തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷത്രത്തിലെ നിലവറകളിലെ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ 'ബി' നിലവറയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. 'ബി' നിലവറ തുറക്കുന്നതിന് എന്തിനാണു രാജകുടുംബം എതിരുനിൽക്കുന്നതെന്ന ചോദ്യം ഉയരുകയാണ്. നേരത്തെ ഏഴുതവണ ഈ നിലവറ തുറന്നിട്ടുള്ളതായി വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ട്. നിലവറകളിൽനിന്നെടുത്ത സ്വർണത്തിൽനിന്ന് ഇരുന്നൂറിലേറെ കിലോ സ്വർണം കാണാതായിട്ടുണ്ടെന്ന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണു അതിന്റെ പിന്നിലുള്ള ദുരൂഹതകളെക്കുറിച്ചു ചൂടേറിയ ചർച്ച നടക്കുന്നത്.

ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ പല പ്രാവശ്യം ഈ നിലവറ തുറന്ന് അകത്തു പ്രവേശിച്ചിട്ടുണ്ട്. അതോടൊപ്പം മറ്റു പലരും പ്രവേശിച്ചതായും വിദഗ്ധസമിതി മനസ്സിലാക്കിയിട്ടുണ്ട്. രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രശസ്ത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫർ ഇതിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞ സംഭവം വരെയുണ്ടായിട്ടുണ്ട്. ഇവിടെയാണ് രാജകുടുംബത്തിന്റെ എതിർപ്പ് ദുരൂഹമാക്കുന്നത്. ഉത്രാടം തിരുനാളിന് നിലവറകളിൽ പ്രവേശിക്കാനുള്ള അധികാരം ഉണ്ട്. എന്നാൽ മറ്റുള്ളവർ എങ്ങനെ പ്രവേശിച്ചുവെന്നും ഫോട്ടോ എടുക്കാൻ എങ്ങനെ അനുവദിച്ചുവെന്നും അന്വേഷിക്കുമ്പോൾ പല സംശയങ്ങളും ഉയരുന്നു.

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിക്കുമ്പോൾ മുതൽ കൊട്ടാരവും കൊട്ടാരവുമായി ബന്ധപ്പെട്ടവരും തികഞ്ഞ നിസ്സഹകരണമാണ് കാണിച്ചിട്ടുള്ളതെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാകും. ആദ്യം നിയോഗിച്ച ഡോ. സി.വി. ആനന്ദബോസിനോട് 'ബി' നിലവറ തുറന്നാൽ മരണം ഉറപ്പാണെന്നും കുടുംബം ഇല്ലാതാകുമെന്നും, അതുകൊണ്ട് പിന്തിരിയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ദൈവത്തിന്റെ കൈയിൽനിന്ന് മരണം സംഭവിച്ചാൽ മോക്ഷം ഉറപ്പാണെന്നും, മോക്ഷത്തിനുവേണ്ടി മരിക്കാൻ തയ്യാറാണെന്നുമുള്ള നിലപാടിൽ അദ്ദേഹം ശക്തമായി മുന്നോട്ടുപോയി.

ഇന്ത്യാഗവൺമെന്റും തിരുവിതാംകൂർ രാജകുടുംബവും തമ്മിൽ 1949-ൽ ഉണ്ടായ ഉടമ്പടി പ്രകാരം പത്മനാഭസ്വാമിക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി തിരുവിതാംകൂറിന്റെ ഭരണാധികാരികളാണ്. മാനേജിങ് ട്രസ്റ്റിയെ ഭരണകാര്യങ്ങൾ സഹായിക്കാൻ മൂന്നംഗസമിതിയെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊരിക്കലും പാലിക്കപ്പെട്ടിട്ടില്ല.

1970- ൽ രാജാക്കന്മാരുടെ പ്രിവി പഴ്‌സ് നിർത്തലാക്കിയപ്പോഴും പത്മനാഭസ്വാമിക്ഷേത്ര ഭരണത്തിന് സമിതി രൂപീകരിക്കപ്പെട്ടില്ല.1992- ൽ ചിത്തിരതിരുന്നാൾ നാടു നീങ്ങുകയും ഉത്രാടം തിരുനാൾ പിൻഗാമിയാകുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. പിന്നീട് 2008 വരെയുള്ള കാലഘട്ടത്തിലാണ് നിലവറകളിൽനിന്നു സ്വത്തുക്കളുടെ കാര്യത്തിൽ തട്ടിപ്പുണ്ടായിട്ടുള്ളത്. അദ്ദേഹത്തിിന്റെ പല നടപടികളും സംശയത്തിനു വഴിതെളിച്ചു.അത് നേരിൽ കണ്ടു മനസ്സിലാക്കാൻ ഇടയായ ആളാണ് അഡ്വ.സുന്ദർസിങ്. പരമഭക്തനും, ക്ഷേത്രാചാരങ്ങളിൽ മുറുകെ പിടിക്കുന്നയാളുമായ സുന്ദർസിംഗാണ് രാജാധികാരത്തെ ചോദ്യംചെയ്ത് കോടതിയിൽ പോയതും അതു പിൽകാലനിയമസംഭവങ്ങളിലേക്ക് വഴിതെളിച്ചതും.

ക്ഷേത്രദർശനത്തിനു രാജാവു വന്നുപോകുന്നതല്ലാതെ ഭരണകാര്യങ്ങളിൽ രാജകുടുംബം ശ്രദ്ധിക്കുന്നില്ലെന്നും, ഉദ്യോഗസ്ഥന്മാർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്നും ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒട്ടേറെ കൃത്രിമങ്ങൾ ഇതിനകം തന്നെ നടന്നുകഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളുടെ യഥാർത്ഥമൂല്യം സങ്കല്പങ്ങൾക്കും അതീതമാണ്. അങ്ങനെയുള്ള പല അമൂല്യവസ്തുക്കളുടെയും സ്ഥാനത്ത് വ്യാജന്മാർ സ്ഥാനം പിടിച്ചിട്ടുണ്ടോയെന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, പതിമൂന്നാം നൂറ്റാണ്ടിൽ സംഗ്രാമധീര രവിവർമ്മ സമർപ്പിച്ച സ്വർണം കൊണ്ടുള്ള പായസപാത്രം ഇപ്പോഴില്ലെന്ന് ചരിത്രഗവേഷകനും മൂല്യനിർണയസമിതിയിൽ ഉൾപ്പെട്ടിട്ടുള്ളയാളുമായ ഡോ. എം. ജി. ശശിഭൂഷൻ എഴുതിയിട്ടുണ്ട്.

അതിനുപകരം 1952-ൽ പുതുക്കിപ്പണിത പായസപാത്രമാണുള്ളത്. രണ്ടാൾചേർന്ന് എടുക്കാൻതക്ക ഭാരമുള്ളതാണത്. 13-ാം നൂറ്റാണ്ടിലെ ചരിത്രവസ്തു എന്തിനു പുതുക്കിപ്പണിതുവെന്നും, പഴയപാത്രം എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുപോലെ കോടികൾ വിലവരുന്ന, വിലമതിക്കാൻ കഴിയാത്ത അമൂല്യവസ്തുക്കളിൽ പലതും ഇതിനകം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടെന്നതു വസ്തുതയാണ്. 'ബി' നിലവറ തുറക്കുന്നതിന് ആദ്യംമുതലേ എതിരുനിന്നവരുടെ ഗൂഢോദ്ദ്യേശവും ഇതായിരിക്കാം. പണിപ്പുരയിൽനിന്നു കണക്കിൽപ്പെടാത്ത 13 കോടിയുടെ സ്വർണം കണ്ടെത്തിയ കാര്യവും ഗോപാൽ സുബ്രഹ്മണ്യത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. അതുപോലെ മുതൽപിടി മുറിയിലും കണക്കിൽപ്പെടാത്ത സ്വർണ്ണവും വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ നിലവറയിൽനിന്ന് എടുക്കുന്ന സാധനങ്ങളുടെ കണക്കും ലഭ്യമല്ല. അതുകൊണ്ടുതന്നെ അതു തിരിച്ചുവച്ചില്ലെങ്കിലും ആരും അറിയില്ല.

സുതാര്യതയും ധനകാര്യ ഉത്തരവാദിത്വവും ഭരണകാര്യങ്ങളിൽ ഇല്ലായിരുന്നുവെന്ന് ഇതിൽനിന്നും വ്യക്തമാണ്. ക്ഷേത്രട്രസ്റ്റി എന്ന നിലയിൽ ഉത്രാടം തിരുനാളിനും,എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും അവിടെ നടന്നിരുന്ന മോഷണങ്ങളിലും ക്രമവിരുദ്ധനടപടികളിലും അറിവുണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാൻ. അമൂല്യനിധികളുടെ കസ്റ്റോഡിയൻ കൊട്ടാരമാണ്. എന്നാൽ അതു സംബന്ധിച്ച് ഒരു രേഖയും ഇല്ലെന്നു പറഞ്ഞ് ഒഴിയാനാണ് ഉത്രാടംതിരുനാൾ ശ്രമിച്ചിട്ടുള്ളതെന്ന് ഡോ. സി.വി. ആനന്ദബോസ് പറഞ്ഞിട്ടുണ്ട്. രേഖ നഷ്ടപ്പെട്ടാൽ അതു തിരിമറിക്ക് സാധ്യതയുണ്ട്. പുരാവസ്തുക്കളുടെ മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ മാഫിയ പ്രവർത്തനങ്ങൾ നടക്കുന്നത്.

13 -ാം നൂറ്റാണ്ടുമുതലുള്ള പഴയ വേണാടിലെയും, ആധുനിക തിരുവിതാംകൂറിലെയും 52 രാജാക്കന്മാർ നിക്ഷേപിച്ച അമൂല്യമായ നിധിശേഖരമാണ് നിലവറകളിൽ ഉള്ളത്. പല കാരണങ്ങളാലാണ് ഈ നിക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളതെന്നുചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. ലോകത്തുതന്നെ ഇന്ന് അപൂർവ്വമായി മാറിയ പഴയ റോമൻ, ഗ്രീക്ക് സ്വർണ്ണ-വെള്ളി നാണയങ്ങൾ ഉൾപ്പെടെയുള്ളവ ഈ നിലവറകളിൽ ഉണ്ട്. അവ സംരക്ഷിക്കപ്പെടാനും, കണക്കെടുപ്പ് നടത്താനുമുള്ള ശ്രമത്തിന് കൊട്ടാരം എന്തിന് എതിരുനിൽക്കണമെന്നതാണ് അടിസ്ഥാന ചോദ്യം. ഉത്രാടംതിരുനാളിന് ഒറ്റയ്ക്കു നിലവറ തുറന്ന് അമൂല്യവസ്തുക്കൾ കൈയടക്കാനാവില്ല. കുറഞ്ഞത് 10 പേരുടെയെങ്കിലും അധ്വാനം ഉണ്ടെങ്കിൽ മാത്രമേ നിലവറകൾ തുറക്കാൻ കഴിയൂ. കൊട്ടാരത്തിൽ ആശ്രിതന്മാരായിനിന്ന പലരും ഇന്ന് അവരെക്കാൾ അതീവ സമ്പന്നരായിമാറി എന്നത് ഒരു യാഥാർത്ഥ്യമാണ്.

അതോടൊപ്പം പത്മതീർത്ഥക്കുളത്തിനുള്ളിലുള്ള കിണറ്റിലും നിധിശേഖരം ഉണ്ടെന്നുള്ള അഭിപ്രായം ശക്തമാണ്. 20 വർഷത്തിനുമുമ്പ് കുളം ശുചീകരിച്ചപ്പോൾ അന്നുകിണറ്റിന്റെ മൂടി തുറക്കാൻ അധികൃതർ തയ്യാറായില്ല. ഇപ്പോൾ ശുചീകരണം നടക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുകൂടി പരിശോധിക്കുന്നത് അഭികാമ്യമാണ്. അങ്ങനെ വന്നാൽ കണ്ണഞ്ചിപ്പിക്കുന്ന നിധിശേഖരം കണ്ടെത്താൻ കഴിയുമെന്നാണ് പലരുടെയും വിശ്വാസം. അങ്ങനെയാണെങ്കിൽ മറ്റൊരു വിസ്മയലോകം തുറക്കപ്പെടുമെന്നകാര്യത്തിൽ തർക്കമില്ല. അതു കാണാനുള്ള അവകാശം ജനാധിപത്യ ഭരണത്തിൻ പൗരന്മാർക്കുണ്ട്. അതുകൊണ്ട് അവ സംരക്ഷിക്കാനും, മ്യൂസിയമായി പരിരക്ഷിക്കാനുള്ള ശ്രമത്തിന് കൊട്ടാരം എതിരുനിൽക്കരുതെന്നാണ് ജനങ്ങളുടെ ആഗ്രഹം.