കണ്ണൂർ: കണ്ണൂരിൽ വ്യാപക അക്രമം.കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ഭാര്യയുടെ കുടുംബ വീട് അടിച്ചു തകർത്തു. സുധാകരന്റെ ഭാര്യാ സഹോദരി റീത്ത, സഹോദരി ഭർത്താവ് ലക്ഷ്മണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. ഇന്ന് രാത്രിയാണ് സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന അക്രമി സംഘം ആയുധങ്ങളുമായെത്തി കണ്ണിൽ കണ്ടതെല്ലാം തല്ലി തകർത്തത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ വെച്ചു കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാത്രി ആഡൂർ പാലം കേന്ദ്രികരിച്ച് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നവരാണ് സുധാകരന്റെ ഭാര്യ സ്മിത ടീച്ചറുടെ തറവാട് വീടു അടിച്ചു തകർത്തത്‌. പ്രകടനത്തിനിടെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു.

ഇതിനിടെ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായി. തലശേരിയിൽ എൽ.എസ് പ്രഭു മന്ദിരം തകർത്തു. തളിപ്പറമ്പ് ടൗൺ കോൺഗ്രസ് ഓഫിസ് അക്രമികൾ അടിച്ചു തകർത്തു. ഇവിടെയുള്ള ഫർണിച്ചറുകൾ മുഴുവൻ തകർത്തിട്ടുണ്ട്. പയ്യന്നുരിൽ കോൺഗ്രസ് ഓഫിസ് പ്രകടനമായെത്തിയ ഒരു സംഘം സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു. കണ്ണൂരിലെ പലയിടങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്