സ്ത്രീകളുടെ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നത് സ്ഥിരം കാഴ്‌ച്ചയാണ്. വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയും അവയ്ക്കു മേൽ നെഗറ്റീവ് കമന്റുകൾ ഉയർത്തുകയും ചെയ്യുന്നതാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്. ഇപ്പോഴിതാ സാമൂഹിക മാധ്യമത്തിലും സമാനമായൊരു ട്വീറ്റ് പങ്കുവെക്കപ്പെട്ടിരിക്കുകയാണ്. നടി നിമ്രത് കൗറിന്റെ ചിത്രത്തോടൊപ്പമുള്ള ഒരു ട്വീറ്റാണ് വിവാദമാകുന്നത്.

ദേവാംഗ് എന്ന ട്വിറ്റർ ഉപയോക്താവാണ് നിമ്രതിന്റെ ചിത്രം പങ്കുവെച്ച് സ്ത്രീകൾ ഗ്ലാമറസ് വസ്ത്രം ധരിക്കുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. സ്ത്രീകൾ ഇത്തരം വസ്ത്രം ധരിക്കുന്നതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നും പുരുഷന്മാരെ ആകർഷിക്കാനാണോ എന്നും ട്വീറ്റിൽ ചോദിക്കുന്നു.പുരുഷന്മാരെ ആകർഷിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നും ക്ലീവേജ് കാണിക്കുന്ന വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ദവുചെയ്ത് പറഞ്ഞുതരൂ എന്നും ട്വീറ്റിലുണ്ട്.

വൈകാതെ ട്വീറ്റ് സാമൂഹിക മാധ്യമത്തിൽ വൈറലാവുകയും ചെയ്തു. 2022ലും സ്ത്രീകൾക്ക് തങ്ങൾ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് ന്യായീകരിക്കേണ്ടി വരികയും വിശദീകരിക്കേണ്ടി വരികയും ചെയ്യുന്ന ഗതികേടിനെക്കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടിയത്.

എന്തിനാണ് പുരുഷന്മാർ മസിൽ ബോഡി കാണിക്കും വിധം വസ്ത്രങ്ങൾ ധരിക്കുന്നത് അത് സ്ത്രീകളെ ആകർഷിക്കാനാണോ എന്നും ചിലർ ചോദിച്ചു. സ്ത്രീകൾ ഏതു വസ്ത്രം ധരിച്ചാലും അതെത്ര ശരീര ഭാഗങ്ങൾ വ്യക്തമാക്കുന്നതായാലും അതവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണെന്നും മറ്റൊരു ലക്ഷ്യവും അതിനു പിന്നിൽ ഇല്ലെന്നും മറ്റു ചിലർ ട്വീറ്റ് ചെയ്ത്.

മേൽവസ്ത്രങ്ങൾ ഒഴിവാക്കി ശരീരഭാഗം പ്രദർശിപ്പിക്കും വിധത്തിൽ പോസ് ചെയ്തിട്ടുള്ള നടന്മാരുടെ ചിത്രം പങ്കുവെച്ച് ഇതിന്റെ ആവശ്യം എന്താണെന്ന് മറുചോദ്യം ഉയർത്തുന്നവരുമുണ്ട്. ഒരാളുടെ വസ്ത്രധാരണത്തിന്മേൽ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് ഈ നൂറ്റാണ്ടിലും പറഞ്ഞു പഠിപ്പിക്കേണ്ട ഗതികേടിനെക്കുറിച്ചാണ് ഭൂരിഭാഗം പേരും പങ്കുവെച്ചത്.

 

അടുത്തിടെ നടിമാരായ ദീപിക പദുക്കോണും മലൈക അറോറയും സാമന്ത റൂത് പ്രഭുവുമൊക്കെ ഔട്ട്ഫിറ്റുകളുടെ പേരിൽ ക്രൂരമായ ട്രോളുകൾ നേരിട്ടിരുന്നു.