തിരുവനന്തപുരം: പണ്ടുകാലത്ത് ആരെങ്കിലും ശിക്ഷിക്കപ്പെട്ടാൽ ജയിലിൽ പോയി ഉണ്ടതിന്നാം എന്നായിരുന്നു നാട്ടുകാർ പറയുക. എന്നാൽ ഇന്ന് സ്ഥിതി മാറി. രാജ്യത്തെ ജയിലുകളിൽ തടവുപുള്ളികൾക്ക് ഏറ്റവും സുഭിക്ഷമായ മെനുവുമായി വിഭവ സമൃദ്ധമായ ഭക്ഷണം നൽകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. നാട്ടിൽ ഒരുനേരത്തെ ഭക്ഷണംപോലും ഇല്ലാതെ പതിനായിരങ്ങൾ കഴിയുമ്പോൾ കോടികൾ ജയിൽപ്പുള്ളികളുടെ ഭക്ഷണത്തിനായി ചെലവഴിക്കുന്നത് ചർച്ചയാവുകയാണ് ഇപ്പോൾ.

വിഷയം സജീവ ചർച്ചയിൽ കയറുന്നത് ജയിൽ ഡിജിപിയുടെ ഒരു നിർദ്ദേശത്തെ തുടർന്നാണ്. മട്ടൻ ഉൾപ്പെടെ സുഭിക്ഷമായ ഭക്ഷണം നൽകുന്നത് ക്രിമിനൽ മാനസികാവസ്ഥയുള്ള തടവുകാരുടെ കുറ്റവാസന കൂട്ടുമെന്നും അതു നിർത്തലാക്കണമെന്നും ചൂണ്ടിക്കാട്ട് ജയിലിലെ മെനുവിൽ നിന്ന് ആട്ടിറച്ചി മാറ്റണമെന്ന് ആയിരുന്നു ആർ. ശ്രീലേഖ ആവശ്യപ്പെട്ടത്.

കഴിഞ്ഞവർഷം മെയ്‌മാസം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നടന്ന ചടങ്ങിൽ ഇത്തരമൊരു അഭിപ്രായം ശ്രീലേഖ പറഞ്ഞിരുന്നു. ജയിലലെ കശാപ്പിന് എതിരെയായിരുന്നു പരാമർശം. കത്തിയുടേയും രക്തത്തിന്റേയും വഴിയിലൂടെ സഞ്ചരിച്ച അന്തേവാസികളെ വീണ്ടും കശാപ്പുകാരാക്കുന്നത് ശരിയല്ലന്നും ആയിരുന്നു അവർ പറഞ്ഞത്. അവിടെ താറാവുഫാം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഡിജിപി.

നെട്ടുകാൽത്തേരി ജയിലിലെ തടവുകാർ കശാപ്പുചെയുന്ന ജന്തുക്കളെയാണ് സെൻട്രൽ ജയിലിൽ പാകം ചെയ്ത് വിറ്റഴിക്കുന്നത്. ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കി ചിക്കനും മുട്ടയും ആക്കുന്ന കാര്യം ചിന്തിക്കുകയാണ്. പശു, കോഴി, ആട് തുടങ്ങി ധാരാളം വളർത്തുമൃഗങ്ങളെ നെട്ടുകാൽത്തേരിയിൽ സംരക്ഷിക്കുന്നു. ഇവയെ കൊല്ലുന്നതിലൂടെ അന്തേവാസികളുടെ മനസിൽ ശേഷിക്കുന്ന നന്മ കൂടി നശിക്കുന്നു. ഇവിടെ താറാവ് ഫാം തുടങ്ങുന്ന കാര്യം ആലോചിച്ചപ്പോൾ മുട്ടത്താറാവുകൾ മതിയെന്ന് താൻ പറയാൻ കാരണവും കശാപ്പിനോടുള്ള അതൃപ്തിയാണ്. ആൺ താറാവുകളാണെങ്കിൽ അവയെയും കശാപ്പു ചെയ്യുന്നത് കാണേണ്ടിവരുമായിരുന്നുവെന്നും അവർ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നിർദ്ദേശവും അവർ സർക്കാരിന് മുന്നിൽ വച്ചത്. ജയിലിലെ ഭക്ഷണ മെനുവിൽ നിന്ന് ആട്ടിറച്ചി മാറ്റണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതു സംബന്ധിച്ച് ശ്രീലേഖ നൽകിയ ശുപാർശ സർക്കാർ ഇതുവരെയായും പരിഗണിച്ചിട്ടില്ല. അമിത കൊഴുപ്പടങ്ങിയ ആട്ടിറച്ചി അകത്തു ചെല്ലുന്നത് ക്രിമിനൽ വാസന കൂട്ടുമെന്ന വാദത്തിനോട് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. വിദേശത്ത് നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും ജയിലുകളിൽ സസ്യാഹാരം മാത്രമാണ് നൽകുന്നത്. ഇതുൾപ്പെടെ പലരും ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ അനുകൂല നിലപാടല്ല കൈക്കൊണ്ടത്.

ഇതിന് മറ്റൊരു കാരണംകൂടി ഉണ്ടെന്നും വാദമുയരുന്നു. സംസ്ഥാനത്ത് നിരവധി രാഷ്ട്രീയക്കാർ, കൊലക്കേസിൽ ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട്് ജയിലുകളിൽ വിചാരണ തടവുകാരായും ശിക്ഷിക്കപ്പെട്ടും കഴിയുന്നുണ്ട്. ഇവരെ സന്തോഷിപ്പിക്കുക എന്ന താൽപര്യംകൂടി പരിഗണിച്ചാണ് സർക്കാർ ജയിൽ മെനുവിൽ കൈവയ്ക്കാൻ മടിക്കുന്നതെന്ന സൂചനകളും ചർച്ചയാവുന്നു. തടവുകാർക്ക് സുഭിക്ഷമായ ഭക്ഷണമാണ് കേരളത്തിലെ ജയിലുകളിൽ.

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഗോവിന്ദച്ചാമിയും ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്‌ളാമും എല്ലുംതോലുമായി ജയിലിൽ പോയ ദൃശ്യങ്ങളും പിന്നീട് ശിക്ഷാവിധി ഏറ്റുവാങ്ങിയ കാലം ആകുമ്പോഴേക്കും തടിച്ചുകൊഴുത്ത ദൃശ്യങ്ങളും എല്ലാവരും കണ്ടതാണ്. ഇതോടെ തന്നെ ഉണ്ടതിന്നൽ സ്ഥിതി മാറി നല്ല ഭക്ഷണമെല്ലാം കഴിച്ച് സുഖവാസമാണ് ജയിലിൽ തടവുപുള്ളികൾക്ക് എന്ന സ്ഥിതിയും അപ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുകയും ചെയ്തു.

ജയിൽ ഭക്ഷണത്തിന് വൻ തുകയാണ് കേരളം ചെലവിടുന്നത്. രാജ്യത്ത് ഇക്കാര്യത്തിൽ കേരളമാണ് നമ്പർ വൺ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനാൽ തന്നെ തടവുകാർക്ക് ആട്ടിറച്ചി കൊടുക്കുന്നതു വഴിയുണ്ടാകുന്ന ഭീമമായ ഭക്ഷണച്ചെലവ് കുറയ്ക്കുന്നതിനു കൂടിയാണ് കുറച്ചുനാൾ മുമ്പ് ഡിജിപി സർക്കാരിനു മുമ്പിൽ ഇങ്ങനെയൊരു നിർദ്ദേശം വച്ചത്. ആഴ്ചയിൽ രണ്ടു ദിവസം മീനും ഒരു ദിവസം ആട്ടിറച്ചിയുമാണ് ജയിലുകളിൽ ഇപ്പോൾ നൽകി വരുന്ന സസ്യേതര ഭക്ഷണം. 140 ഗ്രാം മീനും 100 ഗ്രാം ആട്ടിറച്ചിയുമാണ് നൽകുന്നത്. ഒരു തടവുകാരന് ഏകദേശം 150ഗ്രാം മട്ടൺ കറി കിട്ടും. ഒരു കിലോ ആട്ടിറച്ചിക്ക് 500-650 രൂപ വിലയുണ്ട്.

ആട്ടിറച്ചിക്കു പകരം കോഴിയിറച്ചിയാവാമെന്നും ശുപാർശ ചെയ്തിരുന്നു. എന്നാൽ അതുപോലും വേണ്ട മുട്ട കൊടുത്താൽ മതിയെന്ന നിലപാടുപോലും പല ഉന്നത ജയിൽ ഉദ്യോഗസ്ഥരും നിർദ്ദേശിക്കുകയും ചെയ്തു. ഓരോ വർഷവും ആട്ടിറച്ചിക്കായി വൻതുകയാണ് ചെലവിടുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം ജയിൽ വകുപ്പു തന്നെയാണ് വിവിധ ജോലികളിൽ കൂടി അന്തേവാസികളുടെ ഭക്ഷണത്തിനു പണം കണ്ടെത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും ജയിലുകളിൽ പ്രഭാതഭക്ഷണമായി ചായ മാത്രമാണ് നൽകാറുള്ളതെന്നിരിക്കെയാണ് കേരളത്തിൽ ജയിൽമെനു കാലങ്ങളായി പരിഷ്‌കരിച്ച് ഇപ്പോഴത്തെ സുഭിക്ഷമായ അവസ്ഥയിലേക്ക് എത്തിച്ചത് രാഷ്ട്രീയ തടവുകാരുടെ 'തടി നന്നാക്കാൻ' കൂടി ഉദ്ദേശിച്ചാണെന്ന ആരോപണമാണ് ഉയരുന്നത്.

സർക്കാർ തന്റെ നിർദ്ദേശത്തിൽ തീരുമാനം കൈക്കൊള്ളാൻ മടിക്കുന്ന സാഹചര്യത്തിൽ അടുത്തിടെ ഡിജിപി ശ്രീലേഖ തന്നെ ഇതിനായി നീക്കവും തുടങ്ങിയിരുന്നു. ജയിലിലെ ആടുകളെ കൊന്ന് തടവുകാർക്ക് ഇനി ഭക്ഷണമൊരുക്കില്ലെന്ന തീരുമാനം ചീമേനിയിലാണ് ഡിജിപി നടപ്പിലാക്കിയത്. ഇതോടെ ജയിലിലെ ഫാമിലുള്ള ആടുകളെ ലേലത്തിൽ നൽകാനും തീരുമാനിച്ചു. മാർച്ച് അവസാനമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ആദ്യ ലേലത്തിൽ പങ്കെടുക്കാൻ ഒട്ടേറെ പേർ ജയിലിലെത്തി. ചീമേനി തുറന്ന ജയിലിലെ ആടുകളെ ഇങ്ങനെ ലേലത്തിൽ നൽകി. ആട്, പന്നി, പശു, മുട്ട കോഴി, കാസർകോടൻ കുള്ളൻ എന്നിവയെല്ലാം വളർത്തുന്ന ഫാമുകൾ ജയിലിനകത്തുണ്ട്.

100 ൽ അധികം ആടുകളെ ആയിരുന്നു ചീമേനി തുറന്ന ജയിലിലെ ഫാമിൽ വളർത്തിയിരുന്നത്. തടവുകാർക്ക് നൽകുന്ന ഭക്ഷണ മെനുവിൽ ശനിയാഴ്ചയാണ് മട്ടൻ കറി ഉച്ചയ്ക്ക് നൽകുന്ന ചോറിനോടൊപ്പം നൽകുക. ഇതിനായി ജയിലിലെ ഫാമിലുള്ള ആടുകളെ തന്നെയാണ് നേരത്തേ കൊന്ന് കറിവച്ചിരുന്നത്. അതൊഴിവാക്കി കൊണ്ടായിരുന്നു ശ്രീലേഖയുടെ തീരുമാനം. തുറന്ന ജയിലിൽ അധികവും കഴിയുന്നതുകൊലപാതക കേസുകളിൽപെട്ടവരും മറ്റുമാണ്.

അതുകൊണ്ട് തന്നെ ജയിലിനകത്തുനിന്നു തന്നെ ഭക്ഷണത്തിന് വേണ്ടി ആടുകളെ കൊല്ലുന്നത് ഒഴിവാക്കുന്നത് നല്ലതായിരിക്കും എന്ന ഡിജിപിയുടെ വാക്കാലുള്ള നിർദ്ദേശത്തിലാണ് ജയിലിനുള്ളിലെ ഫാമിൽ നിന്നുള്ള ആടുകളെ ഭക്ഷണത്തിനായി കൊല്ലുന്നത് ഒഴിവാക്കിയതെന്ന സൂചനയാണ് ജയിൽ അധികാരികൾ പങ്കുവയ്ക്കുന്നത്. എന്നാൽ ജയിലിലെ ആടുകളെ കൊല്ലുന്നത് മാത്രമേ ഒഴിവായുള്ളൂ. പകരം കിലോയ്ക്ക് 550-600 രൂപയോളം നൽകി പുറത്തുനിന്ന് വാങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. ചീമേനി ജയിലിൽ നടന്ന ആടുകളുടെ ലേലത്തിൽ ആദ്യ ദിവസം 11 ആടുകൾ ലേലത്തിൽ പോയി.ഇത് വഴി അരലക്ഷം രൂപയോളം ജയിലിന് ലഭിക്കുകയും ചെയ്തിരുന്നു.