- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ബംഗാൾ മോഡലിൽ അക്രമപരമ്പര; പൊലീസിനെ നോക്കുകുത്തിയാക്കി കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി നശിപ്പിച്ചു; പ്രതിഷേധ പ്രകടനം നടത്തിയ ജില്ലാപഞ്ചായത്ത് അംഗത്തിനും മർദ്ദനം
കണ്ണൂർ: കണ്ണൂരിൽ ശമനമില്ലാതെ അക്രമങ്ങൾ. കഴിഞ്ഞു രണ്ടുദിവസങ്ങളായി തുടരുന്ന അക്രമങ്ങൾ ഇന്നും തുടർന്നു. ജില്ലയിലെ പലയിടങ്ങളിലും വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ തകർക്കുമ്പോഴും പൊലിസ് നോക്കുകുത്തിയായി നിൽക്കുകയാണ്. ഇന്ന് പുലർച്ചെ ചക്കരക്കൽ ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു.
മുഴപ്പാലറോഡിലെ എൻ. ആർ മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം ഫർണിച്ചറുകളും മറ്റും അടിച്ചു തകർത്തു. ഓഫിസ് രേഖകളും മറ്റും നശിപ്പിച്ചു. അക്രമത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ചക്കരക്കൽ പൊലിസ് കേസെടുത്തു. പേരാവൂരിൽ കോൺഗ്രസ് പ്രകടനത്തെ സി.പി. എമ്മുകാരെന്ന് ആരോപിക്കുന്ന സംഘം അക്രമിച്ചു. ജില്ലാപഞ്ചായത്തംഗം ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു. കണ്ണൂർ ജില്ലാപഞ്ചായത്തംഗം ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ. എം ഗിരീഷ്‌കുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി വിജയൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.

പുഴാതി മണ്ഡലം കമ്മിറ്റി ഓഫിസ് കഴിഞ്ഞ ദിവസം അക്രമിച്ചു തകർത്തു. ഓഫിസിന്റെ ജനൽചില്ലുകൾ എറിഞ്ഞു തകർത്തു. കൊടിമരം മുറിച്ചുമാറ്റി. സമാധനഅന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിടുകയാണെന്ന് ചിറക്കൽ ബ്‌ളോക്ക് പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷ് ആരോപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസി. സി. മോഹനൻ, നേതാക്കളായ നാവത്ത് പുരുഷോത്തമൻ, കെ.മോഹനൻ, അനൂപ് ബാലൻ, വിഹാവ് അത്താഴക്കുന്ന് എന്നിവർ നേതൃത്വം നൽകി. കീച്ചേരിയിലെ കോൺഗ്രസ് ഓഫിസ് ഏഴാംതവണയും തകർത്തു. കഴിഞ്ഞ മാസം ഈ ഓഫിസിലെ ഫർണിച്ചർ ഉൾപ്പെടെ പൂർണമായും നശിപ്പിച്ചിരുന്നു. മൂന്ന് മാസംമുൻപും ഈ ഓഫിസിൽ കയറി അക്രമം നടത്തി രണ്ടുലക്ഷത്തോളം ഫർണിച്ചർ തകർത്തിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തി ൽ ഓഫിസിന്റെ കട്ടിളയും വാതിലും പിഴുത് മാറ്റി നശിപ്പിച്ചിട്ടുണ്ട്.
കതിരൂർ പുല്യോട് പ്രിയദർശിനി യൂത്ത് ക്ലബും നാലേ ഒന്നിലെ കോൺഗ്രസ് ഓഫിസും തകർത്തു. പ്രിയദർശിനി യൂത്ത് ക്‌ളബിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളും നശിപ്പിച്ചു. സ്ഥാപനത്തിന്റെ മുൻവശത്ത് സ്ഥാപിച്ച കൊടിമരവും തകർത്തിട്ടുണ്ട്. ചോയ്യോടം നാലേ ഒന്നിലെ കോൺഗ്രസ് ഓഫിസിന്റെ ട്യൂബ് ലൈറ്റുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. പയ്യന്നൂരിലെ കോൺഗ്രസ് ഓഫിസുകൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കി. ഗാന്ധിമന്ദിരത്തിനിടെയുണ്ടായ അക്രമത്തിൽ ഇവിടെ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തലവെട്ടിമാറ്റിയ നിലയിലാണ്.

കാറമ്മേൽ പുതിയൻകാവിലെ പ്രിയദർശിനി മന്ദിരം, വെള്ളൂർ കോത്തായി മുക്കിലെ ഗാന്ധിഭവൻ, കണ്ടോത്ത് പ്രിയദർശിനി മന്ദിരം, കോറോം നോർത്തിലെ രാജീവ് ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. മട്ടന്നൂർ നായാട്ടുപാറയിലും വെളിയംപറമ്പിലും കോൺഗ്രസ് ഓഫിസിനും ബസ് ഷെൽട്ടറുകൾക്കും നേരെ അക്രമം നടന്നു. ഓഫിസിന്റെ ജനൽചില്ലുകൾ അടിച്ചുതകർക്കുകയും ഷെൽട്ടറിൽ കരി ഓയിൽ ഒഴിച്ചു വികൃതമാക്കുകയും ചെയ്തു. കോൺഗ്രസ് പട്ടാനൂർ മണ്ഡലം കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന നായാട്ടുപാറയിലെ ഇന്ദിരാഭവനു നേരെയും വെള്ളിയാംപറമ്പിലെ ബസ് ഷെൽട്ടറിനു നേരെയുമാണ് അക്രമം നടന്നത്. ഇന്ദിരാഭവന്റെ ഏഴുജനൽചില്ലുകളും അടിച്ചു തകർക്കുകയും അകത്ത് തീയിടുകയും ചെയ്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. വെള്ളിയാംപറമ്പിലെ ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളിലും ചുമരുകളിലും കരി ഓയിൽ ഒഴിച്ചാണ് വികൃതമാക്കിയത്.
കണ്ണപുരത്ത് വനിതാ കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ അക്രമം നടന്നു. മാടായി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ചന്ദ്രിക സതീഷിന്റെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ അക്രമം നടന്നത്. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. സംഭവസമയത്ത് ചന്ദ്രികയും മാധ്യമപ്രവർത്തകനായ ഭർത്താവ് സതീഷും മകളും വീട്ടിലുണ്ടായിരുന്നു. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴെക്കും അക്രമികളായ രണ്ടുപേർ ഓടി പോകുന്നതായി കണ്ടതായി സതീഷ് പൊലിസിന് നൽകിയ പരാതിയിൽ പറയുന്നു. അക്രമി സംഘത്തിൽ നാലുപേരുണ്ടായിരുന്നതായാണ് വീട്ടുകാർ പറയുന്നത്. നേരത്തെ ഈ വീടിന് മുൻപിൽ റീത്ത് വയ്ക്കുകയും ചന്ദ്രികയെ സി.പി. എം പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കല്യാശേരി ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ കാപ്പാടൻ ശശിധരൻ, ഭാരവാഹികളായ എം. നാരായണൻ, ദിനുമൊട്ടമ്മൽ, രാജേഷ് പാലങ്ങാട്ട്, ഷാജി കീഴറ എന്നിവർ ചന്ദ്രികയുടെ സന്ദർശിച്ചു.




