- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പതിറ്റാണ്ടുകളായി തുടരുന്ന ശത്രുത ഇസ്ലാമിക ലോകത്തിലെ മേൽക്കൈയ്ക്ക് വേണ്ടി; അറബ് മേഖലയിലെ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ ഇരുകൂട്ടരും ശ്രമിച്ചപ്പോൾ ശത്രുത കടുത്തു; ശീതയുദ്ധം നിലനിൽക്കുമ്പോഴും നേരിട്ടുയുദ്ധം ചെയ്യാതെ ഇരു രാജ്യങ്ങളും; ഷിയ-സുന്നി പോര് ഇറാൻ-സൗദി ശത്രുതയിലേക്ക് വളർന്ന കഥ
ടെഹ്റാൻ: തികച്ചും മതപരമായ വ്യത്യാസങ്ങൾ തന്നെയാണ് പതിറ്റാണ്ടുകളായി ഇറാനേയും സൗദി അറേബ്യയേയും പരസ്പരം എതിർക്കാൻ പ്രേരിപ്പിക്കുന്നത്. ഷിയാ വിഭാഗക്കാർ ഭരിക്കുന്ന ഇറാനും സുന്നി വിഭാഗത്തിന്റെ കീഴിലുള്ള സൗദി അറേബ്യയും തമ്മിലുള്ള മത്സരം, മദ്ധ്യപൂർവ്വ ദേശത്തെ പ്രമാണിത്തത്തിനുവേണ്ടികൂടിയായപ്പോഴാണ് അത് കടുത്ത ശത്രുതയായി വളരുന്നത്. സൗദി അറേബ്യ, യു എ ഇ, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ സുന്നികൾ മേധാവിത്വം പുലർത്തുമ്പോൾ ഇറാൻ, ഇറാഖ് എന്നി രാജ്യങ്ങളിൽ ഷിയകൾക്കാണ് ഭൂരിപക്ഷം. മറ്റു രാജ്യങ്ങളിൽ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണെന്ന് പറയാം.
ഇറാൻ- സൗദി ശത്രുതയുടെ നാൾവഴികൾ
ഇസ്ലാമതത്തിന്റെ ജന്മസ്ഥലം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സൗദി അറേബ്യ സ്വാഭാവികമായും ഇസ്ലാമിക ലോകത്തിന്റെ നേതൃസ്ഥാനത്ത് സ്വയം അവരോധിച്ചിരുന്നു. എന്നാൽ 1979-ൽ ഷാ മൊഹമ്മദ് റേസ പഹൽവിയുടെ സർക്കാരിനെ അട്ടിമറിച്ച് ആയത്തോള്ള ഖൊമൈനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണം ഇറാനിൽ സ്ഥാപിതമായതോടെ സ്ഥിതിഗതികൾ മാറി. സൗദിയിൽ നിലനിൽക്കുന്നത് പരമ്പരാഗത ഭരണമാണെങ്കിൽ, ഇസ്ലാമിക ലോകത്ത് ഒരു പുതിയ പരീക്ഷണമായിരുന്നു മതാധിഷ്ഠിത റിപ്പബ്ലിക്ക് എന്നത്. ഇത് നേടാനായതൊടെ തങ്ങളുടെ ഈ മുതിയ മാതൃക മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുവാനുള്ള ശ്രമം ഇറാൻ ആരംഭിച്ചു,.
ഇസ്ലാമിക ലോകത്തെ തങ്ങൾക്കുള്ള അപ്രമാദിത്തത്തെ ചോദ്യം ചെയ്യുന്ന നടപടിയായാണ് സൗദി അറേബ്യ ഇതിനെ കണ്ടത്. ഇവിടെ നിന്നാണ് ഇരു രാജ്യങ്ങളൂം തമ്മിലുള്ള രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ആരംഭിക്കുന്നത്. എന്നാൽ, 2003 -ൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അമേരിക്ക അട്ടിമറിച്ചതോടെയാണ് സ്ഥിതിഗതികൾ സാവധാനം കൂടുതൽ വഷളാകാൻ ആരംഭിക്കുന്നത്.
ഷിയകൾ ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാഖ് എങ്കിലും അവിടെ ഭരിച്ചിരുന്നത് സുന്നിയായ സദ്ദാം ഹുസൈൻ ആയിരുന്നു.എന്നും സൗദി അറേബ്യയോടായിരുന്നു അറബ് കലഹങ്ങളിൽ സദ്ദാം ഹുസൈന് ചായ്വ്. എന്നാൽ, സദ്ദാമിനു ശേഷം ഇറാഖിൽ വന്നത് ഷിയകൾക്ക് പ്രാമുഖ്യമുള്ള ഒരു സർക്കാരായിരുന്നു. സ്വാഭാവികമായും ഇവർ ഇറാനോട് കൂടുതൽ അടുപ്പം കാണിക്കുവാൻ തുടങ്ങി. ഇതോടെയാണ് സൗദി അറേബ്യ അപകടം മണക്കുന്നതും ഇറാനെതിരെയുള്ള നിലപാടുകൾ കടുപ്പിക്കാൻ തുടങ്ങിയതും.
ഇതിനിടയിലാണ് 2011-ൽ അറബ് ലോകത്ത് മുല്ലപ്പൂ വിപ്ലവമെന്ന പേരിൽ വിമതർ ഭരണകൂടങ്ങൾക്ക് എതിരായി ഉയർത്തെഴുന്നേൽക്കാൻ തുടങ്ങിയത്. സിറിയ, ബഹ്റിൻ, യമൻ തുടങ്ങിയ രാജ്യങ്ങളിലെ അഭ്യന്തരകലാപങ്ങളിൽ ഇടപെട്ട് ഇറാനും സൗദിയും മേഖലയിലെ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ ആരംഭിച്ചു.മദ്ധ്യപൂർവ്വ ദേശത്ത് ആകെ തങ്ങളുടേ പാവ സർക്കാരുകളെ നിയമിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. ഇറാൻ മുതൽ മെഡിറ്ററേനിയൻ മേഖലവരെയുള്ള ഭൂമിയിൽ തങ്ങളുടെ അധീശത്വം ചോദ്യം ചെയ്യപ്പെടാതിരിക്കണമെന്ന് ഇറാൻ ആഗ്രഹിക്കുന്നു.
കാര്യങ്ങൾ കൂടുതൽ വഷളാകാൻ തുടങ്ങുന്നു
2016-ൽ ഷിയ മതപണ്ഡിതനായ നിമർ അൽ നിമിറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയനാക്കിയതോടെയാണ് ഇറാനും സൗദിയും തമ്മിൽ നേരിട്ടുള്ള പോര് രൂക്ഷമാകുന്നത്. ഇതിൽ പ്രതിഷേധിച്ച് ടെഹ്റാനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ടെഹ്റാന്റെ സൗദി എംബസിക്ക് നേരെയും ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് ഇറാനിലുള്ള നയതന്ത്ര പ്രതിനിധികളെ എല്ലാം പിൻവലിച്ച് സൗദി അറേബ്യ, അവിടെയുള്ള ഇറാൻ നയതന്ത്ര പ്രതിനിധികളോട് നാടുവിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ഇരു രാജ്യങ്ങളൂം തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിക്കുകയും ചെയ്തു.
ഈ മേഖലയിൽ ശക്തിതെളിയിക്കാനുള്ള മത്സരത്തിൽ ഇറാന് വിജയങ്ങൾ ലഭിക്കാൻ തുടങ്ങിയതോടെ ശത്രുത അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങാൻ തുടങ്ങി. റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സിറിയയിൽ, സൗദി അറേബ്യയുടെ പിന്തുണയുള്ള വിമതരെ അടിച്ചൊതുക്കുവാൻ സിറിയൻ പ്രസിഡണ്ട് ബാഷർ അൽ അസ്സാദിനായി. ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനം തടയുവാൻ സൗദി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നു മാത്രമല്ല, മേഖലയിലെ സംഘർഷം വർദ്ധിക്കുകയും ചെയ്തു.
തൊട്ടടുത്തുള്ള യമനിലെ ഹൂതി വിമതർക്കെതിരെയമൻ ഭരണകൂടത്തിന് പിന്തുണയുമായി സൗദി അറേബ്യയെത്തി. എന്നാൽ, ഇത് തീർത്തും മണ്ടത്തരമായ ഒരു തീരുമാനമായിപ്പോയി എന്ന് പിന്നീട് തെളിഞ്ഞു. ഹൂതി വിമതർക്ക് ആയുധങ്ങൾ നൽകുന്നു എന്ന ആരോപണം ഇറാൻ നിഷേധിച്ചു എങ്കിലും അമേരിക്ക ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ഇത് സത്യമാണെന്ന് വിശ്വസിക്കുന്നു.
തൊട്ടടുത്ത ലെബനണിൽ ഇറാന്റെ പിന്തുണയുള്ള ഷിയാ വിമത ഗ്രൂപ്പായ ഹെസ്ബൊള്ള വളരെയധികം ശക്തമാണ്. ഇവിടെ തങ്ങൾ പിന്തുണ നൽകുന്ന ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരിയോട് പ്രദേശത്തെ സംഘർഷങ്ങളിൽ ഹെസ്ബൊള്ളക്കുള്ള പങ്കിനെ ചൊല്ലി രാകിവയ്ക്കുവാൻ സൗദി ആവശ്യപ്പെട്ടിരുന്നു. രാജിവച്ചെങ്കിലും പിന്നീട് അദ്ദേഹം അത് പിൻവലിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് ആക്കം കൂട്ടാനായി ചില വിദേശ ശക്തികളും പുറകിലുണ്ട്. അമേരിക്കയിലെ ട്രംപ് ഭരണകൂടം ഈ കുടിപ്പകയിൽ എന്നും സൗദിയുടെ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. അതുപോലെ തങ്ങൾക്കുള്ള ഏറ്റവും വലിയ ഭീഷണി ഇറാനാണെന്ന് തിരിച്ചറിയുന്ന ഇസ്രയേലും സൗദിക്ക് മാനസിക പിന്തുണ നൽകുന്നുണ്ട്.ഇറാൻ ആണവായുധം കരസ്ഥമാക്കുന്നതിൽ നിന്നും തടയാൻ പര്യാപ്തമല്ലെന്ന കാരണത്താൽ 2015-ലെ അന്താരാഷ്ട്ര ആണവ കരാറിനെ എതിർത്തത് സൗദി അറേബ്യയും ഇസ്രയേലുമായിരുന്നു എന്നതോർക്കുക.
ഇവരുടെ പ്രാദേശിക സഖ്യകക്ഷികൾ ആരെല്ലാം ?
ചുരുക്കിപ്പറഞ്ഞാൽ, മദ്ധ്യപൂർവ്വദേശത്തെ സംഘർഷത്തിന്റെ അടിസ്ഥാനം എന്നു പറയുന്നത് ഷിയ-സുന്നി തർക്കമാണ്. തികച്ചും മതപരമായ തർക്കം പിന്നീട് ഒരു രാഷ്ട്രീയ യുദ്ധമായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടെ വിവിധ രാജ്യങ്ങൾ ചേരിതിരിഞ്ഞ് നിൽക്കുന്നതും ഷിയാ-സുന്നി അടിസ്ഥാനത്തിലാണ്. യു എ ഇ, ബഹ്റിൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും സുന്നീ ഭൂരിപക്ഷമുള്ള ഈജിപ്ത്, ജോർദ്ദാൻ എന്നീ രാജ്യങ്ങളൂം സൗദിക്ക് പിന്നിൽ ഉറച്ചു നിൽക്കുകയാണ്.
ഒരു ഷിയാ വിശ്വാസികൂടിയായ സിറിയൻ പ്രസിഡണ്ട് ബാഷർ അൽ-അസ്സദ്, ലെബനണിലെ ഹെസ്ബൊള്ള തീവ്രവാദികൾ എന്നിവർ ഇറാനോടൊപ്പമുണ്ട്. നിലവിൽ ഷിയാകൾക്ക് സ്വാധീനമുള്ള ഇറാഖിലെ ഭരണകൂടവും ഇറാനോടൊപ്പംന്നിൽക്കുന്നു. ഏറ്റവും വലിയ വിരോധാഭാസം, ഇറാനെ പിന്തുണയ്ക്കുന്ന ഇറാഖ് ഭരണകൂടം അമേരിക്കയുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നു എന്നതാണ്.
ശീതയുദ്ധവും പരോക്ഷ യുദ്ധവും
സോവിയറ്റ് യൂണിയൻ കാലത്ത് അമേരിക്കയുമായി നിലനിന്നിരുന്ന ശീതയുദ്ധത്തിന്റെ ഒരു ചെറിയ പതിപ്പാണ് ഇപ്പോൾ ഇറാനും സൗദി അറേബ്യയ്ക്കും ഇടയിൽ നിലനിൽക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഇതുവരെ നേർക്ക് നേർ പോരാടിയിട്ടില്ല എന്നാൽ പലയിടങ്ങളിലും, യുദ്ധം ചെയ്യുന്ന വ്യത്യസ്ത വിഭാഗങ്ങൾക്ക് പിന്തുണ നൽകി ഇവർ പരോക്ഷമായി യുദ്ധം ചെയ്യുന്നുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണം സിറിയ തന്നെ. അതുപോലെ സൗദി അറേബ്യക്ക് നേരെ യമനിലെ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഇറാൻ നൽകിയതാണെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു.
ഇരു രാജ്യങ്ങളുടെയും സൈനിക ശക്തി
ആയുധങ്ങളിലും സൈനികരുടെ എണ്ണത്തിലും ഇറാൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. 5.63 ലക്ഷം സൈനികർ ഇറാന്റെ സായുധസേനയിൽ ഉള്ളപ്പോൾ സൗദി അറേബ്യയ്ക്കുള്ളത് 2.5 ലക്ഷം പേർ മാത്രമാണ്. അതുപോലെ സൗദി അറേബ്യയ്ക്ക് ഉള്ളതിന്റെ ഇരട്ടി യുദ്ധ ടാങ്കുകൾ ഇറാന്റെ കൈവശമുണ്ട്. വ്യോമസേനയുടെ കാര്യത്തിൽ ഏതാണ്ട് ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം വരും. എന്നാൽ കരസേനയുടെ കാര്യത്തിലെന്ന പോലെ നാവിക സേനയുടെ കാര്യത്തിലും ഇറാനു തന്നെയാണ് മുൻതൂക്കം.
ഇറാൻ സ്വായത്തമാക്കി എന്ന് അവകാശപ്പെടുന്ന ആണവ സാങ്കേതിക വിദ്യയും ആധുനിക മിസൈൽ സാങ്കേതിക വിദ്യയും കണക്കിലെടുക്കുമ്പോൾ സൗദി അറേബ്യയേക്കാൾ വളരെ മുന്നിലാണ് ഇറാൻ. എന്നാൽ, സൗദിക്ക് അനുകൂലമായ ഒരു ഘടകം അമേരിക്കയുടെ പിന്തുണയാണ്. മാത്രമല്ല, വിവിധ അറബ് രാജ്യങ്ങളുമായി അടുക്കാൻ ശ്രമിക്കുന്ന ഇസ്രയേലും, ഒരു അപകടഘട്ടത്തിൽ സൗദി അറേബ്യയുടെ സഹായത്തിന് എത്തിയേക്കാം. അതുകൊണ്ടുതന്നെ, നിലവിലെ സൈനിക ബലം വച്ച് സൗദിക്കെതിരെ ഒരു യുദ്ധം ജയിക്കുക ഇറാന് എളുപ്പമാകില്ല.
അമേരിക്കയിലെ ഭരണമാറ്റവും മദ്ധ്യപൂർവ്വ ദേശത്തെ സംഘർഷങ്ങളും
ഇറാനെതിരെ കർശനമായ നിലപാടുകളായിരുന്നു ട്രംപ് ഭരണകൂടം എടുത്തിരുന്നത്. നിലവിലുള്ള ആണവ കരാറിൽ നിന്നും പിൻവാങ്ങിയതും പുതുക്കിയകരാറിൽ ഒപ്പു വയ്ക്കാത്തതിന് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയതുമൊക്കെ അതിന്റെ ഭാഗമായിട്ടായിരുന്നു. ഇതിനിടയിൽ ഇറാന്റെ സൈനികവൃത്തത്തിലെ ഏറ്റവും പ്രമുഖനായ മേജർ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചപ്പോൾ അത് ഒരു യുദ്ധത്തിന്റെ ആരംഭമായിരിക്കുമെന്നുവരെ പലരും കരുതിയിരുന്നു.അധികം വൈകാതെ ഇറാന്റെ ആണവായുധങ്ങളുടേ പിതാവെന്നറിയപ്പെടുന്ന ഫക്രിസെദും കൊലചെയ്യപ്പെട്ടു.
ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദാണ് ഈ വധത്തിനു പിന്നിലെന്ന് ഇറാൻ ആരോപിക്കുമ്പോഴും ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, അമേരിക്കയിലെ ഭരണമാറ്റത്തിൽ ഇസ്രയേലിനുണ്ടായ ആശങ്കയാണ് ഇതിനു കാരണമായി പറയുന്നത്. നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് ഇറാനോട് അല്പംകൂടി മൃദു സമീപനമാണ് ഉള്ളത്. ആണവകരാർ തുടരണമെന്ന പക്ഷക്കാരനാണ് ബൈഡൻ. ബൈഡൻ അമേരിക്കയുടെ അമരത്തെത്തിയാൽ ഇറാനോട് കൂടുതൽ ചായ്വ് കാണിക്കുമോ എന്ന് സൗദി അറേബ്യയേപ്പോലെ ഇസ്രയേലും ഭയക്കുന്നുണ്ട്. ഇത് തടയുവാൻ ഒരു യുദ്ധത്തിലേക്ക് ഇറാനെ വലിച്ചെഴയ്ക്കാനാണ് ഇസ്രയേൽ ഈ വധം ആസൂത്രണം ചെയ്തതെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.
അമേരിക്കയിൽ ഭരണമാറ്റം ഉണ്ടായാലും ഇസ്രയേലിനോടുള്ള സമീപനം മാറുമെന്ന് ആരും കരുതുന്നില്ല. ഇറാൻ ഇസ്രയേലിന്റെ ശത്രുപക്ഷത്ത് നിൽക്കുമ്പോൾ ഒരു പരിധിയിൽ കവിഞ്ഞ് ഇറാനുമായി അടുക്കുവാനും അമേരിക്കയ്ക്ക് കഴിയില്ല. മാത്രമല്ല, മേഖലയിൽ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്തായ സൗദിയും ഇറാന്റെ ശത്രുപക്ഷത്താണ്. അതുകൊണ്ടുതന്നെ പ്രായോഗികമായി അമേരിക്കയിലെ ഭരണമാറ്റം ഇറാന് ഏറെ പ്രയോജനം ചെയ്യുമെന്ന് കരുതാൻ വയ്യ.
ശീതയുദ്ധം യഥാർത്ഥ യുദ്ധമായി മാറുമോ ?
ഏതാണ്ട് നാല് പതിറ്റാണ്ടുമുൻപ് തുടങ്ങിയതാണ് ഈ ശീതയുദ്ധം. നയതന്ത്ര ബന്ധങ്ങൾ കൂടി വിഛേദിച്ചതോടെ ഇത് കൂടുതൽ മൂർഛിച്ചു. ഇതുവരെയും ഇരു രാജ്യങ്ങളൂം തമ്മിൽ നേരിട്ടൊരു യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ല. എന്നാൽ, ഇറാൻ നൽകിയതെന്ന് വിശ്വസിക്കപ്പെടുന്ന മിസൈലുകൾ ഉപയോഗിച്ച് ഹൂതികൾ സൗദിയെ ആക്രമിക്കുകയുണ്ടായി. ഇതുപോലുള്ള ആക്രമണങ്ങൾ ഭാവിയിലും ഉണ്ടാവുകയാണെങ്കിൽ കാര്യങ്ങൾ ഒരു യുദ്ധത്തിലേക്ക് കടക്കുവാൻ എല്ലാ സാധ്യതകളുമുണ്ടെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്.