കാസർഗോഡ്: കാസർഗോഡ് , കണ്ണൂർ ജില്ലകളിലെ സഹകരണ ബാങ്കുകളിൽ സുരക്ഷാ സംവിധാനം കാര്യക്ഷമമല്ലെന്ന തിരിച്ചറിവാണ് മോഷ്ടാക്കളുടെ ആശാകേന്ദ്രമായി ഇവ മാറുന്നത്. ദിനം പ്രതി നടക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളും ശരാശരി 30 കിലോഗ്രാം വരുന്ന സ്വർണശേഖരവും. ഇതാണ് മോഷ്ടാക്കൾ സഹകരണ ബാങ്കുകളിൽ കവർച്ചക്ക് വേണ്ടി തിരഞ്ഞെടുക്കുന്നതിനു കാരണമാകുന്നത്. കോടിക്കണക്കിന് രൂപയുടെ സമ്പത്ത് സൂക്ഷിക്കുന്ന ഇത്തരം ബാങ്കുകളിലെ സുരക്ഷയുടെ ഉള്ളുകള്ളി അറിയുന്ന മോഷ്ടാക്കൾ നിർബാധം കവർച്ചയ്ക്കുള്ള ശ്രമം തുടരുകയാണ് സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തതയാണ് കാസർഗോട് കുട്‌ലു സർവ്വീസ് സഹകരണ ബാങ്ക് ശാഖയിലും കവർച്ചക്ക് കാരണമായത്, കവർച്ച നടന്നതോടെ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഉറക്കം നഷ്ടപ്പെട്ടു. പ്രവാസികളുടെ നിക്ഷേപങ്ങളും സ്വർണ്ണവും സാധാരണ സഹകരണബാങ്കുകളിലാണ് സൂക്ഷിക്കുന്നത്.

മിക്ക സഹകരണ ബാങ്കുകളിലുംപ്രസിഡണ്ടിനും ഭരണസമിതിക്കും ഇരിക്കാനുള്ള മുറി ആധുനിക സംവിധാനമുപയോഗിച്ച് ഒരുക്കുമെങ്കിലും ജനങ്ങളുടെ പണവും സ്വർണ്ണവും സൂക്ഷിക്കുന്ന മുറി ഇന്നും പഴയപോലെയാണ്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ബാങ്ക് ഭരണസമിതികൾ കാട്ടുന്നത്. പ്രസിഡണ്ടിന് വാഹനം വാങ്ങുന്നതിലും രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിലും നിയന്ത്രണമൊന്നുമില്ല. രാഷ്ട്രീയ നേതാക്കൾക്ക് സുഖസൗകര്യമൊരുക്കുന്ന കേന്ദ്രമായി സഹകരണ ബാങ്കുകൾ മാറിയിരിക്കയാണ്. എന്നാൽ ഇടപാടുകാരുടെ പണവും സ്വർണ്ണവും സൂക്ഷിക്കുന്നതിൽ ജാഗ്രത കാട്ടുന്നില്ല. ഈ സുരക്ഷാ വീഴ്ചയാണ് മോഷ്ടാക്കൾ മുതലെടുക്കുന്നത്. കുട്‌ലു ബാങ്ക് കവർച്ച നടന്ന ദിവസം തന്നെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിൽ രണ്ടു സഹകരണ ബാങ്കുകൾക്ക് നേരെ കവർച്ചാശ്രമം നടന്നു. മാതമംഗലം റൂറൽ അഗ്രികൾച്ചറൽ ലേബർ വെൽഫെയർ സർവ്വീസ് സഹകരണ സംഘത്തിലും പാടിയോട്ടുചാൽ സഹകരണ ബാങ്കിലുമാണ് കവർച്ചാശ്രമം നടന്നത്.

ബാങ്കിന്റെ ഷട്ടർ പൊളിച്ചു മാറ്റി അകത്തു കയറി ഗ്ലാസ് കേബിൻ പൊളിക്കവെയുണ്ടായ ശബ്ദം മൂലം സമീപവാസികൾ ഉണർന്നതിനാൽ കവർച്ച നടന്നില്ല. പാടിയോട്ടു ചാൽ ബാങ്കിന്റെ പൂട്ടും ഗ്രില്ലും തകർത്ത കള്ളന്മാർ ശബ്ദം കേട്ട് രക്ഷപ്പെടുകയായിരുന്നു. 2008 സെപ്റ്റംബർ മൂന്നിനു തലശ്ശേരിക്കടുത്ത പൊന്ന്യം സർവ്വീസ് സഹകരണ ബാങ്കിലായിരുന്നു സഹകരണ മേഖലയിലെ ഏറ്റവും വലിയ കവർച്ച നടന്നത്. 23 കിലോഗ്രാം സ്വർണ്ണവും പണവുമായിരുന്നു കവർ്ച്ച ചെയ്തത്. ബാങ്കിന്റെ സ്‌ട്രോങ് റൂം കട്ടറുപയോഗിച്ച് മുറിച്ചാണ് കൊള്ള ചെയ്തത്. കാസർഗോഡ് പെരിയാ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ നിന്നും 2009 ജൂണിൽ 33 കിലോ ഗ്രാം സ്വർണ്ണവും ആറേ മുക്കാൽ ലക്ഷം രൂപയും കവർച്ചചെയ്തിരുന്നു. ഇത്തരം കൊള്ളകൾ അരങ്ങേറിയിട്ടും മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ സഹകരണ ബാങ്ക് സമിതികൾ തയ്യാറാവാത്തതു മൂലമാണു മോഷ്ടാക്കളുടെ നോട്ടം ഇവയ്ക്കു നേരെ പതിയുന്നത്.

സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിക്കുന്ന സ്‌ട്രോങ്ങ്റ്രൂം മിക്കവാറും സഹകരണ ബാങ്കുകളിലും സുരക്ഷിതമല്ല. കുട്‌ലു ബാങ്കിലെയും സ്ഥിതി ഇതുതന്നെ. സ്‌ട്രോങ്ങ്‌റൂമിന്റെ മേൽഭാഗവും കീഴ്ഭാഗവും വശങ്ങളും ഉൾപ്പെടെ 6 ഭാഗവും കോൺക്രീറ്റ് ചെയ്തതായിരിക്കണം. എന്നാൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ ഒരു കോണിൽ ചുവരോട് ചേർത്തു പണിയുകയാണ് ചെയ്യുന്നത്. മാത്രമല്ല സ്‌ട്രോങ് റൂമിന്റെ വാതിൽ മൂന്നു താക്കോൽ കൊണ്ട് ഒന്ന്, രണ്ട്, മൂന്ന് , എന്നീ ക്രമത്തിൽ തുറക്കുന്നതുമാവണം. ഇതിനകത്തായിരിക്കണം ഖജനാവ് ഒരുക്കേണ്ടത്.

ഖജനാവിലാണ് സ്വർണ്ണാഭരണങ്ങളും പണവും സൂക്ഷിക്കേണ്ടത്. അവിടെ മൂന്ന് തലത്തിൽ തുറക്കാവുന്ന ലോക്ക് സംവിധാനം ഒരുക്കണം. ഈ സംവിധാനം ഒരുക്കാൻ 5 ലക്ഷം രൂപയോളം ചെലവ് വരും. അതുകൊണ്ടുതന്നെ മിക്കവാറും ബാങ്കുകളിൽ സുരക്ഷിതത്വമുള്ള സ്‌ട്രോങ് റൂമോ ഖജനാവോ ഇല്ലെന്നതാണ് വസ്തുത. ഖജനാവിനു പകരം സാധാരണ അലമാരയാണ് പലയിടത്തും ഉള്ളത്. ആ അഞ്ചു ലക്ഷം രൂപയുപയോഗിച്ചു പ്രസിഡന്റിനും ഭരണസമിതിക്കും ആഡംബരമൊരുക്കാനാണ് മിക്ക സഹകരണബാങ്കുകളും ശ്രമിക്കുന്നത്.

പകൽ സുരക്ഷാ സംവിധാനമൊന്നും വേണ്ടതില്ല എന്ന അവസ്ഥയിലാണ് ഏറെ സഹകരണ ബാങ്കുകളും. രാത്രി കാലത്ത് പേരിനുമാത്രം ഒരു സെക്യൂരിറ്റി പ്രവർത്തിക്കും. പകൽ സുരക്ഷാ ഇടപാടുകാരുടേയും ജീവനക്കാരുടേയും കൈകളിലാണ്. കുട്‌ലു ബാങ്കിൽ പകൽ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നെങ്കിൽ പ്രതികളെ തിരിച്ചറിയാനെങ്കിലും കഴിയുമായിരുന്നു. അകത്തും പുറത്തും സി.സി.ടി.വി. സംവിധാനവും അലാറവും ഒരുക്കാൻ പോലും തയ്യാറാവാത്ത സഹകരണ ബാങ്കും പ്രവർത്തിക്കുന്നുണ്ട്. പൊലീസ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊക്കെ അവഗണിക്കുകയാണ് സഹകരണ ബാങ്കുകളിലെ ഭൂരിഭാഗം ഭരണ സമിതികളും. കുട്‌ലു ബാങ്ക് കവർച്ചയുടെ പശ്ചാത്തലത്തിൽ ദേശീയ പാതക്കരികിലുള്ള സഹകരണ ബാങ്കുകളിൽ സി.സി.ടി.വി.യും അലാറം സംവിധാനവും ഒരുക്കാൻ മുന്നറിയിപ്പ് വീണ്ടും നൽകിയിരിക്കയാണ്.

കവർച്ചക്കാരുടെ പറുദീസയായി മാറുകയാണ് സഹകരണ ബാങ്കുകൾ. പൊതുവെ കെടുകാര്യസ്ഥത നിലനിൽക്കുന്ന സഹകരണ ബാങ്കുകൾ സുരക്ഷിതമല്ലെന്നുകൂടിയറിഞ്ഞാൽ ഇടപാടുകാർ ഇത്തരം സ്ഥാപനങ്ങളെ കൈയോഴിയും. പ്രവാസി മലയാളികളുടെ ഇടപാടുകളിലേറേയും നടക്കുന്നത് സഹകരണ ബാങ്കുകളിലാണ്. കാസർഗോഡ് കുട്‌ലു ബാങ്ക് കവർച്ചയും കണ്ണൂർ ജില്ലയിലെ മാതമംഗലം, പാടിയോട്ട് ചാൽ, ബാങ്ക് കവർച്ചാ ശ്രമവും കാരണം പ്രവാസികളുൾപ്പെടെയുള്ള ഇടപാടുകാരുടെ സ്വസ്ഥത നഷ്ടപ്പെട്ടിരിക്കയാണ്.