ന്യൂഡൽഹി: ലോകപോലീസായും ലോക രാഷ്ട്രങ്ങളുടെ തലവനായും വിലസുന്ന അമേരിക്കയോട് മുഖത്തു നോക്കി ഒരു കാര്യം ചെയ്യാൻ പറ്റില്ല എന്ന് പറയാൻ കരുത്തുള്ള ഒരു ഭരണാധികാരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത സാധാരണ ഇന്ത്യക്കാർ ഉണ്ടാകില്ല. എന്നാൽ തന്റേടവും ആർജ്ജവവും ഉണ്ടെങ്കിൽ അങ്ങനെ മുഖത്തു നോക്കി പറയാം എന്ന് പഠിപ്പിക്കുകയാണ് നരേന്ദ്ര മോദി എന്ന ഇന്ത്യൻ പ്രധാനമന്ത്രി. ലോകത്തിന്റെ വാണിജ്യ ഭൂപടത്തിൽ ഇന്ത്യയ്ക്ക് അതിനിർണ്ണായകമായ സ്ഥാനമാണ് ഉള്ളതെന്ന് മനസിലാക്കി ലാഭക്കണ്ണുകളോടെ കച്ചവടം ലക്ഷ്യമിട്ട് സോപ്പിടാനെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയോട് യാതൊരു ആശങ്കകളുമില്ലാതെ നരേന്ദ്ര മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി 'പറ്റില്ല' എന്ന വാക്ക് വ്യക്തമായി പറഞ്ഞിരിക്കുന്നു. അമേരിക്ക പറയുന്നതാണ് വേദവാക്യം എന്ന് കരുതുന്ന തന്റെ മുൻഗാമികളിൽ നിന്നും താൻ വ്യത്യസ്തനാകുമെന്ന് വ്യക്തമാക്കുകയായിരുന്നു നരേന്ദ്ര മോദി.

അമേരിക്ക ഉയർത്തിയ കടുത്ത സമ്മർദ്ദങ്ങൾക്ക് മുമ്പിലും ഇന്ത്യൻ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താൽപ്പര്യം മുൻനിർത്തി ലോക വ്യാപാര സംഘടനയുടെ(ഡബ്ല്യു.ടി.ഒ) ബാലി കരാറിൽ ഒപ്പുവെക്കാൻ മോദി തയ്യാറായില്ല. കോടിക്കണക്കിന് വരുന്ന സാധാരണക്കാരെ സാരമായി ബാധിക്കുന്ന കാര്യങ്ങളിൽ ഉറപ്പുലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യൻ നിലപാട്. സബ്‌സിഡികൾ, ഭക്ഷ്യസുരക്ഷ എന്നിവ സംബന്ധിച്ച് ഉറപ്പുകളിലാണ് അവ്യക്തത ഉള്ളത്.


ജോൺ കെറി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നു

ഇന്ത്യയുടെ പിൻമാറ്റത്തോടെ അമേരിക്കയുൾപ്പെടെ 159 ലോകരാഷ്ട്രങ്ങൾ ജനീവയിൽ അംഗീകരിച്ച ബാലികരാർ ഇതോടെ തത്കാലം അസാധുവായി. ലോകവ്യാപാരസംഘടനയുടെ(ഡബ്ലൂടി.ഒ) ഭാവിയെത്തന്നെ ഇത് ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്രസമൂഹം ഉയർത്തുന്നുണ്ട്. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചനടത്തിയ അമേരിക്കൻ വിദേശകാര്യസെക്രട്ടറി ജോൺ കെറി ഇന്ത്യയുടെ നിലപാട് ലോക രാഷ്ട്രങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞെങ്കിലും ഇന്ത്യയിലെ പാവങ്ങളെ മറന്നുകൊണ്ടുള്ള പ്രവൃത്തി ഉണ്ടാകില്ലെന്നാണ് വ്യക്തമാക്കിയത്.

സാമ്പത്തികവളർച്ച ആഗ്രഹിക്കുന്ന ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പ്രതിച്ഛായയ്ക്കുതന്നെ ഇത് കോട്ടം വരുത്തുന്നതായി ഒരുന്നത യു.എസ്. ഉദ്യോഗസ്ഥനും അഭിപ്രായപ്പെട്ടെങ്കിലും മോദി ഈ സമ്മർദ്ദത്തിനും വഴങ്ങിയില്ല. ഇന്ത്യയിലെ സാധാരണക്കാരന്റെ താൽപ്പര്യങ്ങൾ മറന്ന് ലോക സമ്പന്ന രാജ്യങ്ങളിൽ മാത്രം സമ്പത്ത് കുമിഞ്ഞു കൂട്ടുന്ന വിധത്തിലുള്ള കരാറിന് വഴങ്ങില്ലെന്ന നിലപാടാണ് ഇന്ത്യ പ്രധാനമന്ത്രി ആവർത്തിച്ചത്. കരാറിനെ പൂർണ്ണായും എതിർക്കുന്നില്ലെന്നും ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങലിലാണ് എതിർപ്പെന്നും മോദി കെറിയോട് പറഞ്ഞു.

John Kerry and Narendra Modi meets, Sushma Swaraj by his side

അതേസമയം വ്യാപാരക്കരാറിൽനിന്ന് അവസാന നിമിഷം പിൻമാറിയ ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് ചില രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കടുത്ത നിലപാടിൽ അവർ നടുക്കം പ്രകടിപ്പിച്ചു. ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയില്ലാത്ത വ്യാപാരക്കരാർ അർഥശൂന്യമായിരിക്കുമെന്ന് ചില രാഷ്ട്രങ്ങൾ ജനീവയിൽ ചൂണ്ടിക്കാട്ടി. ലോകരാഷ്ട്രങ്ങളെയെല്ലാം ഉൾപ്പെടുത്തി വ്യാപാരക്കരാറുണ്ടാക്കാൻ 2001 മുതൽ നടന്നുവന്ന ചർച്ചകൾ ആദ്യമായി സമവായത്തിലെത്തിയത് 2013 ഡിസംബറിൽ ഇൻഡൊനീഷ്യയിലെ ബാലിയിൽ ചേർന്ന മന്ത്രിതലസമ്മേളനത്തിലാണ്. 'ബാലി പാക്കേജ് ' എന്നറിയപ്പെട്ട ഈ കരാർ പ്രാഥമികതലത്തിൽ രാജ്യങ്ങളുടെ പരസ്പരവ്യാപാരം സംബന്ധിച്ച ധാരണയായിരുന്നു.

ഭക്ഷ്യസുരക്ഷ, സബ്‌സിഡികൾ തുടങ്ങിയവയുടെ സംരക്ഷണം എന്ന ഇന്ത്യയുടെ ആവശ്യം മാനിച്ചുകൊണ്ടുള്ളതാണ് ഈ കരാർ. 'സന്തുലിത'വും ഇന്ത്യൻതാത്പര്യം സംരക്ഷിക്കുന്നതുമാണ് ഈ ധാരണയെന്നാണ് അന്നത്തെ യു.പി.എ. സർക്കാറിൽ വാണിജ്യമന്ത്രിയായിരുന്ന ആനന്ദ് ശർമ പറഞ്ഞത്. എന്നാൽ ഇത് നടപ്പാകാൻ എല്ലാ രാജ്യങ്ങളും ഈ ജൂലായ് 31ന് മുമ്പ് പ്രത്യേകരേഖയിൽ ഒപ്പുവെക്കേണ്ടിയിരുന്നു. ജൂലായ് 31 എന്ന കാലാവധി ബാലിയിൽ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങൾ തീരുമാനിച്ചതാണ്. ലോകവ്യാപാരസംഘടനയുടെ നിയമപ്രകാരം ഒരു രാജ്യം ഒപ്പുവെക്കാതിരുന്നാലും കരാർ മുടങ്ങും. ഈ സാഹചര്യത്തിൽ ഇന്ത്യ ഇതിൽ ഒപ്പുവെക്കാൻ തയ്യാറാകാത്തത് ഫലത്തിൽ കരാറിന്റെ വഴിയടയ്ക്കുന്നതായി.

ഇന്ത്യ ഉന്നയിച്ച സബ്‌സിഡി, ഭക്ഷ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ താത്കാലിക ധാരണ ബാലിയിലുണ്ടായിരുന്നു. 2017നകം ഇതു സംബന്ധിച്ച് സ്ഥിരമായ വ്യവസ്ഥയുണ്ടാക്കാനും ധാരണയായിരുന്നു. അതിനുശേഷം ഇന്ത്യ ഇക്കാര്യത്തിൽ മാറ്റമൊന്നും ആവശ്യപ്പെട്ടിരുന്നില്ല. ഈ മാസം ആദ്യമാണ് വിയോജിപ്പ് വ്യക്തമാക്കിയത്.

ഇക്കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നാണ്, തന്ത്രപരമായ ചർച്ചകൾക്ക് കഴിഞ്ഞദിവസം ഇന്ത്യയിലെത്തിയ യു.എസ്. വിദേശകാര്യസെക്രട്ടറി ജോൺ കെറി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. സബ്‌സിഡിയും മറ്റും സംബന്ധിച്ച് സ്ഥിരമായ വ്യവസ്ഥയുണ്ടാകും വരെ ഇന്ത്യയ്ക്ക് അവ ഇപ്പോഴത്തെപ്പോലെ തുടരാം എന്നൊരു വ്യവസ്ഥ വേണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നിർദേശിച്ചിരുന്നു. എന്നാലിത് ഉന്നയിക്കാൻ സമയം ലഭിച്ചില്ല.

ഭക്ഷ്യ സുരക്ഷാ പദ്ധതി, കാർഷിക സബ്‌സിഡി തുടങ്ങിയ കാര്യങ്ങൾ കാലങ്ങളായി ഇന്ത്യൻ ഗവൺമെന്റുകൾ നൽകിവരുന്നതാണ്. പുതിയ കരാർ പ്രകാരം അത് ജനങ്ങൾക്ക് നഷ്ടമാകുന്ന ഘട്ടം വന്നാൽ ഇന്ത്യൻ വിപണിയെയും സാധാരണക്കാരനെയും സാരമായി ബാധിക്കും. സബ്‌സിഡികളെ പൂർണ്ണമായും ഒഴിവാക്കുന്ന അമേരിക്കൻ താൽപ്പര്യന് വഴങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് ഇപ്പോഴത്തെ തീരുമാനത്തിലൂടെ ഇന്ത്യ നൽകിയത്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ലോകത്തിന്റെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ പൂർണ്ണമായും അവഗണിക്കാൻ ആർക്കും സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ് മോദി സധൈര്യം ഇന്ത്യൻ നിലപാട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറിക്ക് മുമ്പിൽ വ്യക്തമാക്കിയതും.