്റ് യൂണിയനായിരുന്നു. 1963മുതൽ അവർ നൽകിയ മിഗ്21 യുദ്ധവിമാനങ്ങളും മറ്റ് ആയുധങ്ങളുമാണ് 1965ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണ്ണായകം ആയത്. യുദ്ധാനന്തരം ചർച്ചകളിലൂടെ ഇരുരാജ്യത്തിനുമിടയിൽ സമാധാനം സ്ഥാപിച്ചത് സോവിയറ്റ് യൂണിയന്റെ പ്രധാനമന്ത്രിയായിരുന്ന അലക്സി കോസിജിന്റെ നേതൃത്വത്തിൽ താഷ്‌കെന്റിൽ നടന്ന ചർച്ചകളിലൂടെയായിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ വിന്യസിച്ച അമേരിക്കൻ ഏഴാംനാവികപ്പടയുടെ ഭീഷണിയെ നേരിടാൻ ഇന്ത്യയെ സഹായിച്ചത് സോവിയറ്റ് യൂണിയന്റെ നാവികസേനാവിന്യാസമാണ്.

ഇന്ത്യയുടെ വ്യവസായവികസനത്തിന് അടിത്തറപാകിയ പൊതുമേഖലയിലെ വൻവ്യവസായ സംരംഭങ്ങളായ ഭിലായ്, ബൊക്കാറോ സ്റ്റീൽപ്ലാന്റുകൾ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് എന്നിവ സോവിയറ്റ് യൂണിയന്റെ സംഭാവനയായിരുന്നു. സോവിയറ്റ് യൂണിയൻ ഒരു കമ്യൂണിസ്റ്റിതര രാഷ്ട്രത്തിന് ആദ്യമായിനൽകുന്ന സഹായമായിരുന്നു ഭിലായ് സ്റ്റീൽ പ്ലാന്റ്. 1980കൾവരെ സോവിയറ്റ് യൂണിയനായിരുന്നു ഇന്ത്യയുടെ പ്രധാന വ്യാപാരപങ്കാളി.

60 ശതമാനും ആയുധങ്ങളും റഷ്യൻ

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളി എന്ന നിലിയിൽനിന്ന് റഷ്യ മാറി. കാരണം അവരും തുടക്കത്തിൽ കടുത്ത ദാരിദ്രത്തിൽ ആയിരുന്നു. ഇപ്പോഴും സാമ്പത്തികമായി ഒരു വലിയ ശക്തിയല്ല റഷ്യ. പക്ഷേ അന്നും ഇന്നും റഷ്യ ഒരു വലിയ സൈനിക ശക്തിയാണ്. ഇന്ത്യയുടെ ആയുധങ്ങളുടെ 60 ശതമാനവും ഇപ്പോഴും നൽകുന്നത് റഷ്യയാണ്.

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യ 2004ൽ റഷ്യയിൽനിന്ന് വാങ്ങിയതാണ്. ഇന്ത്യയുടെ 70 ശതമാനം മിലിട്ടറി ഇറക്കുമതിയും റഷ്യയിൽ നിന്നാണ്. റഷ്യയുടെ എസ് 400 മിസൈൽ ഡിഫൻസ് സിസ്റ്റവും എയർക്രാഫ്റ്റ് കാരിയർ ആയ ഐഎൻസ് വിക്രമാദിത്യയും, പാട്ടത്തിന് എടുത്ത ആണവ അന്തർവാഹിനിയുമൊക്കെ യുക്രൈൻ യുദ്ധം കാരണം വേണ്ടെന്ന് വെക്കാൻ കഴിയുമോ..? റഷ്യയുമായി നമ്മൾ അകന്നാൽ കഴിഞ്ഞ പല പതിറ്റാണ്ടുകളായി നമ്മൾ വാങ്ങിക്കൂട്ടിയ കോടികണക്കിന് യുദ്ധ സാമഗ്രികൾ സ്പെയർ പാർട്സുകൾ കിട്ടാതെ മുടങ്ങികിടക്കും. അതൊക്കെ മാറ്റിയെടുക്കാനോ അല്ലെങ്കിൽ പുതിയവ സംഭരിക്കാൻ വലിയ തുകകൾ വേണ്ടിവരും, ദശാബ്ദങ്ങൾ എടുക്കും. പാക്കിസ്ഥാൻ ചൈന പോലുള്ള ശത്രു രാജ്യങ്ങൾ അയൽപക്കത്തുള്ളപ്പോൾ അതൊന്നും ആശാസ്യമായ തീരുമാനങ്ങളല്ല.

ഇന്ത്യ-റഷ്യ സഹകരണം ഇപ്പോൾ ശക്തമായിനിൽക്കുന്നത് പ്രതിരോധരംഗത്താണ്. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ഇന്ത്യ 15 ബില്യൺ ഡോളറിന്റെ പ്രതിരോധ ഉൽപ്പന്നങ്ങളാണ് റഷ്യയിൽനിന്ന് വാങ്ങിയത്. ഇതിൽ സുപ്രധാനമായത് 2018ൽ കരാറൊപ്പിട്ട 5.43 കോടി ഡോളറിന്റെ അഞ്ച് എസ് 400 ട്രയംഫ് മിസൈൽ പ്രതിരോധസംവിധാനം വാങ്ങാനുള്ള കരാറാണ്. മിസൈൽസംവിധാനത്തിന്റെ ആദ്യഭാഗങ്ങൾ ഇന്ത്യയിൽ എത്തുന്നവേളയിൽ, അതിനെതിരെ ഉപരോധഭീഷണി മുഴക്കുകയാണ് അമേരിക്ക ചെയ്തത്. എസ് 400 ട്രയംഫ് മിസൈൽ വാങ്ങിയ നാറ്റോ സഖ്യകക്ഷി കൂടിയായ തുർക്കിക്കെതിരെ അമേരിക്ക നടപടിയെടുക്കുകയും ചെയ്തു. 2017ൽ പാസാക്കിയ 'കാറ്റ്സ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നിയമം അമേരിക്കയുടെ ശത്രുക്കൾക്കെതിരായി ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഉപയോഗിക്കുന്നതാണ്.

2021 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യ സന്ദർശിച്ചപ്പോൾ, സുപ്രധാനമായ കരാറുകൾ ആണ് ഉണ്ടായത്. അയ്യായിരം കോടിരൂപ ചെലവുവരുന്ന ആറുലക്ഷത്തിലേറെ എകെ 203 റൈഫിളുകൾ ഇരുരാജ്യത്തിന്റെയും സംയുക്തസംരംഭമായി, ഇന്ത്യയിലെ അമേഠിയിൽ നിർമ്മിക്കാനുള്ള കരാറിൽ ഇരുരാജ്യവും ഒപ്പിട്ടു. ഭാരം കുറഞ്ഞതായതിനാൽ തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങളെ കൂടുതൽ ശക്തമായി നേരിടാൻ ഈ റൈഫിളുകൾ ഫലപ്രദമാകും. നിലവിലുള്ള സൈനിക സാങ്കേതികവിദ്യാരംഗത്തെ സഹകരണം പത്തുവർഷത്തേക്കുകൂടി നീട്ടാനും അന്ന് മോദി-പുടിൻ ചർച്ചയിൽ തീരുമാനിച്ചു. 28 കരാറിലും ധാരണപത്രങ്ങളിലും ഒപ്പിട്ടു. കൂടങ്കുളത്തിനുപുറമെ മറ്റൊരു ആണവപ്ലാന്റിനുകൂടി റഷ്യൻ സഹകരണം ലഭിക്കും.

യുക്രൈനിൽ റഷ്യ നടത്തുന്നത് പൈശാചികത്വം തന്നെയാണ്. പക്ഷേ അതിന്റെ പേരിൽ റഷ്യയുമായി തെറ്റിയാൽ ഇതെല്ലാം അമേരിക്ക നടത്തിത്തരുമോ. എല്ലാ രാജ്യങ്ങൾക്കും സ്വന്തം സുരക്ഷയാണ് വലുത്. ഇന്ത്യക്കും.

വ്യാപാരം 30 ബില്ല്യൺ ഡോളറായി ഉയർത്തുന്നു

കഴിഞ്ഞ വർഷം അതായത് 2021 ഡിസംബറിൽ പുടിൻ ഇന്ത്യയിലെത്തിയപ്പോൾ നടന്ന ചർച്ചയിൽ വൻ വ്യാപാരക്കരാറുകൾ ആണ് ഒപ്പിട്ടത്. കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷം പുടിൻ, റഷ്യക്ക് പുറത്തേക്കുപോകുന്നത് ഇത് രണ്ടാംതവണയാണ്. 2021 ജൂൺമാസം ജോ ബൈഡനുമായി ജനീവയിൽ നടന്ന ചർച്ചയ്ക്കാണ് ആദ്യം പോയത്. ഐക്യരാഷ്ട്ര സഭയുടെ സെപ്റ്റംബറിൽനടന്ന ജനറൽ അസംബ്ലി സമ്മേളനത്തിലോ ഒക്ടോബറിൽ റോമിൽ നടന്ന ജി 20 ഉന്നതതലസമ്മേളനത്തിലോ നവംബറിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലോ പുടിൻ പങ്കെടുത്തില്ലെന്നില്ല. മാത്രമല്ല നേരത്തേ നിശ്ചയിച്ചിരുന്ന ചൈനാ സന്ദർശനം പോലും നീട്ടിവച്ചു. എന്നാൽ, 2021 ഡിസംബർ ആറിന് ഇന്ത്യയുമായി നടന്ന ഇരുപത്തൊന്നാം വാർഷിക ഉന്നതതലയോഗത്തിൽ പങ്കെടുക്കാനുള്ള പുടിന്റെ തീരുമാനം പരസ്പരബന്ധങ്ങൾക്ക് റഷ്യനൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.

ഇരുരാജ്യത്തിന്റെയും വിദേശപ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായുള്ള 2പ്ലസ് ടു സംവിധാനത്തിന്റെ പ്രഥമസമ്മേളനവും ഇതോടൊപ്പം നടന്നു. അതിലെ ചില തീരുമാനങ്ങൾ ഇങ്ങനെയാണ്. ആഗോളതലത്തിൽത്തന്നെ ആശങ്കൾ സൃഷ്ടിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് കൊണ്ടുവരാൻ ഇരു രാജ്യവും കൂട്ടായി പരിശ്രമിക്കും. മന്ത്രിമാരുടെ 2പ്ലസ് ടു സമ്മേളനത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷം സൂചിപ്പിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മധ്യേഷ്യയിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയും റഷ്യയും സഹകരണം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

ഇരുരാജ്യവും തമ്മിലുള്ള വ്യാപാരം ഇപ്പോഴും പ്രതീക്ഷയ്ക്കൊത്തുയരുന്നില്ലെന്നും വിലയിരുത്തൽ ഉണ്ടായി. 2021ലെ പരസ്പര വ്യാപാരം വെറും പത്ത് ബില്യൺ ഡോളറിന്റേതുമാത്രമാണ്. അത് മുപ്പത് ബില്യൺ ഡോളറാക്കാനാണ് മോദി-പുടിൻ യോഗത്തിൽ തീരുമാനമായത്. സാമ്പത്തിക വ്യാപാര സഹകരണം കൂട്ടുന്നതിനായി റഷ്യയുടെ പതിനൊന്ന് പ്രവിശ്യാ ഗവർണർമാർ പങ്കെടുക്കുന്ന 'വൈബ്രന്റ് ഗുജറാത്ത്' എന്ന സമ്മേളനം ജനുവരിയിൽ നടത്താൻ തീരുമാനിച്ചു. പുറമെ, ബഹിരാകാശമേഖല, ബാങ്കിങ്, യുഎൻ ഉൾപ്പെടെ ബഹുരാഷ്ട്രസ്ഥാപനങ്ങൾ എന്നിവയിലെല്ലാം ശക്തമായി ഇരുകൂട്ടരും സഹകരിക്കും. പുറമെ, 38,000കോടി ഡോളറിന്റെ നിക്ഷേപ പദ്ധതികൾ റഷ്യ ആരംഭിക്കാനും ധാരണയായി. ഇന്ത്യൻസേനയ്ക്ക് തന്ത്രപരമായ പിന്തുണയും സൗകര്യങ്ങളും വിവരങ്ങളും പങ്കുവയ്ക്കുന്നതിനുള്ള 'റെലോസ്' കരാറിലും ഇരുരാജ്യവും ഒപ്പുവച്ചു. അമേരിക്ക, ജപ്പാൻ മുതലായ രാജ്യങ്ങളുമായും ഇന്ത്യ ഇത്തരം കരാറുകളിൽ എത്തിച്ചേർന്നിട്ടുണ്ട്.

അമേരിക്ക നേതൃത്വംനൽകുന്ന ഇൻഡോ-പസിഫിക്, ക്വാഡ് എന്നീ തന്ത്രപര കൂട്ടായ്മകളെക്കുറിച്ച് റഷ്യക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇൻഡോപസിഫിക് കൂട്ടായ്മയേക്കാൾ എല്ലാവരെയും ഉൾക്കൊള്ളുന്നത് ഏഷ്യ-പസിഫിക് എന്ന ആശയമായിരിക്കുമെന്നാണ് റഷ്യയുടെ വിദേശമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടത്. എന്നാൽ, സമുദ്രപാതകളെല്ലാം സ്വതന്ത്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകണമെന്ന ഇന്ത്യയുടെ അഭിപ്രായംതന്നെയാണ് റഷ്യക്കും. ഇരുരാജ്യവും 2019ൽ ഒപ്പുവച്ച ചെന്നൈ-വ്ലാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പദ്ധതിക്കും അത് ഗുണകരമാകു എന്നാണ് കരുതുന്നത്.

അതായത് പുടിൻ ഏകാധിപതിയും ഫാസിസിറ്റും നരാധമനും ഒക്കെയാണെന്നത് സത്യമാണ്. പക്ഷേ റഷ്യയുമായി തെറ്റിയാൽ ഇന്ത്യക്ക് നഷ്ടപ്പെടാൻ ഒരുപാടുണ്ട്. ജനസംഖ്യവെച്ച് നോക്കുമ്പോൾ വലിയ ഒരു ഉപഭോക്തൃ രാജ്യമായ ഇന്ത്യയുമായി തെറ്റാൻ റഷ്യയും ആഗ്രഹിക്കുന്നില്ല. യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി റഷ്യൻ അതിർത്തി തുറന്നതുതന്നെ ഉദാഹരണം. അതായത് ചുമ്മാ ഫേസ്‌ബുക്കിൽ മോദിയുടെ ഭീരുത്വത്തെക്കുറിച്ച് തള്ളുന്നതുപോലല്ല ഗ്രൗണ്ട് റിയാലിറ്റി.

ഇനി ഇതിനേക്കാൾ വലിയ മറ്റൊരു കാര്യം കൂടിയുണ്ട്. നമ്മൾ റഷ്യയുമായി പിണങ്ങിയാൽ അത് മുതലെടുക്കുക, പാക്കിസ്ഥാനും ചൈനയുമാണ്.

റഷ്യ- പാക്കിസ്ഥാൻ- ചൈന അച്ചുതണ്ട് !

പുറമെ നിന്ന് നോക്കുന്നപോലെയല്ല. സത്യത്തിൽ ശത്രുരാജ്യങ്ങളാൽ വളയപ്പെട്ട് കിടുക്കുന്ന രാജ്യമാണ് ഇന്ത്യയും. ചൈനയും പാക്കിസ്ഥാനുമാണ് പ്രധാന ഭീഷണി. 62ലെ ചൈനായുദ്ധത്തിൽ ഉണ്ടായ മുറിവുകൾ ഇപ്പോഴും നമ്മെ വേട്ടയാടുന്നുണ്ട്. ചൈനയുടെ ചതിയിൽ മനംനൊന്ത് അപമാനഭാരത്താലാണ് കവിയും കാൽപ്പനികനും യുദ്ധവിരുദ്ധ പേരാളിയുമായ നെഹ്റുവെന്ന വലിയ മനുഷ്യസ്നേഹി മരിച്ചത്!

ഇതൊക്ക ഓർമ്മയിൽവെച്ചുകൊണ്ട് തന്നെയാവണം, അജിത് ഡോവൽ- ജയശങ്കർ കൂട്ട് ഈ നിർണ്ണായക അവസ്ഥയിൽ റഷ്യക്കൊപ്പം നിൽക്കാം, എന്നാൽ അമേരിക്കൻ ചേരിയെ വെറുപ്പിക്കുകയും ഇല്ല എന്ന തന്ത്രപരമായ തീരുമാനം എടുത്തത് എന്നാണ് വിദേശകാര്യ വിദഗധ്ര് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ ഇപ്പോൾ റഷ്യയുടെ കൂടെ നിന്നില്ലായിരുന്നുവെങ്കിൽ ഒരു റഷ്യ- പാക്കിസ്ഥാൻ- ചൈന അച്ചുതണ്ട് രൂപപ്പെട്ടേനെ. കാരണം ഇപ്പോൾ തന്നെ റഷ്യക്ക് പാക്കിസ്ഥാനുമായി ചൈനയുമായും നല്ല ബന്ധമാണ്. അത് ഒന്ന് കൂടി ഊട്ടി ഉറപ്പിക്കപ്പെടുകയാണ് ഇതുമൂലം ഉണ്ടാവുക. റഷ്യ യുക്രൈനെ ആക്രമിച്ച ആ ദിവസം പാക് പ്രധാനമന്ത്രി ഇംറാൻഖാൻ പുടിനെ കാണാനായി മോസ്‌ക്കോയിൽ പോയിരിക്കയായിരുന്നു! അതിർത്തിൽ ചൈനയുണ്ടാക്കി സംഘർഷത്തിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. അരുണാചലിൽ ഏത് നിമിഷവും ചൈന കയറിവരുമെന്ന് നമ്മുടെ മിലിട്ടറി ഇപ്പോഴും സംശയിക്കുന്നുണ്ട്. അപ്പോൾ റഷ്യയെക്കൂടി പിണക്കിയിട്ട് നമുക്ക് എന്ത് കിട്ടാനാണ്?

മാത്രമല്ല ലോകം ഇനി രണ്ടുചേരിയായിട്ടാണ് മാറുന്നത്. അമേരിക്കയും യൂറോപ്പും ഒരുഭാഗത്തും, റഷ്യ, ചൈന, ഒരു പക്ഷെ ഇറാനും കൂടിച്ചേർന്നത് മറുഭാഗവും. ഇതിൽ പാക്കിസ്ഥാനും വരും. റഷ്യയും ചൈനയും ഇറാനും ചേർന്ന് സൗത്ത് ചൈനാക്കടലിൽ നേരത്തേ സംയുക്ത നാവിക അഭ്യാസം നടത്തിയത് വൻ വിവാദമായിരുന്നു. ഇതിൽ ഏതെങ്കിലും ഒരു ചേരിയിൽ ഇന്ത്യയും വരുമായിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ ന്യൂട്രലിൽ കിടക്കയാണ്. നാറ്റോ പക്ഷത്തുമില്ല റഷ്യൻ പക്ഷത്തുമില്ല. യുക്രൈനിൽ സമാധാനം പുലരണം എന്ന് പ്രസ്താവിക്കുമ്പോഴും, റഷ്യയെ ഇന്ത്യ വിമർശിക്കാത്തത്, ഈ വിശാല താൽപ്പര്യങ്ങൾ കൂടി കണ്ടുകൊണ്ടാണ്.

ഇനി മൂല്യാധിഷ്ഠിത നിലപാടുകൾ എടുക്കണമെന്നും ഇന്ത്യയുടെ പാരമ്പര്യം ഉയർത്തിപ്പടിക്കണം എന്ന് പറയുന്നതിലൊന്നും വലിയ കഥയില്ല. കാരണം അങ്ങനെ ഒരു മൂല്യങ്ങൾ ഉയർത്തിപ്പടിച്ച പാരമ്പര്യം ലോകത്തിൽ ആർക്കുമില്ല. ചേരിചേരാ നയത്തിന്റെ പേരുപറഞ്ഞ്, ലോകത്ത് നടക്കുന്ന പല അതിക്രമങ്ങളും ഇന്ത്യ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്. സ്റ്റാലിൻ അടക്കമുള്ള കമ്യൂണിസ്റ്റ് ഏകാധപതികളുടെ കൂട്ടക്കൊലക്കെതിരെ നെഹ്റു ഒരക്ഷരം മിണ്ടിയിട്ടില്ല. പണ്ടും ഇന്നും ഒരു രാജ്യത്തിന്റെയും അന്താരാഷ്ട്ര നിലപാടുകളൊന്നും, മൂല്യാധിഷ്ടിതമല്ല. അവരവരുടെ ജനതയുടെ താൽപ്പര്യങ്ങൾ എന്ന് അവർ കരുതുന്ന തീരുമാനങ്ങൾ മാത്രമേ ലോകത്ത് നടക്കുന്നുള്ളൂ. ഇന്ത്യയും അങ്ങനെ തന്നെയാണ്.

മാത്രമല്ല ഇന്ത്യയിപ്പോൾ പതുക്കെ വളർന്ന് തുടങ്ങിയ സമയവുമാണ്.അമേരിക്കയെയും യൂറോപ്പിനെയും പോലെ യുദ്ധവും ഉപരോധവും ഒക്കെ ആയി ആ അവസരം കളഞ്ഞു കുളിക്കാൻ ഇന്ത്യയും ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല ഈ പ്രശ്നത്തിൽ എന്താണ് ഇന്ത്യക്ക് ചെയ്യാൻ കഴിയുക. പൂടിനെ നിഷ്‌കാസിതനാക്കാൻ കഴിവൊന്നും ഇന്ത്യക്കില്ല. അതുള്ള നാറ്റോപോലും അത് ചെയ്യുന്നില്ല. പിന്നെ വാചകമടിച്ച് കുറേ ശത്രുക്കളെ സമ്പാദിച്ച് കൂട്ടുന്നതിൽ എന്താണ് കാര്യം. ഈ പ്രായോഗിക ബുദ്ധിതന്നെയാണ് ഇവിടെ വർക്കൗട്ട് ആവുന്നത്.

നെഹ്റുവിന്റെ സോഷ്യലിസ്റ്റ് നയം പാളിയോ?

നെഹ്റുവിന്റെയും സോഷ്യലിസത്തോടുള്ള ചായ്വും, ചേരിചേരാ നയവും ഇന്ത്യയെ പിറകോട്ട് അടിപ്പിക്കുക ആയിരുന്നെന്നും, സ്വാതന്ത്ര്യാനന്തരം അമേരിക്കൻ രീതികൾ ഉൾകൊണ്ട്, മന്മോഹൻസിങ് ചെയ്തതൊക്കെ ഉദാരവത്ക്കരണത്തിലേക്കും ആഗോളീകരണത്തിലേക്കും പോവുകയാണെങ്കിൽ ഇന്ത്യ പണ്ടേ ലോക ശക്തി ആയേനെ എന്നും പലരും വാദിക്കുന്നുണ്ട്.

പക്ഷേ ഇത് പൂർണ്ണമായും ശരിയല്ലെന്നാണ് ശശി തരൂരിനെപ്പോലുള്ളവർ പറയുന്നത്. ''ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് നല്ല ഇമേജ് അല്ല. സ്വയം പര്യാപ്തതയാണ്. ബ്രിട്ടീഷുകാർ കൊള്ളയിടച്ച് ചണ്ടിയാക്കിയ ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും മാത്രമാണ് ഉണ്ടായിരുന്നത്. സർ വിൻസ്റ്റൺ ചർച്ചിലിനെപ്പോലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ പരസ്യമായി പറഞ്ഞത് സ്വാതന്ത്ര്യാനന്തരം ഇന്ത്യ പട്ടിണി കിടന്ന് മരിക്കുമെന്നാണ്. അങ്ങനെ ഒരു രാജ്യത്തിന് ആരെയും വെറുപ്പിക്കാൻ പറ്റില്ല. നമുക്ക് അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യൻ ശക്തകളുടെയുമൊക്കെ പിന്തുണ വളരാൻ വേണ്ടിയിരുന്നു. അതുകൊണ്ടാണ് നെഹ്റു ചേരിചേരാ നയത്തിലേക്ക് എത്തിയത്്''- ശശി തരൂർ വ്യക്തമാക്കുന്നു.

ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ സ്ഥിര രാജ്യങ്ങളുടെ പട്ടികയിൽ ഒരു ഏഷ്യൻ രാജ്യം കൂടി വേണം എന്ന് ചർച്ച വന്നപ്പോൾ, അനൗദ്യോഗികമായിട്ട് ആണെങ്കിലും ആദ്യം ക്ഷണം കിട്ടിയത് ഇന്ത്യക്ക് ആയിരുന്നു. അപ്പോഴും ജവഹർലാൽ നെഹ്റു നിക്ഷ്പക്ഷ നയം ആണ് തെരഞ്ഞെടുത്തത്. അങ്ങനെയാണ് ചൈന ആസ്ഥാനത്ത് എത്തുന്നത്. ആ തീരുമാനത്തിന് പിന്നിലും ഇന്ത്യയുടെ അന്നത്തെ നിസ്സഹായാവസ്ഥ തന്നെ ആയിരുന്നു പ്രധാനം. സാങ്കേതികമായും സാമൂഹികമായും വളർച്ച കൈവരിച്ച രാജ്യങ്ങളോടുള്ള ആശ്രിതത്വം ആയിരുന്നു അത്. ഇന്ത്യക്ക് അവരെയാണ് ആവശ്യം അല്ലാതെ മറിച്ചല്ല. ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം നിന്നാൽ, ഇന്ത്യക്ക് ഗുണങ്ങൾ കുറയും, പ്രശ്‌നങ്ങൾ കൂടും. നെഹ്റുവിന്റെ കാലത്ത് തന്നെ, ഡാമുകളും ആണവ കേന്ദ്രങ്ങളുമൊക്കേ സ്ഥാപിക്കാനും, കാർഷിക മേഖലയിലും സാമ്പത്തികാസൂത്രണ മേഖലയിലും, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും മറ്റെല്ലാ മേഖലയിലും സോവിയറ്റ് ഭാഗത്ത് നിന്നും നാറ്റോ ഭാഗത്ത് നിന്നും ഒരുപോലെ സഹായങ്ങൾ ഇന്ത്യക്ക് കിട്ടിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ജനതയുടെ വിശപ്പായിരുന്നു അക്കാലത്ത് പ്രധാനം.

പക്ഷേ ക്രമേണെ ചേരിചേരാ നയം വിട്ട് ഇന്ത്യ സോവിയറ്റ് ചേരിയോട് കൂടുതൽ അടുക്കുന്ന കാഴ്്ചയാണ് ലോകം കണ്ടത്. ഇവിടൊയണ് നെഹ്റുവിന് പിഴച്ചത്. അപ്പോൾ അമേരിക്ക സ്വാഭാവികമായും ഇന്ത്യയോട് അകന്നു. റഷ്യയുടെ ഏറ്റവും വലിയ ആയുധവിപണിയായി ഇന്ത്യ മാറിയപ്പോൾ അമേരിക്ക പാക്കിസ്ഥാനെ അവരുടെ കൂട്ടുകക്ഷിയാക്കി. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യത്തിന്റെ എതിർചേരിയിലായി മാറി. ആധുനികതയുടെയും സയൻസിന്റെയും സാങ്കേതികവിദ്യയുടെയും ഹെഡ്ക്വാർട്ടേഴ്സ് ആയ യു.എസ്.എ ചേരിയാണ് നെഹ്റു തെരഞ്ഞെടുത്തതെങ്കിൽ ഇന്ത്യ ഇന്നത്തേക്കാൾ എത്രയോ വികസിച്ചേനെ എന്നാണ് എഴുത്തുകാരൻ ഖു്ഷവന്ത് സിങ്ങ് ഒരിക്കൽ പറഞ്ഞത്.

1991ൽ നരസിംഹറാവു തുടക്കമിട്ട സാമ്പത്തിക ഉദാരവൽക്കരണ വിപ്ലവം നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ഡോഗ്മയിൽ നിന്നുള്ള വിമോചനത്തിന്റെ തുടക്കമായിരുന്നു. തുറന്നവിപണിയുടെ രസതന്ത്രം ഇന്ത്യയെ അമേരിക്കയുടെ സഹയാത്രികനാക്കി . ഒടുവിൽ അമേരിക്കയുമായുള്ള സാമ്പത്തിക-സൈനിക സഹകരണത്തിന്റെ മൂല്യം തിരിച്ചറിഞ്ഞാണ് സ്വന്തം സർക്കാരിനെ തന്നെ ബലികൊടുത്ത് ഡോ. മന്മോഹൻ സിങ് സിവിൽ ന്യൂക്ലിയർ ഡീൽ ഒപ്പുവെച്ചത്. അതായിരുന്നു ഇൻഡോ-അമേരിക്കൻ ബന്ധത്തിലെ വഴിത്തിരിവ്. ഇന്ന് അമേരിക്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണ്. വ്യാപരമേഖലയിൽ ആ ബന്ധം അതി ശക്തമാണ്. സൈനിക മേഖലയിൽ റഷ്യയോട് എന്നപോലെ.

അതായത് അമേരിക്കയെയും റഷ്യയെയും വെറുപ്പിക്കാതെ സ്വന്തം താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. യുക്രൈൻ നിലപാടും അത് തെളിയിക്കുന്നു. എല്ലാവർക്കും അവരവരുടെ കാര്യം തന്നെയാണെല്ലോ പ്രധാനം.

വാൽക്കഷ്ണം: അയ്യായിരത്തോളംവരുന്ന പലതരം ആണവായുധങ്ങൾ മുഴുവൻ റഷ്യയ്ക്ക് കൈമാറി, നിരോധന കരാറിലും ഒപ്പ് വെച്ച് 1996 ൽ പൂർണ്ണമായും ആണവവിരുദ്ധമായി മാറിയ രാജ്യമാണ് യുക്രൈൻ. അതുതന്നെയാണ് ആ പാവങ്ങൾക്ക് തിരിച്ചടിയാതും. ഇന്ന് യുക്രൈൻ ഒരു ആണവ ശക്തിയായിരുന്നെങ്കിൽ റഷ്യ ഈ അതിക്രമത്തിന് മുതിരുമായിരുന്നില്ല. 62ൽ നമ്മെ തോൽപ്പിച്ച ചൈനയും ഇപ്പോൾ ചാടിക്കടിക്കാത്തത് ഇന്ത്യ ആണവ ശക്തിയായതുകൊണ്ട് മാത്രമാണ്. അങ്ങനെ നോക്കുമ്പോൾ ലോകത്ത് സമാധാനം കൊണ്ടുവന്നത് ആറ്റംബോംബുകളാണ്. അതിന് അടിത്തറയിട്ട ഹോമി ജാഹാഗീർ ഭാഭയെപ്പോലുള്ളവരുടെ ദീർഘവീക്ഷണം നാം നമിച്ചുപോവുന്ന സമയമാണിത്. അല്ലാതെ ഗാന്ധിയൻ മോഡലിൽ സമാധാന പ്രസംഗം നടത്തി കഴിയുകയായിരുന്നെങ്കിൽ, നമ്മൾ കട്ടയും പടവും മടക്കിയേനെ!