മുംബൈ: മഹാരാഷ്ട്രയിലെ ട്രൈബൽ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ ആഴ്ച നഗ്നപാദരായി ഏതാണ്ട് 200 കിലോമീറ്റർ അകലെയുള്ള മുംബൈയിലേക്ക് കാൽനടയായി മാർച്ച് നടത്തിയെത്തി കേന്ദ്ര ഗവൺമെന്റിനെ തന്നെ വിറപ്പിച്ചിരിക്കുന്നത്. സിപിഎമ്മിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയായ ആൾഇന്ത്യ കിസാൻ സഭയുടെ പ്രവർത്തകരായിരുന്നു ഇത്തരത്തിൽ പദയാത്ര നടത്തിയെത്തിയത്. മഹാരാഷ്ട്രയിലെ ഇത്തരം പ്രദേശങ്ങളിൽ സിപിഎമ്മിന് വൻ ജനപിന്തുണയേറി വരുന്നുവെന്നാണ് ഈ പ്രവണതകളിലൂടെ വ്യക്തമാക്കുന്നത്.

തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള അവസാന അത്താണിയായി സിപിഎമ്മിനെ കാണുന്ന കർഷകർ ഇവിടെ വർധിച്ച് വരുന്നുവെന്നാണ് അവരിൽ ചിലർ തന്നെ വെളിപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നാസിക്കിൽ സിപിഎമ്മിന് എംഎൽഎ വരെ ഉണ്ടായിരിക്കുന്നത്.എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ഗ്രാമീണർ സിപിഎമ്മിനെ ആശ്രയമായി കരുതുന്നത്...?എങ്ങനെയാണ് അത്രയധികം പേർ ചെങ്കൊടി ഏന്തി കാൽനടയായി മുംബൈയിലേക്ക് മാർച്ച് ചെയ്തത് തുടങ്ങിയ കാര്യങ്ങൾ ഇവിടുത്തുകാരിൽ ചിലർ തന്നെ ദി സൺഡേ എക്സ്‌പ്രസിനോട് വിശദീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലെ ചില ഗ്രാമങ്ങളുടെ ഇന്നത്തെ കഥ കൂടിയാണിത്.

തങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കാനും മികച്ചൊരു ജീവിതം നേടിയെടുക്കുന്നതിനുമാണ് തങ്ങൾ വിപ്ലവപാർട്ടിക്ക് മുമ്പില്ലാത്ത വിധത്തിൽ പിന്തുണ കൊടുക്കുന്നതെന്നും ഇവർ വെളിപ്പെടുത്തുന്നു.ഇക്കാരണത്താലാണ് താനും നാസിക്കിലെ ചന്ദ് വാഡ് താലൂക്കിലെ പഞ്ച് വദ് വാസ്തിയിലെ മറ്റ് 60 നിവാസികളും മുംബൈയിലേക്ക് നഗ്നപാദരായി മാർച്ച് ചെയ്തതെന്ന് ഇവിടുത്തെ അൽ ദിലീപ് മാലി എന്ന 36കാരി വെളിപ്പെടുത്തുന്നു. ആറ് ദിവസം നീണ്ട ലോംഗ് മാർച്ചിന്റെ ആവേശത്തിൽ നിന്നും ഇവിടുത്തുകാർ ഇനിയും മോചനം നേടിയിട്ടില്ല. മാർച്ചിൽ അൽകെയെ പോലുള്ളവരുടെ വൻ സ്ത്രീ സാന്നിധ്യാമായിരുന്നു പ്രകടമായിരുന്നത്.

ഇവരുടെ ആവശ്യങ്ങൾ അനുഭാവപൂർണം പരിഗണിക്കുമെന്ന ഉറപ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൽ നിന്നും ലഭിച്ചതോടെ തങ്ങളുടെ മാർച്ച് ഏതാണ്ട് വിജയിച്ചുവെന്ന പ്രതീക്ഷയാണിവർ പുലർത്തുന്നത്. അതായത് ഫോറസ്റ്റ് റൈറ്റ്സ് ആക്ട്, 2006 അധികം വൈകാതെ നടപ്പിലാക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നത്.കാടുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വസിക്കുന്ന ഗോത്രവർഗക്കാർക്ക് കാട്ടിലെ വിഭവങ്ങൾ ശേഖരിച്ച് വിൽക്കുന്നതിനുള്ള അവകാശം ഉറപ്പിക്കുന്ന നിയമമാണിത്. 2006ലായിരുന്നു ഈ നിയമം നിർമ്മിക്കപ്പെട്ടിരുന്നത്.എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായത് ഇത്തരക്കാരിൽ ചിലരുടെ ജീവിക്കാനുള്ള വഴി അടയാൻ കാരണമായിരുന്നുവെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. ഈ നിയമം സമീപ സംസ്ഥാനങ്ങളിൽ അൽപം വ്യത്യാസങ്ങളോടെ നടപ്പിലാക്കിയിരുന്നു.

മുംബൈയിലേക്ക് നടത്തിയ മാർച്ച് വൻ വിജയമായതിന് ശേഷം തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിക്ക് വേണ്ടി വീണ്ടും അപേക്ഷ പുതുക്കാനാണ് ഇവർ ഒരുങ്ങുന്നത്. ഇത്തരം ഭൂമിക്ക് പട്ടയം ലഭിച്ചാൽ തങ്ങൾക്ക് ആരെയും ഭയക്കാതെ ഇവിടങ്ങളിൽ കിണർ കുഴിക്കാമെന്നും കൃഷി ചെയ്യാമെന്നും അവർ പറയുന്നു. ഇതിന് മുമ്പ് ഇവരുടെ ബോറിങ് മെഷീനുകൾ പൊലീസുകാർ പിടിച്ചെടുക്കുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. പട്ടയം ലഭിച്ചാൽ തങ്ങൾക്ക് ആധുനിക കൃഷിരീതികൾക്കായി നിക്ഷേപിക്കാൻ ലോണെടുക്കാമെന്നും ഗോത്രവർഗക്കാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതിനെല്ലാം അത്താണിയായി അവർ ഇപ്പോൾ സിപിഎമ്മിനെയാണ് കാണുന്നതെന്നതാണ് പുതുമയുള്ള കാര്യം.

വിധാൻ സഭയിൽ ചെങ്കൊടി പാറിച്ച് ജിവാ പണ്ഡു ഗാവിറ്റ്

മഹാരാഷ്ട്രയെ ഇളക്കി മറിച്ച കർഷക സമരത്തിലെ അമരക്കാരിൽ ഒരാൾ ജിവാ പണ്ഡു ഗാവിറ്റ് എന്ന ആദിവാസി നേതാവാണ്. ആദിവാസികൾ അവരുടെ നേതാവും അദ്ധ്യാപകനും സംഘാടകനുമായി അംഗീകരിക്കുന്ന നേതാവാണ് ഗാവിറ്റ്. നാസിക്കിലെ കൽവാൻ നിയമസഭാ മണ്ഡലത്തിലാണ് ജിവാ പണ്ഡു ഗാവിറ്റാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിയമസഭയിലെത്തിയത്. സുർഗണ മണ്ഡലത്തിൽ നിന്ന് ആറുതവണ വിജയിച്ചിട്ടുള്ള ജിവാ പണ്ഡു ഗാവിറ്റാണ് ഈ ആദിവാസി മണ്ഡലത്തിൽ നിന്ന് ഇക്കുറി വിജയിച്ചിരുന്നത്.

1978 ലാണ് ആദ്യം മത്സരിക്കുന്നത്. പിന്നീട് ഒരിക്കലൊഴികെ തുടർച്ചയായി ഗാവിറ്റ് വിജയിച്ചു. 2009ൽ പരാജയപ്പെട്ടു. ആദിവാസി പ്രക്ഷോഭത്തിന്റെ മുൻനിരയിലെ നേതാവണ് ഇദ്ദേഹം, 1972 ലെ കൊടുംവരൾച്ചക്കാലത്ത് സിപിഐ എം നേതാക്കളായ ഗോദാവരി പരുലേക്കറും നാനാ മലുസാരെയും നാസിക്കിലെത്തി പ്രക്ഷോഭം നയിച്ചു. അന്ന് മുതൽ കമ്മ്യൂണിസ്റ്റ് പക്ഷത്താണ് ഗാവിറ്റ്.

ആദിവാസികൾക്ക് ഭൂമി നേടികൊടുക്കാനുള്ള സമരത്തിലും ഗാവിറ്റ് മുന്നിൽ നിന്നു. വനാവകാശ നിയമപ്രകാരം ഫയൽ ചെയ്യപ്പെട്ട 12000 അപേക്ഷകളിൽ 7300 ലും ആദിവാസികൾക്ക് അനുകൂലമായ തീരുമാനമുണ്ടാക്കാൻ ഗാവിറ്റിനും കിസാൻ സഭയ്ക്കും കഴിഞ്ഞു. ഒരു വലിയ വിദ്യാഭ്യാസ സമുച്ചയം സ്വന്തം ഗ്രാമത്തിൽ ഗാവിറ്റ് പണിതിട്ടുണ്ട്. ഇവിടെ താമസിച്ച് ആദിവാസി കുട്ടികൾ വിദ്യാഭ്യാസം ചെയ്യുന്നു. വീട്ടിൽ റേഷനെത്തിക്കുന്ന പദ്ധതിയും ഗാവിറ്റും പാർട്ടിയും ചേർന്ന് ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

ആദിവാസി ഗ്രാമങ്ങളിൽ സമുഹവിവാഹം നടത്തുന്നതിലും ഗാവിറ്റ് മുൻനിന്നു പ്രവർത്തിക്കുന്നു. 2013ൽ 825 ആദിവാസി പെൺകുട്ടികൾ ഇതുപോലൊരു ചടങ്ങിൽ വിവാഹിതരായി. 2002 ഇതുപോലൊരു സമൂഹ വിവാഹത്തിലാണ് ഗാവിറ്റിന്റെ മകനും മകളും വിവാഹിതരായത്. ഇതെല്ലാമാണ് ആദിവാസി മണ്ഡലത്തിൽ സിപിഎം വിജയത്തിന് ആധാരം.

 കടപ്പാട് ഇന്ത്യൻ എക്സ്‌പ്രസ്