ടുത്തറിയുന്തോറും കൂടുതൽ നിഗൂഢതകളെ വെളിപ്പെടുത്തിക്കൊണ്ട് മനുഷ്യനെ എന്നും വിസ്മയിക്കുന്ന അത്ഭുത പ്രതിഭാസമാണ് സൂര്യൻ. സൂര്യനെക്കുറിച്ചുള്ള അടിസ്ഥാനവസ്തുതകളെല്ലാം മനസ്സിലാക്കിയെന്ന് മനുഷ്യൻ ഒരു വേള അഹങ്കരിക്കുമ്പോഴായിരിക്കും ഇതുവരെ അറിയാത്ത മറ്റൊരു ദുർഗ്രഹതയെ ശാസ്ത്രത്തിന്റെ മുന്നിലേക്കിട്ടുകൊടുത്തു കൊണ്ട് സൂര്യൻ വീണ്ടും കടങ്കഥയാകുന്നത്. സൂര്യന്റെ അടുത്ത് ചെല്ലുന്തോറും ചൂട് കുറഞ്ഞ് വരുന്ന നിഗൂഢപ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ഇതുവരെ ശാസ്ത്രജ്ഞന്മാർക്ക് സാധിച്ചിട്ടില്ല. വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ആ നിഗൂഢതയ്ക്കുള്ള ഉത്തരം കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണിപ്പോൾ ശാസ്ത്രലോകം.

ഈ രഹസ്യത്തിന്റെ പൊരുൾ ഗ്രഹണത്തിന്റെ തലേദിവസമായ വ്യാഴാഴ്ച തന്നെ മനസ്സിലാക്കാൻ അരയും തലയും മുറിക്കിയിറങ്ങിയിരിക്കുകയാണ് ശാസ്ത്രജ്ഞന്മാർ. സൂര്യഗ്രഹണം ഉത്തരധ്രുവത്തിൽ നിന്നും സൂക്ഷ്മമായി നിരീക്ഷിക്കാൻ വിശദമായ തയ്യാറെടുപ്പുകളാണ് ഗവേഷകർ നടത്തിയിട്ടുള്ളതെന്നാണ് റിപ്പോർ്ട്ട്. സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സമയത്ത് സൂര്യനിലെ പ്ലാസ്മ മാത്രമെ ദൃശ്യമാകുകയുള്ളൂ. ഈ അസുലാഭവസരം ഉപയോഗിച്ച് ഇതുവരെ പിടികിട്ടാത്ത മേൽപ്പറഞ്ഞ നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താനാണ് ശാസ്ത്രജ്ഞന്മാർ ശ്രമിക്കുന്നത്. സൂര്യഗ്രഹണ ദിവസം തന്നെയാണ് ആറ് മാസത്തെ ധ്രുവരാത്രിക്ക് ശേഷം ഉത്തര ധ്രുവത്തിൽ സൂര്യനെത്തുന്നതെന്ന അപൂർവതയും മാർച്ച് 20ന് ഉണ്ട്. അഞ്ച് ലക്ഷം വർഷത്തിലൊരിക്കൽ മാത്രമെ ഈ അപൂർവത അരങ്ങേറാറുള്ളൂ. ഇതു സംബന്ധിച്ച നിരീക്ഷണത്തിനായി സ്വാൽബാർഡിലെ ഒരു പഴയ വാനനിരീക്ഷണശാലയിൽ ശാസ്ത്രജ്ഞന്മാർ ഗവേഷണം നടത്തന്നുണ്ട്. കോണ്ടിനന്റൽ നോർവേയ്ക്കും ഉത്തരധ്രുവത്തിനുമിടിയിലാണീ സ്ഥലം സ്ഥിതി ചെയ്യുന്നത്.

സൂര്യഗ്രഹണം സമ്പൂർണമായി കാണുന്നതിനാലാണ് ഇവർ ഈ സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്. ഗ്രഹണസമയത്ത് ഇവിടെ ചന്ദ്രൻ സൂര്യനെ 100 ശതമാനവും മറയ്ക്കും. ഹവായ് യൂണിവേഴ്‌സിറ്റിയിലെ സോളാർ ഫിസിക്‌സ് പ്രഫസറായ ഷാദിയ ഹബാലിന്റഇ െനേതൃത്ത്വത്തിലുള്ള ഗവേഷകരാണ് സ്വാൽബാർഡിൽ ഇതിനായി തമ്പടിച്ചിരിക്കുന്നത്. വെയിൽസിലെ അബെറിസ്‌റ്റൈത്ത് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാരും ഈ സംഘത്തിലുണ്ട്. യുഎസ്, ചെക്ക് റിപ്പബ്ലിക്ക്, ജർമനി എന്നീ രാജ്യങ്ങളിലെ ശാസത്രജ്ഞന്മാരും ഇവർക്കൊപ്പം ചേരുന്നുണ്ട്. ഗ്രഹണത്തിനിടെ സൂര്യന്റെ വ്യത്യസ്തമായ ഫ്രീക്വൻസികളിലുള്ള ചിത്രങ്ങൾ പകർത്താനായി 14 പ്രത്യേക ക്യാമറകൾ വിവിധ ആംഗിളുകളിൽ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

1999ന് ശേഷമുള്ള ഏറ്റവും വലിയ സൂര്യഗ്രഹണത്തിനാണ് ഈ വരുന്ന വെള്ളിയാഴ്ച യൂറോപ്പാകമാനം സാക്ഷ്യം വഹിക്കുന്നത്. ബ്രിട്ടനിലെ പലയിടങ്ങളിലും 90 ശതമാനത്തിന് മുകളിൽ സൂര്യഗ്രഹണമുണ്ടാകും. ഈ സമ്പൂർണ സൂര്യഗ്രഹണത്തിൽ കൂടുതൽ ഇരുട്ട് വീഴുക സ്‌കോട്ട്‌ലാൻഡിലാണെന്നും പ്രവചനങ്ങളുണ്ട്. അന്നേ ദിവസം ലണ്ടന്റെ മുകളിൽ പതിക്കുന്ന 84 ശതമാനം സൂര്യപ്രകാശവും ചന്ദ്രനാൽ മറയ്ക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഗ്ലാസ്‌കോ, അബെർഡീൻ, എഡിൻബർഗ് എന്നിവിടങ്ങളിലെ 94 ശതമാനം സൂര്യപ്രകാശത്തെയും ചന്ദ്രൻ മറയ്ക്കും.

സൂര്യഗ്രഹണം മൂലം വൈദ്യുതി പ്രതിസന്ധിയുണ്ടാവുകയും യൂറോപ്പാകമാനം ഇരുട്ടിലാകാനുള്ള സാധ്യതയെപ്പറ്റി ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യൂറോപ്പിൽ ഭൂരിഭാഗം വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത് സൗരോർജമുപയോഗിച്ചാണ്. മാർച്ച് 20ന് കാലത്താണ് സൂര്യഗ്രഹണം അരങ്ങേറുന്നത്. 90 മിനുറ്റ് നേരം യൂറോപ്പ്, വടക്കെ അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം നിലനിൽക്കും. നോർത്തേൺ സ്‌കാൻഡിനേവിയ, ഫറോയ് ഐസ്ലാൻഡ്‌സ് എന്നിവിടങ്ങളിൽ സമ്പൂർണസൂര്യഗ്രഹണമുണ്ടാകും. ഫറോയ് ഐസ്ലാൻഡിലെ ടോർഷാവനിൽ രണ്ട് മിനുറ്റ് രണ്ട് സെക്കൻഡ് നേരം കണ്ണിൽകുത്തിയാൽ കാണാത്ത വിധം ഇരുട്ടാകുമെന്നാണ് എച്ച്എം നോട്ടിക്കൽ അൽമനാക് ഓഫീസിലെ ഡോ. സ്റ്റീവ് ബെൽ പറയുന്നത്. ഏറ്റവും കൂടുതൽ നേരം സമ്പൂർണ സൂര്യഗ്രഹണം നിലനിൽക്കുക ഐസ്ലാൻഡിന് കിഴക്ക് നോർവീജിയൻ കടലിലായിരിക്കും. ഇവിടെ രണ്ട് മിനുറ്റും 47 സെക്കൻഡുമായിരിക്കും സമ്പൂർണ സൂര്യഗ്രഹണം നിലനിൽക്കുക. ലണ്ടനിൽ ഭാഗിക സൂര്യഗ്രഹണം രാവിലെ 8.45നാണ് ആരംഭിക്കുക. രാവിലെ 9.31ന് ലണ്ടനിലെ ഗ്രഹണം മൂർധന്യത്തിലെത്തും. തുടർന്ന് രാവിലെ 10.41 ഓടെ ഗ്രഹണം അവസാനിക്കുകയും ചെയ്യും.

ഗ്രീൻലാൻഡ് ഉപഭൂഖണ്ഡത്തിന് തൊട്ട് താഴെ നിന്ന് തുടങ്ങി വടക്കോട്ട് ആർട്ടിക് സർക്കിൾ വരെയാണ് ഈ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. ഭാഗിക സൂര്യഗ്രഹണം ആയിരക്കണക്കിന് മൈലുകൾ വിസ്തീർണത്തിലാണ് ഒരേ സമയം ദൃശ്യമാകുന്നത്. യുകെയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണമുണ്ടാകുമെന്നാണ് ഡോ. ബെൽ പറയുന്നത്. ഫറോയ് ഐസ്ലാൻഡിലും സ്വാൽബാർഡിലുമുണ്ടാകുന്ന സമ്പൂർണ സൂര്യഗ്രഹണം പിന്നിട് ഉത്തരധ്രുവഭാഗത്തേക്ക് നീങ്ങും. എയർഡ് ഉയിഗിന് സമീപത്തുള്ള ലെവിസ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തും സമ്പൂർണ സൂര്യഗ്രഹണമുണ്ടാകും. ഇവിടെ രാവിലെ 9.36 ആകുമ്പോഴേക്കും 98 ശതമാനം സൂര്യപ്രകാശവും മറയ്ക്കപ്പെടും. വടക്ക് പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ്, ഹെബ്‌റൈഡ്‌സ്, ഓർക്ക്‌നേസ്, ഷെട്ട്‌ലാൻഡ് ഐസ്ലാൻഡ് എന്നിവിടങ്ങളിൽ 95 ശതമാനമായിരിക്കും ഗ്രഹണം. ഇതിന് മുമ്പ് ഇത്രയും വലിയ സൂര്യഗ്രഹണമുണ്ടായത് 1999 ഓഗസ്റ്റ് 11നായിരുന്നു. അന്ന് 1.029 മാഗ്‌നിറ്റിയൂഡായിരുന്നു ഗ്രഹണമുണ്ടായത്. ചന്ദ്രൻ സൂര്യന്റെ എത്ര അംശത്തെ മറയ്ക്കുന്നു എന്നതാണ് മാഗ്‌നിറ്റിയൂഡ് എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇനി 2026ലായിരിക്കും ഇതുപോലുള്ള ഒരു സൂര്യഗ്രഹണമുണ്ടാവുകയെന്നും ഗവേഷകർ പറയുന്നു.

വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണം ഇന്ത്യയിലുമുണ്ടാകുമെങ്കിലും വളരെ നേരിയതോതിലെ ബാധിക്കുകയുള്ളുവെന്നതിനാൽ ഇവിടെ അത് ദൃശ്യമാകുകയില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.11നായിരിക്കും ഇത് തുടങ്ങുന്നത്. രണ്ട് മിനുറ്റ് 47 സെക്കൻഡ് മാത്രമെ ഇവിടെ അത് അൽപമെങ്കിലും അനുഭവപ്പെടുകയുള്ളൂ.